ഇളകിമറിയുന്ന കടൽ, വീശിയടിക്കുന്ന കാറ്റ്, വെള്ളപ്പരപ്പുകൾക്കു മീതെ ശൂന്യത മാത്രം, ആകാശത്ത് ഉരുണ്ടകയറുന്ന കറുത്ത മേഘങ്ങൾ ഉടനെ മഴ കൊണ്ടുവന്നേക്കുമെന്ന് ആ മനുഷ്യനു തോന്നി. എത്രയോ ദിവസമായി യാത്ര തുടങ്ങിയിട്ട്. ഇതിനകം മരണത്തെ പലവട്ടം മുന്നിൽ കണ്ടു. ആർത്തലയ്ക്കുന്ന തിരമാലകളും വീശിയടിക്കുന്ന കാറ്റും ഈ പായ്ക്കപ്പലിനെ എടുത്തുമറിക്കുമെന്നു പലവട്ടം തോന്നി. ചുറ്റുമുള്ള കടൽ ആർത്തലയ്ക്കുന്പോൾ ചിലപ്പോൾ മനസ് അതിനേക്കാൾ വേഗത്തിൽ ഇരന്പും. ആശങ്കകളുടെ കാർമേഘങ്ങളിൽ നിറയും... എങ്കിലും വെറുതെയാവില്ല ഈ യാത്രയെന്ന് ആരോ മനസിലിരുന്നു മന്ത്രിക്കുന്നുണ്ട്.
എങ്ങോട്ടാണ് യാത്രയെന്ന് ഇപ്പോൾ ഉറപ്പിക്കാനാവുന്നില്ല. ഏതായാലും തുഴയെടുത്തു. ഇനി മുന്നോട്ടുതന്നെ. കൈയിലുള്ള കുഴൽ കറക്കി ചുറ്റുപാടും നോക്കുകയാണ് ആ മനുഷ്യൻ. കാറ്റ് തിരമാലകൾക്കിടയിലൂടെ വലിച്ചുകൊണ്ടുപോകുന്ന പായ്ക്കപ്പൽ വീഴാതെ നിൽക്കാൻ ഒരു പ്രത്യേക മെയ്വഴക്കം വേണം. ആ മനുഷ്യന്റെ ശരീരഭാഷ കണ്ടാൽ അയാൾ കടൽ യാത്രകൾക്കു വേണ്ടി മെനഞ്ഞെടുക്കപ്പെട്ടവനാണോയെന്നു തോന്നിയേക്കാം. ഇതു ക്രിസ്റ്റഫർ കൊളംബസ്.. ലോകചരിത്രത്തിൽത്തന്നെ പേരെഴുതിച്ചേർക്കാനുള്ള യാത്രയാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ഇതാ ഇപ്പോൾ നൂറ്റാണ്ടുകൾക്കു ശേഷവും ലോകം വീണ്ടും കൊളംബസിനെക്കുറിച്ചു സംസാരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവേരുകൾ തപ്പിപ്പോകുന്നു. അദ്ദേഹം സഞ്ചരിച്ച വഴികളെക്കുറിച്ചും അന്വേഷിക്കുന്നു.
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ യൂറോപ്യന്മാർ വിദൂര കിഴക്കിലേക്കുള്ള സമുദ്രപാത കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ഭരണാധികാരികൾതന്നെ സാഹസികരായ നാവികർക്കു വൻ പ്രതിഫലവും വാഗ്ദാനങ്ങളും നൽകി സമുദ്രപര്യവേക്ഷണങ്ങൾക്കു പറഞ്ഞയച്ചിരുന്നു. അങ്ങനെ ഒരു സ്വപ്നം മനസിൽ കണ്ട് ഇറങ്ങിത്തിരിച്ചതാണ് കൊളംബസും സംഘവും. യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കുള്ള സമുദ്രപാത കണ്ടെത്തുകയായിരുന്നു ലക്ഷ്യം. താൻ വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ള ഇന്ത്യയിലെ സുഗന്ധചരക്കുകളും ചൈനയിലെ സ്വർണവും പട്ടുനൂലുമൊക്കെ കൊളംബസിനെ നിരന്തരം പ്രലോഭിപ്പിച്ചിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിലൂടെ കിട്ടുന്ന വൻ സമ്പത്തായിരുന്നു കൊളംബസിന്റെ ഏക സ്വപ്നം.
ഏഷ്യ തേടി പ്രയാണം
എന്നാൽ, സമുദ്രയാത്രയ്ക്ക് ആവശ്യമായ കപ്പൽ വാങ്ങാനുള്ള പണം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ പലരെയും സമീപിച്ചെങ്കിലും യാതൊരു ഉറപ്പുമില്ലാത്ത ഈ സാഹസിക ദൗത്യത്തിനു പണം മുടക്കാൻ അവരാരും തയാറായില്ല. ഒടുവിൽ കാസ്റ്റിലിലെ ഇസബെല്ല രാജ്ഞിയും അരഗോണിലെ ഫെർഡിനാൻഡ് രണ്ടാമൻ രാജാവും അദ്ദേഹത്തിന്റെ യാത്രയെ സഹായിക്കാമെന്നു സമ്മതിച്ചു. ഏഷ്യയിൽനിന്നു കൊളംബസ് കണ്ടെത്തുന്ന സമ്പത്തിൽ അവർക്കും അവകാശമുണ്ടെന്നതായിരുന്നു കരാർ.
1492 ഓഗസ്റ്റിൽ സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്നാണ് "പുതിയ ലോകം' തേടി കൊളംബസ് യാത്രപുറപ്പെട്ടത്. മൂന്നു കപ്പലുകളിലായിരുന്നു സംഘത്തിന്റെ യാത്ര . വലിയ കപ്പലായ "സാന്താ മരിയ'യിലായിരുന്നു കൊളംബസ്. "പിന്റ' എന്നും "നീന' എന്നും പേരായ രണ്ടു ചെറു കപ്പലുകൾകൂടി സംഘത്തിലുണ്ടായിരുന്നു.
കൊളംബസ് കണ്ട "ഏഷ്യ'
രണ്ടു മാസത്തിലധികം കടൽ യാത്ര ചെയ്തു കൊളംബസ് ഒക്ടോബർ 12നു ഒരു ദ്വീപിൽ വന്നിറങ്ങി. ഇന്നത്തെ ബഹാമസ് ആയിരുന്നു ആ ദ്വീപ്. കൊളംബസ് അതിനെ "സാൻ സാൽവദോർ' എന്നു വിളിച്ചു. ആ യാത്രയിൽ ക്യൂബയടക്കമുള്ള വിവിധ സ്ഥലങ്ങളിൽ കൊളംബസ് എത്തിച്ചേർന്നു. എന്നാൽ, ചെന്നെത്തുന്ന പ്രദേശങ്ങളിലെ ജനങ്ങളോടു ക്രൂരമായിട്ടായിരുന്നു കൊളംബസിന്റെ പെരുമാറ്റം. "എന്റെ ഈ യാത്രയിൽ ചെയ്തതും കണ്ടെത്തിയതുമായ എല്ലാ കാര്യങ്ങളും നിങ്ങളെ അറിയിക്കാനാണ് ഈ കത്ത്' എന്ന ആമുഖത്തോടെ കൊളംബസ് തന്റെ യാത്രയെക്കുറിച്ചു സ്പെയിനിലേക്ക് എഴുതി. ഏഷ്യ കണ്ടെത്തി എന്നായിരുന്നു കൊളംബസ് എഴുതിയിരുന്നത്. എന്നാൽ, നൂറ്റാണ്ടുകളായി മനുഷ്യർ ജീവിച്ചിരുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളായിരുന്നു അതെന്നു കൊളംബസ് മരണം വരെ അറിഞ്ഞിരുന്നില്ല.
പുതിയ ലോകമോ?'
കൊളംബസ് സ്പെയിനിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ നാലു സമുദ്ര യാത്രകൾ ( 1492-93,1493-96,1496-1500,1502-04) നടത്തി. അദ്ദേഹം എത്തിച്ചേർന്ന ഇടങ്ങളെല്ലാം ഏഷ്യ എന്നായിരുന്നു കൊളംബസ് എക്കാലവും കരുതിയിരുന്നത്. എന്നാൽ, അദ്ദേഹത്തിന് ഒരിക്കലും ഏഷ്യയിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. പകരം, അദ്ദേഹം ഒാരോ യാത്രയിലും എത്തിച്ചേർന്നത് അമേരിക്കയിലായിരുന്നു. താൻ കണ്ടെത്തിയ സ്ഥലങ്ങളെയെല്ലാം "പുതിയ ലോകം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അതു പുതിയതായിരുന്നെങ്കിലും ദശലക്ഷക്കണക്കിനാളുകൾ നൂറ്റാണ്ടുകളായി താമസിച്ചിരുന്ന ഇടങ്ങളായിരുന്നു ആ ലോകം. അദ്ദേഹം ഒരു ലോകവും "കണ്ടെത്തിയില്ല' എന്നാണ് ഇന്നത്തെ ചരിത്രകാരന്മാരുടെ നിലപാട്. കൊളംബസിന്റെ പര്യവേക്ഷണ യാത്രകൾ തെക്കും വടക്കുമുള്ള അമേരിക്കയിൽ യൂറോപ്യൻ കോളനിവത്കരണത്തിനു തുടക്കമിട്ടു എന്നതാണ് പ്രധാന മാറ്റം.
അവസാന കാലം
അവസാന യാത്രയ്ക്കു ശേഷം 1504ൽ കൊളംബസ് സ്പെയിനിൽ തിരിച്ചെത്തി. തന്റെ ജീവിതത്തിലെ അവസാന പതിനെട്ടു മാസങ്ങൾ അദ്ദേഹം വലദോളിതിൽത്തന്നെ ചെലവഴിച്ചു. അക്കാലത്തു കൊളംബസ് നിരാശനായിട്ടാണ് കാണപ്പെട്ടത്. തനിക്കു വാഗ്ദാനം ചെയ്ത പണവും പദവികളും കിട്ടാതെ വന്നതോടെ അദ്ദേഹം രാജാവിനെതിരായി കോടതിയെ സമീപിച്ചിരുന്നു. ഫെർഡിനാൻഡ് രാജാവിനും ഇസബെല്ല രാജ്ഞിക്കും അദ്ദേഹത്തിന്റെ മാനസികനിലയിൽ സംശയമുണ്ടായിരുന്നു. രാജകീയ ഗാർഡിലെ അംഗമായിരുന്ന മൂത്ത മകൻ ഡീഗോയാണ് കൊളംബസിനു വേണ്ടി കോടതിയിൽ ഹാജരായിരുന്നത്. അക്കാലത്തു കൊളംബസിന്റെ കണ്ണുകൾക്കുണ്ടായ വീക്കം വായനയെ തടസപ്പെടുത്തി. 1506 മേയിൽ ആരോഗ്യം മോശമായി. മക്കളായ ഡീഗോയും ഫെർഡിനാൻഡും സഹോദരനായ ഡീഗോയും ഏതാനും പഴയ കപ്പൽയാത്രികരായ സുഹൃത്തുക്കളും രോഗക്കിടക്കയിൽ അദ്ദേഹത്തെ പരിചരിച്ചു.
മേയ് ആറിന് ഒരു പുരോഹിതൻ അവിടെ കുർബാന ചൊല്ലി. "എന്റെ ആത്മാവിനെ ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു'''' എന്നു പറഞ്ഞുകൊണ്ട് കൊളംബസ് കണ്ണുകൾ പൂട്ടി. മകൻ ഡീഗോ ശവസംസ്കാര കർമങ്ങളുടെ ചുമതല ഏറ്റെടുത്തു. കൊളംബസിനെ വലദോളിതിലാണു സംസ്കരിച്ചത്. സംസ്കാരസ്ഥലം സംബന്ധിച്ച കൃത്യമായ ധാരണ ആർക്കും ഇല്ല. വലദോളിതിലെ സാൻഫ്രാൻസിസ്കോ കോൺവെന്റാണെന്നു ചിലർ സംശയിക്കുന്നു.
അന്ത്യവിശ്രമം
1509 ഏപ്രിൽ 11നു കൊളംബസിന്റെ ഭൗതികാവശിഷ്ടം സെവില്ലിലെ സാന്താ മരിയ ഡി ലാസ് ക്യൂവാസിന്റെ കർത്തൂസിയൻ ആശ്രമത്തിലേക്കു മാറ്റി. 1542ൽ അവിടെനിന്നു കരീബിയൻ ദ്വീപിലെ സാന്തോ ദോമിദോയിലേക്കു കൊണ്ടുപോയി. ഈ ദ്വീപ് 1790ൽ ഫ്രഞ്ചുകാർക്കു വിട്ടുകൊടുത്തപ്പോൾ ഭൗതികാവശിഷ്ടം ഹവാനയിലേക്കു മാറ്റപ്പെട്ടു. 1898ലെ സ്പാനിഷ് -അമേരിക്കൻ യുദ്ധത്തിൽ ക്യൂബ നഷ്ടപ്പെടുമ്പോൾ വീണ്ടും സ്പെയിനിലേക്ക്. ഭൗതികാവശിഷ്ടങ്ങൾ സ്പെയിനിൽ എത്തിച്ചേർന്നു. ഇപ്പോൾ സെവില്ലിലെ കത്തീഡ്രൽ പള്ളിയിലാണ് കൊളംബസിന്റെ അന്ത്യവിശ്രമം.
കൊളംബസ് ഒരു സെഫാർഡിക് യഹൂദൻ?
കൊളംബസിന്റെ ബാല്യകൗമാര കാലങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. അദ്ദേഹം ഇറ്റലിക്കാരനായിരുന്നു എന്നാണു പരമ്പരാഗതമായ വിശ്വാസം. മറ്റു ചില രാജ്യങ്ങളുമായി കൊളംബസിന്റെ ദേശീയതയെ ബന്ധപ്പെടുത്തി കാണിക്കുന്നുമുണ്ട്. കൊളംബസിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന പുതിയ ചില പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആ പഠനങ്ങൾ അദ്ദേഹം സ്പെയിൻകാരനായ ഒരു യഹൂദനാണെന്നു പറയുന്നു. ഗ്രനാഡ യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് മെഡിസിൻ പ്രഫസർ ജോസേ അന്റോണിയോ ലോറേന്റയും ചരിത്രകാരൻ മാർഷൽ കാസ്ട്രോയും ചേർന്നു നടത്തിയ പഠനമാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
കൊളംബസിന്റെയും മകൻ ഡീഗോയുടെയും സഹോദരൻ ഡീഗോയുടെയും ഭൗതികാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന നടത്തി. ഇതിന്റെ പരിശോധനാഫലമാണ് കൊളംബസ് ഒരു സെഫാർഡിക് യഹൂദനാണെന്ന് തെളിയിച്ചത്. ഹീബ്രു ഭാഷയിൽ സ്പെയിനെ വിശേഷിപ്പിക്കുന്ന വാക്കാണ് സെഫാർഡിക്. കൊളംബസ് തന്റെ യഹൂദസ്വത്വം മറച്ചുവയ്ക്കുകയോ അല്ലെങ്കിൽ ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയോ ചെയ്തതായി പഠനസംഘം കരുതുന്നു. ജൂതർ നേരിട്ട മതപീഡനം ഭയന്നാവണം ഇതെന്നു കരുതപ്പെടുന്നു.
പുത്തൻ നിഗമനങ്ങൾ
സെവിൽ കത്തീഡ്രലിലെ ഭൗതികാവശിഷ്ടങ്ങൾ ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന കാര്യം സ്ഥീരികരിക്കപ്പെട്ടെന്നു ഗവേഷകർ പറയുന്നു. കൊളംബസിന്റെ ജനിതക പരിശോധനാഫലമാണ് അദ്ദേഹം ഒരു സെഫാർഡിക് യഹൂദനാണെന്നു തെളിയിച്ചത്. പഠനസംഘത്തിനു നേതൃത്വം കൊടുത്ത ജോസേ അറ്റോണിയോ ലോറന്റേയുടെ അഭിപ്രായത്തിൽ കൊളംബസിന്റെ മകൻ ഫെർണാഡോയുടെ ജനിതകത്തിലെ പുരുഷ ക്രോമസോമിലും അമ്മ വഴി കൈമാറ്റം ചെയ്യുന്ന മെറ്റോ കോൺഡ്രിയൽ ഡിഎൻഎയിലും യഹൂദ ഉത്ഭവവുമായി പൊരുത്തപ്പെടുന്ന അടയാളങ്ങളുണ്ട്. ഗവേഷകരുടെ അഭിപ്രായപ്രകാരം ക്രിസ്റ്റഫർ കൊളംബസിന്റെ ഉത്ഭവം പടിഞ്ഞാറൻ മെഡിറ്ററേനിയൻ പ്രദേശത്താണെന്നു ഡിഎൻഎ സൂചിപ്പിക്കുന്നു.
കൊളംബസിന്റെ ജനിതകത്തിൽ യഹൂദസ്വത്വം സ്ഥീരിക്കപ്പെടുന്നതാണ് അദ്ദേഹത്തെ ജനോവക്കാരനായ ഇറ്റാലിയൻ നാവികൻ എന്നു വിളിക്കാനാവില്ലെന്നു ഗവേഷകർ പറയാൻ കാരണം. പതിനഞ്ചാം നൂറ്റാണ്ടിൽ ജെനോവയിൽ യഹൂദസാന്നിധ്യം ഇല്ലായിരുന്നെന്നും അവിടെനിന്നു വരാനുള്ള സാധ്യതയില്ലെന്നുമാണ് ഗവേഷകർ പറയുന്നത്. ഇറ്റാലിയൻ ഉപദ്വീപിന്റെ ബാക്കി ഭാഗങ്ങളിലും യഹൂദ സാന്നിധ്യം ഇല്ലായിരുന്നു.
ഗവേഷകർ കൊളംബസിന്റെ കൈയെഴുത്തുകൾ പരിശോധിച്ചു. അദ്ദേഹം ഇറ്റാലിയൻ അല്ലെങ്കിൽ സിസിലിയൻ ഭാഷയുടെ ചില അടയാളങ്ങളോടുകൂടിയായിരുന്നു എഴുതിയിരുന്നത്. ഇതിൽനിന്ന് അദ്ദേഹം സ്പാനിഷ് മെഡിറ്ററേനിയൻ പ്രദേശത്തോ അല്ലെങ്കിൽ അക്കാലത്ത് അരഗോണിന്റെ കീഴിലായിരുന്ന ബലേറിക് ദ്വീപിലോ ആണെന്നതിന്റെ സൂചന ഗവേഷകർക്കു ലഭ്യമായി. രണ്ടു ദശകകാലത്തെ ജനിതക പരിശോധനയ്ക്കും ഗവേഷണത്തിനും ശേഷമാണ് കൊളംബസിന്റെ ജീവിതത്തെ സംബന്ധിച്ച സുപ്രധാന വിവരങ്ങളിലേക്കു ഗവേഷകർ എത്തിച്ചേർന്നത്.
മാത്യു ആന്റണി