ഇന്ത്യയിൽ പ്രതിപക്ഷവും എതിർസ്വരവും ദുർബലമായിപ്പോയ കഴിഞ്ഞ പത്തു വർഷം ആ ദൗത്യം നിർഭയം നിർവഹിച്ച ചുരുക്കം പത്രാധിപരിലൊരാൾ - കോൽക്കത്ത ആസ്ഥാനമായ ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ. രാജഗോപാൽ സമകാല രാഷ്ട്രീയാവസ്ഥയെപ്പറ്റി സൺഡേ ദീപികയോടു സംസാരിക്കുന്നു.
63 സീറ്റ് നഷ്ടപ്പെട്ട് അധികാരത്തിൽ വന്നിട്ടും മോദി പഴയ കാബിനറ്റ് നിലനിർത്തിയത് എന്തു സന്ദേശമാണു നൽകുന്നത് ?
2014ലെയും 2019ലെയും സർക്കാർ ശ്രദ്ധിക്കൂ. രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, നിതിൻ ഗഡ്ഗരി... തുടങ്ങിയ ചുരുക്കം ചിലരിൽ അധികം ആരെയെങ്കിലും ഓർമയുണ്ടോ? അവർതന്നെ എന്തെങ്കിലും കാര്യമായ സംഭാവന ചെയ്തിട്ടില്ല.
വകുപ്പുകളുടെ പ്രാധാന്യം കൊണ്ടാണ് ഓർക്കുന്നത്. നരേന്ദ്ര മോദി വണ്മാൻ ആർമിയായാണു പ്രവർത്തിക്കുന്നത്. നോട്ടുനിരോധനം ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി പോലും അറിഞ്ഞിരുന്നോയെന്നു സംശയമുണ്ട്. പത്തു വർഷം ഭരിച്ചിട്ടും ബിജെപിക്ക് ഒരു ടാലന്റഡ് പൂൾ ഉണ്ടാക്കാനായിട്ടില്ല.
ഇപ്പോഴത്തെ ആർബിഐ ഗവർണർ സാന്പത്തിക ശാസ്ത്രത്തിൽ ബിരുദമില്ലാത്തയാളാണ്. രഘുറാം രാജനെപ്പോലുള്ളയാളെ നിലനിർത്താൻ കഴിഞ്ഞിട്ടില്ല. താൻ മാറിയിട്ടില്ല എന്നു കാണിക്കാനല്ല മോദി അതേ കാബിനറ്റ് നിലനിർത്തിയത്. അദ്ദേഹത്തിനു വേറെ ആളില്ലാഞ്ഞിട്ടാണ്.
പക്ഷേ, കോണ്ഗ്രസിൽ ടാലന്റ് ഉണ്ട്. നൂറ് എംപിമാരിൽനിന്നു യോഗ്യരായ 20 കാബിനറ്റ് മന്ത്രിമാരെ ലിസ്റ്റ് ചെയ്യാൻ പറ്റും. അവർ ആരാണെന്നു ഗൂഗിളിൽ നോക്കേണ്ടതില്ല.
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും തിരുത്തൽ ശക്തികളാകുമോ ?
കരുതുന്നില്ല. വ്യക്തിതാത്പര്യത്തിന്റെ പേരിൽ മാത്രമേ അവർ പ്രശ്നങ്ങൾ ഉണ്ടാക്കൂ. അല്ലാതെ മൂല്യങ്ങളുടെ പേരിൽ ആവില്ല.
ഈ രണ്ടു കക്ഷികൾക്കും മുസ്ലിം വോട്ട് ബാങ്ക് ഉള്ളതുകൊണ്ട് എൻഡിഎക്കു വർഗീയത വെടിയേണ്ടി വരില്ലേ ?
തീർച്ചയായും. നിതീഷിനും നായിഡുവിനും വോട്ട് ബാങ്ക് സംരക്ഷിക്കേണ്ടതുണ്ട്. പക്ഷേ, ബിജെപി ചെയ്യുന്ന കാര്യങ്ങളുടെ ദൂഷ്യഫലങ്ങൾ പെട്ടെന്നു മനസിലാക്കാൻ പറ്റില്ല. സിഎഎ അവതരിപ്പിക്കപ്പെട്ടപ്പോൾ രാജ്യത്തു വേണ്ടത്ര ചർച്ചയായില്ല എന്നോർക്കണം.
ക്രിമിനൽ നിയമ ഭേദഗതി, ബ്രോഡ് കാസ്റ്റിംഗ് ബിൽ എന്നിവയിലെല്ലാം വലിയ അപകടമുണ്ട്. അതെല്ലാം മനസിലാകാൻ പോകുന്നതേയുള്ളൂ. എന്റെ പ്രതീക്ഷ നിതീഷിലും നായിഡുവിലുമല്ല, ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഭയം മാറി എന്നതിലാണ്. തോന്നുംപോലെ ചെയ്യാൻ ഇനി ബിജെപിക്കു പറ്റില്ല. ഇന്ത്യൻ സിവിൽ സൊസൈറ്റി ജാഗ്രതയിലാണ്.
പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിക്കു പിന്നിൽ ആർഎസ്എസിന്റെ അതൃപ്തിയുണ്ടെന്നു നിരീക്ഷണമുണ്ടല്ലോ. ആർഎസ്എസിന്റെ സഹായം ആവശ്യമില്ലെന്നുവരെ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു ?
ആ പ്രചാരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം കഴിഞ്ഞപ്പോഴേ ആർഎസ്എസിനു മനസിലായി കൈവിട്ടുപോവുകയാണെന്ന്. പരാജയഭാരം മോദിയുടെ തലയിൽ വരാതിരിക്കാനായി ആർഎസ്എസ് നദ്ദയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്നാണ് എന്റെ വിലയിരുത്തൽ.
പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നും അഹങ്കാരം പാടില്ലെന്നുമൊക്കെ ഇപ്പോൾ മോഹൻ ഭാഗവത് പറയുന്നതൊക്കെ ഈ നാടകത്തിന്റെ ഭാഗമാണ്. ഇതൊക്കെ നമ്മളെ പറ്റിക്കാനാണ്. ഇവർക്കൊക്കെ ഓക്സിജൻ കിട്ടുന്നതും രക്തം കിട്ടുന്നതുമൊക്കെ ഒരേയിടത്തുനിന്നാണ്.
ചിലർ നിരീക്ഷിക്കുന്നത് പിന്നാക്ക സമുദായക്കാരനായ മോദിയോട് ആർഎസ്എസിന്റെ സവർണനേതൃത്വത്തിനു പ്രതിപത്തി കുറയുന്നുവെന്നാണ് ?
എനിക്കു തോന്നുന്നില്ല. മോദി ഒബിസിയാണെന്നു പറയുന്നു. പക്ഷേ, അദ്ദേഹം പ്രവർത്തിക്കുന്നത് സവർണർക്കു വേണ്ടിയാണ്. അയോധ്യയിൽ പൂജ നടത്തുന്നു. മനുസ്മൃതിയിൽ പറയുന്നതുപോലെയാണ് മോദി പ്രവർത്തിക്കുന്നത്.
ഗുസ്തിതാരങ്ങളുടെ സമരം പുച്ഛിച്ചു തള്ളി. വനിതകളെ ചൂഷണം ചെയ്തതിൽ അദ്ദേഹത്തിനു പ്രശ്നമില്ല. അല്ലെങ്കിൽ ബ്രിജ് ഭൂഷന്റെ മകന് സീറ്റു കൊടുക്കുമോ? അതേസമയം, എതിർപക്ഷത്തുള്ള കേജരിവാളിന്റെ പാർട്ടിയിൽ സ്ത്രീ പരാതി പറഞ്ഞപ്പോൾ മിനിറ്റുകൾക്കകം നടപടിയെടുത്തു.
ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ നിലകൊണ്ടതിലൂടെ അദ്ദേഹം സവർണമൂല്യം സംരക്ഷിച്ചു. ഉദയനിധി പറഞ്ഞതിൽ എന്താണ് തെറ്റ്? അതു ശരിയാണെന്നു തമിഴ്നാട് തെരഞ്ഞെടുപ്പ് തെളിയിച്ചില്ലേ?
സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം സവർണമൂല്യമാണ് പുലർത്തുന്നത്. ഇന്ത്യയിലെ രണ്ടു സന്പന്നരെ സഹായിക്കുന്നതാണ് അദ്ദേഹത്തിന്റെ പോളിസികൾ. ആ സാന്പത്തിക നയങ്ങൾക്കു ലഭിച്ച തിരിച്ചടികൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ആ തലത്തിലുള്ള വിശകലനം നാം നടത്തിയിട്ടില്ല.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഇപ്പോൾ മണിപ്പുർ പ്രശ്നം ചർച്ചയാക്കുന്നതിനെ എങ്ങനെ വിലയിരുത്തണം ?
ആർഎസ്എസ് പെട്ടെന്നൊരു ലാഭം പ്രതീക്ഷിച്ചു നിലപാടെടുക്കുന്നവരല്ല. മണിപ്പുരിൽ വലിയ പ്രശ്നമാണ്. മോദിയും ഗോദി മീഡിയയും മണിപ്പുർ ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിൽ അവഗണിക്കുന്പോൾ ആർഎസ്എസിന് കണ്ടുനിൽക്കാനാവില്ല. കാരണം, എന്തുപറഞ്ഞാലും അവർ ഗ്രേറ്റർ ഇന്ത്യയിൽ വിശ്വസിക്കുന്നവരാണ്. മോഹൻ ഭാഗവത് ഇതു പറയാൻ വൈകിയത് എന്താണെന്നാണ് എന്റെ ചിന്ത. മോദിയോടുള്ള ഭയം മൂലമാകാം.
മണിപ്പുരിൽ രണ്ടു ഗോത്രത്തിനു സ്വാധീനമുള്ളിടത്തും എൻഡിഎ പരാജയപ്പെട്ടല്ലോ ?
ഗോത്രമുണ്ടവിടെ. പക്ഷേ, ഗോത്രത്തിലുള്ളവരും മനുഷ്യരല്ലേ. മെയ്തിയും കുക്കിയും തമ്മിൽ 30 വർഷമായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പെട്ടെന്ന് ഇതുണ്ടായതിനു പിന്നിൽ രാഷ്ട്രീയക്കാർക്കു പങ്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. ജനങ്ങൾ അതു മനസിലാക്കി.
നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു ?
പത്രഭാഷയിൽ പറഞ്ഞാൽ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്റ്റോറി രാഹുൽ ഗാന്ധിയാണ്. പക്ഷേ, "ഇക്കണോമിസ്റ്റ്'' ഒഴികെയുള്ള മാധ്യമങ്ങൾ അതു പരാമർശിച്ചില്ല. രാജ്യത്ത് ഏറ്റവും സമീപസ്ഥനായ നേതാവാണദ്ദേഹം. ഏതു ചോദ്യവും അദ്ദേഹത്തോടു ചോദിക്കാം. ചോദിച്ചയാളെ ഇകഴ്ത്തിക്കാട്ടാതെ മറുപടി പറയും.
രാജ്യത്ത് ഇടതുപക്ഷം കൈവശം വച്ചിരുന്ന ഇടം രാഹുൽ ഗാന്ധി എടുത്തുവെന്നാണ് ഞാൻ കരുതുന്നത്. മൻമോഹൻ സിംഗിനു മുന്പ് കോൺഗ്രസിന്റെ രാഷ്ട്രീയം അതായിരുന്നു. ഇന്ദിരാഗാന്ധിയേക്കാൾ അക്കാര്യത്തിൽ വ്യക്തതയുണ്ട് രാഹുലിന്.
പക്ഷേ, അതു സംബന്ധിച്ചു രാഹുലിനോട് ഒന്നും ചോദിക്കാൻ മാധ്യമങ്ങൾ തയാറാവുന്നില്ല. മറിച്ച് ഒരാൾ താൻ ദൈവത്തിന്റെ അവതാരമാണെന്നു പറയുന്പോൾ മണിക്കൂറുകളോളം ചർച്ച ചെയ്യുന്നു. ഞാൻ എന്റെ അച്ഛന്റെ മകനായി ജനിച്ചു എന്നതുകൊണ്ട് അച്ഛന്റെ മുഴുവൻ സ്വത്തും എനിക്കുതന്നെ കിട്ടണമെന്നു പറയുന്നതിന്റെ ന്യായം എന്താണ്.
അതിൽ പത്തു ശതമാനം അടുത്തുള്ള ദരിദ്രനും കൊടുക്കുന്നതിൽ എന്താണു തെറ്റ്. അക്കാര്യം സാം പിത്രോദ പറയുന്പോൾ അതു ചർച്ച ചെയ്യാൻപോലും തയാറാകാതെ അയാളെ അടിച്ചു പുറത്താക്കുന്നു. പ്രസക്തമായ കാര്യങ്ങളൊന്നും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല.
അതുപോലെ, ഉദ്ധവ് താക്കറെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ നേതാവാണ് അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹം ഇന്ത്യ മുന്നണിയിലേക്കു വന്നതിനെ അവസരവാദപരമായാണ് പലരും വിലയിരുത്തുന്നത്.
എന്നാൽ, ഞാനതിനെ കാണുന്നത് രാഷ്ട്രീയ രൂപാന്തരീകരണമായാണ്. എക്കാലവും ഒരേ കാര്യംതന്നെ പറയുന്നയാളല്ല നേതാവ്. മഹാത്മാഗാന്ധിതന്നെ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എന്റെ ഒടുവിലത്തെ അഭിപ്രായം സ്വീകരിക്കുക എന്നായിരുന്നു ഗാന്ധിയുടെ മറുപടി.
തേജസ്വി യാദവ്, അഖിലേഷ് യാദവ്, സ്റ്റാലിൻ, ഉദയനിധി, മമത... എത്ര നേതാക്കളാണ് ഇന്ത്യ മുന്നണിക്കുള്ളത്. ഇവരിലാർക്കാണ് പ്രധാനമന്ത്രിയാകാൻ യോഗ്യത ഇല്ലാത്തത്. മല്ലികാർജുൻ ഖാർഗെ എത്ര മനോഹരമായാണ് ഈ തെരഞ്ഞെടുപ്പ് നയിച്ചത്.
ഇപ്പറഞ്ഞവരിൽ ഉദ്ധവ് താക്കറെ ബിജെപിയുടെ ഐഡിയോളജിയുമായി ചേർന്നു പോകുന്നയാളല്ലേ.?
തീർച്ചയായും. രാഹുൽ ഗാന്ധിപോലും അദ്ദേഹത്തെ ആദ്യം അംഗീകരിച്ചിരുന്നില്ല . സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഉദ്ധവ് എത്തിയത്. ബഹുസ്വരതയുടെ രൂപമാണ് കോണ്ഗ്രസ്. ഉദ്ധവ് താക്കറെയെ അന്നു കോൺഗ്രസ് കൈവിട്ടിരുന്നെങ്കിൽ അയാൾ ചിലപ്പോൾ കൂടുതൽ തീവ്രവാദത്തിലേക്കു പോയേനേ.
കേരളത്തിലെ പാർട്ടികൾക്കൊരു പാഠമാണിത്. 20 വർഷം മുന്പ് സുരേഷ് ഗോപി പൊതുപ്രവർത്തനത്തിനു താത്പര്യം പ്രകടിപ്പിച്ചു. കോൺഗ്രസുകാർ പരിഹസിച്ചോടിച്ചു. സിപിഎമ്മുകാരും കൈക്കൊണ്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഉൾക്കൊള്ളൽശേഷിയുടെ പരാജയമാണ് സുരേഷ് ഗോപിയുടെ വിജയം.
ഈ തെരഞ്ഞെടുപ്പിൽ ദിശാസൂചി എന്നു പറയാവുന്ന ഏതാനും മണ്ഡലങ്ങൾ ?
രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ നരേന്ദ്ര മോദി വിദ്വേഷം പ്രസംഗിച്ച പ്രദേശങ്ങൾ. മുസ്ലിംകൾക്കെതിരേ അദ്ദേഹം സംസാരിച്ച രാജസ്ഥാനിലെ ബൻസ്വാഡ, ഗുജറാത്തിലെയും ബിഹാറിലെയും മണ്ഡലങ്ങൾ... അവിടെല്ലാം ബിജെപി തോറ്റു. പിന്നെ അയോധ്യ. പരിധിവിട്ട് വിഷം കുത്തിവച്ചാൽ വിഷം തിരിച്ചു തുപ്പും. രാജ്യചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇത്ര ഹീനമായി തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തിയിട്ടില്ല.
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ പരാജയം ബിജെപി മുന്നോട്ടു വയ്ക്കുന്ന സവർണമൂല്യങ്ങൾക്കുള്ള തിരിച്ചടിയാണോ ?
അവിടെ ജനങ്ങൾ അയോധ്യയ്ക്കോ രാമക്ഷേത്രത്തിനോ എതിരാണെന്നു കരുതുന്നില്ല. ഉത്തർപ്രദേശിൽ മതന്യൂനപക്ഷവും ദളിതരും പിന്നാക്ക സമുദായങ്ങളും കൂട്ടായ്മയുണ്ടാക്കി. ഇവരെ കൂട്ടിയിണക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞു.
2013ലെ മുസഫർപൂർ കലാപത്തിനു ശേഷം വിശാലഹിന്ദു എന്ന കുടക്കീഴിൽ ദളിതരെയും പിന്നാക്കക്കാരെയും അണിനിരത്താൻ ബിജെപിക്കു കഴിഞ്ഞിരുന്നു. തങ്ങളെല്ലാം ഹിന്ദുക്കളാണെന്ന തെറ്റിദ്ധാരണയിൽ അവർ 2019ലും ബിജെപിക്കാണ് വോട്ട് ചെയ്തത്.
എന്നാൽ, മണ്ഡൽകാലത്തിനു ശേഷം ആദ്യമായി ഇന്ത്യയിൽ അവർ സ്വത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് ഒരു തെരഞ്ഞെടുപ്പിൽ തീരുമോ എന്നു നോക്കാം. ബിജെപി ഇതു തകർക്കാൻ ശ്രമിക്കുമെന്നുറപ്പ്.
പ്രതിപക്ഷ കക്ഷികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തുകയും അതു തരുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ അവകാശങ്ങളും വിഭവങ്ങളും വിതരണം ചെയ്യുകയും ചെയ്യണം. ഇന്ത്യസഖ്യം ഇനി മുൻകൈ എടുക്കേണ്ടത് അതിനാണ്.
മോദിക്കു വാരാണസിയിൽ ഭൂരിപക്ഷം കുറഞ്ഞതിനെ എങ്ങനെ കാണുന്നു ?
യുപിയിൽ മൊത്തത്തിലുണ്ടായ ട്രെൻഡ് വാരാണസിയെയും ബാധിക്കാതിരിക്കില്ലല്ലോ. സാന്പത്തികമായ ചില കാര്യങ്ങളും സംഭവിച്ചു. അവിടെ രണ്ടു വ്യവസായമുണ്ട്. ഒന്നു നെയ്ത്ത്. മോദി കൊണ്ടുവന്ന നോട്ടുനിരോധനം അതിനെ പൂർണമായി തകർത്തു. മറ്റൊന്നു തുകൽ. ഇതിലുള്ളത് മുസ്ലിംകളാണ്.
പക്ഷേ, അതു തകർന്നതോടെ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മറ്റു സമുദായത്തിൽപ്പെട്ടവരുടെയും ജീവിതം തകർച്ചയിലായി. വേറൊരു സംഗതി വാരാണസി വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ മോദി ശ്രമിച്ചതാണ്. അതിനായി പല ചെറിയ ക്ഷേത്രങ്ങളും പൊളിച്ചു. ഇവയോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന പല കച്ചവടസ്ഥാപനങ്ങളും പൂട്ടിപ്പോയി. ഇതൊക്കെ തിരിച്ചടിയായി.
ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിപദം ക്രിസ്ത്യൻ സമുദായത്തിലേക്കു ബിജെപി ഇടുന്ന പാലമല്ലേ ?
എനിക്കു ജോർജിനെക്കുറിച്ച് ഒന്നുമറിയില്ല. തൃശൂരിൽ ബിജെപി ജയിച്ചതിൽ ക്രിസ്ത്യൻ പിന്തുണ ഉണ്ടാവാം. അതുകൊണ്ട് ജോർജിലൂടെ ആ വഴി ശക്തമാക്കിയതാവാം. ഒരു ക്രിസ്ത്യാനിക്ക് ഒരു പൗരനെന്ന നിലയിൽ ഏതു പാർട്ടിക്കും വോട്ടു ചെയ്യാം. പക്ഷേ, ഒരു ക്രിസ്തുവിശ്വാസിക്ക് വെറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാകുമോ?.
ഷാജൻ ചാമക്കാല