ലോക സർവകലാശാലകളുടെ മുൻനിരയിലുള്ള ബൽജിയത്തിലെ ലുവയ്ൻ കത്തോലിക്ക സർവകലാശാല 600 വർഷങ്ങൾ പിന്നിടുന്നു. ദശലക്ഷക്കണക്കിനു വിദ്യാർഥികൾ പഠിച്ചിറങ്ങിയ വിസ്മയ കലാലയം. ലോകത്തിലെതന്നെ ഏറ്റവും വലിയ ലൈബ്രറി സംവിധാനം...
ലുവയ്ൻ സർവകലാശാലയുടെ അറുനൂറാം വാർഷികാഘോഷത്തിന് ഈ ആഴ്ച തുടക്കമാകും. വിശിഷ്ടാതിഥി 1425 ഡിസംബർ ഒൻപതിന് സർവകലാശാലയ്ക്ക് അനുമതി നൽകിയ മാർട്ടിൻ അഞ്ചാമൻ പാപ്പായുടെ പിൻഗാമി ഫ്രാൻസിസ് പാപ്പാ.
ക്രിസ്തുവർഷം 1425. യൂറോപ്പിൽ നവോത്ഥാനത്തിന്റെ സൂര്യൻ ഉദിച്ചുയരുകയാണ്. ലാറ്റിൻ, ഗ്രീക്ക് ക്ലാസിക്കുകളുടെ പഠനം വീണ്ടും ശക്തിപ്പെട്ടു. യുക്തിചിന്തയും സ്വാതന്ത്ര്യബോധവും മനുഷ്യഭാവനയെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിച്ചു. അന്ധവിശ്വാസങ്ങൾ വെല്ലുവിളിക്കപ്പെടാൻ തുടങ്ങി. നവോത്ഥാനവും ജ്ഞാനോദയവും തെളിച്ചപുത്തൻ വഴികളിലൂടെ സഞ്ചരിച്ച് ഒരു പുതുനാഗരികതയിലേക്ക് പാശ്ചാത്യലോകം പ്രവേശിച്ചു.
തത്വശാസ്ത്രം, സാഹിത്യം, സംഗീതം, വിദ്യാഭ്യാസം, സാങ്കേതികശാസ്ത്രം, ശില്പകല, സുകുമാരകലകൾ എല്ലാറ്റിലും പുതുനാന്പുകൾ മുളപൊട്ടി. പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ഫ്ളോറൻസിൽ ആരംഭിച്ച നവോത്ഥാനം അങ്ങനെ ദേശാതിർത്തികൾ ഭേദിച്ച് "പഴയ ഭൂഖണ്ഡ'''ത്തിലാകമാനം സാന്നിധ്യമറിയിച്ചു.
പള്ളിക്കൂടങ്ങൾ
ക്രിസ്തുവർഷം ആറാം നൂറ്റാണ്ട് മുതലെങ്കിലും യൂറോപ്പിൽ കത്തീഡ്രൽ പള്ളികളോടു ചേർന്നു പള്ളിക്കൂടങ്ങൾ നിലവിലുണ്ടായിരുന്നു. ഇത്തരം കത്തീഡ്രൽ സ്കൂളുകളാണ് പിന്നീട് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറിയത്. അങ്ങനെ ആധുനികകാലത്തെ ആദ്യത്തെ സർവകലാശാല 1088ൽ ഇറ്റലിയിലെ ബൊളോഞ്ഞായിൽ സ്ഥാപിതമായി.
ഇന്നും ബൊളോഞ്ഞ സർവകലാശാല നിലവിലുണ്ട്.
മാർപാപ്പയ്ക്കോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ രാജാവിനോ മാത്രമാണ് സർവകലാശാലകൾ സ്ഥാപിക്കാൻ അധികാരമുണ്ടായിരുന്നത്. നേപ്പിൾസ്, പ്രേഗ്, ക്രാക്കോവ്, കൊളോൺ, സാലമാങ്ക, പാരീസ് (സോർബോൺ), ഓക്സ്ഫഡ് എല്ലാം ഇങ്ങനെ സ്ഥാപിതമായവയാണ്.
വ്യാകരണം, തർക്കശാസ്ത്രം, പ്രസംഗകല, അങ്കഗണിതം, ക്ഷേത്രഗണിതം, സംഗീതം, ജ്യോതിശാസ്ത്രം എന്നിവയായിരുന്നു മുഖ്യപാഠ്യവിഷയങ്ങൾ. വിജ്ഞാനകുതുകികളായ വിദ്യാർഥികൾ യൂണിവേഴ്സിറ്റികളുടെയും അധ്യാപകരുടെയും പേരും പെരുമയുമനുസരിച്ചു പഠനത്തിനായി വന്നുചേർന്നിരുന്നു.
സ്വപ്നം പോലെ ഒരാശയം
ഇന്നത്തെ ബെൽജിയത്തിന്റെ ഭാഗമായ ഫ്ലാൻഡേഴ്സ് പ്രദേശം സങ്കീർണമായ ചരിത്രഗതികളിലൂടെയാണ് കടന്നുപോന്നത്. പരസ്പരം പോരടിക്കുന്ന സാമ്രാജ്യങ്ങളും നാട്ടുരാജ്യങ്ങളും തോൽക്കുകയും ജയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഫ്ലാൻഡേഴ്സിലെ മുഖ്യപട്ടണമായിരുന്ന ലേവെൻ ധനികരായ വ്യാപാരികളുടെയും വിദഗ്ധരായ കൈത്തൊഴിൽ കലാകാരന്മാരുടെയും നെയ്ത്തുകാരുടെയും പേരിലാണ് പ്രസിദ്ധമായിരുന്നത്.
ഇംഗ്ലണ്ടിൽനിന്നുള്ള തുണികൾ കുമിഞ്ഞുകൂടിയതോടെ ലേവെനിലെ നെയ്ത്തുകാർക്കും വ്യാപാരികൾക്കും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായി. പ്ലേഗ് ബാധയുടെ ഫലമായി ജനസംഖ്യ കുറഞ്ഞതും നൂറുവർഷത്തെ ആംഗ്ലോ-ഫ്രഞ്ച് യുദ്ധവും ലേവെനെയും ബാധിച്ചു. പട്ടണത്തിന്റെയും ചുറ്റുപാടുമുള്ള പ്രദേശത്തിന്റെയും നിലനില്പിനും പുരോഗതിക്കുംവേണ്ടി നൂതനമായതെന്തെങ്കിലും ചെയ്തേ തീരൂ എന്നു പൗരജനങ്ങൾ തീരുമാനിച്ചു. അവരുടെ ചിന്തയിൽനിന്നുടലെടുത്ത മനോഹരമായ ആശയമാണ് ലേവെനിൽ ഒരു സർവകലാശാല.
മാർപാപ്പയുടെ അനുവാദം തേടി
ലേവെൻ ഫ്ലാമിഷ് ഭാഷയിൽ ലുവയ്ൻ എന്നാണ് എഴുതുക. ഇംഗ്ലീഷിലും അങ്ങനെതന്നെ. ലുവയ്നിൽ ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കണമെങ്കിൽ അതിനു മാർപാപ്പയുടെ അനുവാദം വേണം. അതിനായി സ്ഥലത്തെ സെന്റ് പീറ്റേഴ്സ് പള്ളിവക സ്കൂളിന്റെ ഹെഡ്മാസ്റ്റർതന്നെ റോമിലേക്കുപോകാൻ തീരുമാനമായി. അങ്ങനെ വില്ലെം നേവെ റോമിലെത്തി.
"ഏറ്റവും അനുഗൃഹീതനായ പിതാവിന്' തന്റെ അപേക്ഷ സമർപ്പിച്ചു. ഒരുമാസമെടുത്തു ആ യാത്രയ്ക്ക്. അക്കാലത്തെ യൂറോപ്പിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥവൃന്ദമാണ് വത്തിക്കാനിലുണ്ടായിരുന്നത്. അവരുടെ സൂക്ഷ്മപരിശോധനകൾക്കു ശേഷം 1425 ഡിസംബർ ഒൻപതിന് സർവകലാശാലയ്ക്കുള്ള അനുമതിപത്രത്തിൽ മാർട്ടിൻ അഞ്ചാമൻ മാർപാപ്പ തുല്യംചാർത്തി, ‘Fiat ut petitur’ - അപേക്ഷിച്ചതുപോലെ നടക്കട്ടെ. അങ്ങനെ ബെൽജിയം-നെതർലാൻഡ്സ്-ലക്സംബർഗ് രാജ്യങ്ങളിലെ ആദ്യ സർവകലാശാലയ്ക്കു മർപാപ്പ തറക്കല്ലിട്ടു.
1426 തുടക്കത്തിൽ വില്ലെം നേവെ തിരിച്ചെത്തി. ഒരു വർഷത്തിനകം സർവകലാശാല തുടങ്ങേണ്ടിയിരുന്നു. അധ്യാപകരെ കണ്ടെത്തണം. സെന്റ് പീറ്റേഴ്സിന്റെ സ്കൂൾ ഹെഡ്മാസ്റ്റർതന്നെ യൂണിവേഴ്സിറ്റി റെക്ടർ ആകണമെന്ന് പേപ്പൽ ബൂളയിൽ എഴുതിയിരുന്നു. 1426 ഒക്ടോബർ രണ്ടിന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ Universitas Studii Lovaniensis ന്റെ ക്ലാസുകൾ തുടങ്ങി.
അധ്യാപകർ ഒൻപതുപേർ. നൂറിലേറെ വിദ്യാർഥികളും. കത്തോലിക്കരായ അധ്യാപകരും വിദ്യാർഥികളും മാത്രമാണ് ആദ്യകാലത്ത് സർവകലാശാലയിൽ ഉണ്ടായിരുന്നത്. പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത് 1920ലാണ്. ഇപ്പോൾ സർവകലാശാലയുടെ എല്ലാ വിഭാഗങ്ങളിലും എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. ഒരു സെക്കുലർ സർവകലാശാലയാണ് ഇന്നു ലുവയ്ൻ. സർവകലാശാലയുടെ ഗ്രാൻഡ് ചാൻസലർ എപ്പോഴും മെഖലൻ- ബ്രസൽസ് ആർച്ച്ബിഷപ് ആണ്. ഇപ്പോൾ കർദിനാൾ ഡോ. ജോസഫ് ദെ കെസെൽ.
ലുവയ്ൻ ഇന്ന്
ലുവയ്ൻ സർവകലാശാലയിൽ ഇപ്പോൾ 65000ൽ ഏറെ വിദ്യാർഥികളാണ് പഠിക്കുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവരാണ് വിദ്യാർഥികൾ. ഇവരിൽ 7800 പേർ ഗവേഷണവിദ്യാർഥികളാണ്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 12,000 പേരുണ്ട്. 23,608 അധ്യാപകർ. ഫ്ലാൻഡേഴ്സിലെ പത്തു പട്ടണങ്ങളിലായി 13 കാന്പസുകളിലാണ് അധ്യയനം നടക്കുന്നത്. പതിനഞ്ച് ഫാക്കൽറ്റികളിലായി നൂറുകണക്കിനു ബിരുദ പഠന സാധ്യതകളുണ്ട്. ലുവയ്നിൽ അധ്യയന വർഷാരംഭം വിശുദ്ധ കുർബാനയോടെയാണെന്ന പ്രത്യേകതയുമുണ്ട്. പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേയെന്നുള്ള ഗാനം ലത്തീനിൽ ആലപിച്ചുകൊണ്ടാണ് തുടക്കം.
ഏറ്റവും കൂടുതൽ പുതുമകൾ അവതരിപ്പിക്കുന്ന യൂറോപ്യൻ സർവകലാശാല എന്ന പദവി ലുവെയ്ൻ കരസ്ഥമാക്കിയിട്ടുണ്ട്. സർവകലാശാലകളുടെ വിവിധ റാങ്കിംഗുകളിൽ 20നും 50നും ഇടയിലാണ് ലുവയ്ന്റെ സ്ഥാനം. ആകെയുള്ള 15 ഫാക്കൽറ്റികളും ആദ്യത്തെ നൂറിൽ പെടും. യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളജും ഫാക്കൽറ്റിയും അതിപ്രശസ്തമാണ്. ഒരു വർഷം 60,000 ശസ്ത്രക്രിയകളും 335 അവയവമാറ്റ ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നുണ്ട്. ദിവസേന ചികിത്സ തേടുന്നവർ 1,31,000 പേരാണ്. ജീവനക്കാർ ഏകദേശം പതിനായിരം പേരുണ്ട്. യൂണിവേഴ്സിറ്റിയുടെ ഒരു വർഷത്തെ ബജറ്റ് 150 കോടി യൂറോയാണ്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ പതിമൂവായിരം കോടിയിലേറെ.
ലൈബ്രറി വിസ്മയം
ലുവയ്നിലെ ഗ്രന്ഥശാലകൾ പുകൾപെറ്റവയാണ്. തുടക്കം മുതൽ ആകാവുന്നത്ര പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ശേഖരിക്കാൻ സർവകലാശാല അധികൃതർ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ 13 കാന്പസുകളിലായി 24 ലൈബ്രറികളാണുള്ളത്. പുസ്തകങ്ങളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. ഉദാഹരണമായി ദൈവശാസ്ത്ര ഫാക്കൽറ്റി ലൈബ്രറിയിൽ 13 ലക്ഷം പുസ്തകങ്ങളുണ്ട്. യൂണിവേഴ്സിറ്റിയുടെ ആരംഭം മുതലുള്ളവയാണ് കുറെ പുസ്തകങ്ങൾ.
ആർട്സ്, വൈദ്യശാസ്ത്രം, കാനൻ നിയമം, സിവിൽ നിയമം, ദൈവശാസ്ത്രം (1432 മുതൽ) എന്നീ ഫാക്കൽറ്റികളാണ് തുടക്കംമുതലേ ഉള്ളത്. അവ സംബന്ധിച്ച പുസ്തകങ്ങൾ കൂടുതലുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഒരു ഗവേഷകന് ലുവയ്ൻ ലൈബ്രറിയിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ജർമൻ ബോംബിംഗിൽ ലൈബ്രറികൾക്ക് കനത്ത നാശം സംഭവിച്ചിരുന്നു.
പ്രതിഭകളുടെ സംഗമം
യൂറോപ്യൻ ചരിത്രത്തിൽ വ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രതിഭാശാലികൾ ലുവയ്നിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തവരാണ്. കുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച വിശുദ്ധ പീറ്റർ ഡാമിയൻ ലുവയ്നിൽ വിദ്യാർഥിയായിരുന്നു. അഡ്രിയാൻ ആറാമൻ എന്ന പേരിൽ മാർപാപ്പയായിത്തീർന്ന ഡച്ചുകാരൻ അഡ്രിയാൻ ഫ്ലോറൻസ് ബോയൻസ് ലുവയ്നിലെ വിദ്യാർഥിയും പിന്നീട് അവിടത്തെ അധ്യാപകനും വൈസ് ചാൻസലറുമായിരുന്നു.
വൈദികൻ, ചിന്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഇറാസ്മസ്, മാപ്പ് നിർമാതാവായ മെർകാത്തോർ, അനാട്ടമിയുടെ പിതാവായ വെസാലിയസ്, വൈദ്യശാസ്ത്രജ്ഞനായ ജോസഫ് റീഗ, ബിഗ് ബാംഗ് തിയറിയുടെ ഉപജ്ഞാതാവായ ജോർജ് ലെമേത്ര് എസ്ജെ, ഭിഷഗ്വരനും ജീവശാസ്ത്രജ്ഞനുമായിരുന്ന പീറ്റർ ദെ സൊമേർ, ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന ആർച്ച്ബിഷപ് ഫുൾട്ടൺ ജെ. ഷീൻ, നൊബേൽ സമ്മാന ജേതാക്കളായ ഒാഗസ്റ്റ് ബെർണേർട്ട്, ഡൊമിനിക് പീർ, ക്രിസ്റ്റ്യാൻ ദെ ദൂവെ എന്നിങ്ങനെ പ്രഗല്ഭരുടെ നിര നീളുന്നു.
നിരവധി മലയാളികളും
നിരവധി മലയാളികളും ലുവയ്നിൽ പഠിച്ച് ഉന്നത നിലയിലെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് കത്തോലിക്ക വൈദികരും സന്യസ്തരും. ഇപ്പോൾ ദൈവശാസ്ത്രം മാത്രമല്ല മറ്റു വിഷയങ്ങൾ പഠിക്കുന്ന കേരളീയ വിദ്യാർഥികളും ലുവയ്നിലുണ്ട്. സ്കോളർഷിപ്പുകളും ഹോസ്റ്റൽ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, മെത്രാൻമാരായ മാർ ബോസ്കോ പുത്തൂർ, മാർ ജോസഫ് പാടിയത്ത്, മാർ ടോണി നീലങ്കാവിൽ, മാർ ജോസ് പുത്തൻവീട്ടിൽ, മാത്യൂസ് മാർ പക്കോമിയോസ്, മാർ വിൻസെന്റ് നെല്ലായിപറന്പിൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തുടങ്ങിയവർ ലുവയ്നിലെ പൂർവവിദ്യാർഥികളാണ്.
തോമസ് എം. പോൾ
അദ്ഭുതപ്പെടുത്തിയ ഇടം
1996ല്‍ വിസിറ്റിംഗ് പ്രഫസറായിട്ടാണ് ഞാൻ ലുവയ്ന്‍ യൂണിവേഴ്സിറ്റിയിലെത്തുന്നത്. കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലെ പോളിമര്‍ സെന്ററിലായിരുന്നു അധ്യാപനം. 1425ല്‍ തുടങ്ങിയ ലുവയ്ന്‍ യൂണിവേഴ്സിയുടെ ചൈതന്യവും ചരിത്രവും എന്നെ അദ്ഭുതപ്പെടുത്തി. ഒരു കത്തോലിക്ക യൂണിവേഴ്സിറ്റിയാണെങ്കിലും സെക്കുലര്‍ രീതിയിലാണ് പ്രവര്‍ത്തനം. ലോകത്തെ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ 22-ാമത്തെ റാങ്ക്. അര ലക്ഷത്തിലേറെ കുട്ടികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ലുവയ്ന്‍ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലം സ്റ്റുഡന്റ്സ് സിറ്റി എന്നാണ് അറിയപ്പെടുന്നത്.
പഴയ തനിമയുള്ള കെട്ടിടങ്ങളും മറ്റും ആകർഷകം. ഇവിടത്തെ കെമിസ്ട്രി, തിയോളജി, സൈക്കോളജി, ഫിലോസഫി, മെഡിസിൻ തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾ ഏറെ പ്രസിദ്ധം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയാണ് ഏറ്റവും പ്രധാന കാര്യം. അധ്യാപകരും വിദ്യാര്‍ഥികളുമാണ് കൂടുതലും. അനധ്യാപകര്‍ കുറവ്. കംപ്യൂട്ടറൈസ്ഡ് അഡ്മിനിസ്ട്രേഷന് അതിശയിപ്പിക്കും. അധ്യാപകര്‍ പഠിപ്പിക്കുന്നതിനൊപ്പം ചോദ്യം തയാറാക്കി പരീക്ഷ നടത്തുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന രീതിയാണുള്ളത്.
ഇതു മൂലം പരീക്ഷ കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കകം ഫലം വരും. പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് കാത്തിരിക്കേണ്ട കാര്യം ഇവിടെയില്ല. കേരളത്തില്‍ നടപ്പാക്കാവുന്ന ഒരു നല്ല മാതൃകയാണിത്. ലൈബ്രറിയും ഗവേഷണവിഭാഗവും ആരെയും അതിശയിപ്പിക്കും. ലുവയ്നില് രജിസ്ട്രാര്‍ക്ക് ഒരു വിദ്യാര്‍ഥി രാവിലെ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകുന്നേരം അതിന്റെ മറുപടിയും ഫലവും ലഭിക്കും.
ഏകജാലക സംവിധാനത്തിലൂടെയാണ് എല്ലാക്കാര്യങ്ങളും. വിദ്യാര്‍ഥികളുടെ നിരവധി നിരവധി സ്റ്റാർട്ടപ്പുകളും ഇവിടെ കാണാനായി. പഠനത്തോടൊപ്പംതന്നെ വിദ്യാര്‍ഥികള്‍ തൊഴില്‍ മേഖലകളിലേക്കു മാറുന്നു. ഞാന്‍ എംജി വൈസ് ചാന്‍സലറായിരുന്ന സമയത്ത് ഏകദേശം മുപ്പതോളം വിദ്യാര്‍ഥികളെ ലുവയ്നില് പഠനത്തിനായി അയച്ചിട്ടുണ്ട്. ഇപ്പോഴും എല്ലാ വര്‍ഷവും യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാന്‍ പോകാറുണ്ട്. അധ്യാപന ജീവിതത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു മഹാസംഭവമാണ് ലുവയ്ന്‍.
പ്രഫ.ഡോ. സാബു തോമസ്
എംജി യൂണിവേഴ്സിറ്റി മുന്‍
വൈസ് ചാന്‍സലര്‍
സൈക്കിളിലേറി ഗവേഷണം
1997ലാണ് ലുവയ്നിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചിനു ചേരുന്നത്. രണ്ടു വർഷം ബയോ കെമിസ്ട്രി ഡിവിഷനിൽ റിസർച്ച് ചെയ്തു. ലുവയ്ൻ സിറ്റി അതിമനോഹരം. അക്കാലത്ത് സിറ്റിയിൽ മാത്രം 75,000 ആളുകൾ. അതിൽ 45,000 പേരും വിദ്യാർഥികൾ. ഇന്ന് ഒരു ലക്ഷം പേരുള്ളതിൽ 65,000 പേരും വിദ്യാർഥികളാണ്. ലുവയ്നിൽ ചെല്ലുന്പോൾ ആദ്യം നമ്മുടെ കണ്ണിൽ തടയുന്നത് തലങ്ങും വിലങ്ങും ഒാടുന്ന സൈക്കിൾ ആണ്. ഇതൊരു സൈക്കിൾ സിറ്റിയാണ്.
അതിനാൽ ലുവയ്നിൽ ചെല്ലുന്നവർ ആദ്യം സംഘടിപ്പിക്കുന്നത് ഒരു സൈക്കിൾ ആയിരിക്കും. പ്രഫസർമാരും അധ്യാപകരും വിദ്യാർഥികളുമെല്ലാം സഞ്ചാരം സൈക്കിളിൽ. യൂണിവേഴ്സിറ്റിയിൽതന്നെ സൈക്കിൾ വാടകയ്ക്കു ലഭ്യമാക്കുന്ന ഒരു ഡിവിഷനുണ്ട്. ഒരു വർഷത്തേക്കൊക്കെ സൈക്കിൾ വാടകയ്ക്കു ലഭിക്കും. പിന്നെ സൈക്കിളിലാണ് സഞ്ചാരം മുഴുവൻ. യൂറോപ്പിൽ പൊതുവേയുള്ളതുപോലെ ഈ സിറ്റി മുഴുവൻ സൈക്കിൾ പാതകളുണ്ട്. അതുപോലെ പൊതുഗതാഗതസംവിധാനവും ശക്തം.
അതിമനോഹരമായ ഒരു സിറ്റിയാണിത്. 1995 കാലഘട്ടത്തിൽ ഇറ്റലിയിലെ ഒരു കോൺഫറൻസിൽ പ്രശസ്തനായ ഒരു റേഡിയേഷൻ കെമിസ്റ്റ് ഉണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിക്കുന്നതിനിടയിൽ ഒരു പ്രോജക്ടിനെക്കുറിച്ചു പറഞ്ഞു. അതായത് നൈട്രിക് ഒാക്സൈഡിന്റെ മനുഷ്യശരീരത്തിലെ പ്രവർത്തനത്തെക്കുറിച്ചാണ് പഠനം. 1998ൽ മൂന്നു പേർക്കു നൊബേൽ കിട്ടിയ പഠനമേഖലയാണ്. ബയോകെമിസ്ട്രി പഠനത്തിൽ താത്പര്യമുണ്ടെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അവസരമുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് 1997ൽ അവിടേക്കു പോകുന്നത്.
ലോകത്തിലെ മുൻനിര ഗവേഷണ കേന്ദ്രംകൂടിയാണ് ലുവയ്ൻ. കേരളത്തിൽനിന്നു നിരവധി വൈദികർ അവിടെ ഉണ്ടായിരുന്നു. ലൈബ്രറി വളരെ മികവോടെ പരിപാലിക്കുന്നുണ്ട്. പിന്നീട് നിരവധി അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും ലുവയ്നോടൊരു പ്രത്യേക ഇഷ്ടമുണ്ട്. അത് സ്റ്റുഡന്റ്സ് സിറ്റിയുടെ മനോഹാരിതയും യൂണിവേഴ്സിറ്റിയുടെ പ്രവർത്തന ക്ഷമതയും മൂലമുള്ളതാണ്. പിന്നെയും പലതവണ അവിടേക്കു പോകാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, അവിടെയുള്ള ചില ഗ്രൂപ്പുകളുമായി ഇപ്പോഴും ആശയവിനിമയവുമുണ്ട്.
പ്രഫ.ഡോ. സി.ടി. അരവിന്ദകുമാർ
വൈസ് ചാൻസലർ, എംജി യൂണിവേഴ്സിറ്റി