ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ല; തൊഴിലാളികള്‍ സമരമുഖത്തേക്ക്
1477944
Sunday, November 10, 2024 6:15 AM IST
കോഴിക്കോട്: പാര്‍ക്കിംഗും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ ഓട്ടോ തൊഴിലാളികളെ അവഗണിക്കുന്ന കോര്പറേഷന് നിലപാടിനെതിരേ സിറ്റിയിലെ ഓട്ടോതൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. നഗരത്തില്‍ നിലവില്‍ 4,437 ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. ഇവര്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളോ ഓട്ടോതൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഒരു പ്രത്യേക കേന്ദ്രമോ കോര്പറേഷന് കീഴിലില്ല.
ഈ ആവശ്യം ഉന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ നിരന്തരം അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയിലാണ് പുതുതായി 3,000 ഓട്ടോകള്‍ക്ക് കൂടി പെര്‍മിറ്റ് നല്കാന് തീരുമാനമുണ്ടായത്. മതിയായ പാര്‍ക്കിംഗും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെട്ടതോടെയാണ് പ്രക്ഷോഭത്തിലേക്ക് കടക്കുന്നതെന്നും സിറ്റി ഓട്ടോ ഡ്രൈവേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറയുന്നു.
റൂറല്‍ മേഖലയില്‍ നിന്നുള്ള ഓട്ടോകള്‍ക്ക് കൂടി നഗരത്തില്‍ പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്കുന്ന മുറക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കാമെന്നാണ് കോര്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരു പാര്‍ക്കിംഗ് സംവിധാനവും ഇതുവരെ ഒരുക്കാതെ കോടതിയെ വരെ കബളിപ്പിക്കുകയാണ് അധികൃതരെന്നും കമ്മിറ്റി പരാതിപ്പെട്ടു.
പ്രതിഷേധം ഉയര്‍ന്നതോടെ കോര്പറേഷന് തൊഴിലാളികളെ ചര്‍ച്ചക്ക് വിളിപ്പിച്ചു. എന്നാല്‍ സിഐടിയു പ്രതിനിധികളെ മാത്രം വിളിപ്പിച്ച് ട്രേയ്ഡ് യൂണിയനുകളെ ഒഴിവാക്കിയതിലും തൊഴിലാളികള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
റൂറല്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ സംവിധാനം നല്കുന്നതിനെതിരേ ശക്തമായി എതിര്‍ക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ കാലതാമസത്തിനെതിരേ അംഗീകൃത യൂണിയനുകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.