കാഴ്ചയുടെ വിസ്മയം സൃഷ്ടിക്കുന്നത് ഒരു കച്ചവട തന്ത്രമാണെങ്കിലും അതു കൊണ്ടു മാത്രം കാര്യമില്ല. ഉത്പന്നത്തിന്റെയും സേവനത്തിന്റെയും ഗുണമേന്മ ഉറപ്പു വരുത്തിയെങ്കിൽ മാത്രമേ കളംപിടിക്കാൻ കഴിയൂ. ഇവിടെയാണ് ഒരു ഡിസൈനറുടെ കരവിരുത് കടന്നുവരുന്നത്. കാഴ്ചയെ ആകർഷിക്കുന്ന കലയും ശാസ്ത്രവുമാണ് ഡിസൈനിംഗ്. ഗുണത്തോടൊപ്പം രൂപഭംഗിയും മേന്മയാകുന്ന ഇക്കാലത്ത് ഉത്പന്നങ്ങളെ ആകർഷകമാക്കുക എന്ന ജോലിയാണു ഡിസൈനർ നിർവഹിക്കുന്നത്.
വല്ലഭനു പുല്ലും ആയുധം എന്നതു പോലെയാണ് നല്ലൊരു ഡിസൈനറുടെ കരവിരുത്. കണ്ടു പഴകിയ ടെക്സ്റ്റൈൽ ഡിസൈനുകൾക്കൊപ്പം ചണവും മുളയുമെല്ലാം ഇന്നു ഫാഷൻ ഉത്പന്നങ്ങളായി അവതരിക്കുന്നു. ടെക്സ്റ്റൈൽ ഡിസൈൻ, അക്സസറി ഡിസൈൻ, ലെതർ, നിറ്റ്വേർ എന്നിങ്ങനെ ഫാഷന്റെ വ്യത്യസ്ത മേഖലകൾ തെരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് ഉത്പന്ന നിർമാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികളെക്കുറിച്ചും നല്ല ഗ്രാഹ്യം വേണം. ഇതിന് ഉത്പന്നങ്ങൾ രൂപപ്പെടുന്ന വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് അറിവു വേണം.
ഫാഷൻ ഡിസൈൻ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) യുടെ പ്രാധാന പ്രോഗ്രാമുകളിലൊന്നാണ് ഫാഷൻ ഡിസൈൻ. ആഗോളതലത്തിൽ തന്നെ ഡിസൈൻ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതാണ് ചതുർവത്സര കോഴ്സിന്റെ കരിക്കുലം. ഗ്രാമീണ മേഖലയിലെ കരകൗശവ വിദഗ്ധരുമായി ഇടപഴകാൻ ലഭിക്കുന്ന അവസരം വളർച്ചയുടെ വഴിയിൽ ഒരു മുതൽക്കൂട്ടായിരിക്കും.
നിറ്റ്വേർ ഡിസൈൻ: ദേശീയ, അന്തർദേശീയ രംഗം കീഴടക്കാൻപോന്ന പരിശീലനമാണ് എൻഐഎഫ്ടിയിൽ നൽകുന്നത്. നാലു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ്. ഡിസൈനർ, ക്രിയേറ്റീവ് മാനേജർ, പ്രൊഡക്ഷൻ മാനേജർ, എന്റർപ്രണർ തുടങ്ങിയ മേഖലകളിൽ തിളങ്ങാനാകും.
ലെതർ ഡിസൈൻ: ഡിസൈനർ, റേഞ്ച് ഡെവലപ്പേഴ്സ്, ബയേഴ്സ്, പ്രൊഡക്ഷൻ മാനേജർ,എന്റർപ്രണർ തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ തുറുന്നു തരുന്നതാണ് എൻഐഎഫ്ടിയുടെ ലെതർ ഡിസൈൻ കോഴ്സ്.
ഫാഷന്‍ ടെക്നോളജി- 2
ടെക്സ്റ്റൈൽ ഡിസൈൻ: ഫാഷൻ മേഖലയുടെ നട്ടെല്ലാണ് ടെക്സ്റ്റൈൽ ഡിസൈൻ. വൻകിട ടെക്സ്റ്റൈൽ മില്ലുകളിൽ മികച്ച തൊഴിൽ സാധ്യത തുറന്നു തരും. കൂടാതെ ഡിസൈൻ സ്റ്റുഡിയോ, കയറ്റുമതി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തിളങ്ങാനുമാകും.
അക്സസറി ഡിസൈൻ: കച്ചവടക്കണ്ണോടെ ഒരു ഉത്പന്നത്തെ രൂപപ്പെടുത്തുന്ന പണിയാണിത്. സിദ്ധാന്തവും പ്രയോഗവും ഇവിടെ ഒത്തു ചേരുന്നു. ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങി പ്രധാനമായും രണ്ടു ശാഖകളാണുള്ളത്. ആടയാഭരണങ്ങളും മറ്റു ഡിസൈൻ ചെയ്യുന്നതു മുതൽ ഹൃദയം കവരുന്ന ഉത്പന്നങ്ങൾ വരെ മെനഞ്ഞ് നല്ലൊരു കരിയർ രൂപപ്പെടുത്താൻ കഴിയുന്നതാണ് ഈ മേഖല. ഉപയോഗിക്കുന്ന വസ്തുക്കൾക്കനുസരിച്ച് ഡിസൈൻ സങ്കൽപ്പവും മാറുന്നു എന്നതും അറിഞ്ഞി രിക്കേണ്ട കാര്യമാണ്. ജ്വല്ലറിയുടെ ഡിസൈനായിരിക്കില്ല ഫുട്്വേർ കന്പനിയുടേത്. പാദരക്ഷകൾ തന്നെ പല ഉത്പന്നങ്ങൾ കൊണ്ടു സൃഷ്ടിച്ചെടുക്കുന്പോൾ ഡിസൈനിലും മാറ്റം വരുന്നു. അതുപോലെ ഓരോ ഉത്പന്നങ്ങളുടെയും ഡിസൈൻ വ്യത്യസ്തമായിരിക്കും. ഡിസൈനിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട ഉപകരണങ്ങളെക്കുറിച്ചും അറിവു വേണം. ഒരു ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഇത്തരം കാര്യങ്ങൾ മനസിലാക്കി വേണം തീരുമാനമെടുക്കാൻ. നിഫ്റ്റ് സെന്ററുകൾ നടത്തുന്ന ഓപ്പൺ ഹൗസുകൾ ഇതിനു സഹായം നൽകും. കൂടാതെ വെബ്സൈറ്റുകൾ സന്ദർശിച്ച് വിവരങ്ങൾ മനസിലാക്കി വേണം തീരുമാനം എടുക്കാൻ.
സീഡും യുസീഡും
ഡിസൈൻ മേഖലയിൽ ദേശീയ, അന്തർദേശീയതലത്തിൽ പ്രമുഖ സ്ഥാനമുള്ള സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി). കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് (എൻഐഡി). അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. ഈ മൂന്നു കാമ്പസുകളിലും എം ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. ബിഡിസൈൻ കോഴ്സ് അഹമ്മദാബാദ് കാമ്പസിൽ മാത്രമാണുള്ളത്. എൻഐഡിയുടെ ഉപകേന്ദ്രങ്ങൾ വിജയവാഡയിലും കുരുക്ഷേത്രയിലും പ്രവർത്തിക്കുന്നു. ഈ ഉപകേന്ദ്രങ്ങളിലാണ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രം ഇൻ ഡിസൈൻ നടത്തുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ കാമ്പസുകളിലായി നാലു വർഷത്തെ ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻഡിസൈൻ (ജിഡിപിഡി), രണ്ടര വർഷത്തെ മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസൈൻ), നാലു വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡിസൈൻ) കോഴ്സുകൾക്കാണ് അപേക്ഷിക്കാവുന്നത്. വെബ്സൈറ്റ്: www.admissions.nid.edu.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ബോംബെ, ഡൽഹി, ഗോഹട്ടി, കാണ്‍പൂർ ഐഐടികളിലും, ജബൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിലും നടത്തുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും അഡ്മിഷന് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് ഫോർ ഡിസൈൻ-സീഡ് പരീക്ഷയെഴുതാം. അതുപോലെ പ്ലസ്ടുക്കാർക്ക് ബോംബെ ഐഐടി, ഗോഹട്ടി ഐഐടി, ജബൽപൂർ ഐഐഐടിഡിഎം എന്നിവിടങ്ങളിലെ ബിഡിസൈൻ കോഴ്സിലേക്കുള്ള അഡ്മിഷനു നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ്) വഴിയും ഡിസൈനിൽ മികച്ച സാധ്യതകളുള്ള കോഴ്സുകളിൽ പ്രവേശനം നേടാം.കൂടുതൽവിവരങ്ങൾക്ക്: http://www.iitb.ac.in.
വിദ്യാർഥികൾക്ക് ഡിസൈനിൽ പ്രാവീണ്യം നൽകുക എന്ന ലക്ഷ്യവുമായി തൊഴിൽ വകുപ്പിനു കീഴിൽ സംസ്ഥാന സർക്കാർ കൊല്ലത്ത് ആരംഭിച്ചതാണ് കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ. വെബ്സൈറ്റ്: www.ksid.co.in. ഫോണ്‍: 0474 2710393, 2719193.
ജ്യൂട്ട്, മുള, കയര്‍
യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയുടെ ജ്യൂട്ട് ആൻഡ് ഫൈബർ ടെക്നോളജി ഡിപ്പാർട്ട്മെന്റ് നടത്തുന്ന കോഴ്സാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജ്യൂട്ട് ടെക്നോളജി ആൻഡ് മാനേജ്മെന്റ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.caluniv.ac.in. മുളയിൽ കരവിരുതു കാട്ടാൻ അവസരമൊരുക്കുന്നതാണ് കേരളാ സ്റ്റേറ്റ് ബാംബൂ മിഷൻ നടത്തുന്ന ഹ്രസ്വകാല കോഴ്സുകൾ. മുളകൊണ്ടുള്ള ആഭരണങ്ങൾ, നെയ്ത്ത് ഉത്പന്നങ്ങൾ, ഫർണിച്ചർ തുടങ്ങിയവ നിർമിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് അങ്കമാലിയിലെ ബാംബൂ ഇന്നൊവേഷൻ സെന്ററിലാണു കോഴ്സുകൾ. വെബ്സൈറ്റ്:
http://www.keralabamboomission.org. ബംഗളൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊയർ ടെക്നോളജി ചകിരി നാരും കയർ ഉത്പന്നങ്ങളും കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിൽ പരിശീലനം നൽകുന്നുണ്ട്. ആലപ്പുഴയിലെ നാഷണൽ കൊയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററിലും ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. http://www.ccriindia.org.