ഷിക്കാഗോയിൽ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പുന്നത്തുറ സംഗമവും ആഘോഷിച്ചു
Thursday, July 7, 2016 8:20 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തിന്റെ പിതാവുമായ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പുന്നത്തുറ സംഗമവും സംയുക്‌തമായി ആഘോഷിച്ചു.

ജൂലൈ മൂന്നിനു രാവിലെ 10നു ലദീഞ്ഞോടെ ആരംഭിച്ച തിരുനാൾ കുർബാനയ്ക്ക് ഇടവക വികാരി ഫാ. തോമസ് മുളനാൽ കാർമികത്വം വഹിച്ചു.

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയ സഭകൾ ഉടലെടുക്കുന്നതെന്നും അച്ചൻ തന്റെ വചന സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവർഷം 52 ൽ തോമാശ്ലീഹാ സുവിശേഷവേലയ്ക്കായി കേരളത്തിലെ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്നും പിന്നീട് ക്രിസ്തുവർഷം 72ൽ തോമാശ്ലീഹ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് തന്റെ വിശ്വാസം ഏറ്റു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതം മാതൃകയാക്കി ജീവിക്കണമെന്ന് അച്ചൻ ഏവരേയും ഓർമിപ്പിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കൽ, നേർച്ച കാഴ്ച്ച സമർപ്പണം, സ്നേഹവിരുന്ന് എന്നിവ നടന്നു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് ഷിക്കാഗോയിലുളള പുന്നത്തുറ ഇടവകാംഗങ്ങളാണ്. അതിനുശേഷം ബേസ്മെന്റിൽ സൗഹൃദങ്ങൾ പുതുക്കിയും പഴയതും പുതിയതുമായ അനുഭവങ്ങൾ പങ്കുവച്ചും ജസ്റ്റിൻ തെങ്ങനാട്ടിന്റെയും ജിനോ കക്കട്ടിലിന്റെയും നേതൃത്വത്തിൽ പുന്നത്തുറ സംഗമവും നടന്നു. ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ, അൾത്താര ശുശ്രൂഷകർ, ഗായക സംഘം, സിസ്റ്റേഴ്സ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോണിക്കുട്ടി പിളളവീട്ടിൽ