സഞ്ചാരയോഗ്യമായ പാതയില്ല; പ്രതിഷേധവുമായി അന്പുകുത്തി വലിയമൂല നിവാസികൾ
1464164
Sunday, October 27, 2024 1:01 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ അന്പുകുത്തി സ്കൂൾക്കുന്നിൽനിന്നു അരിപ്പറ്റക്കുന്ന് വലിയമൂല ഉന്നതിയിലേക്കുള്ള രണ്ട് കിലോമീറ്റർ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് കർമസമിതി ചെയർമാൻ വി.എസ്. ഹരിദാസ്, കണ്‍വീനർ സി. രാജൻ, സ്റ്റീഫൻ തോട്ടത്തിൽ, ഊരുമൂപ്പൻ കുള്ളൻ, കുട്ടൻ പള്ളത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകൾ മുൻപ് പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉപയോഗപ്പെടുത്തിയാണ് എട്ട് മീറ്റർ വീതിയിൽ മണ് റോഡ് നിർമിച്ചത്. മഴക്കാലത്തും ഉപയോഗിക്കാവുന്നവിധം റോഡ് മെച്ചപ്പെടുത്തുമെന്ന് മാറിമാറിവന്ന പഞ്ചായത്ത് ഭരണകർത്താക്കാൾ ഉറപ്പുനൽകിയെങ്കിലും ഫലം ഉണ്ടായില്ല. റോഡിന് നീക്കിവച്ച 30 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കുകയാണുണ്ടായത്.
വലിയമൂലയിലും സമീപങ്ങളിലുമായി 32 കുടുബങ്ങളാണുള്ളത്. മഴക്കാലമാകുന്നതോടെ മണ്‍റോഡിലൂടെ കാൽനട പോലും ദുഷ്കരമാണ്. വിദ്യാർഥികൾ സ്കൂളിലും കോളജിലും പോകാനും തിരിച്ചെത്താനും സാഹസപ്പെടണം. നെൻമേനി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് വലിയമൂല ഉന്നതി റോഡ്. ഉന്നതിക്കു പുറത്തുപോകാനും വരാനും ഈ പാത മാത്രമാണ് ആശ്രയം. വലിയമൂലയിൽനിന്നു കുന്താണി, മഞ്ഞാടി ഭാഗത്ത് എളുപ്പം എത്താമെങ്കിലും വനഭൂമിയിലൂടെ പോകണം. വനത്തിലൂടെയുള്ള വഴി നന്നാക്കാൻ വനം വകുപ്പ് അനുവദിക്കാത്ത സ്ഥിതിയാണെന്നും കർമസമിതി ഭാരവാഹികൾ പറഞ്ഞു.