ജില്ലാ സ്കൂൾ ശാസ്ത്രമേള: സ്കൂൾതലത്തിൽ ദ്വാരക സേക്രഡ് ഹാർട്ടും ഉപജില്ലാതലത്തിൽ സുൽത്താൻ ബത്തേരിയും ചാന്പ്യൻമാർ
1465169
Wednesday, October 30, 2024 7:36 AM IST
സുൽത്താൻ ബത്തേരി: വയനാട് റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സുത്താൻ ബത്തേരി ഉപജില്ല കരസ്ഥമാക്കി. 1596 പോയിന്റ് നേടിയാണ് ഉപജില്ലാ ചാന്പ്യൻഷിപ്പ് ബത്തേരി നിലനിർത്തിയത്.
1565 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ലയാണ് റണ്ണർ അപ്പ്. മികച്ച വിദ്യാലയമായി 389 പോയിന്റ് കരസ്ഥമാക്കിയ ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ, സ്കൂൾതലത്തിൽ ഓവറോൾ ചാന്പ്യൻഷിപ്പ് നേടിയപ്പോൾ 299 പോയിന്റ് നേടിയ നടവയൽ സെന്റ് തോമസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗത്തിൽ 31 പോയിന്റ് നേടിയ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 21 പോയിന്റ് നേടിയ ബീനാച്ചി ഹൈസ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടി 39 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസഥമാക്കിയപ്പോൾ 35 പോയിന്റുമായി സേക്രഡ് ഹാർട്ട് ദ്വാരക രണ്ടാം സ്ഥാനം നേടി. ഗണിത മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ 74 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 64 പോയിന്റുള്ള ജിവിഎച്ച്എസ് മാനന്തവാടിക്കാണ് രണ്ടാം സ്ഥാനം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് 78 പോയിന്റ് നേടിയപ്പോൾ 58 പോയിന്റുമായി ദ്വാരക സേക്രഡ് ഹാർട്ട് രണ്ടാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 21 പോയിന്റുമായി എംജിഎം മാനന്തവാടി ഒന്നാം സ്ഥാനം നേടി. 16 പോയിന്റ് നേടിയ ജിവിഎച്ച്എസ് മാനന്തവാടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 31 പോയിന്റ് നേടിയ ദ്വാരക സേക്രഡ് ഹാർട്ട് ഒന്നാമതെത്തിയപ്പോൾ 28 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ് രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയം ഹൈസ്കൂൾ വിഭാഗത്തിൽ തരിയോട് നിർമല എച്ച്എസ് 136 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 67 പോയിന്റുള്ള നടവയൽ സെന്റ് തോമസ് എച്ച്എസിനാണ് രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് 117 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 94 പോയിന്റുള്ള പൂതാടി ശ്രീനാരായണയ്ക്കാണ് രണ്ടാം സ്ഥാനം.
ഐടി വിഭാഗം ഹൈസ്കൂൾ തലത്തിൽ നടവയൽ സെന്റ് തോമസ് എച്ച്എസ് 41 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 16 പോയിന്റുള്ള മാനന്തവാടി എംജിഎം സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ 58 പോയിന്റുമായി ഒന്നാം സ്ഥാനം നേടിയപ്പോൾ 23 പോയിന്റുള്ള കൽപ്പറ്റ എസ്കഐംജെക്കാണ് രണ്ടാം സ്ഥാനം.വിജയികൾക്കുള്ള ട്രോഫി അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതം രാജ് വിതരണം ചെയ്തു. സമാപന സമ്മേളനവും ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു.
ശാസ്ത്രമേളയിൽ സ്വാതന്ത്ര്യ സമര ചരിത്രം
സുൽത്താൻ ബത്തേരി: റവന്യു ജില്ല ശാസ്ത്രോത്സവ സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡൽ മത്സരത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്ര വീര്യവും. വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൂര്യദേവും കിഷനുമാണ് രാജ്യസ്നേഹം വിളിച്ചോതുന്ന സ്റ്റിൽ മോഡൽ കളിമണ്ണിൽ അവതരിപ്പിച്ചത്.
1957ലെ പ്ലാസി യുദ്ധം മുതൽ 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനം വരെയാണ് ഇരുവരും കളിമണ്ണിൽ തീർത്ത് വേറിട്ട കാഴ്ച ഒരുക്കിയത്. 1812 കുറിച്യ കലാപം, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം, 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല, 1922ലെ നിസ്സഹകരണ സമരം, 1930 ലെ ഉപ്പ് സത്യാഗ്രഹം, 1931 ലെ ഭഗത് സിംഗ് രക്തസാക്ഷിത്വം, 1942ലെ ക്വിറ്റ് ഇന്ത്യസമരം, 1947 സ്വാതന്ത്ര്യ പ്രഖ്യാപനം എന്നിവയാണ് കിഷനും സൂര്യദേവും ഒരുക്കിയത്.
പ്രകൃതിയുടെയും മനുഷ്യന്റെയും കഥ പറഞ്ഞ് ശാസ്ത്ര നാടകം
സുൽത്താൻ ബത്തേരി: ഈഡിപ്പസ് രാജാവിന്റെ കഥയുടെ രൂപത്തിൽ പ്രകൃതിയുടെയും മനുഷ്യന്റെയും കഥ പറഞ്ഞുള്ള ശാസ്ത്രനാടകം ജനശ്രദ്ധ നേടി. മാനന്തവാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ജലഭൂമിക എന്ന നാടകം അവതരിപ്പിച്ച് സദസിനെ കയ്യിലെടുത്തത്.
ജലത്തിന്റെയും ഭൂമിയുടെയും ദുരുപയോഗം കാരണം മനുഷ്യകുലത്തിന് സംഭവിക്കുന്ന ദുരന്തമാണ് നാടകത്തിന്റെ കഥാതന്തു. ഭൂമി കാക്കുന്ന മനുഷ്യരും പിന്നീട് വികസനം എന്ന പേരിൽ പ്രകൃതിയാകുന്ന മാതാവിനെ ഇല്ലാതാക്കുന്നതും പ്രകൃതി തിരിച്ചടിക്കുന്നതും ആകർഷണീയമായും കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്ന തരത്തിലുമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. അമ്മയെ പരിണയിച്ച ഈഡിപ്പസ് രാജാവിന്റെ കഥാരൂപത്തിലാണ് ജലഭൂമിക നാടകം അവതരിപ്പിക്കപ്പെട്ടത്.
പ്രകാശൻ കരിവെള്ളൂർ രചന നിർവഹിച്ച ഈ നാടകം രാജേഷ് കീഴത്തൂരാണ് സംവിധാനം ചെയ്തത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകം സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മൂന്നുവർഷമായി മാനന്തവാടി ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് ശാസ്ത്രനാടകത്തിൽ ജില്ലയെ സംസ്ഥാനതലത്തിൽ പ്രതിനിധീകരിക്കുന്നത്.
സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡൽ: ബെയ്ലി പാലം പുനരവതരിപ്പിച്ച് വെള്ളമുണ്ട സ്കൂൾ
സുൽത്താൻ ബത്തേരി: മുണ്ടക്കൈ ചൂരൽമല ദുരന്തഭൂമിയും വെള്ളാർമല സ്കൂളും ബെയ്ലി പാലവും തീർത്ത് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിലാണ് സ്കൂളിലെ ശിവഹരിയും ബ്രഹ്മകൃഷ്ണയും ദുരന്തത്തെ ആസ്പദമാക്കി മോഡൽ തീർത്തത്.
സുന്ദരമായ മലനിരകളും താഴ്വരകളും ഒപ്പം ചൂരൽമല, മുണ്ടക്കൈ ദുരന്തവും തകർന്ന വെള്ളാർമല സ്കൂളും വീടുകളും കെട്ടിടങ്ങളും പുന്നപ്പുഴയ്ക്ക് കുറുകേ സൈന്യം തീർത്ത ബെയ്ലി പാലവും തീർത്താണ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ശിവഹരിയും ബ്രഹ്മകൃഷ്ണയും സ്റ്റിൽ മോഡലിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.ഇതിന് പുറമേ ദേശീയപാത, നിർദ്ദിഷ്ട വയനാട് തുരങ്കപാത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടം, മലയോരമേഖലകൾ, കാർഷിക മേഖലകൾ, വനമേഖലകൾ, ടൗണ്ഷിപ്പുകൾ എന്നിവയും ഇവർ സ്റ്റിൽ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാനുള്ള സെൻസർ പ്രദർശിപ്പിച്ച് വിദ്യാർഥികൾ
സുൽത്താൻ ബത്തേരി: ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് വർക്കിംഗ് മോഡൽ മത്സരത്തിലാണ് പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാനുള്ള കണ്ടെത്തൽ അവതരിപ്പിച്ചത്. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ് സയൻസ് വിദ്യാർഥികളായ അഭിരാമും നോയലുമാണ് ഉരുൾപൊട്ടൽ ദുരന്തം മുൻകൂട്ടി അറിയാനുള്ള സംവിധാനം ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്.
മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന റെയിൻ സെൻസർ, സോയിൽ മോയിസ്റ്റർ സെൻസർ, ഹ്യുമിഡിറ്റി സെൻസർ, വൈബ്രേഷൻ സെൻസർ എന്നിവ ഉരുൾപൊട്ടാൻ സാധ്യതയുള്ള മലമുകളിൽ ഘടിപ്പിച്ചാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. ഇത് ഗ്ലോബ് ആപ്പുമായി ബന്ധിപ്പിക്കുകയും ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫീസിൽ ഇരുന്ന് മുൻകൂട്ടി ദുരന്തം അറിയാനും സാധിക്കും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ അടിസ്ഥാനപ്പെടുത്തിയാണ് വർക്കിംഗ് മോഡൽ ഇവർ സജ്ജീകരിച്ചത്. ഭൂരിപക്ഷ മത്സരാർഥികളും ഇത്തരത്തിൽ ദുരന്തത്തെ അതിജീവിക്കാനുള്ള കണ്ടുപിടുത്തങ്ങളായിരുന്നു വർക്കിംഗ് മോഡലിൽ പ്രദർശിപ്പിച്ചത്.