രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പക്കാരനാണതിൽ. കൈയിൽ നയാപ്പൈസയില്ല, ലഗേജ് ഒന്നുമില്ല, ഭക്ഷണമില്ല, വസ്ത്രമില്ല...
എന്നിട്ടും അയാൾ യാത്ര തുടരുകയാണ്. ഇതിനകം 105 രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു ഈ വീൽ ചെയർ സഞ്ചാരി. രക്താർബുദ ചികിത്സയ്ക്കിടെ അഞ്ചാം വയസിൽ ശരീരം തളർന്നുപോയിട്ടും തളരാതെ മുന്നോട്ട്. എന്തൊരു പ്രചോദനമായിരിക്കും അവന്റെ കഥ കേൾക്കുന്നത്...
നമീബിയയുടെ തലസ്ഥാനമായ വിൻഡോക്കിൽനിന്നു ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ കേപ്ടൗണിലേക്കായിരുന്നു യാത്ര. 1,500 കിലോമീറ്റർ ദൂരമുണ്ട്. ഇന്നലെ പാതി ദൂരം പിന്നിട്ടു. സിഎംഐ സഭാംഗം തന്നെയായ ഫാ. ജോഷി പാറാംതോട്ട് ആണ് കൂട്ടിനുള്ളത്.
പോകുന്ന വഴിയിൽ പലരും ലിഫ്റ്റ് ചോദിക്കാറുണ്ടെങ്കിലും അപരിചിതരായ ആളുകളെ വണ്ടിയിൽ കയറ്റുന്നതു സുരക്ഷിതമല്ലാത്തതിനാൽ ജാഗ്രതയോടെയാണ് യാത്ര. രാവിലെ യാത്ര തുടങ്ങി അല്പസമയം കഴിഞ്ഞപ്പോൾത്തന്നെ ദക്ഷിണാഫ്രിക്കൻ അതിർത്തി കടന്നു. ഹൈവേയിലൂടെ കാർ മുന്നോട്ടു നീങ്ങവേയാണ് അല്പം മുന്നിൽ വഴിയോരത്തുനിന്നൊരാൾ ലിഫ്റ്റ് ചോദിച്ചു കൈ ഉയർത്തിയത്.
തികച്ചും അപരിചിതമായ സ്ഥലവും സാഹചര്യങ്ങളുമായതിനാൽ നിർത്താതെ മുന്നോട്ടുപോയേക്കാമെന്നു കുരുതി ആക്സിലേറ്ററിലേക്ക് കാൽ അമർത്താനൊരുങ്ങുന്പോഴാണ് ശ്രദ്ധിച്ചത്, ലിഫ്റ്റ് ചോദിച്ച ചെറുപ്പക്കാരൻ ഒരു വീൽ ചെയറിലാണ് ഇരിക്കുന്നത്. കൂടെ ആരെയും കാണാനുമില്ല. അതു കണ്ടതോടെ മുന്നോട്ടുപോകാനാവാതെ ആരോ ഉള്ളിൽപിടിച്ചു വലിക്കുന്നതുപോലെ... എന്തു ചെയ്യണമെന്ന മട്ടിൽ ജോഷിയച്ചന്റെ മുഖത്തേക്കു നോക്കി. വീൽ ചെയറിൽ ഇരിക്കുന്ന യുവാവിനെ കണ്ട് അദ്ദേഹവും അന്പരന്നിരിക്കുന്നു.
ലിഫ്റ്റ് ചോദിച്ചപ്പോൾ
വണ്ടി നിർത്തി കാര്യം ചോദിച്ചിട്ടു പോകാമെന്നതാണ് ആ മുഖം തന്നോടു പറയുന്നതെന്നു മനസിലാക്കിയ ഞാൻ വീൽ ചെയറിനോടു ചേർന്നു പാതയോരത്തേക്കു വാഹനമൊതുക്കി. കാറിൽനിന്ന് ഇറങ്ങുന്നതു മുന്പ് പരിസരമെല്ലാം ഒന്നോടിച്ചു വീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കാണുന്നില്ല.
ഗ്ലാസ് താഴ്ത്തി വീൽ ചെയറിൽ ഇരിക്കുന്ന ചെറുപ്പക്കാരനോടു സംസാരിച്ചു. താനൊരു സഞ്ചാരിയാണെന്നും കേപ്ടൗണിലേക്ക് ഒരു ലിഫ്റ്റ് വേണമെന്നും ലിഫ്റ്റ് വാങ്ങിയാണ് ഇവിടം വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ വിവരങ്ങളൊക്കെ അന്വേഷിച്ചപ്പോൾ ആൾ പറയുന്നതു വിശ്വസിക്കാമെന്നു തോന്നി.
അങ്ങനെ ഡോർ തുറന്നു. ലിഫ്റ്റ് കിട്ടിയ ആശ്വാസത്തോടെ വീൽ ചെയറിൽനിന്ന് ആ ചെറുപ്പക്കാരൻ കൈ കുത്തി താഴേയ്ക്ക് ഇറങ്ങി. വീൽ ചെയർ കൈകൊണ്ടു തന്നെ മടക്കി. കൈകുത്തി നിരങ്ങിയെത്തിയ അദ്ദേഹം പ്രത്യേക വിരുതോടെ തനിയെ കാറിന്റെ സീറ്റിലേക്കു പിടിച്ചുകയറി ഇരുന്നു. തുടർന്ന് പുറത്തിറങ്ങിയ ജോഷിയച്ചൻ യുവാവിന്റെ വീൽ ചെയർ എടുത്തു കാറിനുള്ളിലേക്കു മടക്കിക്കയറ്റിവച്ചു.
ഇങ്ങനെയും സഞ്ചാരി!
നമീബീയയിൽ തത്വശാസ്ത്രം പഠിപ്പിക്കുന്ന വൈദികരാണ് തങ്ങളെന്നു പറഞ്ഞതോടെ യുവാവിനും ആവേശം. കാരണം അവൻ തത്വശാസ്ത്രത്തിൽ ബിരുദധാരിയാണ്. സഞ്ചാരിയെന്നാണ് പരിചയപ്പെടുത്തിയത്.
പക്ഷേ, ഒരു സഞ്ചാരി കൈയിൽ കരുതുന്നതുപോലെയുള്ള ബാഗും കാര്യങ്ങളുമൊന്നും കൈവശം കാണുന്നതുമില്ല. ഇക്കാര്യം ആകാംക്ഷയോടെ ഞങ്ങൾ ചോദിച്ചപ്പോൾ അവൻ പറഞ്ഞതു കേട്ട് ഞങ്ങൾ അവിശ്വസനീയതയോടെ അവനെ നോക്കി. കൈയിൽ പണമില്ല, കൂട്ടാളികളില്ല, ലഗേജ് ഇല്ല... ഇതൊന്നുമില്ലാതെ ഏതാനും വർഷങ്ങളായി ലോകരാജ്യങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ യുവാവ്.
അതും ഒരു വീൽചെയറിൽ. തുടർന്ന് അവൻ തന്റെ മൊബൈൽ ഫോൺ എടുത്തു. ഗൂഗിളിൽ എന്തോ ടൈപ്പ് ചെയ്തിട്ടു ഞങ്ങൾക്കു നേരേ നീട്ടി. ആ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞങ്ങൾ അദ്ഭുതത്തോടെയിരുന്നു, ആൽബർട്ട് കാസൽസ്! ഈ പേരും ഇതുമായി ബന്ധപ്പെട്ട കുറെ വാർത്തകളും വീഡിയോകളുമാണ് സ്ക്രീനിൽ തെളിഞ്ഞത്.
വിസ്മയ ജീവിതം
ആൽബർട്ട് കാസൽസ് എന്നു കേട്ടപ്പോൾത്തന്നെ എവിടെയോ വായിക്കുകയും കാണുകയും ചെയ്തിട്ടുള്ളത് ഒാർമയിലേക്കു വന്നു. നിസാര പുള്ളിയല്ല ലിഫ്റ്റ് ചോദിച്ചു കാറിൽ കയറിയിരിക്കുന്നത്. അഞ്ചാം വയസിൽ രക്താർബുദം ബാധിച്ചതിനെത്തുടർന്നു ജീവിതം വീൽ ചെയറിലായ യുവാവ്.
ഏതെങ്കിലുമൊരു വീട്ടിലെ ഇരുണ്ടമുറിയിൽ ശിഷ്ടകാലം ജീവിച്ചുതീർക്കേണ്ടി വരുമായിരുന്ന ആൾ... എന്നാൽ, ഇന്നു രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ഈ ചെറുപ്പക്കാരൻ! അതും തന്റെ വീൽചെയറിൽ. യൂണിവേഴ്സിറ്റികളിലേക്കും സെമിനാറുകളിലേക്കും പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്താൻ ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മാധ്യമങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള ഫീച്ചറുകൾ വരുന്നു. ആരെയും അദ്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് ആൽബർട്ട് കാസൽസിന്റെ ജീവിതം. ഈ ചെറുപ്പക്കാരനെയും അവന്റെ യാത്രകളെയുംകുറിച്ച് 2013ൽ ഇറങ്ങിയ കറ്റാലൻ ഡോക്കുമെന്ററി ചിത്രമാണ് ലിറ്റിൽ വേൾഡ്.
വെറും കൈയോടെ
അവന്റെ ലോക യാത്രകളാണ് എപ്പോഴും സംസാരവിഷയം. കൈയിൽ ഒന്നും കരുതാതെയാണ് ഏതു യാത്രയ്ക്കും ആൽബർട്ട് ബാഴ്സലോണയിലെ തന്റെ വീട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെടുക. സാധാരണ മനുഷ്യരെ സംബന്ധിച്ചു ചിന്തിക്കാൻ പോലുമാവാത്ത കാര്യം. ഒരു ചെറിയ ട്രിപ്പിനു പോകുന്നതിനു പോലും ആഴ്ചകൾക്കു മുന്പേ തയാറെടുപ്പുകൾ തുടങ്ങുന്നവരാണ് ബഹുഭൂരിപക്ഷം പേരും.
ആവശ്യമായ സാധനങ്ങളും പണവും വസ്ത്രങ്ങളുമൊക്കെ എടുത്തിട്ടുണ്ടോയന്ന് പലവട്ടം ഉറപ്പാക്കും. എന്തെങ്കിലും ആവശ്യം വന്നേക്കുമോയെന്നു കരുതി അത്യാവശ്യമില്ലാത്ത കാര്യങ്ങൾ പോലും കരുതും. പറ്റുമെങ്കിൽ യാത്ര ചെല്ലുന്നിടത്ത് ഒരാവശ്യം വന്നാൽ ബന്ധപ്പെടാൻ കഴിയുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ നന്പരും വിവരങ്ങളും ശേഖരിച്ചുവയ്ക്കും.
താമസിക്കാനുള്ള സൗകര്യം നേരത്തേ ഉറപ്പാക്കും. ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തുവച്ചിട്ട് യാത്രയ്ക്കു പോകുന്നവർക്ക് ആൽബർട്ടിന്റെ യാത്രകൾ അവിശ്വസനീയമായി തോന്നിയില്ലെങ്കിലേ അതിശയമുളളൂ. ധരിച്ചിരിക്കുന്ന വേഷവും തന്റെ മൊബൈൽ ഫോണും വീൽ ചെയറുമായിട്ടാണ് ഈ സഞ്ചാരി യാത്ര തുടങ്ങുന്നത്.
ഏതു വഴി പോകുമെന്നോ എവിടെ കിടക്കുമെന്നോ എന്തു കഴിക്കുമെന്നോ എന്തു ധരിക്കുമെന്നോ ആരു സഹായിക്കുമെന്നോ എന്നിങ്ങനെ ഒന്നിനെക്കുറിച്ചും ഒരാകുലതകളുമില്ലാതെ ഒറ്റപ്പോക്കാണ്. ഒാരോ വർഷവും ഏതാനും മാസങ്ങൾ ആൽബർട്ട് യാത്രയിലായിരിക്കും. യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റനമേരിക്ക, ജപ്പാൻ, ന്യൂസിലൻഡ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എല്ലാം ഇതിനകം പിന്നിട്ടു കഴിഞ്ഞു.
ചോദിച്ച് ചോദിച്ച് പോകും!
അദ്ദേഹത്തിന്റെ യാത്രയുടെ രീതികൾ ആരെയും അന്പരപ്പിക്കും. ലിഫ്റ്റ് ചോദിച്ചാണ് ഏതാണ്ട് മുഴുവൻ യാത്രകളും. ചിലപ്പോൾ പോകുന്ന വഴിക്ക് ആരെങ്കിലുമൊക്കെ ബസ് ടിക്കറ്റും മറ്റും എടുത്തുകൊടുക്കും. ചിലരൊക്കെ കൂടെക്കൂട്ടും. മറ്റു ചിലർ അവഗണിച്ചു കടന്നുപോകും. എങ്കിലും ആൽബർട്ടിന് പരാതിയില്ല.
വിശക്കുന്പോൾ ഭക്ഷണം ആരോടെങ്കിലുമൊക്കെ ചോദിച്ചുവാങ്ങി കഴിക്കും. ചിലപ്പോൾ മറ്റുള്ളവർ ഉപയോഗിക്കാതെ മിച്ചംവച്ച ഭക്ഷണമായിരിക്കും കഴിക്കുക. കിടക്കാൻ അങ്ങനെ പ്രത്യേകിച്ച് ഇടമൊന്നുമില്ല. സൗകര്യമൊക്കുന്നിടത്തു കിടക്കും. തെരുവുകളിലും കടത്തിണ്ണകളിലും പാർക്കുകളിലും ഹോട്ടൽ ഇടനാഴികളിലും വീടുകളിലുമൊക്കെ ആൽബർട്ട് നല്ല സുഖമായി കിടന്നുറങ്ങിയിട്ടുണ്ട്.
മിക്കവാറും ഉറക്കം ഏതെങ്കിലും പൊതുസ്ഥലത്തു സ്ലീപ്പിംഗ് ബാഗിനുള്ളിൽ ആയിരിക്കും. വിവിധ രാജ്യങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ അവന്റെ രണ്ടു മാതൃഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജാപ്പനീസ് ഭാഷകളൊക്കെ സംസാരിക്കാൻ പഠിച്ചു.
അപകടങ്ങളെ പേടിക്കാതെ
അഞ്ചാം വയസിൽ രക്താർബുദം തിരിച്ചറിഞ്ഞതിനെത്തുടർന്ന് ആദ്യത്തെ മൂന്നുവർഷം ആശുപത്രിയിൽ തന്നെയായിരുന്നു വാസം. ചികിത്സയുടെ ഇടയിൽ അരയ്ക്കു താഴേക്കു ശരീരം തളർന്നു. എങ്കിലും മനസു തളർന്നില്ല. അവനു യാത്ര പ്രിയമാണെന്ന് മനസിലാക്കിയ മാതാപിതാക്കൾ തന്നെയായിരുന്നു ആദ്യം യാത്രകൾക്കു കൊണ്ടുപോയത്.
പതിനഞ്ച് വയസ് ആയതോടെ തന്നെ യാത്രകൾ തുടങ്ങി. ബ്രസൽസിലേക്കായിരുന്നു ആദ്യത്തെ യാത്ര. 12 വർഷങ്ങൾക്കൊണ്ട് 105 രാജ്യങ്ങൾ ഈ വീൽ ചെയർ പിന്നിട്ടു കഴിഞ്ഞു. സ്പെയിനിൽനിന്ന് ഇസ്രയേൽ വഴി ഈജിപ്തിൽ എത്തി. അവിടെനിന്നു പല രാജ്യങ്ങൾ കടന്നാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ എത്തിയിരിക്കുന്നത്.
ആദ്യ കാലങ്ങളിൽ സാഹസികതയായിരുന്നു നയിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് ആവേശം നൽകുന്നതെന്ന് ആൽബർട്ട് പറയുന്നു. ചെന്നെത്തുന്നത് എത്ര അപകടം പിടിച്ച സാഹചര്യങ്ങളിലാണെങ്കിലും അത് ഉപയോഗപ്പെടുത്തുകയെന്നതും ആൽബർട്ടിന്റെ രീതിയാണ്.
കൊളംബിയയിൽനിന്നു പാനമയിലേക്കു കള്ളക്കടത്തുകാരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കള്ളൻമാരോടും മയക്കുമരുന്നു വില്പനക്കാരോടുമൊപ്പം താൻ താമസിച്ചിട്ടുണ്ടെന്ന് ആൽബർട്ട് പറയുന്നു. മത്സ്യത്തൊഴിലാളികളോടൊപ്പം താമസിക്കുന്പോൾ അവർക്കൊപ്പം കടലിൽ പോകാനും മടിച്ചിട്ടില്ല.
ഒരിക്കൽ ചങ്ങാടത്തിൽ ലാറ്റനമേരിക്കൻ മഴക്കാടുകളിലൂടെ പോയപ്പോൾ നദിയിൽ വീണു. അന്നു കൂടെയുണ്ടായിരുന്ന മയക്കുമരുന്നു വ്യാപാരികളാണ് രക്ഷപ്പെടുത്തിയതത്രേ. ഇങ്ങനെയൊക്കെയാണെങ്കിലും യാത്ര പോകുന്നിടത്തെ ഫോട്ടോകളെടുക്കുന്ന രീതി ആൽബർട്ടിനില്ല. നേരിട്ടുകാണുന്ന കാഴ്ചാനുഭവം ഫോട്ടോ നൽകില്ലെന്നതാണ് അതിന്റെ ന്യായം.
സൗജന്യമായി പോകുന്പോൾ
ഉറക്കം, താമസം, ഭക്ഷണം ഈ മൂന്നു കാര്യങ്ങളാണ് ഒരാളുടെ യാത്രയെ ചെലവേറിയതാക്കി മാറ്റുന്നതെന്ന് ആൽബർട്ട് പറയുന്നു. ഈ മൂന്നു കാര്യങ്ങൾക്കുള്ള ക്രമീകരണം പോകുന്നവഴിതന്നെ സാധ്യമാക്കുന്നതോടെ യാത്രകൾ സൗജന്യമായി മാറിയെന്നു പറയാം. മാത്രമല്ല, അവയെക്കുറിച്ച് ആലോചിച്ച് ടെൻഷൻ കയറുകയും വേണ്ട.
ഒരു ടൂറിസ്റ്റിനെ പോലെ ഞാൻ യാത്ര ചെയ്തിരുന്നു എങ്കിൽ എന്റെ പോക്കറ്റിൽനിന്നു യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും ഒക്കെ ഞാൻ പണം ചെലവാക്കേണ്ടി വന്നേനെ. അങ്ങനെയായാൽ ഞാൻ എത്ര യാത്ര ചെയ്താലും എന്റെ ലോകത്തുതന്നെ ആയിരിക്കും.
ചുറ്റുമുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങൾ നഷ്ടമായേനെ. അവരോടൊപ്പം അവരുടെ വാഹനത്തിൽ യാത്ര ചെയ്തും അവരുടെ ഭക്ഷണം പങ്കിട്ടെടുത്തും അവരിൽ ചിലരുടെ വീട്ടിൽ അന്തിയുറങ്ങിയുമൊക്കെയാണ് ഞാൻ അവരുടെ ജീവിതാനുഭവങ്ങളെ സ്വന്തമാക്കിയത്.
ഇങ്ങനെ പറന്നുനടന്നു സ്വന്തമാക്കിയ അനുഭവങ്ങളെ പുസ്തകങ്ങളായും മറ്റും മറ്റുള്ളവർക്കു പങ്കുവയ്ക്കുകയാണ് പ്രചോദനത്തിന്റെ സ്വർണച്ചിറകുള്ള ഈ ദേശാടന പക്ഷി.
ആന്റോ തുണ്ടുപറന്പിൽ സിഎംഐ