സർക്കാരിനു അവകാശപ്പെട്ട മുഴുവൻ തോട്ടം ഭൂമിയും വീണ്ടെടുക്കാൻ കേസ് ഫയൽ ചെയ്യണം: പ്രകൃതി സംരക്ഷണ സമിതി
1464163
Sunday, October 27, 2024 1:01 AM IST
കൽപ്പറ്റ: സർക്കാരിന് അവകാശപ്പെട്ട മുഴുവൻ തോട്ടം ഭൂമിയും വീണ്ടെടുക്കാൻ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന തോട്ടം ഭൂമിയിൽ സർക്കാരിനു മാത്രമാണ് അവകാശമെന്ന് കേരള ഹൈക്കോടതി ഉത്തരവായതാണ്. സുപ്രീം കോടതി ഇത് ശരിവയ്ക്കുകയുമുണ്ടായി.
ഇത്തരം ഭൂമികൾ വീണ്ടെടുക്കാൻ 2019ൽ സർക്കാർ നിയമിച്ച ലാൻഡ് റിസംപ്ഷൻ ഓഫീസർ രാജമാണിക്യം ജില്ലയിൽ തോട്ടം മാനേജ്മെന്റുകളുടെ അനധികൃത കൈവശത്തിൽ ഉള്ളതെന്നു കണ്ടെത്തിയ 59,000 ഏക്കർ എറ്റെടുക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതാണ്.
ഹാരിസണ്‍ മലയാളം കന്പനിയുടെ കൈവശമുള്ളതിൽ 297.1770 ഏക്കറിലും എൽസ്റ്റണ്‍ മാനേജ്മെന്റിന്റെ പക്കലുള്ളതിൽ ചെറിയ ഭാഗത്തിലും മാത്രം അവകാശം ഉന്നയിച്ച് ബത്തേരി സബ് കൊടതിയിൽ ജില്ലാ കളക്ടർ നൽകിയ കേസ് പ്രഹസനവും ഒത്തുകളിയുടെ ഭാഗവുമാണ്. പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിർമിക്കാനുള ഭൂമി എൽഎആർആർ നിയമം അനുസരിച്ച് വൻ വിലയ്ക്കു ഏറ്റെടുപ്പിക്കാനുള്ള ഗൂഢനീക്കം ഈ നാടകത്തിനു പിറകിലുണ്ട്.
സർക്കാർ ഭൂമി കൈവശമുള്ള തോട്ടം ഉടമകൾ നിയമവിരുദ്ധമായി ഭൂമി മറിച്ചു വിൽക്കുകയും മുറിച്ചുവിൽക്കുകയും തരംമാറ്റുകയും മരങ്ങൾ മുറിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അന്പലയൽ, ട്രഷറർ ബാബു മൈലന്പാടി എന്നിവർ പ്രസംഗിച്ചു.