വന്യമൃഗഭീഷണിക്കെതിരേ നിരാഹാര സമരം നടത്താൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി
1497006
Tuesday, January 21, 2025 1:03 AM IST
ബോവിക്കാനം: വന്യമൃഗശല്യം സാധാരണ ജനജീവിതത്തിനും കൃഷിക്കും പ്രത്യക്ഷഭീഷണിയായി മാറിയിട്ടും സർക്കാരിന്റെയും വനംവകുപ്പിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിനെതിരെ ഫെബ്രുവരി എട്ടിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ബോവിക്കാനത്ത് നിരാഹാരസമരം നടത്തും.
ജില്ലയിൽ ഏറ്റവും കടുത്ത പുലിഭീഷണി നിലനിൽക്കുന്ന മുളിയാർ പഞ്ചായത്തിന്റെ ആസ്ഥാനമെന്ന നിലയിലാണ് ബോവിക്കാനത്തെ സമരവേദിയായി തെരഞ്ഞെടുത്തത്. പുലികളെ ഭയന്ന് ജനങ്ങൾക്ക് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻപോലും കഴിയാത്ത സാഹചര്യമാണ് മുളിയാർ പഞ്ചായത്തിലുള്ളതെന്ന് ബോവിക്കാനത്ത് ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ചൂണ്ടിക്കാട്ടി.
മുളിയാർ, കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. മുളിയാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. ഗോപിനാഥൻ നായർ അധ്യക്ഷനായി. എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, വി. ഗോപകുമാർ, കെ.പി. കുമാരൻ നായർ, ബി.സി. കുമാരൻ, പവിത്രൻ സി. നായർ, എം. നാരായണൻ, ഇബ്രാഹിം ഹാജി, മണികണ്ഠൻ ഓമ്പയിൽ എന്നിവർ പ്രസംഗിച്ചു.