ഇതൊക്കെ ഉള്ളതാണോടേയ്? "വന്യമൃഗങ്ങളെ കൊന്നു രാജ്യത്തെ ജനത്തിനു മാംസം വിതരണം ചെയ്യാൻ തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നമീബിയ തീരുമാനിച്ചു. താത്കാലികമായി 83 ആനകൾ, 30 ഹിപ്പോകൾ, 60 കാട്ടുപോത്തുകൾ, 50 ഇമ്പാലകൾ, 100 വൈൽഡ്ബീസ്റ്റ്, 300 സീബ്രകൾ എന്നിവയെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി-വനം-ടൂറിസം മന്ത്രാലയം അറിയിച്ചു.'' ദീപികയിൽ ഒന്നുരണ്ടാഴ്ചമുന്പ് വന്ന ഈ വാർത്ത വായിച്ചിട്ട് നാട്ടിൽനിന്നു ചില സുഹൃത്തുക്കൾ വിളിച്ചുചോദിച്ച ചോദ്യമാണ്.
സത്യമായിട്ടും ഉള്ളതുതന്നെ ആശാനേ. ഇറച്ചിയാണ് നമ്മുടെ മെയിൻ… ജീവനുള്ള എന്തിനെ കണ്ടാലും പിടിച്ചുതിന്നും. അതു ഭൂമിയിലോ ആകാശത്തിലോ വെള്ളത്തിലോ ഉള്ളതെന്ന വ്യത്യാസവും വേർതിരിവും ഒന്നും നമുക്കില്ല.
ഇവരെന്താ ഇങ്ങനെ?
ആ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കാരണം ഓരോ നാടിന്റെയും ഭക്ഷണസംസ്കാരത്തെ പടുത്തുയർത്തുന്നത് അവിടത്തെ സംസ്കൃതി, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയാണ്. നമീബിയയിലും അതുതന്നെ. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഏകദേശം 8,25,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നമീബിയ. വലിപ്പത്തിൽ ലോകത്തിൽ 34-ാം സ്ഥാനം ഉണ്ടെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് നമീബിയ. ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 2.7 ആളുകൾ മാത്രം. 2011ലെ കണക്കുപ്രകാരം കേരളത്തിൽ ചതുരശ്ര കിലോമീറ്ററിൽ 860 ആളുകളുണ്ടെന്നു പറയുന്പോഴാണ് നമീബിയ എത്രത്തോളം വിജനമാണെന്നു നമുക്കു മനസിലാവുക.
30 ലക്ഷം മാത്രമാണ് നമീബിയയുടെ ആകെ ജനസംഖ്യ. ഭൂരിഭാഗവും മരുഭൂമിയും മരുഭൂമി സമാനമായ ഊഷരപ്രദേശവും. പറയത്തക്ക പച്ചപ്പും ഹരിതാഭയും ഒന്നും ഇവിടെയില്ല. എങ്കിലും വടക്കേ അതിർത്തിയിലൂടെ നദികൾ ഒഴുകുന്നതിനാൽ അവിടം കൂടുതൽ ജനവാസയോഗ്യവും കൃഷിയോഗ്യവുമാണ്. ഭൂമിശാസ്ത്ര പ്രത്യേകതകൾമൂലം ജനങ്ങൾ അങ്ങിങ്ങായി ചിതറി പാർക്കുന്നു.
പത്തു പ്രധാന ഗോത്രങ്ങളാണ് ഇവിടെയുള്ളത്. അതിനു ശാഖകളും ഉപശാഖകളും ആയി പലതുണ്ട്. ഓരോന്നിനും തനതു ജീവിത /വസ്ത്ര/ പാർപ്പിട/ ആഹാര രീതികളും. ഓരോന്നിനെപ്പറ്റിയും പ്രത്യേകം പറഞ്ഞാൽ തീരില്ല. അതുകൊണ്ടു നമീബിയയിലെ ഭക്ഷണരീതികളിലെ ചില പൊതുവായ കാര്യങ്ങൾ പറയാം.
പച്ചക്കറി കാണാനേയില്ല
പച്ചക്കറിയേക്കാൾ ഇറച്ചി വിഭവങ്ങളാണ് ഇവിടെ പ്രധാനം. പച്ചക്കറി വളരെ കുറവ്. ചിലേടങ്ങളിൽ ഇല്ലെന്നുതന്നെ പറയാം. കാരണങ്ങൾ പലതാണ്. 1. കൃഷി ചെയ്യാൻ വെള്ളമില്ല. വരണ്ട കാലാവസ്ഥയിൽ ചെടികൾ വളരില്ല. 2. വെള്ളം കിട്ടുന്ന ഇടങ്ങളിലാണെങ്കിൽ, മടിയാണ് സാറേ മെയിൻ, വെറുതെ എന്തിനു പറമ്പിൽ പണിയെടുക്കണം? 3. കന്നുകാലികളെ വളർത്തും. അതിനെ മേയാൻ വിട്ടിട്ട് ഏതെങ്കിലും മരച്ചുവട്ടിൽ കൂട്ടം കൂടി പരമ്പരാഗത മദ്യമൊക്കെ കുടിച്ച് അലസരായി ഇരിക്കും, അതാണ് ശീലം.
വടക്കു പ്രദേശത്തുള്ളവർ കന്നുകാലികൾ, ആട്, കഴുത, കുതിര എന്നിവയൊക്കെ വളർത്തുന്നു. തെക്ക് കൂടുതൽ വരണ്ട ഇടമായതിനാൽ ആടു വളർത്തലാണ് പ്രധാനം. കഴുതയെ വണ്ടി വലിക്കാനും ചുമടെടുക്കാനും നിലം ഉഴുതാനുമൊക്കെ ഉപയോഗിക്കുന്നു. കഴുതയിറച്ചിയും പട്ടിയിറച്ചിയും തിന്നുന്ന ഗോത്രങ്ങളുണ്ട്. പട്ടികളെ വളർത്തുന്നതു പ്രധാനമായും കന്നുകാലികൾക്കും സ്വത്തിനും കാവലിനാണെങ്കിലും പെരുമാറ്റ ദൂഷ്യത്തിനു പിടിയിലായാൽ (യജമാനനു നേരേ അകാരണമായി കുരയ്ക്കുക, കാവലേൽപ്പിച്ച ഇടത്തുനിന്നു കട്ടുതിന്നുക, മറ്റുള്ളവരെ കടിക്കുക തുടങ്ങിയവ) അവരെ തട്ടി ചട്ടിയിലാക്കുക എന്നതാണ് ശിക്ഷ.
തീർത്തും അപരിഷ്കൃതരായ "സാൻ' ഗോത്രം എല്ലാത്തരം ജീവികളെയും തിന്നും. വിട്ടിൽ, വെട്ടുക്കിളി, തേനീച്ച, പല്ലി, തേൾ, ഗിനിക്കോഴി, ഒട്ടകപ്പക്ഷി അങ്ങനെ എന്തിനെയും. പക്ഷേ, കഴുതപ്പുലിയെ തിന്നില്ല. പാമ്പിനെ കിട്ടിയാൽ അതിന്റെ വിഷം ശേഖരിച്ച ശേഷം അവയെ തീയിൽ ചുട്ടുതിന്നും. വേട്ടയ്ക്കുള്ള അമ്പുകളിൽ പുരട്ടാനാണ് വിഷം. വേട്ട നടത്തിയും കാട്ടുപഴങ്ങളും ഫലങ്ങളും ഭക്ഷിച്ചും ജീവിച്ചിരുന്നവരാണ് പല ഗോത്രങ്ങളുടെയും പൂർവികർ. എന്നാൽ, മറ്റെല്ലാ ഗോത്രങ്ങളുംതന്നെ ഇപ്പോൾ പലേടങ്ങളിലായി സ്ഥിരതാമസമാക്കിയതിനാൽ മൃഗങ്ങളെ വളർത്തിയും കുറച്ചൊക്കെ കൃഷി ചെയ്തും ജീവിക്കുന്നു. എന്നാൽ, സാൻ ഗോത്രം ഇപ്പോഴും കാട്ടുപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞാണ് ജീവിതം.
എന്തിനെയെല്ലാം തിന്നും?
നമീബിയക്കാർ എന്തിനെയൊക്കെ തിന്നും എന്നു പറയുന്നതിനേക്കാൾ എളുപ്പം എന്തൊക്കെ തിന്നില്ല എന്നു പറയുന്നതായിരിക്കും. ആന, ഹിപ്പോപൊട്ടാമസ്, മുതല, കാട്ടുപോത്ത്, എലാൻഡ് (ഒരുതരം കാട്ടുകാള), വിവിധതരം മാനുകൾ (kudu, oryx, springbok, impala, reedbuck) അങ്ങനെ മൃഗങ്ങൾ പലതും. ഒട്ടകപക്ഷി ഉൾപ്പെടെ എല്ലാ പക്ഷികളെയും എല്ലാത്തരം മീനുകളും കഴിക്കും. അതേസമയം, മാംസഭുക്കുകളായ സിംഹം, ചീറ്റ, കുറുക്കൻ, കഴുതപ്പുലി എന്നിവയെ സാധാരണ ഇവർ കഴിക്കാറില്ല.
പ്രധാന ഭക്ഷണ വിഭവങ്ങൾ
നമീബിയക്കാരുടെ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ താഴെ പറയുന്നു:
1. പാപ് / പോറിഡ്ജ്
കുറുക്ക് കുറെ നന്നായി കുറുകി കട്ടിയായാൽ ഉള്ള ഒരു പരുവം. കന്നടക്കാരുടെ റാഗി മുഗ്ധ കണ്ടിട്ടുണ്ടെങ്കിൽ അതിനു സമം. മഹാങ്കു, സോർഗം (രണ്ടും മില്ലറ്റ് വർഗം) എന്നിവ ആണ് പ്രധാന ചേരുവ. പൊടി വെള്ളത്തിൽ വേവിച്ചെടുക്കും. ചപ്പാത്തിക്കു മാവ് കുഴച്ച പരുവത്തിൽ ഇരിക്കും. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഇവർ ആകെ കൃഷി ചെയ്യുന്നത് മെയ്സ് മഹാങ്കു, സോർഗം പിന്നെ കുറച്ച് മത്തങ്ങാ ഇനത്തിൽ പെട്ടവയും. പയർ, നിലക്കടല എന്നിവയും പരിമിതമായുണ്ട്. ഇറച്ചി വേവിച്ചതാണ് ഈ പാപ്പിനു കൂടെ കഴിക്കുക. ഇതാണ് പൊതുവെ നമീബിയക്കാരുടെ ഏറ്റവും പ്രധാന ഭക്ഷണം, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ.
2. പൊയ്ക്കി
ഒരു വലിയ ഇരുമ്പ് ചട്ടി (കുട്ടകം മാതിരി ഉള്ളത്)
അതിൽ ഇറച്ചി, പലതരം പച്ചക്കറികൾ, കിഴങ്ങ്/അരി/പാസ്ത ഒക്കെ ഒരുമിച്ചിട്ട് വേവിച്ചു കഴിക്കും. ഇപ്പോൾ നമ്മുടെ നാട്ടിൽ ട്രെൻഡിംഗ് ആയ ചട്ടിച്ചോറിന്റെ മറ്റൊരു രൂപം.
3. ബ്രായി / കപ്പാന
ഇറച്ചി ചെറു കഷണങ്ങളാക്കി കനലിൽ ചുട്ടു കഴിക്കുന്ന രീതി. രണ്ടും ഏകദേശം സാമ്യം ഉള്ളതാണെങ്കിലും കപ്പാന കൂടുതലായി വടക്കു പ്രദേശത്തെ ഗോത്രങ്ങളാണ് കഴിക്കുക. കപ്പാന ഉണ്ടാക്കുമ്പോൾ അവർ മൃഗങ്ങളുടെ ആമാശയം ഒഴികെയുള്ള ആന്തരിക അവയവങ്ങളും എടുക്കും. ഏതുതരം ഇറച്ചിയിലും കുറച്ചു മസാലകൾ മാത്രമേ ചേർക്കൂ. വെള്ളത്തിൽ വേവിച്ചോ എണ്ണയിൽ വറുത്തോ തീയിൽ ചുട്ടോ കഴിക്കും. ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ ഇവർക്കു വളരെ പ്രധാനം.
4. ബിൽടോംഗ്
ഇറച്ചി കഷണങ്ങളാക്കി അല്പം മസാല ചേർത്തു വെയിലിൽ ഉണക്കി സൂക്ഷിക്കുന്നതു പതിവ്. കൂടുതൽ കാലം ഈ ഇറച്ചി കേടുകൂടാതെ ഇരിക്കും. യാത്രയ്ക്കു പോകുമ്പോഴും പറമ്പിൽ പണിയുമ്പോഴും കന്നുകാലി മേയ്ക്കാൻ പോകുമ്പോഴുമൊക്കെ ഇതിൽ ഒരു കഷണം കൈയിൽ കാണും. അതാകും അന്നത്തെ പ്രധാന ഭക്ഷണം.
5. മൊപ്പാനെ പുഴു
ചിതൽ വർഗത്തിൽപെട്ട ഒരു പുഴു. മൊപ്പാനെ എന്ന മരത്തിന്റെ ഇലകളിലാണ് പെറ്റു പെരുകുന്നത്. വളർച്ചയെത്തുന്ന പുഴുവിനെ ശേഖരിച്ചു വെയിലിൽ ഉണക്കി സൂക്ഷിക്കും. ഇതിനെ ഒമഊങ്ക് എന്നാണ് വിളിക്കുക. പലരും അവയെ അങ്ങനെതന്നെ കഴിക്കും. വെള്ളത്തിൽ പുഴുങ്ങിയും എണ്ണയിൽ വറത്തും കഴിക്കുന്ന രീതിയുമുണ്ട്.
6. മീൻ
വടക്കൻ നമീബിയയുടെ പുഴകളിലും ഒപ്പം ഓഷാന എന്നു വിളിക്കപ്പെടുന്ന ചെറു തടാകങ്ങളിലും ധാരാളം മത്സ്യങ്ങൾ ഉണ്ടാവും. മീൻ ധാരാളമായി ലഭിക്കുമ്പോൾ ഉണങ്ങി സൂക്ഷിക്കും. പടിഞ്ഞാറൻ അതിർത്തി അറ്റ്ലാന്റിക് സമുദ്രം ആയതിനാൽ ധാരാളം കടൽ മത്സ്യങ്ങളും ലഭിക്കും. തടാകങ്ങളിൽ ആഫ്രിക്കൻ മുഷിയുണ്ട്. ഈ തടാകങ്ങൾ ഉണങ്ങിപ്പോയാലും ചേറിനുള്ളിലെ ചെറിയ നനവിൽ ഈ മുഷി ചത്തു പോകാതെ കൂടുതൽ കാലം കഴിയും. അതുകൊണ്ട് ഇവർ ഇത്തരം ഭാഗങ്ങളിലെ ചെളി കുഴിച്ചും മീൻ പിടിക്കാറുണ്ട്.
7. പുളിച്ച പാലും മോരും
ഒമഹേരെ/ഒമഷിനി എന്നാണ് ഇതിന്റെ വിളിപ്പേര്. ഇവർ പാൽ ധാരാളമായി ഉപയോഗിക്കും. ചില ഇടങ്ങളിൽ കറന്ന പാൽ അതേപടി കുടിക്കും. ചിലർ മത്തങ്ങ ഇനത്തിൽപ്പെട്ട കലബാഷ് എന്ന കായുടെ ഉണങ്ങിയ തോട് (ഒഞ്ചുപ) ഒരു കുടം പോലെ ഉപയോഗിച്ച് പാൽ അതിനുള്ളിൽ സൂക്ഷിച്ചു മൂന്നാലു ദിവസം കഴിഞ്ഞു പുളിപ്പിച്ചു കഴിക്കും. നമ്മുടെ മോരിനോട് സാമ്യമുണ്ടെങ്കിലും വല്ലാത്ത പുളിയാണതിന്.
8. തവള, ഈയൽ
മഴക്കാലത്തു കൂടുതലായി ലഭിക്കുന്ന തവളയും ഒപ്പം എഫാക്കുളാഫാ എന്നു പറയുന്ന ഈയൽ പോലെയുള്ള പ്രാണിയും ഇവരുടെ ഇഷ്ടവിഭവംതന്നെ. ഈയലിനെ പച്ചയ്ക്കും എണ്ണയിൽ വറുത്തും കഴിക്കും. തവളയെ കൊന്നിട്ട് അതിന്റെ ആന്തരികാവയവങ്ങൾ കുഴിച്ചിടും. അല്ലെങ്കിൽ ശാപം കിട്ടി പിന്നെ മഴ ഉണ്ടാവാതെ വരുമെന്നാണ് ചില ഗോത്രങ്ങളുടെ വിശ്വാസം.
9. പരമ്പരാഗത പാനീയങ്ങൾ
മറൂള എന്ന മരം വടക്കൻ നമീബിയയിൽ സുലഭം. ഇതിന്റെ കായ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഈ കായ തിന്നു ഫിറ്റായി നടക്കുന്ന ആന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ രസകരമായ വീഡിയോ യു ട്യൂബിൽ കാണാം. ഇതിൽനിന്നെടുക്കുന്ന എണ്ണ (ഒൻജോവേ) ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കും. ഈ കായുടെ തൊലി വാറ്റിയെടുക്കുന്ന ഒമഗോംഗോ എന്ന പാനീയം നല്ല ലഹരിയുള്ളതാണ്. സാധാരണ മുതിർന്ന പുരുഷന്മാർക്കു മാത്രമാണ് ഇതു കുടിക്കാൻ അനുവാദം. എംബെ എന്ന മറ്റൊരു മരത്തിന്റെ കായ വാറ്റിയെടുക്കുന്ന ഓംബിക്കെ, കരിമ്പനയ്ക്കു സമാനമായ ഒമുലുങ്ക എന്ന മരത്തിൽനിന്നു ചെത്തുന്ന കള്ള് ഒമലുങ്ക എന്നിവയും വീര്യം കൂടുതൽ ഉള്ളതിനാൽ മുതിർന്ന പുരുഷന്മാർക്കു മാത്രമാണ് സാധാരണ നൽകുക. അതുപോലെ മഹാങ്കു, സോർഗം തുടങ്ങിയ ധാന്യങ്ങൾ പുളിപ്പിച്ചെടുക്കുന്ന വീര്യം കുറഞ്ഞ പാനീയം ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രാവിലെ അതു കുടിക്കുന്നത് ശരീരത്തിനു കരുത്തും ഉന്മേഷവും പകരമെന്നാണ് വിശ്വസിക്കുന്നത്. ഒഷിക്കുണ്ടു/ ഒമലോവു എന്ന് അറിയപ്പെടുന്ന ഇത് എല്ലാവർക്കും കുടിക്കാം.
10. ചില പ്രത്യേക ആചാരങ്ങൾ
വിവാഹം, വൈദികരുടെ തിരുപ്പട്ട സ്വീകരണം തുടങ്ങിയ അതിവിശേഷ അവസരങ്ങളിലെ ഭക്ഷണക്രമത്തിനു ചില ഗോത്രങ്ങളിൽ പ്രത്യേക രീതികളുണ്ട്. എല്ലാവരും ഭക്ഷണത്തിന് ഇരുന്ന ശേഷം വരന്റെ അല്ലെങ്കിൽ വൈദികന്റെ പിതാവിന്റെ സഹോദരി അല്ലെങ്കിൽ നിയമിക്കപ്പെടുന്ന മറ്റൊരു മുതിർന്ന സ്ത്രീ ആദ്യം പരമ്പരാഗതപാനീയമായ ഒമലോവു തടികൊണ്ടുള്ള ഒരു പ്രത്യേക തരം കപ്പിലേക്ക് ഒഴിക്കും. അതു നിറഞ്ഞു തുളുമ്പി പോകണം (പൂർവികർക്ക് ഉള്ളത് അല്ലെങ്കിൽ സമൃദ്ധിയുടെ അടയാളം) വധൂവരന്മാർക്ക് അല്ലെങ്കിൽ വൈദികന് ആദ്യം അതു നൽകും. അതിനു ശേഷം പ്രത്യേകം തയാറാക്കി വച്ചിരിക്കുന്ന കോഴി (ഒരു കോഴി മുഴുവനായും പാകം ചെയ്ത് അതിന്റെ തല മുകളിലേക്കു നോക്കി ഇരിക്കണം) കത്തി ഉപയോഗിക്കാതെ കൈകൊണ്ടുതന്നെ ഒടിച്ചു മുറിച്ച് അവർക്കു നൽകും. (അതിഥികളുടെ മേശയിൽ കോഴി മുറിച്ചു തന്നെയാണ് വയ്ക്കുന്നത്). ഈ കോഴി ഒൻജോവേ എണ്ണ ചേർത്തു വേണം പാകം ചെയ്യാൻ.
അതിനു ശേഷം മഹാങ്കുപാപ് ഒംബോങ്ക എന്നു വിളിക്കുന്ന ഒരുതരം ചീരയും ചേർത്തു കഴിക്കണം. പിന്നീടാണ് ബാക്കി ഭക്ഷണങ്ങൾ വിളമ്പുക. വിശേഷ അവസരങ്ങൾക്ക് കന്നുകാലികളെ കൊല്ലുമ്പോൾ ആന്തരിക അവയവങ്ങൾ ആ ദിവസംതന്നെ മുഖ്യ കശാപ്പുകാരനും കൂട്ടരും പച്ചയ്ക്കു തിന്നണം എന്നതു ചില ഗോത്രങ്ങളിലെ ആചാരമാണ്. ചിലർ ഇതിനെ ബഹുമതിയായി കാണുന്നു.
അവധിക്കാലങ്ങളിൽ കുട്ടികൾ കൂട്ടം ചേർന്നു കന്നുകാലികളെ മേയ്ക്കാൻ പോകുമ്പോൾ വിശപ്പടക്കാനായി കിളികളെ വേട്ടയാടാറുണ്ട്. പലപ്പോഴും പച്ചയ്ക്കു തന്നെയാണ് കഴിക്കുന്നത്. മൊട്ടയിട്ടിരിക്കുന്നതോ അടയിരിക്കുന്നതോ ആണെന്നു മനസിലായാൽ ആ മുട്ട കൂടി എടുത്തു നന്നായി കുലുക്കി തുളയിട്ടു കുടിക്കണം എന്നതാണ് പ്രമാണം. ആ മുട്ട അനാഥമായി ഉപേക്ഷിക്കാൻ പാടില്ലത്രേ.
പ്രാദേശിക നാടുവാഴി/ രാജാവ് ആയ ഹോമ്പ മരിക്കുക, അല്ലെങ്കിൽ പുതിയ ആളിനെ വാഴിക്കുക, ഗോത്രദിന ആഘോഷം തുടങ്ങിയ വലിയ ചടങ്ങുകളിൽ ആഘോഷം കൊഴുപ്പിക്കാൻ ഹിപ്പോ, ആന തുടങ്ങിയ കാട്ടുമൃഗങ്ങളെയും കൊല്ലും. പണ്ട് നാടുവാഴികൾതന്നെ അനുമതി കൊടുക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ നായാട്ടു നിയമങ്ങൾ വന്നതിനാൽ സർക്കാർ മേൽനോട്ടത്തിൽ കൊന്നു നൽകും.
ആന്റോ ജയിംസ് തുണ്ടുപറന്പിൽ