മുട്ടിലേക്കു മുഖം താഴ്ത്തി കുനിഞ്ഞിരിക്കുകയായിരുന്ന ആ മനുഷ്യരൂപം മുഖമുയർത്തി. അരണ്ടവെളിച്ചത്തിൽ നിഴൽ പോലെ മുന്നിൽ കറുത്ത നിറമുള്ള അഴികൾ... നിറം മങ്ങിയ ചുവരുകളും അരിച്ചരിച്ച് എത്തുന്ന വെളിച്ചവും... കണ്ടുമടുത്ത കാഴ്ചകൾ. ചുറ്റുമുള്ള കാഴ്ചകൾ എന്തൊക്കെയാണെന്ന് ഇപ്പോൾ മനഃപാഠമായിട്ടുണ്ട്. ഇനിയും തുറക്കാത്ത അഴികൾക്കിപ്പുറം ജീവിതമിങ്ങനെ ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടോളമായി... ഇനിയെങ്കിലും ഈ അഴികൾ തനിക്കു വഴിമാറുമോ? നിറഞ്ഞുവന്ന കണ്ണുകളെ വിരൽതുന്പുകൊണ്ട് തുടച്ചിട്ട് ആ മനുഷ്യരൂപം വീണ്ടും മുട്ടുകളിലേക്കു മുഖംപൂഴ്ത്തി. ഇതു സോണി കുര്യൻ. ഇടുക്കി കുമളി പുത്തൻപുരയ്ക്കൽ വീട്ടിൽ മേരി കുര്യന്റെ മകൻ. വയസ് അന്പത്. ജയിൽ അഴിക്കുള്ളിൽ ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട് നീണ്ട 29 വർഷങ്ങൾ. സാഹചര്യങ്ങളുടെ സമ്മർദത്തിൽ ചെയ്തുപോയ തെറ്റിന്റെ പേരിൽ ജീവിതത്തിന്റെ വസന്തം മുഴുവൻ ജയിലിൽ ഹോമിക്കേണ്ടി വന്ന നിർഭാഗ്യവാൻ.
പാപിയോ ഇരയോ?
ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ ആധി പൂണ്ടു നടന്ന ഇരുപത്തിയൊന്നാം വയസിൽ ചെയ്തുപോയ ഒരു മഹാപാപത്തിന്റെ കുറ്റബോധം ഇന്നും സോണിയെ വേട്ടയാടുകയാണ്. സോണി ചെയ്ത കുറ്റമെന്തെന്നു കേട്ടാൽ ആദ്യം ആരുമൊന്നു ഞെട്ടും. അപ്പന്റെയപ്പൻ ഉൾപ്പെടെ അഞ്ചു പേരെ കൂട്ടക്കൊല ചെയ്തു. 1996ലാണ് ഈ കൊടുംകുറ്റത്തിന്റെ പേരിൽ സോണി ജയിലിൽ പോകുന്നത്. ന്യായീകരണമില്ലാത്ത, മാപ്പില്ലാത്ത ക്രൂരമായ കൊടുംപാപം. അക്കാര്യം ഇന്ന് ആരെക്കാളും തിരിച്ചറിയുന്നത് സോണി തന്നെ. നീണ്ട 29 വർഷങ്ങളിൽ സോണി ആയിരം വട്ടം സ്വയം ചോദിച്ച ചോദ്യം ഇതാവണം. "ഞാനൊരു കൊടും പാപിയോ, അതോ ഇരയോ?'' സോണിയുടെ കഥ കേട്ടാൽ ആരുടെയും കൺകോണുകൾ നനയും.
അഴി തുറന്ന ദുരിതം
ഓർമവച്ച നാൾ മുതൽ സോണിയുടെ മാത്രമല്ല , അമ്മ മേരിയുടെ ജീവിതവും ദുരിതങ്ങളുടെ അഴിക്കുള്ളിലാണ്. പത്തൊൻപതാം വയസിൽ വിവാഹാലോചനയുമായി വന്ന ചെക്കനെയും കൂട്ടരെയും കണ്ടപ്പോൾത്തന്നെ മേരിയുടെ അമ്മ ചോദിച്ചു. "പയ്യനു തളർവാതം വന്നപോലെ ഉണ്ടല്ലോ?.'' ഒന്നുമില്ലെന്ന് ചെക്കൻ കൂട്ടർ മറുപടി നൽകി. എന്നാൽ, വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവിനു ക്ഷീണവും തളർച്ചയും നിരന്തര രോഗങ്ങളും. നാലു വർഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ഭർത്താവ് മരിച്ചപ്പോൾ മേരിക്കു വയസ് വെറും 24. സോണിക്കു നാലു വയസും അനിയന് ഒരു വയസും. കൈക്കുഞ്ഞുങ്ങളുമായി പകച്ചുനിന്നു ആ യുവതി. ഭർതൃ വീട്ടുകാരുടെ സംരക്ഷണം ആഗ്രഹിച്ചും പ്രതീക്ഷിച്ചും നിന്ന അവർ അന്ധാളിച്ചു പോയി. കൈക്കുഞ്ഞുങ്ങളെയും മേരിയെയും പോറ്റാൻ ഭർത്താവിന്റെ വീട്ടുകാർ തയാറായില്ല. ആ അവഗണന മേരിയുടെ മാനസിക നില പോലും തെറ്റിക്കുന്ന സ്ഥിതിയിലാക്കി. ഒടുവിൽ അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.
തിരസ്കരണങ്ങൾ
ഒടുവിൽ സോണി മൂന്നാം ക്ലാസിൽ എത്തിയപ്പോൾ അവനെ പഠിപ്പിക്കാൻ തയാറായി സോണിയുടെ പിതാവിന്റെ അപ്പൻ മുന്നോട്ടുവന്നു. മേരിയുടെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യത്തിന് ഒടുവിലായിരുന്നു ആ തീരുമാനം. പക്ഷേ, അത് അവനു ദുരിതകാലമായി ഭവിച്ചു. പഠിക്കാൻ മോശമാണെന്നു പറഞ്ഞു തല്ലും ശകാരവും ഒഴിഞ്ഞ നേരമില്ലെന്ന് സോണി ഓർക്കുന്നു. നാലിൽ തോറ്റതോടെ സോണി അമ്മയ്ക്കു കത്തെഴുതി. ശാരീരിക പീഡ സഹിക്കാനാവാതെയായിരുന്നു ആ കുറിപ്പ്. കുഞ്ഞുനാൾ മുതൽ കാണുന്ന അമ്മയുടെ തോരാക്കണ്ണീർ, മാനസിക പ്രയാസങ്ങൾ, സാമ്പത്തിക ദുരിതങ്ങൾ... കുഞ്ഞു സോണിയുടെ മനസും ശരീരവും ദുർബലമാകാൻ വേറെ കാരണമൊന്നും വേണ്ടായിരുന്നു. അമ്മയെ ഓർത്താണ് അവൻ ഏറ്റവും വിഷമിച്ചത്. കുട്ടികൾ രണ്ടും കൗമാരത്തിൽ എത്തിയതോടെ നാട്ടുകാരും അയൽക്കാരും ചേർന്ന് കൂട്ടായി ഇടപെട്ടു. അങ്ങനെ കുര്യന്റെ അമ്മ ഏറെക്കാലത്തിനു ശേഷം അവർക്കുള്ള വിഹിതം നൽകി . ഉപ്പുതറയിൽ തൊണ്ണൂറ് സെന്റ്. അവിടെ മേരി കുട്ടികളുമായി ഒരു ചെറിയ വീട്ടിൽ താമസമായി. മേരിയുടെ പിതാവ് തോമസ് കുട്ടൻ തുണയായി കൂടെനിന്നത് ആശ്വാസമായി. കഞ്ഞിക്കു മുട്ടില്ല, പക്ഷേ, മറ്റൊന്നിനും നയാപൈസയില്ല!
താളം തെറ്റുന്നു
പ്രീഡിഗ്രിക്കു തോറ്റ സോണി ഇലക്ട്രിക്കൽ കോഴ്സ് പഠിക്കാൻ ചേർന്നു. സോണിക്കു തുണയായി ഉണ്ടായ അപ്പച്ചൻ തോമസ് കുട്ടൻ തറപ്പേലും ആ സമയത്തു വിടവാങ്ങി. അമ്മയുടെ തോരാക്കണ്ണീരും മാനസിക പീഡയും കണ്ട് മനസിൽ സന്തോഷത്തിന്റെ അണു പോലും ബാക്കിയില്ലാതെയായിരുന്നു അവന്റെ ബാല്യകൗമാരങ്ങൾ. പരാജയങ്ങളും പ്രതിസന്ധികളും ആ മനസിനെ സമ്മർദത്തിലാക്കി. ലക്ഷ്യം തെറ്റിയതു പോലെ അലഞ്ഞു.
ഉപ്പുതറയിൽനിന്നു മൂന്നു കിലോമീറ്റർ മാറിയാണ് സോണിയുടെ തറവാടും വീടും. തൊട്ടടുത്തായി വല്യപ്പൻ കുര്യൻ വർക്കിയുടെ അടുത്ത ബന്ധു കൊച്ചൗസേപ്പ് താമസിക്കുന്നു. അരക്ഷിതമായ ബാല്യവും ദാരിദ്ര്യം നിറഞ്ഞ കൗമാരവും ജീവിത തിരിച്ചടികളും സമൂഹത്തിന്റെ മുന്നിലേക്കു വരാൻ സോണിയെ നിരുത്സാഹപ്പെടുത്തിയ കാലം . ചുറ്റിനും ഉയരുന്ന പരിഹാസങ്ങളിൽ ചൂളിപ്പോയിരുന്നു അന്നൊക്കെയെന്നു സോണി സമ്മതിക്കുന്നു.
കൊടുംപാതകം
1996 ഒക്ടോബർ മാസത്തിലെ ഒരു വൈകുന്നേരം. ജീവിതം മാറ്റിമറിച്ച അന്നു നടന്നതൊക്കെ കണ്ണാടിയിലെന്നപോലെ ഇപ്പോഴും സോണിയുടെ മനസിലുണ്ട്. സോണിയുടെ അപ്പന്റെ അനുജൻ ജോസഫ് വർക്കിയുടെ മകൻ പതിനാലുകാരനായ ജോബിൻ ജോസഫും വല്യപ്പച്ചൻ കുര്യൻ വർക്കിയും ആ വൈകുന്നേരം തറവാട്ടു വീട്ടിൽ ഉണ്ട് . സോണി വീട്ടിലേക്ക് എത്തിയതും "ആ വട്ടൻ ചെക്കൻ വന്നല്ലോ'' എന്നായിരുന്നത്രേ ജോബിന്റെ പ്രതികരണം. ഒരു പതിനാലുകാരന്റെ ചാപല്യങ്ങളിൽനിന്നുള്ള പ്രതികരണമായിരുന്നെങ്കിലും ആ കെട്ട നേരത്ത് അതു വല്ലാത്ത അധിക്ഷേപമായി സോണിക്കു തോന്നി. ആ പരിഹാസം അതിരുകടന്നെന്ന വിചാരം അവന്റെ മനസിനെ കുത്തി മുറിവേൽപ്പിച്ചു. ദേഷ്യം കലശലായി, അവൻ പുറത്തേക്കു പോയി. പിന്നിൽ ഉച്ചത്തിലുള്ള ചിരി ചെവിയിൽ തുളഞ്ഞു കയറി. മനസ് കലുഷിതമായി. എല്ലാം കൈവിട്ടു പോകുന്നതു പോലെ. കൊടിയ അപമാനത്തിൽ വെന്തുരുകുന്നതു പോലെ. അധിക്ഷേപത്തിൽ അഭിമാനം മുറിപ്പെട്ടു എന്നു തോന്നിയപ്പോൾ മനസ് പിടിവിട്ടു. ഇതിനു പ്രതികാരം ചെയ്യണമെന്ന ദുഷ്ചിന്ത മനസിനെ കീഴടക്കി.
കൈയിൽ കിട്ടിയത് ഒരു ഇരുന്പിന്റെ എലിക്കെണിയായിരുന്നു. അതുമായി സോണി തിരിച്ചെത്തി. മറ്റൊരാളായി അവൻ മാറിയിരുന്നു. പ്രതികാരദാഹത്തോടെ ആദ്യം ജോബിനെ ആഞ്ഞടിച്ചു, പിന്നെ തടയാൻ എത്തിയ വല്യപ്പച്ചൻ പുത്തൻപുരയ്ക്കൽ വർക്കിയെ, ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽനിന്നു വന്ന പുത്തൻപുരയ്ക്കൽ കൊച്ചൗസേപ്പിനെ, ഭാര്യ ത്രേസ്യമ്മയെ, ഇവരുടെ കൊച്ചുമകൻ പന്ത്രണ്ട് വയസുള്ള ജോബിയെ എന്നിവരെയെല്ലാം ആ യുവാവ് ഭ്രാന്തമായി അടിച്ചു കൊലപ്പെടുത്തി.
ജയിലിലേക്ക്
കൂട്ടക്കൊലയ്ക്കു ശേഷം ആ വീട്ടിൽനിന്ന് ഇറങ്ങിയ സോണി ഭ്രാന്തുപിടിച്ചതുപോലെ അടുത്തുള്ള മലമുകളിലേക്കു പോയി. അടുത്തു കണ്ട അരുവിയിൽ രക്തം പുരണ്ട കൈകൾ കഴുകി. മുഖത്തേക്കു തണുത്ത വെള്ളം വീണതും സ്ഥലകാല ബോധം തിരിച്ചു കിട്ടി. ചെയ്തുപോയ മഹാപാപത്തെ ഓർത്തു അലമുറയിട്ടു. ചെയ്തുപോയ മഹാപരാധത്തിന്റെ ആഴം തിരിച്ചറിയാൻ തുടങ്ങി. ആളൊഴിഞ്ഞ വീട്ടിലെ പശുത്തൊഴുത്തിൽ പരതിയപ്പോൾ കിട്ടിയ കത്തിയുമായി ഇരു കൈകളുടെയും ഞരമ്പ് മുറിച്ചു, കാലുകളിൽ വെട്ടി സ്വയം പരിക്കേൽപ്പിച്ചു. നാട്ടുകാർ സംഘടിച്ചു സോണിയെ ഉപ്പുതറ ആശുപത്രിയിൽ എത്തിച്ചു മുറിവുകൾ തുന്നിച്ചേർത്തപ്പോഴേക്കും പോലീസ് എത്തി. അങ്ങനെ 1996 ഒക്ടോബർ 17 എന്ന ശാപദിനത്തോടെ സോണിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ആദ്യം പീരുമേട് സബ് ജയിലിൽ, പിന്നെ പൂജപ്പുര ജയിലിൽ.
കേസ് വിചാരണ നടന്നു. വിധി വന്നത് 2000 ഡിസംബറിൽ. തൊടുപുഴ അഡിഷണൽ സെഷൻസ് കോടതി സോണിയെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. വീണ്ടും പൂജപ്പുര സെൻട്രൽ ജയിലിൽ. സോണിയുടെ നല്ല നടപ്പും മനസാന്തരവും അവധിക്കു പോയാൽ കൃത്യമായി മടങ്ങി വരുന്നതും കണക്കിലെടുത്തു 2005 മുതൽ 2017 വരെ തുറന്ന ജയിലിലേക്കു മാറ്റി. അവിടെ ജോലികൾ കഠിനമായതോടെ വീണ്ടും പൂജപ്പുരയിൽ തിരിച്ചെത്തി . കുറ്റവാളി നമ്പർ 1755 ആയി. അന്നു നടന്നത് എന്ത്, എങ്ങനെ എന്ന് ഓർമിക്കാൻ പോലും സോണിക്ക് ആഗ്രഹമില്ല. ഒരുതരം നിർവികാരത, വിഷാദം , നീണ്ട മൗനം, ചെയ്തുപോയ മഹാപാപത്തിൽ നൊന്ത മനസുമായി മണിക്കൂറുകളോളം തലകുമ്പിട്ട് ഇരിക്കും.
സോണി ജയിലിൽ പോയി ഒരു വർഷമാകും മുൻപേ മേരിയെ തേടി വീണ്ടും ദുരന്തം എത്തി. ഇളയ മകൻ സോജി കനാൽ പണിക്കിടെ ഇടിമിന്നലേറ്റ് മരിച്ചു. യഥാസമയം അറിയിക്കാൻ കഴിയാഞ്ഞതു മൂലം അനുജനെ ഒരു നോക്കു കാണാൻ സോണിക്കു കഴിഞ്ഞില്ല. മകന്റെ മരണം കൂടിയായതോടെ ഉപ്പുതറയിൽ വിഹിതം കിട്ടിയ സ്ഥലം വിറ്റു. കിട്ടിയതാകട്ടെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും! ആ പൈസയും ഇളയമകന്റെ മരണത്തെത്തുടർന്ന് ലഭിച്ച രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുകയും ചേർത്ത് കടം കൊടുത്താണ് മേരിയുടെ നിത്യച്ചെലവ് കഴിയുന്നത്. അവധിക്കു സോണി വരുമ്പോൾ ജയിലിൽ ജോലിയെടുത്തു കൊണ്ടുവരുന്ന പൈസയും ആ അമ്മയ്ക്ക് ആശ്വാസമാണ്.
തന്റെ ജീവിതത്തിന്റെ ഇരട്ടിയിലധികം ജയിലിൽ കഴിഞ്ഞ സോണിയുടെ മോചനം ഇനിയും അകലെയാണ്. ജയിലിനുളളിൽ തെറ്റ് തിരുത്താനും മനസാന്തരത്തിനും ധാരാളം അവസരങ്ങൾ ഉണ്ട്. മരണശിക്ഷയ്ക്കു വിധിക്കാവുന്ന വകുപ്പുകൾ പ്രകാരം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാർ കുറഞ്ഞത് പതിനാലു വർഷം ജയിലിൽ കഴിയണം. സോണിയുടെ കാര്യത്തിൽ അതിന്റെ ഇരട്ടിയിലധികമായി. ഭരണഘടനയിലെ അനുച്ഛേദം 72 പ്രകാരം രാഷ്ട്രപതിക്കും 161 പ്രകാരം സംസ്ഥാന ഗവർണർക്കും ഏതു ശിക്ഷയും ഇളവ് നൽകാനും കഴിയും. ആർട്ടിക്കിൾ 161 പ്രകാരം നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവപര്യന്തം തടവുകാരെ വിട്ടയയ്ക്കുന്നതിനു ഗവർണർക്കു നിയമപരമായ തടസങ്ങൾ ഇല്ല . ജയിൽ ഉപദേശക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാന പ്രകാരം ഗവർണർ ഉത്തരവ് ഇട്ടാൽ വിടുതൽ സാധിക്കും
തീരുമാനമാകാതെ
സോണി കുര്യന്റെ വിടുതൽ അപേക്ഷ ജയിൽ അധികൃതർ ജയിൽ ഉപദേശക സമിതിക്കു മുമ്പാകെ നാലു തവണ വച്ചു. ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ല. 2011 മുതൽ വിട്ടയയ്ക്കാനുള്ള ശ്രമങ്ങൾ ജയിൽ അധികൃതർ നടത്തുന്നുണ്ട് . 2018ൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. 22 വർഷം ശിക്ഷ അനുഭവിച്ചിട്ടും നല്ലനടപ്പ് തെളിയിച്ചുകൊണ്ട് തുറന്ന ജയിലിൽ കഴിഞ്ഞിട്ടും സോണിയെ വിട്ടയയ്ക്കാത്തതു മനുഷ്യത്വരഹിതമാണെന്നു മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു. അതിനു ശേഷം ഏഴ് വർഷങ്ങൾ കൂടിയായി, നീണ്ട 29 കൊല്ലം. 21–ാം വയസിൽ ജയിലിൽ അകപ്പെട്ട യുവാവ് അതിലും ഏറെ വർഷമായി തടവറയ്ക്കുള്ളിൽ! സോണിയെപ്പോലെ മാനസാന്തരം വന്ന മറ്റൊരാൾ ഇല്ലെന്നു ജയിൽ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. കനിവിന്റെ പ്രതീക്ഷ അവശേഷിക്കുന്നത് സുപ്രീം കോടതിയിൽനിന്നാണ്. പക്ഷേ, അവിടെ വരെ എത്താനോ അഭിഭാഷകനെ ഏർപ്പാടാക്കാനോ മേരിക്കു സാധിച്ചിട്ടില്ല. ജയിലുകളിൽ തടവുകാർക്കും പുറത്തു തടവുകാരുടെ ഉറ്റവർക്കും ഒട്ടേറെ സമാധാന, സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന ജീസസ് ഫ്രട്ടേണിറ്റി എന്ന സംഘടന ഏറെക്കാലമായി സോണിക്കും അമ്മ മേരിക്കും ആശ്വാസമാണ് . തുടർന്നും സഹായത്തിനു സന്നദ്ധവുമാണ് ഈ കരുതലുള്ള സംഘടനക്ക് ഒപ്പം പ്രവർത്തിക്കുന്നവർ . സോണിക്ക് മോചനം സാധ്യമാക്കാനുള്ള വഴി തേടുകയാണ് ജീസസ് ഫ്രട്ടേണിറ്റിയും.
അവരും ക്ഷമിച്ചിട്ടും
സോണിയുടെ കൊടുംക്രൂരതയ്ക്ക് ഇരയായവർക്കും പറയാനുണ്ട്. മകനെയും അപ്പനെയും ക്രൂരമായി കൊലചെയ്ത സോണിയോടു പ്രതികാരമോ വൈരാഗ്യമോ ഇല്ലെന്നു കുര്യൻ വർക്കിയുടെ ഇളയമകൻ പുത്തൻപുരക്കൽ വീട്ടിൽ ജോസഫ് വർക്കി, അന്നും ഇന്നും പറയുന്നു. സോണിയെ വിട്ടയയ്ക്കുന്ന നടപടിയുടെ ഭാഗമായി തൊടുപുഴ പോലീസ് വീട്ടിൽ എത്തിയപ്പോഴും അതുതന്നെ പറഞ്ഞെന്നു ജോസഫ് ആണയിടുന്നു.
സംഭവത്തിൽ അപ്പനും മകനും നഷ്ടമായി ജോസഫിന്. പിന്നീട് കുടുംബബന്ധങ്ങൾ ഒരിക്കലും പഴയതുപോലെ ആയില്ലെന്നു മാത്രം. കൊല്ലപ്പെട്ട കൊച്ചൗസേപ്പിന്റെ കുടുംബം ഉപ്പുതറ വിട്ടുപോയി. അപ്പനും അമ്മയും മകനും നഷ്ടപ്പെട്ട കൊച്ചൗസേപ്പിന്റെ മകൻ ജേക്കബ് അറുപത്തിയേഴാം വയസിൽ , കഴിഞ്ഞ വർഷം മരിച്ചു. ജേക്കബിന്റെ ഭാര്യയും കൊല്ലപ്പെട്ട ജോബിയുടെ അമ്മയുമായ മേരി ജേക്കബ് കൃഷിയും മറ്റുമായി രാജാക്കാട് ആണ് താമസം. പെൺമക്കൾ രണ്ടുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. അന്നു സംഭവം നടക്കുമ്പോൾ മേരി ജേക്കബ് രാജാക്കാട്ടെ കുടുംബ വീട്ടിൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് പോയിട്ടുമില്ല "ആ മകൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഒരു തുണ ആയേനെ. എത്ര പേരുടെ മനസിലെ കനലായി അതു ശേഷിക്കുന്നു'' മേരി ജേക്കബ് നെടുവീർപ്പോടെ പറഞ്ഞു. പക്വതയില്ലാത്ത പ്രായത്തിൽ വീണ്ടുവിചാരമില്ലാതെ ബന്ധങ്ങളുടെ വിലയറിയാതെ ചെയ്തുപോയ മഹാപാപത്തിന്റെ വില ഒരുപാടു ഹൃദയങ്ങളിലും തന്റെ ജീവിതം മുഴുവനായും നൽകേണ്ടിവരുമെന്ന് അന്ന് സോണി തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ന് അതിന്റെ പാപഭാരം സോണി മനസിൽ ഏറ്റെടുക്കുന്നു. പരിഹാരമില്ലെങ്കിലും!
തുറക്കുമോ വാതിൽ?
സോണി ആദ്യമായി അവധിക്കു വീട്ടിൽ വന്നത് ശിക്ഷയുടെ എട്ടാം വർഷത്തിലാണ്. പിന്നീട് ഓരോ ആറു മാസം കൂടുമ്പോഴും ഒരു മാസത്തെ അവധിക്കു വെള്ളാരംകുന്നിലെ വീട്ടിൽ എത്തും. അമ്മയ്ക്കൊപ്പം പള്ളിയിൽ പോകും. വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങിവരും. മീൻ വെട്ടും കറികൾ വയ്ക്കും അയൽക്കാരോടും നാട്ടുകാരോടും ഒക്കെ കുശലം പറഞ്ഞു കഴിയുന്ന സോണി തിരികെ ജയിലിൽ പോകാൻ സമയം അടുക്കുന്നതോടെ കടുത്ത വിഷാദത്തിൽ ആകുമെന്ന് മേരി പറഞ്ഞു. എങ്കിലും തന്റെ കുഴപ്പംകൊണ്ട് വിടുതൽ കാര്യം വരുമ്പോൾ ഒരു പ്രശ്നവും ഉണ്ടാകരുതെന്നു സോണിക്കു നിർബന്ധമുണ്ട്. അതുകൊണ്ട് കൃത്യസമയത്തുതന്നെ തിരികെ പോകും. പോകാൻ ഇറങ്ങുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തിട്ട് അവൻ പറയും" ഞാൻ തെറ്റ് ചെയ്തുപോയി. അതിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. വേഗം തിരികെ വരും. അമ്മ വിഷമിക്കരുത്''.
കണ്ണീരായി ഒരമ്മ
മേരിക്കു കലശലായ ശ്വാസം മുട്ട് ഉണ്ട്. മഴക്കാലത്ത് അതു കൂടുതൽ ശല്യം ചെയ്യും. അല്പം ചൂടുവെള്ളം വേണമെങ്കിലും തനിയെ എണീറ്റ് ഉണ്ടാക്കണം. 24-ാം വയസിൽ വിധവയും 41-ാം വയസിൽ കൊലപാതകിയുടെ അമ്മയും 42ൽ ഏകാന്തവാസിയുമായ ഒരമ്മ. സുഖവും സന്തോഷവും സമാധാനവും എന്തെന്ന് അറിയാത്ത 69 കൊല്ലത്തെ ജീവിതം. മകനെ പോലെ ആ അമ്മയും ജീവിതത്തിന്റെ അഴിക്കുള്ളിൽ കരഞ്ഞും പരിതപിച്ചും വിധിയോട് പരിഭവിച്ചും ജീവിക്കുന്നു. മക്കളും ഭർത്താവും ഉറ്റവരും ഇല്ലാത്ത ഏകാന്തവാസം. സോണിയെ പോലെതന്നെ നീണ്ട 29 വർഷങ്ങളായി! മകൻ വരുന്ന വഴികളിലേക്കു മിഴിനട്ട് ഇനി എത്രകാലം കൂടി കാത്തിരിക്കണമെന്ന് അവർക്കറിയില്ല. ഇരുട്ടുമൂടിയ ചിന്തകളുടെയും ആകുലതകളുടെയും തടവറയിൽ അമ്മ കഴിയുമ്പോൾ ഭയാനകമായ ഇന്നലെയെ ഓർത്തു നിഴൽ പോലും വീഴാത്ത അഴികൾക്കുള്ളിൽ മകൻ വിലപിക്കും, പരിതപിക്കും പശ്ചാത്തപിക്കും, അലമുറയിട്ടു കരയും. ഇനിയെങ്കിലും ഒന്നു ജീവിക്കണമെന്ന് ഉൽക്കടമായ ആഗ്രഹമുണ്ട്. പക്ഷേ, ആ കനിവ് എവിടെനിന്ന്, എപ്പോൾ എന്ന് ഒരുറപ്പും അയാൾക്കില്ല.
പ്രിയ രവീന്ദ്രൻ