ഒരു കാലത്തു മേയ് മാസപ്പുലരി മുതൽ എല്ലാ വഴികളും മഞ്ചനക്കുറൈ എന്ന കൊച്ചു ഗ്രാമത്തിലേക്കായിരുന്നു. ഊട്ടിയിലെ കൊടും തണുപ്പിന്റെ ആലസ്യത്തിൽ കയറ്റം കയറി, പൈൻ, യൂക്കാലി മരങ്ങൾക്കിടയിലൂടെ വെട്ടുറോഡുവഴി ചെല്ലുന്നത് ഫേൺഹിൽ ആശ്രമത്തിലേക്കായിരുന്നു. അതെ, 1923ൽ ശ്രീനാരായണ ഗുരുവിന്റെ പ്രിയ ശിഷ്യൻ നടരാജ ഗുരു ആ മലമുകളിൽ സ്ഥാപിച്ച നാരായണ ഗുരുകുലത്തിലേക്ക്! നടരാജ ഗുരുവിന്റെ സമാധിക്കു ശേഷം ശിഷ്യനും പിൻഗാമിയുമായ ഗുരു നിത്യചൈതന്യ യതിക്കായിരുന്നു അതിന്റെ ചുമതല. പ്രകൃതിയെയും മനുഷ്യരെയും ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിച്ചിരുന്ന ഗുരു. മേയ് ദിനത്തിന്റെയും വസന്തോത്സവത്തിന്റെയും അടയാളമായി വർഷം തോറും ഫേൺഹിൽ ആശ്രമത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മേയ് ഫെസ്റ്റിവൽ എന്ന പേരിൽ മേയ് മാസം മുഴുവനും നീളൂന്ന സെമിനാറുകളും സിമ്പോസിയങ്ങളും കലാസന്ധ്യകളും സാഹിത്യ സമ്മേളനങ്ങളുംകൊണ്ട് ആഘോഷമുഖരിതമായ അന്തരീക്ഷമായിരുന്നു ഫേൺഹിൽ ആശ്രമത്തിൽ.
വിദേശികൾ പോലും പല രാജ്യങ്ങളിൽനിന്നായി ഈ ആഘോഷത്തിൽ പങ്കുചേരാൻ ആ സമയത്ത് ഇവിടെ എത്താറുണ്ടായിരുന്നു. അതോടെ ശ്രീനാരായണ ദർശനത്തോടൊപ്പം ഈ ആശ്രമവും ലോക പ്രശസ്തമായി. അങ്ങനെ ശാന്തസുന്ദരമായ ആ കുന്നിൻ മുകളിലെ പ്രസിദ്ധമായ ഫേൺഹിൽ ആശ്രമവും ഗുരു നിത്യചൈതന്യ യതിയും ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി.ആ മഹദ് വ്യക്തിയോടൊപ്പം ചെലവഴിക്കാൻ കിട്ടിയ അവസരത്തിലെ ഒരു അനുഭവം സൂചിപ്പിച്ചു തുടങ്ങട്ടെ!
ഒന്നും കരുതിവയ്ക്കേണ്ട
ആത്മീയതയുടെ പേരും പറഞ്ഞ് അത്യാഡംബരങ്ങളും അമിത സുഖസൗകര്യങ്ങളുമായി കഴിയുന്ന ആശ്രമവാസികളെ ഇന്നു പലേടത്തും കാണാം. എന്നാൽ, ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു ഗുരു നിത്യചൈതന്യ യതി. എല്ലാം ത്യജിച്ച വ്യക്തിയാണ് സന്യാസി എന്ന പൂർണബോധ്യമുള്ളതുകൊണ്ടാകാം ഗുരു ഒരു കാര്യവും ആരോടും ആവശ്യപ്പെടാറില്ലായിരുന്നു. യഥാർഥ സന്യാസിക്ക് ഒന്നും കരുതി വയ്ക്കേണ്ട ആവശ്യമില്ലെന്നും അതു താനേ വന്നുചേർന്നു കൊള്ളുമെന്നുമാണ് ഗുരു പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഒരു നല്ല ഉദാഹരണം ഇപ്പോൾ ഒാർമയിൽ വരുന്നു. സാധാരണയായി ഞാൻ ഗുരുകുലത്തിലെത്തുമ്പോൾ ഗുരു എഴുതിയ പല ലേഖനങ്ങളുടെയും കൈയെഴുത്തു പ്രതികൾ എനിക്കു വായിക്കാൻ തരുമായിരുന്നു. സംശയമുള്ള ഭാഗങ്ങളുടെ ചെറുവിവരണവും അദ്ദേഹം പറഞ്ഞു തരുമായിരുന്നു. എന്നാൽ, വായിക്കുമെങ്കിലും അതേ ആശയങ്ങളെ എന്റെ സൃഷ്ടികളാക്കി പ്രസിദ്ധീകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
പതിവു പോലെ ഒരു ദിവസം ഗുരുകുലത്തിൽ എത്തി ഗുരുവുമായി സംസാരിച്ചിരിക്കുമ്പോൾ അടുത്ത മേശപ്പുറത്ത് ഗുരു എഴുതിയ കുറെയധികം പേജുകളുള്ള കൈയെഴുത്തു പ്രതി ഇരിക്കുന്നത് കണ്ടു. എടുത്തു നോക്കാൻ ഗുരു എന്നോടു നിർദേശിച്ചു. ഞാൻ അതെടുത്തു മൊത്തത്തിൽ ഒന്നു മറിച്ചുനോക്കി. കുറച്ചു സമയം കൊണ്ടൊന്നും വായിച്ചു തീർക്കാനാവാത്ത ഒരു വലിയ പുസ്തകത്തിനുള്ള കൈയെഴുത്തു പ്രതികൾ ആയിരുന്നു അവ. അതിനാൽ ഗുരു അതിന്റെ ഉള്ളടക്കവും അതിലെ കാര്യങ്ങളും എന്നോടു വിവരിച്ചു. അതു പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണെന്ന് ഗുരു സന്തോഷത്തോടെ പറഞ്ഞു. ഗുരുവിന്റെ വലിയ പുസ്തകങ്ങൾ മിക്കതും അച്ചടിക്കുന്നത് ഡൽഹിയിലെ ഡികെ ബുക്സ് എന്ന സ്ഥാപനമായിരുന്നു. താമസിക്കാതെതന്നെ അതു പുസ്തകമായി കാണാമല്ലോ എന്ന പ്രതീക്ഷയോടെയാണ് ഞാൻ അവിടെനിന്നു മടങ്ങിയതും.
ബെസ്റ്റ് സെല്ലർ വന്ന വിധം
കുറെ ദിവസം കഴിഞ്ഞു ഞാൻ വീണ്ടും അവിടെ എത്തി. അപ്പോഴും ആ കൈയെഴുത്തു പ്രതികൾ അവിടെത്തന്നെ കാണപ്പെട്ടു. ഇതു പ്രിന്റിംഗിനു കൊടുത്തില്ലേയെന്ന് ഞാൻ ചോദിച്ചു. ഇതിന്റെ ഒരു കോപ്പി അവർക്ക് അയച്ചു കൊടുത്തു, ഒരു ചെറിയ തുക അഡ്വാൻസും കൊടുത്തു. അതിന്റെ ഒരു പ്രൂഫും അവർ അയച്ചുതന്നു. പിന്നെ എന്താണ് പ്രശ്നമെന്നു ഞാൻ ചോദിച്ചപ്പോൾ ഒരു വലിയ തുകയാണ് അവർ ആവശ്യപ്പെടുന്നതെന്നു ഗുരു പറഞ്ഞു. അത് എത്ര വരുമെന്നു ഞാൻ അന്വേഷിച്ചു. ഇനി 48,000 രൂപ കൂടി കൊടുത്താലേ പുസ്തകം അച്ചടിച്ചു കിട്ടുകയുള്ളൂ- എന്റെ നിർബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഗുരു പറഞ്ഞു. ഞാനും ആകെ ധർമസങ്കടത്തിലായി! അക്കാലത്ത് അത്രയും വലിയ ഒരു തുക സംഘടിപ്പിക്കുക എനിക്കും അസാധ്യമായിരുന്നു. അക്കാലത്ത് അല്പം ഭീമമായ തുകയായിരുന്നു അത്.
പിന്നെയും പലതവണ ചെന്നു പല കൈയെഴുത്തു പ്രതികളും കാണുകയും വായിക്കുകയും ചെയ്തെങ്കിലും മറ്റേപുസ്തകം റെഡിയായില്ല എന്നെനിക്കു മനസിലായി. ഏതാണ്ട് ഒന്നര മാസം കഴിഞ്ഞു വീണ്ടും ചെല്ലുമ്പോൾ ഗുരു വലിയ സന്തോഷത്തോടെ ആ പുസ്തകം അച്ചടിച്ചു കിട്ടിയ കാര്യം പറഞ്ഞു. സ്വന്തം കൈയൊപ്പിട്ട് ഒരു കോപ്പി എനിക്കുതന്നു. പൈസ എങ്ങനെ കിട്ടിയെന്നു ഞാൻ ചോദിച്ചു. ഗുരു ഭക്തനായ ഒരു വിദേശ വ്യവസായി ബിസിനസ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ കോയമ്പത്തൂരിൽ വരാറുണ്ടായിരുന്നു. അവിടെയെത്തിയാൽ ഫേൺഹില്ലിൽ വന്നു ഗുരുവിനെ കണ്ടിട്ടേ അയാൾ പോകാറുള്ളൂ. എന്നെപ്പോലെ അദ്ദേഹവും ഒന്നു രണ്ടു തവണ അവിടെ വന്നപ്പോഴും ഈ കൈയെഴുത്തു പ്രതിയെപ്പറ്റി സംഭാഷണമുണ്ടായി. എന്നാൽ, സാമ്പത്തിക പ്രശ്നമൊന്നും ഗുരു അദ്ദേഹത്തോടു പറഞ്ഞില്ല. വീണ്ടും ഒരു മാസം കഴിഞ്ഞ് അയാൾ വന്നപ്പോഴും അതു പുസ്തകമായില്ലെന്നറിഞ്ഞു. എന്താണ് തടസമെന്നും അയാൾ അന്വേഷിച്ചു. കൂടുതൽ നിർബന്ധിച്ചപ്പോൾ കാര്യങ്ങൾ അയാളോടു പറയേണ്ടിവന്നു. അയാൾ അധികമൊന്നും പറയാതെ തിരിച്ചുപോയി. ഒരാഴ്ച തികയും മുമ്പ് ഗുരുവിനു രജിസ്റ്റേർഡായി ഒരു കത്തുവന്നു. "ഗുരു ആ പുസ്തകം ഉടനെതന്നെ പ്രിന്റ് ചെയ്യിക്കണം. അതിനുള്ള തുക ഇതോടൊപ്പം ഡിഡി ആയി അയയ്ക്കുന്നു' എന്ന കത്തും 50,000 രൂപയുടെ ഡിഡിയുമായിരുന്നു അതിലുണ്ടായിരുന്നത്. അങ്ങനെയാണ് ബസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച ഗുരുവിന്റെ പുസ്തകങ്ങളിൽ ഒന്നു പുറത്തിറങ്ങിയത്. യഥാർഥ സന്യാസിക്ക് ഒന്നും കരുതി വയ്ക്കേണ്ട ആവശ്യമില്ലെന്നും അതു താനേ വന്നു ചേരുമെന്നും ഗുരു പറഞ്ഞതിന്റെ പൊരുൾ നേരിട്ടറിഞ്ഞ സമയംകൂടിയായിരുന്നു അത്.
എഴുത്തുകാരൻ
ശ്രീനാരായണ ആദർശങ്ങൾ പ്രചരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനും അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും പ്രമുഖവക്താവുമായിരുന്നു അദ്ദേഹം. ഭൗതികം, ആധ്യാത്മികം, സാമൂഹികം, സാന്പത്തികം, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സംഗീതം, സാഹിത്യം, ചിത്രകല, വാസ്തുശില്പം തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്വചിന്തകനുമായിരുന്നു ഗുരു യതി. തത്വശാസ്ത്രം, മനഃശാത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെക്കുറിച്ച് മലയാളത്തിൽ നൂറ്റിയിരുപതും ഇംഗ്ലീഷിൽ എൺപതും പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. "നളിനി എന്ന കാവ്യശില്പത്തിനു'''' കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
സംഭവ ബഹുല ജീവിതം
പത്തനംതിട്ട ജില്ലയിലെ കോന്നി വകയാറിനു സമീപമുള്ള മുറിഞ്ഞകല്ലില്‍ താഴത്തേരില് തറവാട്ടില്‍ കവിയും അധ്യാപകനുമായിരുന്ന പന്തളം രാഘവപ്പണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി 1924 നവംബര്‍ 2നാണ് യതിയുടെ ജനനം. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കുറേക്കാലം പ്രവാസിയായി പല സ്ഥലങ്ങളിലും ചുറ്റിത്തിരിഞ്ഞു. തുടർന്ന്, വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹം ഏതാണ്ട് എട്ടു വർഷത്തോളം ബുദ്ധമതം, ജൈനമതം, സൂഫിസം എന്നിവ പഠിക്കുകയും മഹാത്മാഗാന്ധി, രമണ മഹർഷി തുടങ്ങിയവരെ കണ്ടുമുട്ടുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗവിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു. 1949ല്‍ തിരുവണ്ണാമല രമണാശ്രമത്തില്‍ വച്ച് സന്ന്യാസം സ്വീകരിച്ചു. ആ പ്രവാസജീവിതം കഴിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളജിൽ ചേർന്നു പഠിച്ചു. അതിനു ശേഷം 1952ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ഫിലോസഫി ബിരുദാനന്തര ബിരുദം നേടി. കൊല്ലം ശ്രീനാരായണ കോളജിലും മദ്രാസ് വിവേകാനന്ദ കോളജിലും അധ്യാപകനായി. കുറെക്കാലം ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കിക് ആന്‍ഡ് സ്പിരിച്ച്വല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഗുരു നിത്യചൈതന്യ യതി ജോലിനോക്കി.
ആശ്രമത്തിലേക്ക്
അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും ഒട്ടു മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും പര്യടനം നടത്തി നിരവധി പാശ്ചാത്യ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദർശനം ലോകം മുഴുവൻ എത്തിക്കാൻ പരിശ്രമിച്ച് ഗുരുകുലാശ്രമങ്ങള് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1978ഓടെ വിദേശ യൂണിവേഴ്സിറ്റികളിലെ അധ്യാപനം അവസാനിപ്പിച്ച് ഊട്ടിയിൽ തിരിച്ചെത്തി. തുടർന്ന് പുസ്തക രചനയിലും ആശ്രമകാര്യങ്ങളിലും മുഴുകി.
സന്യാസി എന്നതിലുപരി വാഗ്മി, മനഃശാസ്ത്ര വിദഗ്ധന്‍, തത്വചിന്തകന്‍, എഴുത്തുകാരൻ എന്നു മാത്രമല്ല സാധാരണക്കാർക്ക് തൊട്ടറിയാൻ കഴിഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. സന്യാസി ആയിരുന്നെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു കാര്യത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രത്യേകത. യുദ്ധവും വെടിക്കോപ്പുകളുമില്ലാതെ, രാജ്യങ്ങൾക്കു തമ്മിൽ വേലികളും അതിർവരമ്പുകളുമില്ലാത്ത ‘ഏകലോകം’ എന്ന ആശയത്തിന്റെ വക്താവായിരുന്നു നടരാജഗുരു.
ഇംഗ്ലീഷ് ഭാഷയിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കടുകട്ടിയായ പ്രയോഗങ്ങളെ വളരെ ലളിതമായി ജനങ്ങളിലെത്തിക്കാനും യതിക്ക് അനായാസം കഴിഞ്ഞുവെന്നത് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി. സംശയനിവാരണത്തിനായി എത്തുന്നവർ, മാധ്യമങ്ങൾ, സന്ദർശകർ, ഭക്തർ എന്നിങ്ങനെ ആളൊഴിഞ്ഞ സമയമില്ലായിരുന്നു അവിടെ. 1999 മേയ് 14ന് ഊട്ടി ഫേൺഹിൽ ആശ്രമത്തിൽ ആ ധന്യപുരുഷൻ മഹാസമാധിയായി. ഫേൺഹില്ലിലെ ഗുരുസമാധിയിൽ മനോഹരമായ നിത്യധ്യാന മണ്ഡപം ഒാർമയായി നിലകൊള്ളുന്നു. മദമാത്സര്യങ്ങളും വർഗവിദ്വേഷങ്ങളും കളം നിറഞ്ഞാടുന്ന കാലത്ത് യതിയുടെ അഭാവം നമുക്ക് അനുഭവപ്പെടുന്നു. ഈ നവംബർ രണ്ടിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി. ആ മഹദ് വ്യക്തിത്വത്തിന് ആദരവിന്റെ ഒാർമപ്പൂക്കൾ.
ദത്തന്റെ ചിത്രങ്ങൾ
നിത്യ ചൈതന്യ യതിയുടെ അടുത്ത സുഹൃത്തും സഹചാരിയും. അദ്ദേഹത്തിന്റെ അപൂർവമായ നിരവധി ചിത്രങ്ങൾ പകർത്താൻ ഭാഗ്യം ലഭിച്ച ഫോട്ടോഗ്രാഫർ. ആലപ്പുഴ മുതുകുളം സ്വദേശി ദത്തൻ പുനലൂർ. മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്നു സ്കോളർഷിപ്പോടെ ബിരുദവും ഫോട്ടോലക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫോട്ടോഗ്രഫി സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയാണ് പ്രഫഷണൽ ജീവിതത്തിനു തുടക്കമിട്ടത്.
കഴിഞ്ഞ 50 വർഷമായി ഊട്ടിയിലെ കൂനൂരിൽ സ്ഥിരതാമസമാക്കി ഫോട്ടോഗ്രഫി രംഗത്തു പ്രവർത്തിക്കുകയാണ് അദ്ദേഹം. കേരളത്തിന് അകത്തും പുറത്തുമായി 32 ഫോട്ടോ പ്രദർശനങ്ങൾ. ലോകത്തെ ഏറ്റവും വലിയ ഫോട്ടോ സ്റ്റോക്ക് ഏജൻസി ആയ അമേരിക്കയിലെ ഗറ്റി ഇമേജസിന്റെ ഇന്ത്യയിലെ ഫോട്ടോഗ്രാഫർ. തുടർച്ചയായി 12 വർഷം നീലഗിരി ഫോട്ടോ-വീഡിയോ അസോസിയേഷന്റെ പ്രസിഡന്റ്. ഇരുപത്തിയൊന്നു വർഷം ഗുരു നിത്യചൈതന്യയതിയുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞു. യതിയുടെ ജീവിത മുഹൂർത്തങ്ങൾ ചിത്രങ്ങളാക്കി "നിത്യദർശനം' എന്ന പേരിൽ ഒരു പുസ്തകവും ദത്തൻ പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രഫിക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങളിലെ എഴുത്തുകാരൻ കൂടിയാണ് ദത്തൻ പുനലൂർ.
ദത്തൻ പുനലൂർ