കെഎസ്യു മാർച്ചിൽ സംഘർഷം, പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗം
1488570
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: സ്കൂൾ പരീക്ഷയുടെ ചോദ്യപേപ്പർ തുടർച്ചയായി ചോരുന്നതിനെതിരേ കെഎസ്യു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസ് ബാരിക്കേഡ് മറികടന്ന് ഡിപിഐ ഓഫീസിലേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗം നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ അഞ്ചു തവണ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി.
ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്റർ ലോബികളെ നിയന്ത്രിക്കാൻ പ്രത്യേക സമതിയെ സർക്കാർ നിയമിക്കുക, ട്യൂഷൻ സെന്റർ മാഫിയകളുടെ ഭാഗമായ അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കുക, ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ സാന്പത്തിക താൽപര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
വഴുതക്കാട് വിമൻസ് കോളജിന് സമീപം നിന്നാരംഭിച്ച മാർച്ച് പൊതുവിദ്യാഭ്യാസ കാര്യാലയത്തിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞും ചോദ്യപേപ്പറുകൾ ചോരുന്നത് ആശങ്കാജനകമെന്ന് എം.ലിജു പറഞ്ഞു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പോലീസ് ജലപീരങ്കി പ്രയോഗം നയടത്തുകയും ചെയ്തത്.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ഭാരവാഹികളായ അൽഅമീൻ അഷ്റഫ്, മിവാ ജോളി, ശ്രീജിത്ത് പുലിമേൽ, അബ്ബാദ് ലുത്ഫി, സുദേവ് എസ്, നിഹാൽ മുഹമ്മദ്,നേമം അഷ്ക്കർ, എസ്.എം സുജിത്ത്, അഖിൽ വട്ടിയൂർകാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, അരുണ് രാജേന്ദ്രൻ, ഗോപു നെയ്യാർ എന്നിവർ പ്രസംഗിച്ചു.