രക്തംപുരണ്ട ദിനം
ഗാസ മുനന്പിൽനിന്ന് ആയിരക്കണക്കിനു ഹമാസ് ഭീകരർ അതിർത്തികളൊക്കെ ഭേദിച്ച് ഇസ്രയേലിലേക്കു കടന്നുകയറി, പുതിയൊരു യുദ്ധത്തിനു തിരികൊളുത്തിയിട്ട് നാളെ ഒരു വർഷം. സകല യുദ്ധനിയമങ്ങളും ലംഘിച്ചുകൊണ്ട് സിവിലയന്മാരെ കൊന്നൊടുക്കിയും വീടുകളും സ്ഥാപനങ്ങളും കൊള്ളയടിച്ചും സ്ത്രീകളെയും സൈനികരെയും മാനംകെടുത്തിയും മനുഷ്യത്വരഹിതമായി മുന്നേറിയ അക്രമിസംഘം കിബുട്സ് റെയ്മിനു സമീപം ഒരു സംഗീതോത്സവത്തിൽ പങ്കെടുത്തിരുന്നവരിൽ 364 പേരെ കൊന്നുതള്ളി. കൂട്ടുകൃഷി ഫാം ഗ്രാമങ്ങളാണ് കിബുട്സ്.
അവരിൽ പല രാജ്യക്കാരുണ്ട്, പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച സമാധാന പ്രവർത്തകരുണ്ട്. മൃതശരീരങ്ങളോടു പോലും കാണിച്ച ക്രൂരത വിവരണാതീതം. ആകെ കൊല്ലപ്പെട്ടവർ 1,139 പേർ. അതിൽ 695 പേർ സിവിലിയന്മാർ (കുട്ടികൾ 38), സൈനികർ 373 പേർ. 30 കുട്ടികളുൾപ്പെടെ 250 പേരെ ഹമാസ് ബന്ദികളായി ഗാസയിലേക്കു പിടിച്ചുകൊണ്ടുപോയി. അവരിൽ പകുതിയോളം പേരെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ ഇനിയെത്ര പേർ ജീവനോടെ അവശേഷിക്കുന്നെന്ന് ആർക്കും അറിയില്ല.
മരണമുഖം
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. അതിർത്തി കടന്ന് ഇങ്ങനെയൊരു ദുരന്തം ഇരന്പിയെത്തുമെന്ന് ആരും നിനച്ചിരുന്നില്ല. ഗാസയ്ക്കു സമാന്തരമായി കിടക്കുന്ന നെഗെവ് മരുഭൂമിയിലെ നിരവധി കിബുട്സുകളിൽ ഹമാസ് ഭീകരർ ആക്രമണം അഴിച്ചുവിട്ടു. അഞ്ഞൂറോളം പേർ താമസിക്കുന്ന നഹൽ ഓസ് എന്ന ചെറു ഗ്രാമത്തിലെ താമസക്കാരായിരുന്നു പത്രപ്രവർത്തകനായ അമിർ തിബോണും കുടുംബവും. ഹമാസ് ഭീകരർ തെരുവിലും തന്റെ വീട്ടുവളപ്പിലുമൊക്കെ യന്ത്രത്തോക്കുകളുമായി അഴിഞ്ഞാടുന്പോൾ വീട്ടിലെ സുരക്ഷിതമുറിയിൽ ശ്വാസമടക്കിയിരിക്കുകയായിരുന്നു ഈ ചെറുപ്പക്കാരനും ഭാര്യയും മക്കളും. ചെറിയൊരു ശബ്ദം മാത്രം മതിയായിരുന്നു ഭീകരർ അവരെ കണ്ടെത്താനും ജീവനെടുക്കാനും.
ഒന്നും രണ്ടുമല്ല, പത്തുമണിക്കൂർ ഇങ്ങനെ ഈ കുടുംബത്തിനു കഴിച്ചുകൂട്ടേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അവരെ രക്ഷിക്കാൻ ഇസ്രയേലി സൈനികർ കുതിച്ചെത്തി. അവർക്കൊപ്പം മുൻസൈനിക ജനറൽ കൂടിയായ അദ്ദേഹത്തിന്റെ പിതാവും. ആരെയും മുൾമുനയിൽ നിർത്തുന്ന ആ പത്തു മണിക്കൂറിലെ സംഭവങ്ങളും അനുഭവങ്ങളും അമിർ തിബോൺ ഈയിടെ ഒരു പുസ്തകമായി ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചു. Gates of Gaza. A Story of Betrayal, Survival, and Hope in Israel''s Borderlands. ആ പുസ്തകത്തെ ആധാരമാക്കി അമിറിന്റെ ഒക്ടോബർ ഏഴ് അനുഭവങ്ങൾ വായിക്കുക.
മനം കവരും ഗ്രാമം
അതൊരു സാധാരണ സാബത്ത് ആകേണ്ടതായിരുന്നു കിബുട്സ് നഹൽ ഓസിൽ. യഹൂദ പാരന്പര്യമനുസരിച്ച് ഒക്ടോബർ ആറിനു വെള്ളിയാഴ്ച വൈകുന്നേരംതന്നെ അവധിയുടെ ആഹ്ലാദവും സാബത്തിന്റെ ആനന്ദവും വീടുകളിൽ അലതല്ലി. വെള്ളിയാഴ്ച വൈകിട്ടാണ് വിഭവസമൃദ്ധമായ വിരുന്ന്. സാബത്തുദിനമായ ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ഒന്നിച്ചു സിനഗോഗിലേക്കു പോകും. ഒന്നാന്തരമൊരു വിശ്രമദിനം. ശരത്കാലമായതിനാൽ രൂക്ഷമായ ചൂടോ അസഹനീയമായ തണുപ്പോ ഇല്ല.
ഇസ്രയേലിന്റെ തെക്കൻഭാഗമായ നെഗെവ് മരുഭൂമിയിൽ ആദ്യം സ്ഥാപിക്കപ്പെട്ട കിബുട്സുകളിൽ ഒന്നാണ് നഹൽ ഓസ്. ശക്തമായ അരുവി എന്നാണ് ഈ ഹീബ്രു വാക്കുകളുടെ അർഥം. ഗാസ അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം ദൂരെയാണ് നഹൽ ഓസ്. ഇസ്രേലി ഭടന്മാരുടെ ക്യാന്പായാണ് ആരംഭിച്ചതെങ്കിലും 1953ൽ ഇതൊരു സിവിലിയൻ ഗ്രാമമായി മാറി. എഴുപതു കൊല്ലംകൊണ്ട് അഞ്ഞൂറോളം താമസക്കാരുള്ള ഒരു മനോഹര ഗ്രാമമായി നഹൽ ഓസ്. ചെറുകിട തൊഴിൽശാലകളും ഫാക്ടറികളും കൃഷിയിടങ്ങളും വിനോദോപാധികളുമൊക്കെയുള്ള ഒരു ഗ്രാമം. ഗോതന്പും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ വളരുന്ന കൃഷിയിടങ്ങൾ ഗ്രാമത്തിനു പുറത്താണ്. നല്ല റോഡുകളും നടപ്പാതകളും പച്ചപ്പും നിറഞ്ഞ നഹൽ ഓസ് അതിന്റെ സ്വച്ഛന്ദമായ ഗ്രാമീണഭംഗികൊണ്ട് ആരുടെയും മനം കവരും. വടക്കായി കിടക്കുന്ന സെദറോത്തും തെക്കുകിഴക്കായി കിടക്കുന്ന നെത്തിയോത്തുമാണ് അടുത്തുള്ള പട്ടണങ്ങൾ. രണ്ടിടത്തേക്കും 15 കിലോമീറ്റർ ദൂരം.
പുലർച്ചെ ആ മുരൾച്ച
ഒക്ടോബർ 7. നേരം പരപരാ വെളുത്തുവരുന്നതേയുള്ളൂ. ഇസ്രയേലിലെ പ്രമുഖ ദിനപത്രമായ ഹാ ആരെറ്റ്സിന്റെ ലേഖകൻ അമിർ തിബോൺ ഗാഢനിദ്രയിലാണ്. ഭാര്യ മിറിയും കുട്ടികളായ മൂന്നര വയസുള്ള ഗാലിയയും ഒന്നര വയസുകാരിയായ കാർമലും ഉറക്കത്തിൽത്തന്നെ. അമിറിന്റെ ഉറക്കത്തെ തടസപ്പെടുത്തിക്കൊണ്ട് ചൂളമടിക്കുംപോലെ ഒരു മുരൾച്ച ശബ്ദം. സ്വപ്നമാണോ അതെന്ന് അമിർ ഒരു നിമിഷം ശങ്കിച്ചു. അതൊരു ഗ്രനേഡ് എറിഞ്ഞു പൊട്ടിക്കുന്നതിന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞത് മിറിയാണ്. വീണ്ടും അതേ ശബ്ദം ആവർത്തിച്ചു. ഗാസയിൽനിന്നാണ് അതിന്റെ വരവ്. അതു വീടിന്റെ മുകളിലും വീണു പൊട്ടാം. ഏതു നിമിഷവും. അവർ അപകടം മണത്തു.
കുറച്ചു വെള്ളവും മൊബൈൽ ഫോണുമെടുത്ത് അമിറും മിറിയും ദ്രുതഗതിയിൽ കുട്ടികൾ കിടക്കുന്ന സുരക്ഷിത മുറിയിലേക്കു മാറി. വെടിയൊച്ചയും കോലാഹലങ്ങളും നിലയ്ക്കുന്നില്ല. മാത്രമല്ല, തൊട്ടടുത്തുതന്നെയുള്ള മിലിട്ടറിയുടെ നിരീക്ഷണകേന്ദ്രത്തിൽനിന്നോ സെക്യൂരിറ്റിക്കാരിൽനിന്നോ ഒന്നും കേൾക്കാനുമില്ല. അതു വളരെ വിചിത്രമായി അമിറിനു തോന്നി.
ഇസ്രയേലിലെ നിയമമനുസരിച്ച് അതിർത്തിപ്രദേശത്തെ വീടുകൾക്കെല്ലാം ഒരു സുരക്ഷിത മുറി ഉണ്ടായിരിക്കണം. റോക്കറ്റാക്രമണത്തിനും വെടിയുണ്ടയ്ക്കും തകർക്കാനാവാത്തവിധം ബലവത്തായ ഭിത്തികളുള്ള സുരക്ഷിത മുറി അകത്തുനിന്നു മാത്രമേ തുറക്കാനാവൂ. തീപിടിക്കാത്ത ഈ മുറിയിൽ വേണം കുട്ടികളെ ഉറക്കാൻ.
2014ലാണ് അമിറും ഭാര്യ മിറിയും നഹൽ ഓസിൽ താമസമാക്കുന്നത്. പ്രധാനമായും ഒരു കാർഷിക കിബുട്സായ നഹൽ ഓസിൽ അല്പകാലം താമസിച്ച് അവിടത്തെ ഗ്രാമീണരെ സഹായിക്കാമെന്നേ അമിർ വിചാരിച്ചിരുന്നുള്ളൂ. എന്നാൽ, നഹൽ ഓസ് അവരെ ആകർഷിച്ചു. 2022ൽ അവർ അവിടെ ഒരു വീടു വാങ്ങിച്ചു. അവരുടെ രണ്ടു കുട്ടികളും ജനിച്ചതും നഹൽ ഓസിലാണ്. അമിറിന്റെ അച്ഛൻ നോവാം തിബോൺ റിട്ടയേഡ് ജനറലാണ്. അദ്ദേഹം താമസിക്കുന്നത് ടെൽ അവീവിൽ.
വെടിശബ്ദം അടുത്തേക്ക്
വെടിപൊട്ടുന്നതിന്റെ ശബ്ദം അടുത്തടുത്തുവന്നു. ഗാസ ഭാഗത്തുനിന്ന് ഇടയ്ക്കൊക്കെ ഇങ്ങനെ വെടിവയ്പ് ഉണ്ടാകാറുണ്ട്. സാധാരണഗതിയിൽ വെടിശബ്ദം ഉടൻ നിലയ്ക്കുകയും ഇസ്രയേലി സേന രംഗത്തുവന്നു സമാധാനം സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്. അമിർ അറബിഭാഷയും സംസാരിക്കും. വെടിശബ്ദം ജനാലയ്ക്കൽനിന്നാണ് ഇപ്പോൾ മുഴങ്ങുന്നത്. പുറത്തു ഹമാസ് ഭീകരർ എത്തിക്കഴിഞ്ഞെന്ന് അമിറിനു മനസിലായി. ഹാആരെറ്റ്സിന്റെ സൈനിക വാർത്താ വിഭാഗത്തിലെ ആമോസ് ഹാരെലിനെ വിളിച്ച് അമിർ ഉത്കണ്ഠപ്പെട്ടു. ആമോസാണു പറയുന്നത്, നഹൽ ഓസിൽ മാത്രമല്ല നെഗേവിലെ മറ്റ് ഇസ്രയേലി ഗ്രാമങ്ങളിലും നൂറുകണക്കിനു ഭീകരർ കയറിയിട്ടുണ്ടെന്നും കൊള്ളയും കൊലയും നടത്തുകയാണെന്നും. അമിർ പിന്നീട് പറഞ്ഞു: "എന്താണ് അവസ്ഥയെന്നു മനസിലാക്കിയപ്പോൾ ഞാൻ മരിക്കാൻ തയാറായി.'' ഇതിനിടെ, അമിർ അച്ഛൻ നോവാമിനെ വിളിച്ചു കാര്യം പറഞ്ഞു. കൊച്ചുകുട്ടികളായ ഗാലിയയും കാർമലും ശബ്ദമുണ്ടാക്കാതെ സൂക്ഷിക്കുക വലിയ ബുദ്ധിമുട്ടായി. നിലവറയിലെ സുരക്ഷാമുറിയിൽനിന്ന് ഒച്ച പുറത്തുകേട്ടാലോ!
വെടിയുണ്ടകൾക്കിടയിലൂടെ
മകനും കുടുംബവും അപകടത്തിലാണെന്ന വിവരം അറിഞ്ഞ ഉടനെ നൊവാം ഭാര്യ ഗാലിയോടൊപ്പം സ്വന്തം കാറിൽ നൂറു കിലോമീറ്റർ തെക്കുള്ള നഹൽ ഓസിലേക്കു പുറപ്പെട്ടു. സ്വന്തമായുണ്ടായിരുന്ന ഒരേയൊരു പിസ്റ്റളും കൈയിലെടുത്തു. അവർക്കു രാവിലെ പതിവുള്ള കടലിലെ നീന്തൽ ഒഴിവാക്കിയാണ് നഹൽ ഓസിലേക്കുള്ള യാത്ര.
സെദെറോത്ത് കഴിഞ്ഞുള്ള അടുത്ത കിബുട്സ് മെഫാൽസിം ആണ്. നഹൽ ഓസിലേക്കു പോകാൻ കാത്തുനിന്നിരുന്ന ഒരു പട്ടാളക്കാരനെയും അവർ അവിടെവച്ചു കൂടെക്കൂട്ടി. അല്പം കഴിഞ്ഞപ്പോൾ അവർ കാണുന്നത്, അങ്ങോട്ടുപോകുന്ന ഒരു ഇസ്രയേലി സൈനികസംഘവുമായി പൊരിഞ്ഞ വെടിവയ്പ് നടത്തുന്ന ഹമാസ് ഭീകരരെയാണ്. രണ്ടുപേരും പുറത്തിറങ്ങി സൈനികരെ സഹായിച്ചു. ഭീകരന്മാർ മരിച്ചുവീണു. അഞ്ചു മിനിറ്റുകൂടി വണ്ടിയോടിച്ചാൽ നഹൽ ഓസിന്റെ കവാടത്തിലെത്താം. പക്ഷേ, രണ്ടു സൈനികർക്കു മുറിവേറ്റിട്ടുണ്ട്. അവരെ ആശുപത്രിയിൽ എത്തിച്ചേ തീരൂ. നൊവാം തന്റെ കാറിൽ അവരെ കയറ്റി അമിറിന്റെ അമ്മ ഇറങ്ങിയ മെഫാൽസിമിലെത്തിച്ച് അമ്മയെ ഏല്പിച്ചു. അമ്മ അവരെ ആശുപത്രിയിലുമാക്കി.
അവിടെവച്ച് നൊവാം നഹൽ ഓസിലേക്കു പോകുന്ന ഒരു റിട്ടയേഡ് ജനറലിനെ കണ്ടു, പേര് ഇസ്രയേൽ സിവി. നൊവാം കാര്യങ്ങളെല്ലാം പറഞ്ഞു. എഴുപതുകാരനായ സിവിയുടെ കാറിലായി ഇരുവരുടെയും യാത്ര. പരിക്കേറ്റ സൈനികരുടെ ആയുധങ്ങൾ നൊവാം സംഘടിപ്പിച്ചിരുന്നു. നൊവാമും ഇസ്രയേലും കിബുട്സിന്റെ കവാടത്തിലെത്തി. അവിടെ സൈനികരുടെ ഒരു സംഘം ഭീകരരെ ഒഴിപ്പിക്കാനുള്ള ജോലി തുടങ്ങാൻ കാത്തുനിൽക്കുകയാണ്. കിബുട്സിലെ ഓരോ വീട്ടിലും ചെന്ന് ഭീകരരെ കൊന്ന് സുരക്ഷിത മുറികളിൽ പേടിച്ചു വിറച്ചു കഴിഞ്ഞിരുന്ന ആളുകളെ അവർ മോചിപ്പിക്കാൻ തുടങ്ങി.
അമിറും കുടുംബവും നൊവാം വരാൻ വൈകുന്നതോർത്ത് ആശങ്കപ്പെട്ടിരുന്നു. ടെൽ അവീവിൽനിന്ന് ഒന്നര മണിക്കൂർകൊണ്ട് എത്തേണ്ടതാണ്. പുറത്താണെങ്കിൽ നിലയ്ക്കാത്ത വെടിയൊച്ചകൾ. ഇതിനിടെ മൊബൈലിന്റെ പ്രവർത്തനവും നിലച്ചു. ബാറ്ററി റീചാർജ് ചെയ്യാൻ നിർവാഹമില്ല. കനത്ത അന്ധകാരത്തിൽ കാത്തിരിക്കുകതന്നെ.
നേർക്കുനേർ
വീടിനടുത്തുനിന്നു കൂടുതൽ വെടിയൊച്ചകൾ കേട്ടുതുടങ്ങി. രണ്ടുതരം ശബ്ദങ്ങൾ. ഭീകരരും ഇസ്രയേൽ സൈനികരും പരസ്പരം വെടിയുതിർക്കുകയാണെന്ന് അമിറിനു മനസിലായി. അമിർ ഭാര്യയോടു പറഞ്ഞു: "അച്ഛൻ വരുന്നുണ്ട്. പട്ടാളക്കാരോടൊപ്പം അച്ഛനുമുണ്ട്. അവർ ഭീകരരെ തുരത്തുകയാണ്.'' പക്ഷേ, അവർ നേരേ വീട്ടിലേക്കു കയറിയില്ല. കിബുട്സിലെ ഓരോ വീടും ഭീകരരിൽനിന്നു സ്വതന്ത്രമാക്കിയിട്ടേ അവർ വരൂ. സമയം ഉച്ചയ്ക്കു രണ്ടു മണിയായി. കുട്ടികൾ ഉറക്കം തെളിഞ്ഞു. തലേന്നത്തെ അത്താഴത്തിനു ശേഷം അവർ യാതൊന്നും കഴിച്ചിട്ടില്ല. വെളിച്ചമില്ല. "മുത്തച്ഛൻ വരുന്നുണ്ട്,'' കുട്ടികൾ കരയാതിരിക്കാൻ അമിർ അവരോടു പറഞ്ഞുകൊണ്ടിരുന്നു.
സമയം ഉച്ചകഴിഞ്ഞ് നാലു മണിയായി. സുരക്ഷിതമുറിയിൽ രാവിലെ ആറിനു കയറിയതാണ്. ഇപ്പോൾ പത്തു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അപ്പോൾ ജനാലയിൽ വലിയൊരു മുട്ടുകേട്ടു. ഒപ്പം നോവാമിന്റെ സ്വരവും. ഗാലിയ ഉറക്കെപ്പറഞ്ഞു: "സാബാ ഹിഗെയാ'' (മുത്തച്ഛൻ വന്നിരിക്കുന്നു). പത്തു മണിക്കൂറിനു ശേഷം ആദ്യമായി അവർ ഉച്ചത്തിൽ കരഞ്ഞു. പത്തു മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും മരണഭയത്തിനുമൊടുവിൽ വികാരങ്ങളുടെ മഹാപ്രാവാഹം. സുരക്ഷിതരാണെന്ന തിരിച്ചറിവ്. ഇസ്രയേലിന്റെ ദൈവമായ കർത്താവിനു സ്തുതി.
അസ്തമിക്കില്ല ഒക്ടോബർ ഏഴ്
അമിർ തിബോണും കുടുംബവും ഇപ്പോൾ താമസിക്കുന്നത് വടക്കാൻ ഇസ്രയേലിലെ മിഷ്മാർഹേമെക്ക് കിബുട്സിലാണ്. രാജ്യത്തെ ആഭ്യന്തര അഭയാർഥിയെന്നാണ് അദ്ദേഹം സ്വയം വിളിക്കുന്നത്. പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ വിമർശകനായ അമിർ രാജ്യം പൗരന്മാരെ വഞ്ചിച്ചു എന്നു കുറ്റപ്പെടുത്തുന്നു. സർക്കാർ മാത്രമല്ല സൈന്യവും പൗരന്മാരെ പരാജയപ്പെടുത്തി. നഹൽ ഓസിൽനിന്ന് 12 പേരാണ് അപ്രത്യക്ഷരായത്. അവരിൽ നാലു പേർ ബന്ദികളാണെന്നു കരുതുന്നു. ഒരിക്കൽ 500 പേർ താമസിച്ചിരുന്ന നഹൽ ഓസിൽ ഇപ്പോൾ വെറും 20 പേർ മാത്രം. ആക്രമണം കഴിഞ്ഞ് രണ്ടു മാസത്തിനകം അദ്ദേഹം നഹൽ ഓസിലേക്കു പോയി. നാശനഷ്ടങ്ങളുടെ ബാക്കിപത്രമായി ചിതറിക്കിടക്കുന്ന കാഴ്ചകൾ ഹൃദയത്തിൽ നോവായി തുടരുന്നു.
ഒക്ടോബർ ഏഴിലാണ് താൻ ഇപ്പോഴുമെന്ന് അമിർ തിബോൺ പറയുന്നു. എല്ലാ ബന്ദികളും സ്വതന്ത്രരാകുന്നതു വരെ ഒക്ടോബർ ഏഴ് അസ്തമിക്കുകയില്ല. ഇസ്രയേലാണ് യഹൂദരുടെ ഇൻഷ്വറൻസ്. ഇസ്രയേൽ ഇല്ലെങ്കിൽ യഹൂദനും ഇല്ല. അതുകൊണ്ടുതന്നെ ഈ യുദ്ധം ജയിച്ചേ തീരൂ. മനുഷ്യനന്മയുടെ ശത്രുക്കളായ ഭീകരപ്രസ്ഥാനങ്ങളെ അമർച്ചചെയ്തേ തീരൂ. വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചേ തീരൂ. അമിർ തിബോൺ പറയുന്നു. ഇടതുപക്ഷ സഹയാത്രികനായ അമിർ തിബോൺ ആശങ്കപ്പെടുകയാണ് തിന്മയെ തിന്മയെന്നു വിളിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നാകെ തയാറാകാത്തത് എന്താണെന്ന്.
ഡോ. ജോർജ്കുട്ടി ഫിലിപ്പ്