അറുനൂറുകോടി പ്രാർഥനകളുടെ സുഗന്ധം. ലോകജനതയുടെ കൂപ്പുകൈകൾക്കു മുന്നിൽ പൊൻപുലരിയും പ്രദോഷവും ഒരേപോലെ ഭക്തിസാന്ദ്രമാക്കുന്ന ധൂപകടാക്ഷം. അഗർബത്തിയുടെ ലോകത്തു പകരം വയ്ക്കാനില്ലാത്ത വരപ്രസാദം. പാരന്പര്യത്തിന്റെ സുകൃത സുഗന്ധക്കൂട്ട് മറക്കാതെ കാക്കുന്ന മൂന്നാംതലമുറ. എഴുപത്തഞ്ചിന്റെ നിറവിൽ സർവധൂപങ്ങളുടെയും സുഗന്ധങ്ങളുടെയും കാവലാളും റാണിയുമായി പുതുചരിത്രം കുറിക്കുകയാണ് സൈക്കിൾ പ്യൂവർ അഗർബത്തീസ്. പ്രാർഥിക്കാൻ ഓരോരുത്തർക്കും ഒരോ കാരണങ്ങളുണ്ടെന്നു കണ്ടെത്തിയ സൗരഭ്യസാഗരത്തിന്റെ വിജയമന്ത്രം....
മൈസൂരിലെ കുടുസുമുറി
പൈതൃകനഗരമായ മൈസൂരുവിലെ ഒരു കുടുസുമുറിയിൽനിന്നു കുടിൽവ്യവസായമായി തുടങ്ങി പടർന്നുപന്തലിച്ച എൻആർ ഗ്രൂപ്പ് എന്ന അഗർബത്തി സാമ്രാജ്യം ഇന്നു പകരക്കാരനില്ലാത്ത ആഗോള ബ്രാൻഡാണ്.ജീവിതഭാരവുമായി കൂനൂരിൽ ജോലി ചെയ്യുന്പോൾ മൈസൂരിലെ അഗർബത്തി ബിസിനസ് സാധ്യതകൾ മണത്തറിഞ്ഞപോലെ അവിടേക്ക് 1948കളിൽ കുടിയേറി തന്റെ വല്യമ്മയ്ക്കൊപ്പം എൻ. രംഗറാവു എന്ന ദീർഘദർശി കെട്ടിപ്പടുത്തതാണ് ഇന്നത്തെ എൻആർ ഗ്രൂപ്പ് സുഗന്ധലോകം.
1948ൽ പോലും ഇന്ത്യയിൽ വിജയകരമായ ബിസിനസിന് ഒരു ബ്രാൻഡ് ആവശ്യമുണ്ടെന്ന് രംഗറാവു വിശ്വസിച്ചു. അങ്ങനെ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും യഥാർഥ മൂല്യം പ്രതീകമാക്കി സൈക്കിൾ ബ്രാൻഡ് ഉദയം ചെയ്തു. ഇന്ന് 75 രാജ്യങ്ങളിൽ സൗരഭ്യവാസനയുടെ പുതുലോകം സൃഷ്ടിക്കുന്നത് എൻആർ ഗ്രൂപ്പിന്റെ അമരക്കാരൻ മൂന്നാം തലമുറക്കാരനായ അർജുൻ രംഗയാണ്.
1948ൽതന്നെ പ്രതിസന്ധികളുടെ നടുവിൽ മൈസൂരുവിൽ ഒരു ഫാക്ടറി കെട്ടിപ്പടുത്ത രംഗറാവുവിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എൻആർ ഗ്രൂപ്പിന്റെ വിപുലീകരണത്തിനും വളർച്ചയ്ക്കും തുടക്കമിട്ടത് ഇപ്പോഴത്തെ എംഡി അർജുൻ രംഗയുടെ പിതാവ് ആർ.എൻ. മൂർത്തിരംഗയും അമ്മാവന്മാരായ ഗുരുഗംഗയും വാസുരംഗയും ചേർന്നായിരുന്നു. ഇന്നു വൈവിധ്യമാർന്ന മേഖലകളിലേക്ക് എൻആർ ഗ്രൂപ്പിന്റെ വ്യാപാരഗന്ധം വ്യാപിച്ചു.
എയർകെയർ ഉത്പന്നങ്ങൾ (ലിയ ബ്രാൻഡ്), റൂം, കാർ ഫ്രെഷ്നറുകൾ, വെൽനസ് ഹോം സുഗന്ധ ഉത്പന്നങ്ങൾ, ഫ്ലവർ എക്സ്ട്രാക്റ്റ്സ്, രംഗ്സൺസ് ടെക്നോളജീസ് എന്നിങ്ങനെ വലിയ വൈവിധ്യങ്ങളിലേക്കു സുഗന്ധം പരത്തുന്നു. അഗർബത്തിയിൽനിന്ന് എയ്റോസ്പേസിലേക്ക് എത്തിനിൽക്കുന്ന എൻ. രംഗ റാവുവിന്റെയും മക്കളുടെയും യാത്ര മലയാളികളുടെ ഹൃദയം കവർന്ന പ്രാർഥനകളുടെ യാത്രയാണ്. ഒരു അഗർബത്തി നിർമാണക്കമ്പനി എന്ന നിലയിൽ ഇന്നു ലോകത്തിലെ ഏറ്റവും വലിയ നിർമാതാവാണ് എൻആർ ഗ്രൂപ്പ്.
സ്ഥാപകന്റെ മികച്ച കാഴ്ചപ്പാടും ദീർഘവീക്ഷണവും ഒരു മൂല്യം കെട്ടിപ്പടുത്ത സ്വപ്ന ബ്രാൻഡായി സൈക്കിൾ അഗർബത്തിയെ മാറ്റി. അർജുൻ രംഗയുടെ സാരഥ്യത്തിൽ, പവൻ രംഗ, കിരൺ രംഗ, വിഷ്ണു രംഗ, അനിരുദ്ധ് രംഗ എന്നിവരാണ് നിർമാണം, വിപണനം, ഗവേഷണം എന്നിങ്ങനെയുള്ള കന്പനിയുടെ വിവിധ ഡിവിഷനുകളുടെ ചുമതല വഹിക്കുന്നത്.
സൈക്കിൾ പ്യുവർ അഗർബത്തിയുടെ പ്ലാറ്റിനം ജൂബിലിയിൽ പ്രസ്ഥാനത്തിന്റെ മൂല്യവത്തായ വളർച്ചയുടെ നായകനായി, വിപ്ലവകരമായ മുന്നേറ്റത്തിനു വഴികാട്ടുന്ന അർജുൻ രംഗ പ്രസ്ഥാനം കടന്നുവന്ന വഴികളെക്കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെക്കുറിച്ചും സൺഡേ ദീപികയോടു മനസുതുറക്കുന്നു.
ഇത് 75 വർഷത്തെ കുതിപ്പ്. വർഷം 600 കോടി പ്രാർഥനകളുടെ വിജയമെന്നാണല്ലോ പറയുന്നത്. എന്താണ് ഈ ബിസിനിസ് വിജയം സമൂഹത്തിനു സമ്മാനിച്ചത്?
കഴിഞ്ഞ വർഷം 12 ബില്യൺ (1,200 കോടി) അഗർബത്തികളാണ് വിറ്റഴിച്ചത്. ഒരു പ്രാർഥനാവേളയ്ക്ക് രണ്ടു അഗർബത്തി എന്നു കണക്കാക്കിയാൽ അതായത് 600 കോടി പ്രാർഥനകളാണ് ഒരു വർഷം സഫലീകരിക്കുന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യൻ സുഗന്ധപാരമ്പര്യങ്ങളുടെയും വ്യാപാരത്തിന്റെയും അംബാസഡർ എന്ന നിലയിലാണ് ഇന്നു സൈക്കിൾ പ്യുവർ അഗർബത്തിയുടെ സ്ഥാനം.
ലോകത്തിലെ ഏക സർട്ടിഫൈഡ് കാർബൺ ന്യൂട്രൽ അഗർബത്തി നിർമാണ കമ്പനിയുമാണിത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 75ൽ അധികം രാജ്യങ്ങളിലേക്ക് ധൂപവർഗവും മറ്റ് സുഗന്ധ ഉത്പന്നങ്ങളും ഇന്നു കമ്പനി വിജയകരമായി കയറ്റുമതി ചെയ്യുന്നു.
സൈക്കിളിന് ഇന്ത്യയിലേക്കും വിദേശത്തേക്കും പ്രത്യേകമായ ഉത്പാദനമോ പക്കേജിംഗോ ഇല്ല. ഇവിടെയും അവിടെയും എല്ലാം ഒരേ ഗുണനിലവാരമുള്ള സാധനങ്ങളാണ് നൽകുന്നത്.
മുന്നിലുള്ള അടുത്ത 25 വർഷത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഞാൻ ഈ കന്പനിയിലെ മൂന്നാം തലമുറയാണ്. ഏറ്റവും പ്രധാനം ഞങ്ങളെ നയിക്കുന്നതു മുൻഗാമികളുടെ മൂല്യവത്തായ ദർശനങ്ങളാണെന്നതാണ്. മുത്തച്ഛന്റെയും അച്ഛന്റെയും അമ്മാവന്മാരുടെയും അധ്വാനത്തിന്റെയും വിശാലമായ കാഴ്ചപ്പാടിന്റെയും ഫലമാണ് ഞങ്ങൾ ഇന്ന് അനുഭവിക്കുന്നത്.
ഈ തുടർച്ച പുതിയ തലമുറയിലും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെയും ഭാവിയിലെയും ജനങ്ങൾ സുതാര്യവും ധാർമികവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ അന്തരീക്ഷം ബിസിനസിൽ പ്രതീക്ഷിക്കുന്നവരാണ്. സമൂഹത്തെയും പ്രകൃതിയെയും പരിഗണിക്കുന്ന ബിസിനസ് മോഡലാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
മൊത്തം സിസ്റ്റത്തിൽ സുസ്ഥിരത കൊണ്ടുവരാനാണ് ഞാൻ മുൻഗണന നൽകുന്നത്. അത്തരമൊരു ദിശയിലേക്കുള്ള വളർച്ച തന്നെയാണ് ലക്ഷ്യമിടുന്നതും. 2026ഓടെ പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പാക്കിംഗോടെ ഉത്പന്നങ്ങൾ പുറത്തിറക്കും.
വൈവിധ്യമാർന്ന ഉത്പന്നനിര, പുതിയ ഷോറൂമുകൾ, ലോഞ്ചിംഗുകൾ
ഞങ്ങൾ അടിസ്ഥാനപരമായിത്തന്നെ സുഗന്ധദ്രവ്യ വ്യാപാരികളാണ്. മുൻ തലമുറകളിൽനിന്ന് ആർജിച്ചെടുത്ത അറിവുകളാണ് വൈവിധ്യമാർന്ന പരീക്ഷണങ്ങളിലേക്കു ഞങ്ങളെ നയിക്കുന്നത്. വലിയ രീതിയിലുള്ള ഹോം കെയർ ഉത്പന്നനിര ഇന്നുണ്ട്. എയർ ഫ്രാഗ്രൻസ്, പൂജാ ഉത്പന്നങ്ങൾ എന്നിങ്ങനെ തനതായ വൈവിധ്യ നിര. ഇന്നും കാതലായ ബസിനസ് അഗർബത്തി അഥവാ സാന്പ്രാണി തന്നെയാണ്.
2005ൽ ഐറിസ്, ലിയ ബ്രാൻഡുകൾ അവതരിപ്പിച്ച് നിരവധി ഓഫറുകളിലൂടെ വിപണി പിടിക്കാനായി. ഈ വർഷം ഉത്സവസീസണോടനുബന്ധിച്ചു ഗുഡ്ലക്ക് എന്ന ബ്രാൻഡിൽ പുതിയ സുഗന്ധ ഉത്പന്നങ്ങൾ വിപണിയിലെത്തും. കൂടുതൽ സ്റ്റാൻഡ് എലോൺ സ്റ്റോറുകളും പദ്ധതിയിലുണ്ട്. കേരളത്തിൽ നിലവിൽ മൂന്നു സ്റ്റോറുകളുണ്ട്.
ഇന്ത്യൻ പുഷ്പസത്ത് നിർമാണത്തിൽ ആഗോള ലീഡറാണ് 1979ൽ സ്ഥാപിതമായ നാച്ചുറൽ & എസൻഷ്യൽ ഓയിൽസ് പ്രൈവറ്റ് ലിമിറ്റഡ് (NESSO)എന്ന ഉപകന്പനി. ദക്ഷിണേന്ത്യയിലെ കൃഷി ക്ലസ്റ്ററുകൾക്കു സമീപം കന്പനിക്ക് ഏഴ് എക്സ്ട്രാക്ഷൻ യൂണിറ്റുകൾ ഉണ്ട്. പ്രതിദിനം 12 ടൺ പൂക്കൾ സംസ്കരിച്ചെടുക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
1948ൽ സ്ഥാപിതമായ രംഗ്സൺസ് എൽഎൽപി പ്രതിരോധം, എയ്റോസ്പേസ്, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയിൽ സാന്നിധ്യമുള്ള വൈവിധ്യമാർന്ന ബിസിനസ് ഗ്രൂപ്പാണ്. സമ്പദ്വ്യവസ്ഥയിലെ പ്രധാന വെല്ലുവിളികൾക്ക് ഏറ്റവും സവിശേഷവും കാര്യക്ഷമവുമായ പരിഹാരങ്ങൾ കാണാൻ മൈസൂരു ആസ്ഥാനമായുള്ള ഈ കമ്പനി സാങ്കേതികവിദ്യയിലൂടെ ശ്രമിക്കുന്നു. ഈ അഗർബത്തി-എയ്റോസ്പേസ് കൂട്ടായ്മ പ്രതിരോധ ഹെലികോപ്റ്ററുകളുടെ ഭാഗങ്ങളും നിർമിക്കുന്നു.
മിതമായ നിരക്കിൽ സ്മാർട്ട് ഇറിഗേഷൻ സൊലൂഷനുകൾ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഒരു അഗ്രിടെക് സ്റ്റാർട്ടപ്പാണ് വയോദ. ഉത്പന്ന നവീകരണം വഴി മെച്ചപ്പെട്ട നാളേക്കായി സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും വയോദ ശ്രമിക്കുന്നു.
സ്മാർട്ടായ ഉത്പാദന വികസനം ലക്ഷ്യമിട്ട് ഇസ്രായേലിലെ ടെൽ അവീവിൽ വയോദ ഒരു ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഇടത്തരക്കാരും ചെറുകിടക്കാരുമായ കർഷകർക്കു താങ്ങാനാവുന്ന രീതിയിലുള്ള ഉത്പന്നശ്രേണിയാണ് വയോദ മൈസൂരിലെ ആധുനിക നിർമാണകേന്ദ്രത്തിൽ ഒരുക്കുന്നത്.
യുവത്വത്തെ എങ്ങനെ ആകർഷിക്കാനും പരിഗണിക്കാനും കഴിയുന്നു?
വളരെ ഊർജസ്വലമായ ബന്ധം യുവാക്കളുമായി കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. അവരുടെ താത്പര്യങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും പുതുമകളെക്കുറിച്ചും ശ്രദ്ധയോടെ ഗവേഷണം ചെയ്യുന്നുണ്ട്. ശക്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഇവരുമായുള്ള അടുപ്പം വളർത്താൻ ഉപയോഗിക്കുന്നു.
സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ചു സാംസ്കാരിക പാരന്പര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗാമുകളും മറ്റ് അനവധി പദ്ധതികളും ഇന്ത്യയിലുടനീളം വിഭാവനം ചെയ്യുന്നുണ്ട്. നേരിനും നെറിവിനും യുവാക്കൾ വളരെ പ്രാധാന്യം നല്കുന്നുണ്ട്.
കമ്പനി അടുത്തിടെ രണ്ട് ഇ-വാണിജ്യ പോർട്ടലുകളായ purefragrances.com, pureprayer.com എന്നിവ ഉത്പന്ന വിപണത്തിനായി തയാറാക്കിയിട്ടുണ്ട്. ഇ-കൊമേഴ്സിന്റെയും ക്യു-കൊമേഴ്സിന്റെയും സാധ്യതകളും ഉപയോഗപ്പെടുത്തുന്നു. www.cycle.in എന്ന കന്പനി സൈറ്റിലും ഉത്പന്നങ്ങൾ വാങ്ങാം.
സാമൂഹികരംഗത്തെ ഇടപെടലുകൾ, സ്ത്രീക്ഷേമ പരിപാടികൾ
നേരിട്ടോ അല്ലാതെയോ 20,000 കുടുംബങ്ങളെയാണ് കന്പനി സഹായിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. അസംസ്കൃത അഗർബത്തി നിർമാണത്തിലും പാക്കിംഗിലുമാണ് ഇവർ അധികവും ജോലിയെടുക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ ചാരിറ്റബിൾ ട്രസ്റ്റാണ് എൻആർ ഫൗണ്ടേഷൻ.
വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്കാരം, ശാരീരിക വൈകല്യമുള്ളവർക്കുള്ള സേവനങ്ങൾ എന്നിവയിലൂടെ ഫൗണ്ടേഷൻ ശ്രദ്ധേയമായ സംഭാവനകളാണ് സമൂഹത്തിനു നൽകുന്നത്. സമൂഹത്തിലെ അവശരായവരെയും വിഭിന്നശേഷിക്കാരെയും ശക്തീകരിക്കാൻ 2019ൽ എൻആർ ഗ്രൂപ്പ് സെന്റർ ഓഫ് ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചു.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കാഴ്ചവൈകല്യമുള്ള പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു സംരംഭമാണ് രംഗറാവു മെമ്മോറിയൽ സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്.
മൈസൂർ ചേരികളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻആർ ഫൗണ്ടേഷൻ "പ്രോജക്ട് പ്രേരാർപ്പണ' ആരംഭിച്ചത്. പഠന വൈകല്യമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ കാരണം സ്കൂളിൽനിന്നു കൊഴിഞ്ഞുപോയ കുട്ടികളെ സ്കൂളിലേക്കു തിരികെ കൊണ്ടുവരാൻ പ്രോജക്ട് പ്രേരാർപ്പണ പ്രോത്സാഹിപ്പിക്കുന്നു.
ഇതുവരെ 220-ലധികം കുട്ടികൾ പഠനകേന്ദത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.ഫൗണ്ടേഷൻ ഒരു കുടിൽവ്യവസായ മാതൃക സ്ഥാപിച്ച് കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ അവസരങ്ങളും മേഖലയിലെ സ്ത്രീകൾക്കു തൊഴിലും ഉപജീവനമാർഗവും നൽകുന്നുണ്ട്. 1958 മുതൽ, കമ്പനി രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളിശക്തിയെ രൂപപ്പെടുത്തി വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കുകയാണ്.
ടെക്നോളജി പരിസ്ഥിതിസൗഹൃദം
നവീകരണം, വൈവിധ്യവത്കരണം, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയോടുള്ള എൻആർ ഗ്രൂപ്പിന്റെ സമീപനം അചഞ്ചലമാണ്. ഉപഭോക്താക്കൾക്ക് അതുല്യമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും അവരെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിലും മറ്റു കമ്പനികളേക്കാൾ എപ്പോഴും മുന്നിൽ നിൽക്കാൻ ശ്രമിക്കും.
ബോധപൂർവമായ ജീവിതം തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് സുതാര്യത പ്രദാനം ചെയ്യുന്ന Soulveda പോലുള്ള ഉത്പന്നങ്ങൾ കൊണ്ടുവന്ന് സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്ന വ്യവസായത്തിലെ ആദ്യത്തെ ബ്രാൻഡ് കൂടിയാണ് ഇത്.
ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അഗർബത്തികൾ തരംതിരിക്കാനും സംസ്കരിക്കാനും ബ്രാൻഡ് ഉപയോഗിക്കുന്നു. അഗർബത്തി പാക്കിംഗ് മെഷീനുകൾ, റോളിംഗ് മെഷീനുകൾ, സൈസിംഗ് മെഷീനുകൾ എന്നിവയിൽ സെൻസറുകൾ ഉൾച്ചേർത്തിട്ടുണ്ട്. പാരിസ്ഥിതിക ഉത്തരവാദിത്വത്തിന്റെ മേഖലയിൽ എല്ലാ ശ്രദ്ധയും പതിക്കുന്നുണ്ട്..
ഇന്ത്യൻ ആവാസവ്യവസ്ഥയ്ക്കു കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
71 വർഷം പഴക്കമുള്ള കമ്പനിയുടെ സുസ്ഥിരമായ പ്രവർത്തനങ്ങളിലൂടെ കാർബൺ ഫുട്പ്രിന്റുകൾ കുറയ്ക്കുകയും ലോകത്തിലെ ഏക കാർബൺ ന്യൂട്രൽ അഗർബത്തി നിർമാതാവായി ഉയരുകയും ചെയ്തു. എല്ലാ സൈക്കിൾ പ്യുവർ ഉത്പന്നങ്ങളുടെയും പാക്കേജിംഗ് സാമഗ്രികൾ ഫോറസ്റ്റ് സ്റ്റുവാർഡ്ഷിപ്പ് കൗൺസിൽ (എഫ്എസ്സി) ബോർഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബിജോ മൈക്കിൾ