തൊഴിൽ മേഖലയിൽ അവസരങ്ങൾ അനവധിയുള്ള മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ കിട്ടാൻ അഭിരുചി പരീക്ഷയിൽ ഉയർന്ന സ്കോർ നേടുകയെന്നത് അനിവാര്യമാണ്. എംബിഎ ബിരുദമോ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ നേടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മികച്ച ബിസിനസ് സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാൻ അഭിരുചി പരീക്ഷകളിലെ പ്രകടനമാണ് അളവുകോൽ. പങ്കെടുക്കുന്നവരുടെ എണ്ണവും മികവും കൊണ്ട് അഭിരുചി പരീക്ഷകൾ ഓരോ വർഷവും കഠിനമായി മാറിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത മാനേജ്മെന്റ് അഭിരുചി പരീക്ഷകൾ ഉണ്ടെങ്കിലും മത്സരം മുറുകിയതോടെ ഓരോ പരീക്ഷയും നേരിടുന്നതിനു പ്രത്യേകം തയാറെടുപ്പു നടത്തണമെന്ന സ്ഥിതിയായി. മത്സരപ്പരീക്ഷകളിൽ ഏറ്റവും കടുപ്പം ക്യാറ്റ് ആയതു കൊണ്ട് ക്യാറ്റിനു തയാറെടുത്താൽ മറ്റു പരീക്ഷകളിലും മികവു പുലർത്താൻ കഴിയും അതുകൊണ്ടുതന്നെ രാജ്യത്തെ പ്രധാന മാനേജ്മെന്റ് അഭിരുചിപ്പരീക്ഷകൾ ഏതൊക്കെയെന്നു പരിചയപ്പെട്ടിരിക്കുന്നത് നന്നായിരിക്കും.
കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്): ഇന്ത്യയിലെ പ്രീമിയർ മാനേജ്മെന്റ് സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള (ഐഐഎം) പ്രവേശന പരീക്ഷയാണ് ക്യാറ്റ്. ബംഗളൂരു, അഹമ്മദാബാദ്, കോൽക്കത്ത, കോഴിക്കോട്, റോത്തക്ക്, ലക്നോ, ജമ്മു, അമൃത്സർ, ഇൻഡോർ, കാശിപൂർ, നാഗ്പൂർ, ഷില്ലോംഗ്, സാംബൽപൂർ, റായ്പൂർ, റാഞ്ചി, ട്രിച്ചി, ഉദയപൂർ, വിശാഖപട്ടണം, സിർമോർ, ബോധ്ഗയ എന്നീ 20 ഐഐഎം കണ്‍സോർഷ്യമാണ് ഈ പരീക്ഷ നടത്തുന്നുവെന്നതിനാൽ ഏറെ പ്രാധാന്യവും നിലവാരവും ഈ പരീക്ഷയ്ക്കുണ്ട്. രാജ്യത്തെ പ്രമുഖങ്ങളായ. മറ്റു ബിസിനസ് സ്കൂളുകളും ക്യാറ്റ് റാങ്കിംഗ് പ്രവേശനത്തിനായുപയോഗിക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലാണ് ഈ പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങുക. ഡിസംബറിലാണ് പരീക്ഷ. മാനേജ്മെന്റ് അഭിരുചിയും ഡാറ്റ അനലിസിസും വിലയിരുത്തലുകളും പരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഓണ്‍ലൈൻ വഴിയാണ് നടത്തുന്നത്. വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതും www.iimcat.ac.in എന്ന വെബ്സൈറ്റിലൂടെയാണ്.
സീമാറ്റ്: രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന എഐസിടിഇ ആണ് കോമണ്‍ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത്. മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഇതിന് തുടക്കമിട്ടത്. എഐസിടിഇ അംഗീകാരമുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളിൽ സീമാറ്റ് സ്കോറാണ് പ്രവേശന മാനദണ്ഡം. വർഷം രണ്ടുതവണ സീമാറ്റ് നടത്തിയിരുന്നു. ഇത് ഒരു തവണയായി ചുരുക്കിയിട്ടുണ്ട്. ഓണ്‍ലൈൻ വഴി നടത്തുന്ന സീമാറ്റിന് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങൾ www.aicte-cmat.in എന്ന വെബ്സൈറ്റിലുണ്ട്.
ഐഐഎഫ്ടി: കേന്ദ്ര സർക്കാരിനു കീഴിലുള്ള പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ പ്രധാനമായും വിദേശ വ്യാപാരം, കയറ്റുമതി എന്നിവ സംബന്ധിച്ച കോഴ്സാണ് നടത്തുന്നത്. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ കാന്പസുകളുള്ള ഈ സ്ഥാപനത്തിലെ എംബിഎയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിലേക്കുള്ള പ്രത്യേക പ്രവേശന പരീക്ഷ സാധാരണ നവംബറിലാണ്. കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രമാണ്. www.iift.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
സ്നാപ്: മാനേജ്മെന്റ് കോഴ്സുകൾക്ക് ഏറെ പ്രശസ്തമാണ് പൂന ആസ്ഥാനമായ സിംബയോസിസ് ഡീംഡ് സർവകലാശാല. ഇതിന്റെ ബംഗളൂരു, ഹൈദരാബാദ്, നാസിക്ക്, നോയിഡ, പൂന എന്നീ കാന്പസുകളിലെ മാനേജ്മെന്റ് പഠനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണ് സ്നാപ് (സിംബയോസിസ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). കൊച്ചിയിൽ ഇതിന് പരീക്ഷാ കേന്ദ്രമുണ്ട്. www.snaptest.org എന്ന വെബ്സൈറ്റ് വഴി വിശദവിവരങ്ങൾ അറിയാം.
സാറ്റ്: പേരുകേട്ട സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. ഭുവനേശ്വർ, ബംഗളൂരു, മുംബൈ, ജബൽപൂർ, ജംഷഡ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ഇതിന് കാന്പസുകളുണ്ട്. നവംബറിൽ അപേക്ഷ ക്ഷണിച്ച് ജനുവരിയിലാണ് പരീക്ഷ നടത്താറ്. ഇതിന് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രങ്ങളാണ്. www.xatonline.net എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
മാറ്റ്: ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ് മറ്റൊരു പ്രവേശന പരീക്ഷ. രാജ്യത്തെ അറുന്നൂറോളം സ്ഥാപനങ്ങൾ ഇത് അംഗീകരിച്ചിട്ടുണ്ട്. www.aima.in എന്ന വെബ്സൈറ്റ് തുറന്നാൽ അപേക്ഷയും വിവരങ്ങളും ലഭ്യമാണ്.
ആത്മ: അസോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്കൂൾസ് (എഐഎംഎസ്) ആണ് എയിംസ് ടെസ്റ്റ് ഫോർ മാനേജ്മെന്റ് അഡ്മിഷൻ നടത്തുന്നത്. ഈ പരീക്ഷ വഴിയും മാനേജ്മെന്റ് പ്രവേശനം നേടാവുന്നതാണ്. ഇക്കൊല്ലത്തെ രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങും. ഓഗസ്റ്റിലാണ് പരീക്ഷ വിശദവിവരങ്ങൾ atmaaims.com എന്ന വെബ്സൈറ്റിൽ.
എൻമാറ്റ്: ഗ്രാജ്വേറ്റ് മാനേജ്മെന്റ് അസോസിയേഷൻ കൗണ്‍സിൽ നടത്തുന്ന നാഷണൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എൻഎംഐഎംഎസ് സർവകലാശാല, ഐസിഎഫ്എഐ ബിസിനസ് സ്കൂൾ, ശിവനാടാർ യൂണിവേഴ്സിറ്റി തുടങ്ങി സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. വിവരങ്ങൾക്ക് www.nmat.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ടാൻസെറ്റ്: തമിഴ്നാട്ടിലെ കോളജുകളിലെയും അണ്ണാ സർവകലാശാലകളിലെയും എംബിഎ, എംസിഎ, എംടെക് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. കോയന്പത്തൂർ, തിരുനെൽവേലി, സേലം, നാഗർകോവിൽ തുടങ്ങി തമിഴ്നാട്ടിലെ 15 സ്ഥലങ്ങളിൽ മാത്രമാണ് ഇതിന് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. വിവരങ്ങൾക്ക് www.annauniv.edu ഇവ കൂടാതെ വിവിധ ഡീംഡ് സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും പ്രത്യേകം പ്രത്യേകം പ്രവേശന പരീക്ഷകൾ നടത്തുന്നു.
കോടതിവഴി ലഭിച്ച ഉത്തരവുകളാണ് ഇതിനാധാരം. ഐഐഎമ്മുകളൊഴികെ രാജ്യത്തെ മറ്റു ബിസിനസ് സ്കൂളുകളിലേക്ക് ഒരു ഏകീകൃത പ്രവേശന പരീക്ഷയാക്കാനുള്ള നീക്കത്തിലാണ് മാനവവിഭവശേഷി വകുപ്പ്. ഇതിന് പ്രത്യേക നിയമനിർമാണം ആവശ്യമാണ്. അതുവരെ വിദ്യാർഥികൾ വിവിധ പ്രവേശന പരീക്ഷകൾ എഴുതുകയേ നിർവാഹമുള്ളൂ.
ഡോ. എം. അബ്ദുൾ റഹ് മാൻ
(പ്രോ വൈസ് ചാന്‍സലര്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരം)