1995ൽ തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപം കിണർ കുഴിക്കുന്നതിനിടെ ആറുകോൽ താഴ്ചയിൽ മണ്വെട്ടികൊണ്ട് മുറിഞ്ഞനിലയിൽ തവളയെപ്പോലൊരു ജീവിയെ കിട്ടിയെന്നു സുഹൃത്ത് ഡോ. സത്യഭാമദാസ് ബിജുവിനെ വിളിച്ചറിയിച്ചു. അന്നു തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനാണ്. തട്ടേക്കാട് പോയി ജീവിയെ എടുത്തു പഠനം തുടങ്ങിയെങ്കിലും ജീവനില്ലാത്തതിനാൽ വല്ലാത്ത വിഷമമായി...
1996 മേയ്. കട്ടപ്പനയിലെ ഒരു കർഷകൻ ഏലം എസ്റ്റേറ്റിൽ പണിക്കിടെ രണ്ട് അപൂർവയിനം തവളകൾ ചാടിപ്പോയതായി അറിയിച്ചു. ഉടനെ അങ്ങോട്ടുതിരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു നാലുദിനം നീണ്ട തെരച്ചിലിനൊടുവിൽ മണ്ണിനടിയിൽനിന്നു കോഴി കൂവുന്നതുപോലുള്ള ഒരു ശബ്ദം. ആ ഭാഗം കുഴിച്ച് അവളെ ജീവനോടെ കൈയിലെടുത്തു. ഒന്നരവർഷമായി താൻ അന്വേഷിച്ചുനടന്ന കക്ഷി..! ലോകത്ത് അതുവരെ തിരിച്ചറിഞ്ഞ 29 തവളകുടുംബത്തിലുംപെടാത്ത പാതാളത്തവള (ഇന്ത്യൻ പർപ്പിൾ ഫ്രോഗ്). നീണ്ട മൂക്ക്, ചെറിയ കണ്ണുകൾ, വീർത്ത ശരീരം, കുറുകിയ കാലുകൾ, മണ്ണുമാന്താൻ കൈപ്പത്തി...
നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമായി ശാസ്ത്രലോകം വിശേഷിപ്പിച്ച ആ "മൂക്കൻതവള' ബിജുവിന്റെ ജീവിതം മാറ്റിമറിച്ചു; ജീവിതദൗത്യം പുനർനിർണയിച്ചു.
സസ്യശാസ്ത്രജ്ഞൻ
കൊല്ലം കടയ്ക്കൽ ഇടക്കാര്യത്ത് പുത്തൻവീട്ടിൽ സത്യഭാമയുടെയും കൃഷ്ണൻ ശിവദാസന്റെയും മകനാണ് ഡോ. ബിജു. നിലമേൽ എൻഎസ്എസ് കോളജിൽ സെക്കൻഡ് ഗ്രൂപ്പെടുത്തു പ്രീഡിഗ്രി പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്എൻ കോളജിൽനിന്നു ബോട്ടണിയിൽ ബിരുദാനന്തരബിരുദവും നേടി.
ഇക്കാലത്താണ് കാലിക്കട്ട് വാഴ്സിറ്റിയിൽ പ്രഫസറായിരുന്ന, സസ്യവർഗീകരണശാസ്ത്രത്തിൽ (ടാക്സോണമി) പിഎച്ച്ഡിയുള്ള ഡോ. വി.വി. ശിവരാജനെ പരിചയപ്പെടുന്നത്. അതോടെ കാലിക്കട്ടിൽ പിഎച്ച്ഡിക്കു രജിസ്റ്റർ ചെയ്തു. ടാക്സോണമിയിൽ ബിജുവിനെ ഹരംപിടിപ്പിച്ചത് ശിവരാജൻസാറാണ്. പിഎച്ച്ഡി ചെയ്യുന്പോൾതന്നെ പാലോട് ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ റിസർച്ച് സെന്ററിൽ ജോലി ലഭിച്ചു.
പിന്നെ പശ്ചിമഘട്ടവനങ്ങളിൽ പുതുസസ്യങ്ങളെത്തേടിയുള്ള അലച്ചിലായിരുന്നു. ഏഴു പുതിയ സസ്യങ്ങളെ കണ്ടെത്തി. ഒന്നിന് ഡോ. ശിവരാജന്റെ പേര് നൽകി - "സ്റ്റിക്റ്റോകാർഡിയ ശിവരാജിനി’. ഈ കാടുകയറ്റത്തിനിടെ എപ്പോഴോ തവളകൾ ആകർഷണമായി. തവളകളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തുന്നതു ശീലമായി. അവയെ തിരിച്ചറിയാനുള്ള താല്പര്യവും ജനിച്ചു. ക്രമേണ ഉഭയജീവിപഠനം ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. 1999ൽ സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി ലഭിച്ചെങ്കിലും പിറ്റേവർഷം മുതൽ സസ്യശാസ്ത്രപഠനം പാടേ ഉപേക്ഷിച്ചു..! പ്രിയഗുരു പഠിപ്പിച്ച ടാക്സോണമി കൈവിട്ടില്ല; പഠനവിഷയം ഉഭയജീവികളായി എന്നുമാത്രം.
പരിഹസിക്കപ്പെട്ട തവളപ്രബന്ധം
ഏഴു വർഷത്തോളം നീണ്ട സർവേയിലൂടെയും പശ്ചിമഘട്ടത്തിലെ 485 ലൊക്കേഷനുകളിൽനിന്നുള്ള തവളസാന്പിളുകൾ പരിശോധിച്ച ശേഷവും ഇന്ത്യക്കു പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ 2001 നവംബറിൽ "ഇന്ത്യൻ സൊസൈറ്റി ഫോർ കണ്സർവേഷൻ ബയോളജി'യിൽ ഡോ. ബിജുവിന്റെ ഒരു തവളപ്രബന്ധം പ്രസിദ്ധീകരിച്ചു. വിദേശത്ത് ഇതേറെ ചർച്ചചെയ്യപ്പെട്ടെങ്കിലും ഇന്ത്യയിൽ പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കി.
പശ്ചിമഘട്ടത്തിലെ നൂറിലേറെ തവളയിനങ്ങളെ ഇനി തിരിച്ചറിയാനുണ്ടെന്നും ഇതോടെ പശ്ചിമഘട്ടത്തിലെ തവളയിനങ്ങൾ 200 കവിയുമെന്നുമായിരുന്നു കണ്ടെത്തൽ. ഒരു ബോട്ടണിസ്റ്റ് എങ്ങനെ തവളകളെക്കുറിച്ച് ആധികാരികമായി പറയുന്നു എന്നായിരുന്നു വിമർശകരുടെ ചോദ്യം.
പാലോടുനിന്നു ജോലി രാജിവച്ച് ബെൽജിയം ബ്രസൽസിൽ വ്രിജെ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഫ്രാങ്കി ബോസിറ്റിയുടെ കീഴിൽ പിഎച്ച്ഡിക്കു ചേർന്നു. ഉഭയജീവികളെ സംബന്ധിച്ച മോളിക്യുലാർ പഠനമായിരുന്നു വിഷയം.
നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം, ലോകപ്രശസ്തിയിലേക്ക്
"നാസികബട്രാക്കസ് സഹ്യാദ്രേൻസിസ്'എന്ന പാതാളത്തവള അഥവാ മാവേലിത്തവളയെക്കുറിച്ച് 2003ലെ "നേച്ചർ' ജേണലിൽ വന്ന പഠനം ഡോ. ബിജുവിനെ ലോകപ്രശസ്തനാക്കി. പ്രഫ. ഫ്രാങ്കിയുമായിചേർന്ന് പാതാളത്തവളകളുടെ ജനിതകപഠനം നടത്തി, ലോകത്തെ മുപ്പതാമത്തെ തവളക്കുടുംബത്തെ ലോകത്തിനു പരിചയപ്പെടുത്തുകയായിരുന്നു. പുതിയൊരു തവളക്കുടുംബത്തെ 1926നുശേഷം കണ്ടെത്തിയതു നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമായി അവതരിപ്പിച്ച ജേണൽ, "ജീവിക്കുന്ന ഫോസിൽ'എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
മണ്ണിനടിയിൽ ജീവിച്ച്, പുതുമഴയിൽ വർഷത്തിൽ ഒരു തവണമാത്രം ആണും പെണ്ണും ഒരുമിച്ചു പുറത്തുവന്ന് മുട്ടയിട്ട് 30-35 മണിക്കൂറിനകം ഭൂമിക്കടിയിലേക്കുതന്നെ തിരികെപ്പോകുന്ന മൂന്നിഞ്ചുമാത്രം വലിപ്പമുള്ള ഒരു തവളയാണ് മൂക്കൻതവള എന്ന നാസികബട്രാക്കസ്. (നാസിക = മൂക്ക്, ബട്രാക്കസ് = തവളയ്ക്കു ഗ്രീക്കിൽ പറയുന്ന പേര്). 35-40 ദിവസത്തിനകം മുട്ടകൾ വാൽമാക്രി ആവുകയും വാൽ അറ്റുപോവുകയും ചെയ്താൽ ഇവയും ഉടൻ ഭൂമിക്കടിയിലേക്കുപോകും. ആണ്തവളകളെക്കാൾ ഇരട്ടിയിലധികം വലിപ്പമുള്ള പെണ്തവളകളിൽ രണ്ടായിരത്തിലധികം മുട്ടകൾ ഉണ്ടാകും എന്നതാണ് പ്രത്യേകത.
പാതാളത്തവളയുടെ ഡിഎൻഎ പഠനത്തിൽനിന്നു കുറഞ്ഞത് 65 ദശലക്ഷം വർഷത്തെ പരിണാമകഥയും ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന ഭീമൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവും കണ്ടെത്താനായതായിരുന്നു ബിജുവിന്റെയും ഫ്രാങ്കിയുടെയും അപൂർവവിജയം. നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്ന വിശേഷണത്തിന് അർഹമാവാൻ കാരണമിതാണ്.
ബിബിസി വിളിച്ചു, "ഫ്രോഗ്മാൻ ഒാഫ് ഇന്ത്യ'
ഡോ. ബിജുവിന്റെ അനന്യവും അദ്ഭുതാവഹവുമായ കണ്ടുപിടിത്തങ്ങളെക്കുറിച്ച് 2016 ജനുവരി 22ന് ബിബിസി നൽകിയ ന്യൂസിലാണ് "ഇന്ത്യയുടെ ഒറ്റയാൻ ഫ്രോഗ്മാൻ' ( India’s maverick frogman) എന്നു വിശേഷിപ്പിച്ചത്. നാഷണൽ ജ്യോഗ്രഫിക്, ദി ഇക്കണോമിസ്റ്റ്, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ എന്നീ ലോകത്തെ മുൻനിര മാധ്യമങ്ങളിൽ ബിജുവിനെക്കുറിച്ച് റിപ്പോർട്ടുകളും ഫീച്ചറുകളും വന്നു. നേച്ചർ, സയൻസ്, പ്രൊസീഡിംഗ്സ് ഒാഫ് ദ നാഷണൽ അക്കാദമി ഒാഫ് സയൻസ്, പ്രൊസീഡിംഗ്സ് ഒാഫ് ദ റോയൽ സൊസൈറ്റി ഒാഫ് ലണ്ടൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജേണലുകളിൽ ഫ്രോഗ്മാന്റെ കണ്ടെത്തലുകൾ പഠനപ്രബന്ധങ്ങളായി വന്നു.
അധ്യാപകനായി ഡൽഹി വാഴ്സിറ്റിയിൽ
2003ലെ ഈ കണ്ടെത്തലിനുശേഷം അപേക്ഷയോ അഭിമുഖമോ കൂടാതെ 2005ൽ ഡൽഹി യൂണിവേഴ്സിറ്റി ഡോ. ബിജുവിനെ അധ്യാപകനായി നിയമിച്ചു. വൈസ് ചാൻസലർ ദീപക് നെയ്യാർ, പ്രോ വൈസ് ചാൻസലർ സി.ആർ. ബാബു എന്നിവരാണ് മുൻകൈ എടുത്തത്. വർഷത്തിൽ നാലുമാസം ഫീൽഡ് വർക്കിന് അനുമതി, മികച്ച മോളിക്യുലാർ ലാബ് - ബിജുവിന്റെ ആവശ്യങ്ങൾ വാഴ്സിറ്റി അംഗീകരിച്ചു. ഇപ്പോൾ ഡൽഹിയിലും അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിലും അധ്യാപകനാണ് ഡോ. ബിജു. ഇതിനകം രണ്ട് ഉഭയജീവികുടുംബങ്ങളെയും 11 ജനുസുകളെയും 106 സ്പീഷിസുകളെയും കണ്ടെത്തിയ ഇദ്ദേഹം ഇപ്പോൾ ആൻഡമാൻ ദ്വീപിൽ ഫീൽഡ് വർക്കിലാണ്.
മേഘാലയയിൽനിന്ന് "ചിക്കിലിഡേ'
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യവേക്ഷണം നടത്തുന്നതിനിടെ മേഘാലയയിലെ ഗാരോ ഹിൽസിൽനിന്നാണ് നാഴികക്കല്ലായി മാറിയ രണ്ടാമത്തെ ഉഭയജീവികുടുംബത്തെ (സിസിലിയൻ) കണ്ടെത്തിയത്. ഗാരോയിലെ ഗോത്രവർഗക്കാർ ഇവയെ "ചിക്കള'എന്നാണു വിളിക്കുന്നത്. അതുകൊണ്ട് ഇതിന് "ചിക്കിലിഡേ' എന്ന് നാമകരണം ചെയ്തു. വിരയെപ്പോലെ തോന്നിക്കുന്ന, കാലുകൾ ഇല്ലാത്ത ഈ സിസിലിയന്റെ ജീവിതവും ഭൂമിക്കടിയിലാണ്. കുഴികുത്താൻ തക്കവിധം കട്ടിത്തലയോടുള്ള ഇവയുടെ അമ്മ അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്. കുഞ്ഞുങ്ങൾക്കും വിരയുടെ രൂപംതന്നെ.
ഇണചേരലിന്റെ ഏഴാം രീതി
ബിജുവിന്റെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മഹത്തായ മറ്റൊന്നായി ലോകം വിശേഷിപ്പിച്ചത് "ബോംബെ രാത്തവള'കളുടെ ഇണചേരൽ രീതിയാണ്. അതുവരെയും ലോകത്തെ 7500ൽപരം തവളകൾ ആറു രീതിയിൽ ഇണചേരുന്നതാണ് ശാസ്ത്രലോകം രേഖപ്പെടുത്തിയിരുന്നത്. ഏഴാമതായി കണ്ടെത്തിയ ഈ രീതിക്ക് "ഡോർസൽ സ്ട്രാഡിൽ' എന്നു പേര്. "തവളകളുടെ കാമസൂത്രയിലെ പുതു അധ്യായം' എന്നുവരെ ലോകം ഇതിനെ വിശേഷിപ്പിച്ചു.
ഈ വലിയ കണ്ടെത്തലിനെക്കുറിച്ച് ബിജു പറയുന്നതിങ്ങനെ: ""2002ൽ മഹാരാഷ്ട്രയിലെ കൊയ്ന വന്യജീവിസങ്കേതത്തിൽവച്ചാണ് വ്യത്യസ്തമായ ഇണചേരൽരീതി ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഹംബർലി ഗ്രാമത്തിൽനിന്നു നാലു മണിക്കൂർ കാട്ടിലൂടെ നടന്നാൽ ചെങ്കൽവിള്ളലിലൂടെ ഒഴുകുന്ന ഒരു കാട്ടാറുണ്ട്. ഒരു പെരുമഴക്കാലത്ത് ഞങ്ങൾ നാലംഗസംഘം ഇവിടെ 32 ദിവസം താമസിച്ചു ഗവേഷണം നടത്തി. രാത്രിയിൽ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്ന നാല് ഇൻഫ്രാറെഡ് വീഡിയോ കാമറകൾ ഉപയോഗിച്ച് തവളയുടെ ഇണചേരൽ 300 മണിക്കൂർ ഷൂട്ട് ചെയ്തു.
ഇണയെ ആകർഷിക്കാൻ സാധാരണ ആണ്തവളകളാണ് കരഞ്ഞു ശബ്ദമുണ്ടാക്കുക. ഈ ക്ഷണത്തിന് "അഡ്വർടൈസ്മെന്റ് കോൾ' എന്നാണു ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. എന്നാൽ, ബോംബെ രാത്തവളകളിൽ (നിക്റ്റി ബട്രാക്കസ് ഹുമയൂണി) പെണ്തവളകളാണു ശബ്ദമുണ്ടാക്കുന്നത്. ഇങ്ങനെയെത്തുന്ന ആണ്തവള പെൺതവളയുടെ മേൽ ബീജം നിക്ഷേപിച്ച ഉടനേ ഇറങ്ങിപ്പോകും. പെൺതവളയാകട്ടെ രണ്ടു സെക്കൻഡിനുള്ളിൽ നാല്പതോളം മുട്ടകൾ ഇടും. ബീജം മുതുകിൽനിന്ന് ഒലിച്ചിറങ്ങി ഫെർട്ടിലൈസേഷൻ നടക്കുകയും ചെയ്യും.
ഗുരുവിന്റെ പേരിൽ തവളകൾ
താൻ കണ്ടെത്തിയ തവളയിനങ്ങളിൽ നിരവധിയെണ്ണത്തിനു തന്നെ സഹായിച്ച വ്യക്തികളുടെയും ഗോത്രവർഗക്കാരുടെയും തദ്ദേശീയരുടെയുമെല്ലാം പേരുകൾ ചേർത്താണ് ബിജു പേരിട്ടത്. പശ്ചിമഘട്ടത്തിലെ ഫീൽഡ് പഠനത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചത് അഗസ്ത്യകൂടം താഴ്വരയിലെ ചാത്തൻകോട് സെറ്റിൽമെന്റിൽനിന്നുള്ള ഭഗവാൻകാണിയും അദ്ദേഹത്തിന്റെ മകൻ മല്ലൻകാണിയും സുഹൃത്ത് വിജയൻകാണിയുമായിരുന്നു. മൂപ്പൻ ഭഗവാൻകാണിയാണ് കാട്ടിലൂടെ നടക്കാനും ശബ്ദം തിരിച്ചറിയാനും ബിജുവിനെ പഠിപ്പിച്ചത്.
കാട്ടിൽ കയറാൻ സഹായിച്ച വനംവകുപ്പ് മുൻ മേധാവി ടി.എം. മനോഹരന്റെ പേരാണ് അഗസ്ത്യമലയുടെ താഴ്വാരങ്ങളിലും ചതുപ്പുനിലങ്ങളിലുംനിന്ന് കണ്ടെത്തിയ തവളയ്ക്കിട്ടത് - "മിനർവേരിയ മനോഹരി'. വയനാട്ടിലെ വഴിവക്കിലെ വെള്ളക്കെട്ടിൽനിന്നു താനും തന്റെ ഗവേഷണവിദ്യാർഥി സോനാലി ഗാർഗും ചേർന്നു കണ്ടെത്തിയ പുതിയ തവളയ്ക്കു തന്റെ ഗുരു പ്രഫ. ഫ്രാങ്കി ബോസിറ്റിയോടുള്ള ബഹുമാനാർഥം "മിസ്റ്റിസെല്ലസ് ഫ്രാങ്കി' എന്ന പേരു നൽകി.
ആൻഡമാൻ ദ്വീപിൽമാത്രം കാണുന്ന "ആൻഡമാൻ ചാൾസ്ഡാർവിൻ'എന്ന തവളയുടെ സവിശേഷമായ മുട്ടയിടൽരീതി കണ്ടെത്തിയതും ബിജുവും സംഘവുമാണ്. വെള്ളമുള്ള മരപ്പൊത്തിൽ തലകീഴായി മുട്ടയിടുന്ന ലോകത്തിലെ ഏക തവളയാണിത്. 55 രാത്രികളിൽ നിരീക്ഷണപഠനം നടത്തിയാണ് ഇതു കണ്ടെത്തിയത്.
ബിജുവിന്റെ പേരിലും
മറ്റു ഗവേഷകർ കണ്ടെത്തിയ രണ്ടു തവളകൾക്ക് അവർ ബിജുവിന്റെ പേരു നൽകിയിട്ടുണ്ട്. ഡോ. അനിൽ സക്കറിയ മൂന്നാറിൽനിന്നു കണ്ടെത്തിയ തവളയ്ക്കു നൽകിയ പേര്- "ബെഡോമിക്സാലസ് ബിജൂയി'. ഇന്ത്യക്കാരും ഇന്തോനേഷ്യക്കാരുമടങ്ങിയ ഗവേഷകസംഘം നിക്കോബാർ ദ്വീപിൽനിന്ന് 2020ൽ കണ്ടെത്തിയ തവളയ്ക്കു നൽകിയ പേര് - "ബിജുറാണ നിക്കോബാറിയേൻസിസ്'. ബിജുവിന്റെ 106 തവളകളുടെ കണ്ടെത്തലിനുപിന്നിലും ആശ്ചര്യജനകമായ അനുഭവകഥകളുണ്ട്...
ഐയുസിഎൽ സാബിൻ അവാർഡ്, സാങ്ച്വറി ഏഷ്യ വൈൽഡ് ലൈഫ് സർവീസ് അവാർഡ്, ഹാർവാഡ് സർവകലാശാലയുടെ റാഡ്ക്ലിഫ് ഫെലോഷിപ്, പ്രഥമ കേരളശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബിജുവിന്റെ കരുത്തും പ്രചോദനവുമാണ് ഭാര്യ ഡോ. അനിത ബിജു. അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ചെയ്യുന്ന മൂത്തമകൾ അഞ്ജു പാർവതി, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ബിഡിഎസ് അവസാന വർഷ വിദ്യാർഥിനിയായ ഇളയമകൾ കല്യാണി ബിജു എന്നിവരാണ് മക്കൾ.