യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം നടത്തി
1465171
Wednesday, October 30, 2024 7:36 AM IST
കൽപ്പറ്റ: ഇടതു ഗവണ്മെന്റിനെതിരേ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നങ്ങൾക്കും നടപടി എടുക്കാതിരിക്കുകയും 7000 കോടി വയനാട് പാക്കേജ് പ്രഖ്യാപിച്ച് ജലരേഖ ആക്കാൻ നേതൃത്വം കൊടുക്കുകയും വയനാട് മെഡിക്കൽ കോളജ് തകർക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത സർക്കാരാണ് എൽഡിഎഫ് സർക്കാർ.
വയനാട്ടുകാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ഒരു ധീര വനിതയുടെ സ്ഥാനാർഥിത്വം ആവേശത്തോടുകൂടിയാണ് സ്ത്രീകളും പൊതുസമൂഹം നോക്കി കാണുന്നത്.
ഹദ്രാസ്, ഉന്നാവ്, ഖത്തുവാ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും എവിടെയെല്ലാം അക്രമിക്കപ്പെട്ടോ അവിടെ മുഴുവൻ ആശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും ജനാധിപത്യ മുഖമായി ജ്വലിച്ചിരുന്ന നേതൃത്വമാണ് പ്രിയങ്ക ഗാന്ധി.
ബിജെപി എംപി ബ്രിജ് ഭൂഷണ് സിംഗ് ഗുസ്തി വനിതാ താരങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ താരങ്ങൾ നടത്തിയ സമരത്തിന് സാന്നിധ്യം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടി ഏറ്റവും കഠിന സമയത്ത് ചേർത്ത് നിർത്തലിന്റെയും സാന്ത്വന രാഷ്ട്രീയം വയനാടിനു പകർന്നുതന്ന വ്യക്തിത്വമാണ് പ്രിയങ്ക ഗാന്ധി.
അവർ അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ മഹാ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അഞ്ചുവർഷം കഴിയുന്പോൾ തുടർത്തെരഞ്ഞെടുപ്പിലും വയനാടൻ ജനത അവർ ജനങ്ങൾക്കുവേണ്ടി നടപ്പാക്കിയ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും അകന്പടിയിൽ ഭൂരിപക്ഷം വർധിപ്പിച്ചു പിന്നെയും ഹൃദയത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജകമണ്ഡലം മഹിള ചെയർമാൻ റൈഹാനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ടി. ഹംസ, കണ്‍വീനർ പി.പി. ആലി, സലിം മേമന, പോൾസണ്‍ കൂവക്കൽ, സിൽവി തോമസ്, കെ.ബി. നസീമ, ജിനി തോമസ്, കെ. അസ്മ, ഷഹർ ബാനു, ഉഷ തന്പി, ജെസി ലെസ്ലി, നിത്യ ബിജുകുമാർ, ആയിഷ പള്ളിയാൽ തുടങ്ങിയവർ പ്രസംഗിച്ചു.