എഡിഎമ്മിന്റെ ആത്മഹത്യ: ജുഡീഷൽ അന്വേഷണം വേണമെന്ന് കെ. സുധാകരൻ എംപി
1463937
Saturday, October 26, 2024 1:22 AM IST
കൽപ്പറ്റ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ പോലീസ് സംരക്ഷണയിലാണ് കഴിയുന്നത്.
മുഖ്യമന്ത്രിയുടെയോ പി. ശശിയുടെയോ നിർദേശമില്ലാതെ പോലീസ് ദിവ്യക്ക് പരിരക്ഷ നൽകില്ല. എഡിഎം വിഷയത്തിൽ എത്രയോ ദിവസങ്ങൾ കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരണത്തിനുപോലും തയാറായത്. നവീൻ ബാബുവും ദിവ്യയും സിപിഎം കുടുംബാംഗങ്ങൾ ആയിട്ടും മുഖ്യമന്ത്രി വിവേചനം കാട്ടുന്നതാണ് കാണ്ടത്. കണ്ണൂരിൽ താമസിക്കുന്ന ദിവ്യയെ പിടികൂടണമെന്ന് പോലീസ് വിചാരിച്ചിരുന്നുവെങ്കിൽഎപ്പോഴേ സാധിക്കുമായിരുന്നു. പോലീസ് കേസിൽ നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി ലഭിക്കില്ല.
ഒരു ന്യായവുമില്ലാത്ത ആക്ഷേപം ഉന്നയിച്ച ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർഥിയെ പിൻവലിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ചേലക്കരയിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു.