ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക പരിശോധന ഏര്‍പ്പെടുത്തി ദിവസങ്ങൾക്കുശേഷം തീരുമാനം കാനഡ പിൻവലിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികൾ.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനഡ പറഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ കാനഡ തള്ളി.
മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും കാനഡ ഔദ്യോഗികമായി പ്രതികരിച്ചു.
വിദ്യാർഥിയുമായി ലൈംഗികബന്ധം: യുഎസ് അധ്യാപികയ്ക്ക് 30 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല.
2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർ-സ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു.
തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘടനം ഞായറാഴ്ച
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘടനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ (600 Pelican Avenue ,Gaithersburg, MD 20877) വച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷർ ജോയി ചാക്കപ്പൻ, വൈസ് പ്രസിഡന്റ് വിപിൻ രാജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു ശാമുവേൽ, ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കും.
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും ഉള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. അതിവിപുലമായ പരിപാടികളോട് ആണ് ഓരോ റീജിയണൽ കൺവൻഷനും നടത്തുന്നത്. വാഷിംഗ്ടൺ ഡിസി റീജിയൺ എന്നും ഫൊക്കാനയുടെ ഒരു കരുത്താണ്.
ഞായറാഴ്ച നടക്കുന്ന റീജിയണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ, റീജിയണൽ ഭാരവാഹികൾ ആയ ജോബി സെബാസ്റ്റ്യൻ, ജോൺസൺ കോണ്ടംകുളത്തിൽ, വർഗീസ് സ്കറിയ, ജെയിംസ് ജോസഫ്, ബിജോ വിതയത്തിൽ, ജോബി ജോസഫ്, ബോസ് വർഗീസ്, ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര, ആന്റണി കാണപ്പള്ളി, നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ, വിമൻസ് ഫോറം ഭാരവാഹികൾ ആയ സരൂപ അനിൽ, അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.
റവ.ഫാ. ജോസ് പൈറ്റേലിന്റെ കോർപ്പിസ്കോപ്പ സ്ഥാനാരോഹണം ഞായറാഴ്ച
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ വികാരിയുമായിരുന്ന റവ. ഫാ. ജോസ് ഡാനിയേൽ പൈറ്റേൽ കോർപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
ഞായറാഴ്ച രാവിലെ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് മലങ്കര അതിഭദ്രാസനാധിപന്‍ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് കോർപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
കായംകുളം ഒന്നാംകുറ്റി പൈറ്റേൽ പുത്തൻ വീട്ടിൽ കോശി ദാനിയേലിന്റെയും ഏലിസബത്തിന്റെയും നാലാമത്തെ മകനാണ്. കായംകുളം ശ്രീ വിട്ടോബാ ഹൈസ്കൂളിൽ നിന്നും 1970-71ൽ എസ്എസ്എൽസിയും എംഎസ്എം കോളജിൽ നിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കിയതിനുശേഷം പെരുമ്പള്ളി സെന്റ് ജയിംസ് സിറിയൻ തിയോള ജിക്കൽ സെമിനാരിയിലും മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും വൈദീക പഠനം നടത്തി.
1976 ജനുവരി 18ന് കായംകുളം മോർ മിഖായേൽ മെമോറിയൽ ആശ്രമ ചാപ്പലിൽ വച്ചു മോർ കൂറീലോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശു പട്ടമേറ്റു. തുടർന്ന് തിരുമേനിയുടെ സെക്രട്ടറിയായി, തിരുമേനി കാലം ചെയ്യുന്നതു വരെ, ശെമാശനായും കശീശാ ആയതിനു ശേഷവും സേവനമനുഷ്ഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം ദീപിക പത്രത്തിലും പിന്നീട് കൗൺസിലിംഗ് പഠനത്തിനു ശേഷം ശാന്തിഭവൻ മെന്റൽ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചു.
പശീത്താ സുറിയാനി ബൈബിളിന്റെ സമ്പൂർണ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയിൽ വന്ദ്യ മലങ്കരമല്പാൻ കണിയമ്പറമ്പിൽ അച്ചനെ സഹായിച്ചു. അതിന്റെ കെെയെഴുത്തുപ്രതിയും അതേ തുടർന്ന് പ്രിന്റിംഗിനു വേണ്ടിയുള്ള അതിന്റെ ഫെയർ കോപ്പി തയാറാക്കുവാനും അതിന്റെ പ്രൂഫ് റീഡിംഗു ചെയ്യുവാനും പ്രസിദ്ധീകരണത്തിന് തയാറാക്കുവാനും അച്ചനെ സഹായിച്ചു. അതിനു ശേഷം, പുതിയനിയമ വ്യാഖ്യാനം എഴുതിയപ്പോഴും സമാനമായ സേവനം ചെയ്തു.
കുന്നന്താനം സെന്റ് പീറ്റേഴ്സ്, കാവുംഭാഗം സെന്റ് ജോർജ്ജ് കത്തീഡ്രൽ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ചേപ്പാട് സെന്റ് ജോർജ് എന്നീ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായി സേവനം അനുഷ്ഠിച്ച ജോസ് ദാനിയേൽ അച്ചൻ, 2000 ൽ അമേരിക്കയിൽ എത്തി.
ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ, ഹാവർടൌൺ സെന്റ് പോൾസ് ചർച്ച് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഫിലാഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ചെയർമനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ നവവൈദീകരുടെയും ശെമ്മാശന്മാരുടെയും ഗുരുവും സുറിയാനി മല്പാനുമായ അച്ചൻ, നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നടത്തപ്പെടുന്ന സെന്റ് ജേക്കബ് ദസ്റൂഗ് സ്കൂൾ ഓഫ് സിറിയക് സ്റ്റഡീസിന്റെ പ്രധാന മല്പാനും ആണ്.
സുറിയാനി ഭാഷ എല്ലാ വിശ്വാസികൾക്കും അഭ്യസിക്കുവാൻ കഴിയുന്ന ഒരു സംരംഭമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന്റെ പ്രധാന അധ്യാപന ചുമതല നിർവഹിച്ചുകൊണ്ട് വൈദീക വിദ്യാർത്ഥികളേയും സ്കൂൾ കലാലയ വിദ്യാർഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനിഭാഷയിലുള്ള ആരാധനയുടെ ആസ്വാദ്യത വിശ്വാസികളിലേക്ക് പകരുന്നതിന് ഈ സംരംഭം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഹൂസ്റ്റണിൽ അന്തരിച്ച ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ - 69) പൊതുദർശനം ഞായറാഴ്ച വൈകുന്നേരം നടക്കും. സംസ്കാരം പിന്നീട് റാന്നി നസ്റേത്ത് മാർത്തോമ്മാ ദേവാലയത്തിൽ.
റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡന്റുമായ മേഴ്സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ.
മക്കൾ: മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ (മലയാളി അസ്സോസിയേഷാൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) മുൻ സെക്രട്ടറി), മെർലിൻ (ബഹറിൻ). മരുമക്കൾ: ലിനി മെവിൻ (ഹൂസ്റ്റൺ), അജിഷ് ചെറിയാൻ (ബഹറിൻ).
കൊച്ചുമക്കൾ: ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ മെവിൻ. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ വർഗീസ്, മേരിക്കുട്ടി സൈമൺ, ലീലാമ്മ വർഗീസ്, ജോൺസൻ ജോൺ (ഹൈടെക് ഇലക്ട്രോണിക്സ് - റാന്നി), ഫിലിപ്പ് ജോൺ (പിക്ച്ചർ വേൾഡ് സ്റ്റുഡിയോസ് - റാന്നി).
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഴു വരെ ഇമ്മാനുവേൽ മാർത്തോമ്മാ ദേവലായത്തിൽ (12803, Sugar Ridge Blvd, Stafford, Tx 77477).
പരേതന്റെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ), ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) തുടങ്ങിയ സംഘടനകൾ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മെവിൻ ജോൺ എബ്രഹാം - 832 679 1405.
ടാമ്പ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാൻഡോയിൽ
ഒർലാൻഡോ: ടാമ്പ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം ശനിയാഴ്ച നടത്തപ്പെടും. ഒർലാൻഡോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.
അന്നേദിവസം രാവിലെ 9.30ന് വിശുദ്ധ കുർബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ കാലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈബിൾ പ്രതിഷ്ഠയും നടത്തും.
തുടർന്ന് ഇരുനൂറ്റമ്പതോളം കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിലായി 26 മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. ടാമ്പ ഫൊറോനായുടെ കീഴിലുള്ള അറ്റ്ലാന്റാ, മിയാമി, ഒർലാൻഡോ, ടാമ്പ തുടങ്ങിയ ഇടവകളിൽ നിന്നുള്ള ആളുകൾ കാലോത്സവത്തിൽ പങ്കാളികളാകും.
ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സിജോയ് പറപ്പള്ളിൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ജോൺസൺ കണ്ണാംകുന്നേൽ, ജോസഫ് പതിയിൽ, ജൂലി ചിറയിൽ,
ഫിലിപ്പ് വെള്ളാപ്പള്ളിക്കുഴിയിൽ, റെനി പച്ചിലമാക്കിൽ, സാലി കുളങ്ങര, സിസ്റ്റർ സാന്ദ്രാ എസ്.വി.എം, സുബി പനംതാനത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയേറ്റു; അറ്റ്ലാന്റയിൽ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ജോര്‍ജിയ: സ്വന്തം തോക്കിൽനിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ആര്യന് റെഡ്ഡി (23) ആണ് മരിച്ചത്. അറ്റ്ലാന്റയിലെ വീട്ടില്‍ വെച്ച് ആണ് സംഭവം നടന്നത്.
പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ആര്യന് തോക്ക് വൃത്തിയാക്കാന്‍ എടുത്തത്. തുടർന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് സുഹൃത്തുക്കൾ ഓടിയെത്തിയപ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
വിനോദ് നായര്‍ പോര്ട്ട്ലാന്ഡില് അന്തരിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന് നായരുടേയും ശാന്തമ്മ നായരുടേയും മകന് വിനോദ് നായര്‍(വിനി 41) പോര്ട്ട്ലാന്ഡില് (ഒറിഗോണ്‍) അന്തരിച്ചു.
ജോലി സംബന്ധമായി പോർട്ട്ലാന്‍ഡിലായിരുന്നു താമസം. 2001ൽ സ്കെനക്റ്റഡി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ വിനോദ് 2005ൽ റെൻസെലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്റിൽ ബിഎസ് കരസ്ഥമാക്കി.
പിന്നീട് എൻവെെയു സ്റ്റേണിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും കരസ്ഥമാക്കി. നെസ്ലെ വാട്ടേഴ്സ്, ആമസോൺ, നെെക്ക് മുതലായ പ്രശസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
പിതാവ് പരേതനായ കൃഷ്ണന് നായര്‍ പത്തനംതിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര്‍ പത്തനംതിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്‍ഘനാളായി ആല്‍ബനിയുടെ അടുത്ത പ്രദേശമായ നിസ്ക്കയൂനയില്‍ സ്ഥിരതാമസക്കാരാണ്. സഹോദരി: ലീന നായര്‍. സഹോദരീ ഭര്‍ത്താവ്: കെന്‍ ജോണ്‍സ്
പൊതുദര്‍ശനം വെള്ളിയാഴ്ച (നവംബര്‍ 22) വൈകുന്നേരം നാലു മുതല്‍ എട്ടു വരെ ന്യൂ കോമര് ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 Troy-Schenectady Road, Watervliet, NY 12189).
അന്ത്യകര്‍മങ്ങളും സംസ്കാരവും ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ന്യൂ കോമര് ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 Troy-Schenectady Road, Watervliet, NY 12189).
ജെയിംസ് പി. ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ജെയിംസ് പി. ജോർജ്(76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ. ജോർജ് - പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ്.
1972ൽ അമേരിക്കയിലേക്ക് കുടിയേറിയ ജെയിംസ് ടെക്സസിലെ ഡാളസിൽ കുറച്ചുകാലം താമസിച്ച ശേഷം 1975ൽ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ഹൂസ്റ്റണിലെ ഐപിസി ചർച്ചിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാണ്.
ഭാര്യ കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി. മക്കൾ: ജേസൺ ജോർജ്, ജെൻസി ആന്റണി. മരുമക്കൾ: ആൻഡ്രൂ ആന്റണി, ഗ്രേസ് ജോർജ്.
സഹോദരങ്ങൾ: ലീലാമ്മ ജേക്കബ് - സാം ജേക്കബ്(കാലിഫോർണിയ), മറിയാമ്മ സാം - സാം കുഞ്ഞു(ഡാളസ്), ഡാർലിം ബോബൻ - ഉണ്ണുണ്ണി(ഡാളസ്), ജോസ് പി. ജോർജ് - മറിയാമ്മ ജോർജ് (ഹൂസ്റ്റൺ), എലിസബത്ത് ചെമ്പനാൽ - ജോർജ് ചെമ്പനാൽ(ഡാളസ്).
പൊതുദർശനം വെള്ളിയാഴ്ച (നവംബർ 22) വെെകുന്നേരം 6:30 മുതൽ ഒന്‍പത് വരെ(സിടി) ഹെബ്രോൺ ഐപിസി, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ്, ഹൂസ്റ്റൺ, TX 77048ൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒന്‍പത് മുതൽ 11.30 വരെ(സിടി) ഹെബ്രോൺ ഐപിസി 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ് ഹൂസ്റ്റൺ, TX 77048ൽ തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് പി. ജോർജ് (ഹൂസ്റ്റൺ) - 832 754 9204.
ട്രംപിനു തിരിച്ചടി; അറ്റോർണി ജനറൽ നോമിനി മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ഒരു പാനൽ അന്വേഷിച്ച് വരികയായിരുന്നു.
സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. ഇതിനിടെയാണ് പിന്മാറ്റം.
ജോർജിയയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ്
ഏഥൻസ്(ജോർജിയ): ജോർജിയ സർവകലാശാലയിലെ നഴ്സിംഗ് വിദ്യാർഥിനിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനധികൃത കുടിയേറ്റക്കാരൻ ഹൊസെ ഇബാറയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബുധനാഴ്ച നടന്ന വിചാരണയിൽ ഇയാൾക്കെതിരെ ചുമത്തിയ 10 കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഏഥൻസ്ക്ലാർക്ക് കൗണ്ടി സുപ്പീരിയർ കോടതി കണ്ടെത്തി. പരോളിന്റെ സാധ്യതയില്ലാതെയാണ് ഇബാറയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കേസിൽ അപ്പീൽ നൽകാനോ പുതിയ വിചാരണ അഭ്യർഥിക്കാനോ ഇബാറയ്ക്ക് 30 ദിവസമുണ്ട്. റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങി നിറഞ്ഞ കോടതിമുറിയിലാണ് ജഡ്ജി എച്ച്. പാട്രിക് ഹാഗാർഡ് വിധി പ്രഖ്യാപിച്ചത്.
റൈലിയുടെ കുടുംബാംഗങ്ങൾ കോടതിയിൽ നൽകിയ പ്രസ്താവനകൾ കോടതിമുറിയിൽ വികാരനിർഭരമായ നിമഷങ്ങൾക്ക് കാരണമായി.
“പേടിയും പരിഭ്രാന്തിയും നിറഞ്ഞ എന്റെ കുട്ടിയോട് ഹൊസെ ഇബാറ ഒരു ദയയും കാണിച്ചില്ല. ആ ഭയാനകമായ ദിവസം, എന്റെ മകൾ ആക്രമിക്കപ്പെട്ടു. മർദിക്കപ്പെട്ടു. ക്രൂരമായ പീഡനത്തിൽ നിന്ന് സ്വയം രക്ഷ നേടാൻ പോരാടി. ഈ ദുഷ്ടനായ ഭീരു റൈലിയുടെ ജീവിതത്തോട് യാതൊരു പരിഗണനയും കാണിച്ചില്ല,” റൈലിയുടെ അമ്മ അലിസൺ ഫിലിപ്സ് വേദനയോടെ പറഞ്ഞു.
ഹൊസെ ഇബാറ എന്റെ ജീവിതം പൂർണമായും തകർത്തു. വലിയ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ, റൈലിയുടെ സഹോദരി ലോറൻ ഫിലിപ്സ് പറഞ്ഞു.
കുട്ടികളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് തള്ളി കൊലപ്പെടുത്തിയ അമ്മയ്ക്ക് പരോൾ നിഷേധിച്ച് കോടതി
കൊളംബിയ: കൊളംബിയയിൽ 30 വർഷം മുൻപ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു. ബുധനാഴ്ച നടന്ന പരോളിനു വേണ്ടിയുള്ള വാദത്തിൽ സൂസൻ സ്മിത്ത് വികാരാധീനയായി തന്റെ തെറ്റ് ഏറ്റുപറഞ്ഞെങ്കിലും ബോർഡ് അപേക്ഷ തള്ളിക്കളഞ്ഞു.
1994ൽ മൂന്ന് വയസുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്സാണ്ടറിനെയും കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട സംഭവം കൊളംബിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാർ തന്നെ നീങ്ങി പോയതാണെന്ന് സൂസൻ ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് താൻ തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു.
""ഞാൻ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാൻ കഴിയുമെങ്കിൽ ഞാൻ എന്തും നൽകും. ഞാൻ മൈക്കിളിനെയും അലക്സിനെയും പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു'' വികാരാധീനനായ സൂസൻ സ്മിത്ത് പരോൾ ബോർഡിനോട് പറഞ്ഞു.
എന്നാൽ സൂസൻ സ്മിത്തിന്റെ ഭർത്താവ് ഡേവിഡ് സ്മിത്ത് പരോൾ നിരസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു ദാരുണമായ അപകടമായിരുന്നില്ല. കുട്ടികളുടെ ജീവിതം അവസാനിപ്പിക്കാൻ സൂസൻ മനഃപൂർവം ഉദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി - യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നവംബർ 17ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ചേർന്നു.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ചേരുന്ന ആധ്യാത്മീയ സമ്മേളനമാണ് നാല് ദിവസം നീളുന്ന ഫാമിലി - യൂത്ത് കോൺഫറൻസ്. എം. കെ. കുറിയാക്കോസ് (വികാരി), ഫാ. സുജിത് തോമസ് (അസി. വികാരി), എന്നിവരുടെ സഹകാർമികത്വത്തിൽ നടന്ന കുർബാനയ്ക്കുശേഷം ഇടവക സെക്രട്ടറി ജോബിൻ റെജി ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു.
ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജോൺ താമരവേലിൽ (ട്രഷറർ), ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), ജെയ്സി ജോൺ (സുവനീർ ചീഫ് എഡിറ്റർ), രാജൻ പടിയറ (പ്രൊസഷൻ കോർഡിനേറ്റർ), ദീപ്തി മാത്യു, ആഞ്ജലീന ജോഷ്വ, കെസിയ ഏബ്രഹാം, ഐറിൻ ജോർജ്ജ്, ജാസ്മിൻ കുര്യൻ, ജോഷിൻ ഏബ്രഹാം (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
ജോബിൻ റെജി (ഇടവക സെക്രട്ടറി), അജിൻ ഏബ്രഹാം (ഇടവക ട്രഷറർ), ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിന്നി ചെറിയാൻ, ഏബ്രഹാം വറുഗീസ് എന്നിവർ വേദിയിൽ ചേർന്നു. ഉമ്മൻ കാപ്പിൽ തന്റെ ആമുഖ പ്രസംഗത്തിൽ, ഭദ്രാസനത്തിന്റ് വളർച്ചയ്ക്കും വികസനത്തിനുമായിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.
തുടർന്ന് കോൺഫറൻസ് തീയതി, സ്ഥലം, പ്രാസംഗികർ എന്നിവയെക്കുറിച്ച് ദീപ്തി മാത്യു സംസാരിച്ചു. ജോൺ താമരവേലിൽ റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് ജെയ്സി ജോൺ സംസാരിച്ചു.
കോൺഫറൻസിനെ പിന്തുണയ്ക്കാൻ ആകർഷകമായ സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റി ലിസ് പോത്തൻ വിശദീകരിച്ചു. എന്റർടൈൻമെന്റ് നൈറ്റിൽ പങ്കെടുക്കാൻ ജാസ്മിൻ കുര്യൻ ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. കെസിയ ഏബ്രഹാമും ആഞ്ജലീന ജോഷ്വയും മുൻ കോൺഫറൻസിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചു.
ഫാ. എം.കെ. കുറിയാക്കോസ് മുൻകാല സമ്മേളനങ്ങൾ നയിച്ചതിലും പങ്കെടുത്തതിലുമുള്ള തന്റെ സ്വന്തം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് എല്ലാവരോടും അറിയിച്ചു.
ഫാ. എം.കെ. കുറിയാക്കോസും ഫാ. സുജിത് തോമസും റജിസ്ട്രേഷനും സുവനീറിന് ആശംസകളും പിന്തുണയും വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ അജിൻ ഏബ്രഹാം സുവനീറിനുള്ള സംഭാവന കൈമാറി.
വർഗീസ് തോമസ് ഡയമണ്ട് ലെവൽ സ്പോൺസർ എന്ന നിലയിൽ തന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ലിസ് ആൻഡ് അലക്സ് പോത്തൻ ഗോൾഡ് സ്പോൺസർഷിപ്പും ലീലാമ്മ വർഗീസ് ഗ്രാൻഡ് സ്പോൺസർഷിപ്പും നൽകി.
നൈനാൻ മത്തായി ആൻഡ് മാത്യു സാമുവൽ (ലവ് ആൻഡ് ഗ്ലോറി ഹോം കെയർ സർവീസസ്), സുവർണ വർഗീസ് എന്നിവർ ബിസിനസ് പരസ്യങ്ങൾ നൽകി. കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടും നിരവധി ഇടവക അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. വൈദികർക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീമിനെ പ്രതിനിധീകരിച്ച് ജോൺ താമരവേലിൽ നന്ദി അറിയിച്ചു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666).
ശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശശിധരൻ നായർക്കു മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഭീഷ്മാചാര്യ പുരസ്കാരം സമ്മാനിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിനു സംഘടനാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രമുഖ കലാകാരനും ആർട്സ് അധ്യാപകനും ഷാർലറ്റിലെ നൂറു കണക്കിന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സ്റ്റുഡിയോ ഓഫ് വിഷ്വൽ ആർട്സിന്റെ ഉടമയുമായ ഗിരീഷ് നായരിൽ നിന്നും ഷാർലറ്റിൽ വച്ചു നടന്ന ശിവോഹം കൺവൻഷൻ ശുഭാരംഭം ചടങ്ങിൽ ശശിധരൻ നായർ പുരസ്കാരം ഏറ്റു വാങ്ങി.
മന്ത്രയുടെ ഹൂസ്റ്റൺ കൺവൻഷന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായ ശശിധരൻ നായരെ പോലെയുള്ളവരെ ആദരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ കാര്യപ്രാപ്തിയുള്ള യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ നേതൃനിര മന്ത്രയ്ക്കുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ശശിധരൻ നായർ അഭിപ്രായപ്പെട്ടു.
ശശിധരൻ നായരുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭാര്യ പൊന്നമ്മ നായർ മികച്ച പിന്തുണ നൽകുന്നു. ഫോമാ, ഫൊക്കാന, കഐച്എസ്, കഐച്എൻഎ, കേരള കൾച്ചറൽ അസോസിയേഷൻ ഹൂസ്റ്റൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമയുടെയും ഗുരുവായൂരപ്പൻ ക്ഷേത്രം നിർമാണം സാധ്യമാക്കിയ കെഎച്ച്എസിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ നേതൃ നിരയിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ള പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംരഭങ്ങൾക്കു ചുക്കാൻ പിടിച്ചു.
ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പോലെ തിളങ്ങിയ അദ്ദേഹം പിന്നീട് സംഘടനാ രംഗത്തും തന്റെ സാന്നിധ്യം ശക്തമാക്കി. അഡ്വൈസറി ബോർഡിലെ സാന്നിധ്യം, മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാർഗ ദീപം ആയിരിക്കും എന്ന് മന്ത്രയുടെ വിവിധ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഫോമാ ന്യൂയോർക്ക് എംപയർ റീജിയൺ പ്രവർത്തനോദ്ഘാടനം 24ന്
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് എംപയർ റീജിയണിന്റെ 2024 -26 വർഷത്തെ പ്രവർത്തനോദ്ഘാടനം 24ന് വൈകുന്നേരം 4.30ന് യോങ്കേഴ്സിലുള്ള സെന്റ് തോമസ് മാർത്തോമ്മാ ദേവാലയ പാരിഷ് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടക്കും.
ആർവിപി പി.ടി. തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ,
നാഷനൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണാൾഡ് ജോഫ്രിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷിനു ജോസഫ്, കംപ്ലെയ്ൻസ് കമ്മിറ്റി വൈസ് ചെയർ ഷോബി ഐസക്, ജുഡീഷ്യൽ കമ്മിറ്റി ചെയർ ജോഫ്രിൻ ജോസ്, ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, പിആർഒ ഷോളി കുമ്പിളുവേലി, നേതാക്കളായ തോമസ് കോശി, ജെ.മാത്യു എന്നിവർ സംസാരിക്കും.
വിവിധ അംഗ സംഘടനാ പ്രസിഡന്റുമാരായ പ്രദീപ് നായർ, ഫിലിപ്പ് ചെറിയാൻ, വർഗീസ് എം. കുര്യൻ, കോട്ടക്കൽ എം. ചാക്കോ, ജോസ് മലയിൽ, ജിജോ ആന്റണി, സുരേഷ് മുണ്ടക്കൽ, ജയേഷ് തളിയക്കാട്ടിൽ, രാജേഷ് ഗോപാൽ, അനീഷ് കണ്ണംപുറത്തു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
റീജിയണൽ നേതാക്കളായ മോൻസി വർഗീസ്, സന്തോഷ് എബ്രഹാം, ആശിഷ് ജോസഫ്, എൽസി ജൂബ്, സണ്ണി കല്ലൂപ്പാറ, തോമസ് സാമുവേൽ, ജോസഫ് വടശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
നടനും പ്രമുഖ മിമിക്രി കലാകാരനുമായ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കലാപരിപാടികളും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ചടങ്ങിൽ അവതരിപ്പിക്കും.
വിലാസം: 34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്സ്, 10705
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം 24ന് ഡയസ്പോറ ഞായറായി ആചരിക്കും
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭ ഈ മാസം 24ന് ഡയസ്പോറ ഞായറായി (പ്രവാസി ഞായർ) ആചരിക്കും. മാർത്തോമ്മാ സഭയുടെ പ്രവാസി അംഗങ്ങളുടെ സംഭാവനകളെ ആദരിക്കുന്ന ദിനമായിട്ടാണ് പ്രവാസി ഞായറാഴ്ച ആചരിക്കുന്നതെന്ന് തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അറിയിച്ചു.
നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ ഇടവകകളും ഈ ദിവസം അർഥവത്തായ രീതിയിൽ ആചരിക്കണം. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മാർത്തോമ്മാ വിശ്വാസികൾ സഭയുടെ വ്യക്തിത്വം സജീവമായി ഉയർത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവർത്തനങ്ങളിൽ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.
യുവാക്കളിൽ പലരും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. ഈ യുവജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആത്മീയ കൂട്ടായ്മ നൽകാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പ്രാദേശിക സഭകളെയും ഇടവകകളെയും ഓർമിപ്പിക്കുന്നു.
പ്രവാസി ഞായറാഴ്ച ദൈവത്തിന്റെ മാർഗനിർദേശത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും പ്രവാസികളുടെ അനുഗ്രഹീതമായ ജീവിതത്തിനായി പ്രാർഥിക്കുന്നതിനുമായി വേർതിരിച്ചിരിക്കുന്നതാണ്.
ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്ന് മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.
അമേരിക്കയിൽ അയോധ്യ ക്ഷേത്രം ഉയരുന്നു
ഹൂസ്റ്റൺ: ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോധ്യ ക്ഷേത്രങ്ങൾ ഉയരുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പെയർലാൻഡിൽ ആയിരിക്കും അയോധ്യ ക്ഷേത്രം ഉയരുക.
ടെക്സസിൽ പെയർലാൻഡിലെ പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായി അഞ്ചേക്കർ സ്ഥലം സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ നേരത്തെ തന്നെ വാങ്ങിയിരുന്നു.
ശനിയാഴ്ച(നവംബർ 23) രാവിലെ സെൻട്രൽ സമയം 9.30ന് സൂമിലായിരിക്കും ക്ഷേത്ര നിർമാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാൽ തന്ത്രി ശ്രീ വാസുദേവ ഭട്ടതിരിയുടെ പ്രാർഥനയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക.
ചടങ്ങിന് സാക്ഷിയാകാൻ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നിന്നുമുല്ല സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ ചെയർമാൻ ശ്രീശക്തി ശാന്താനന്ത മഹർഷിയോടൊപ്പം മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞവർഷം നവംബർ 23 കെഎച്ച്എൻഎയുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടന്നിരുന്നു. ഈ വർഷം നവംബർ 23ന് ക്ഷേത്ര നിർമാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമർപ്പിക്കുന്നതും 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമങ്ങൾ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൗണ്ടേഷൻ ഡയറക്ടർമാരായ ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള, ജയപ്രകാശ് നായർ, മാധവൻ നായർ, സുനിൽ നായർ, വിശ്വനാഥൻ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തിൽനിന്നോ ഭരദേവതാ ക്ഷേത്രത്തിൽനിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂർവമായ അവസരമുണ്ടാക്കുമെന്നു ക്ഷേത്ര സമിതി കോഓർഡിനേറ്റർ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ തകിടിൽ ആലേഖനം ചെയ്ത് ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാൻ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ധാരാളം പ്രത്യേകത ഉള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു.
ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 23ന് നടക്കുന്ന സൂം മീറ്ററിംഗിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാൻ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യർഥിച്ചു.
അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം രൂപീകരിച്ചു
ഫ്ലോറിഡ: ഫൊക്കാന ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം നിലവിൽ വന്നതായി പ്രസിഡന്റ് സണ്ണി മറ്റമന അറിയിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള അറ്റോർണി അഭിലാഷ് ടി. മത്തായി (എൽഎൽഎം - ഇന്റർനാഷണൽ ലോ) ചെയർ പേഴ്സണും ടെക്സസിലെ ഡാളസിൽ നിന്നുള്ള ബെനഡിക്ട് ജോർജ് (എൽഎൽബി, സിപിഎ), ബാൾട്ടിമോറിൽനിന്നുള്ള അഡ്വ. ജോയ് കൂടാലി, ന്യൂജഴ്സിയിൽ നിന്നുള്ള ജീമോൻ ജോസഫ് (എൽഎൽബി) എന്നിവർ ലീഗൽ കോർഡിനേറ്റർമാരുമായിരിക്കും.
ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്ന നിയമ ബിരുദധാരികൾക്കു അമേരിക്കയിൽ നിയമ പഠനം തുടർന്ന് ഇവിടത്തെ ഡിഗ്രി കരസ്ഥമാക്കാനുള്ള ക്ലാസുകൾ, പരീക്ഷാ സഹായം തുടങ്ങിയ മാർഗനിർദേശങ്ങൾ നൽകുക, ഇന്ത്യയിൽ വസ്തുവകകളിലും മറ്റും നിയമ പ്രശ്നങ്ങൾ ഉള്ളവർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ലീഗൽ അഫയേഴ്സ് ഫോറം അഥവാ നിയമോപദേശക സമിതി.
അമേരിക്കയിലെ ഇന്ത്യൻ ലീഗൽ എംപവർമെന്റ് ഫോറത്തിന്റെ നാഷണൽ അംബാസിഡർ ആണ് അഭിലാഷ് മത്തായി. ഇന്ത്യയിൽ നിന്നുള്ള നിയമജ്ഞരെയും നിയമ വിദ്യാർഥികളെയും അമേരിക്കയിൽ മുന്നേറാൻ സഹായിക്കുക അതുപോലെ ഇന്ത്യക്കാരായ നിയമ ബിരുദധാരികൾക്ക് യുണൈറ്റഡ് നേഷൻ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട്, വേൾഡ് ട്രേഡ് ഓർഗനൈസഷൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നീ സംരംഭങ്ങളിൽ ജോലി കരസ്ഥമാക്കാനും അന്താരാഷ്ട്ര നിയമത്തിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന സംഘടനയാണ് ലീഗൽ എംപവർമെന്റ് ഫോറം.
ഫൊക്കാന ഇന്റർനാഷണലിലൂടെ തന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാനാകുമെന്നു അഭിലാഷ് മത്തായി പറഞ്ഞു. ടെക്സസിലെ ഡാളസിൽ സ്വന്തം സിപിഎ സ്ഥാപനം നടത്തുകയാണ് ബെനഡിക്ട് ജോർജ് എന്ന ബെന്നി. കേരളത്തിൽ നിന്നും നിയമബിരുദവും അമേരിക്കയിൽ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമായ ബെന്നി നാൽപതു വർഷത്തിലധികമായി ഡാലസിലാണ്.
നാട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ആളാണ് അഡ്വക്കേറ്റ് ജോയ് കൂടാലി. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തു സജീവ സാന്നിധ്യമായ ജോയ് ബാൾട്ടിമോർ കൈരളിയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്.
മാംഗ്ലൂർ സർവകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ജീമോൻ ജോസഫ് 2003ലാണ് അമേരിക്കയിലെത്തുന്നത്. ന്യൂജഴ്സിയിൽ ന്യൂ ബ്രെൻസ്വിക്കിൽ താമസിക്കുന്നു.
ഇന്ത്യയിൽ ഉടമസ്ഥാവകാശമുള്ള സ്വത്തുക്കളിൽ തർക്കങ്ങൾ ഉള്ള ധാരാളം മലയാളികൾക്ക് ഈ നിയമസഹായ വേദി ഉപകരിക്കുമെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പ്രത്യാശ പ്രകടിപ്പിച്ചു.
കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് അനിവാര്യം: റവ. ജോർജ് ജോസ്
ഹൂസ്റ്റൺ: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച മുൻ വികാരി റവ. ജോർജ് ജോസ്.
വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർത്തിമായി എന്ന അന്ധനായ മനുഷ്യന് ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേൾവി ശക്തി കൊണ്ടാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
കരുണ ലഭ്യമാകുന്ന വിശ്വാസത്തിന്റെ ഉടമയായിരുന്നു അന്ധനായ ബർത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാർഥനയാണ് നടത്തിയത്, കാഴ്ച ലഭിച്ചപ്പോൾ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദർശിക്കുന്നതും അവനെ കാഴ്ച നൽകിയ ക്രിസ്തുവിനെയാണെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുഖ്യാതിഥിയായ റവ.ജോർജ് ജോസ്.
പ്രാർഥനാ സമ്മേളനത്തിൽ റവ. ഉമ്മൻ സാമുവേൽ പ്രാരംഭ പ്രാർഥന നടത്തി. സോഫി പരേൽ (എംടിസി ഡാളസ് കരോൾട്ടൻ) ഗാനമാലപിച്ചു. ഡാനിയൽ വർഗീസ് (ഇമ്മാനുവൽ എംടിസി ഹൂസ്റ്റൺ), പി.കെ. തോമസ് (ട്രിനിറ്റി എംടിസി, ഹൂസ്റ്റൺ) എന്നിവർ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
പ്രസിഡന്റ് റവ.ഫാ. അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ലില്ലി അലക്സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ നിരവധി അംഗങ്ങൾ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തു.
റോബി ചേലഗിരി (സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദിയും പറഞ്ഞു. സമാപന പ്രാർഥനയും ആശീർവാദവും റവ. ഉമ്മൻ സാമുവേൽ നിർവഹിച്ചു.
മറിയാമ്മ മാത്യൂസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്.
1971ൽ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്സായിരുന്നു. 2019ൽ സർവീസിൽ നിന്നും റിട്ടയർ ചെയ്ത് ഡാളസിലേക്കു താമസം മാറ്റി മകനോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
മക്കൾ: സജി മാത്യുസ് (മെക്കനി, ഡാളസ്), സണ്ണി മാത്യുസ് (ബോസ്റ്റൺ), മരുമക്കൾ: അമാൻഡ, ജൂലി.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd) ഡിസംബർ ഏഴിന് നടക്കും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ തമ്പി ചീരൻ - 91 999 587 5894.
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി കാനഡ
ഓട്ടവ: കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാനഡയിലെ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കി. ഇരുരാജ്യങ്ങളും കടുത്ത നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണു കാനഡയുടെ തീരുമാനം.
ഇതുമൂലം പ്രീ-ബോർഡിംഗ് പരിശോധനകൾക്ക് അന്താരാഷ്ട്ര യാത്രക്കാർക്ക് ദീർഘനേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്നു യാത്രക്കാരോട് എയർകാനഡ അഭ്യർഥിച്ചു.
ഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു.
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യ-ഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ബുധനാഴ്ച നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലിക്കും തട്ടിപ്പിനും കേസ്
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലി നൽകിയതിനും തട്ടിപ്പിനും കേസ്. അഴിമതിക്കുറ്റത്തിന് ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
20 വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ സൗരോർജ വിതരണക്കരാറുകൾ നേടാൻ 250 ദശലക്ഷം ഡോളറിന്റെ (2,100 കോടി രൂപ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു.
യുഎസ് നിക്ഷേപകരിൽനിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അദാനി ഗ്രീൻ എനെർജിക്കെതിരേ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
കുറ്റപത്രത്തിൽ തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമുണ്ടെന്നു സൂചനയുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു.
അദാനി എനര്‍ജി സൊലൂഷന് 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.
റീറ്റ ജോസഫ് ബിനോയ് യുഎസിൽ അന്തരിച്ചു
റോച്ചസ്റ്റർ: തിരുവനന്തപുരം കേശവദാസപുരം ആനന്ദ് നഗർ എഎൻആർഎ-12 വേങ്ങൽ പരേതനായ ബിനോയ് ചെറിയാന്റെ (പ്രൊജക്ടറ്റ് മാനേജർ, ഷെറോക്സ്, റോച്ചസ്റ്റർ യുഎസ്എ) ഭാര്യ റീറ്റ ജോസഫ് ബിനോയ് (64, സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, കൂപ്പർവിഷൻ, റോച്ചസ്റ്റർ യുഎസ്എ) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച റോച്ചസ്റ്റർ ഔവർ ലേഡി ക്വീൻ പീസ് പള്ളിയിൽ. പരേത പൊൻകുന്നം കരിക്കാട്ടുകുന്നേൽ റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരേതനായ എം.ഇ. ജോസഫ് - കാവാലം കണ്ണാടി തറയിൽ പരേതയായ മേരി ജോസഫിന്റെയും മകളാണ്.
മക്കൾ: ഡോ. മറിയ ബിനോയ് (ജനറൽ ഫിസിഷ്യൻ, മെമ്മോറിയൽ ഹെൽത്ത് സിസ്റ്റംസ്, ഒഹായോ), അന്ന ബിനോയ് (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ് ഡാളസ്). മരുമക്കൾ: ഡോ. സൈറസ് കെല്ലർമിയർ (അസി. പ്രഫസർ, അനസ്തയോളജി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി), ലോഗൻ ഹെരിംഗ്ടെൻ (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ്, ഡാളസ്).
സഹോദരങ്ങൾ: ഈപ്പൻ ജോസഫ് (റിട്ട. എംഡി, ടിടിപി), ജയിംസ് കെ. ജോസഫ് ഐഎസ് ആൻഡ് എഎസ് (റിട്ട. അക്കൗണ്ടന്റ് ജനറൽ), പ്രഫ. ടോം ജോസഫ് (സെന്റ് സേവ്യേഴ്സ് കോളജ്), സിറിയക് ജോസഫ് (ബിസിനസ്), പ്രഫ. ലീല പോൾ, ഡോ. അമ്മിണി ജോസഫ്, പ്രഫ. അച്ചാമ്മ ചാക്കോ, തങ്കമ്മ ജോസ്, റാണി ജോർജ്, ഡോ. മിനി മൈക്കിൾ (എല്ലാവരും യുഎസ്എ), ചാച്ചിമ്മ ക്രിസ്റ്റി (ഡൽഹി), ബീന ബാബു (ബംഗളൂരു), മഞ്ജു ജിമ്മി (സിഡ്നി).
പരേതയയുടെ ആത്മശാന്തിക്കായി മുട്ടട ഹോളി ക്രോസ് പള്ളിയിൽ ശനിയാഴ്ച നാലിനു കുർബാനയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
ജോർജ്ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണിൽ കാലുകുത്തുന്നത്.
പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റ് ഇർഫാൻ അലി വിമാനത്താവളത്തിലെത്തി. പ്രസിഡന്റിനൊപ്പം ഗയാന പ്രധാനമന്ത്രി മാർക് ആന്റണി ഫിലിപ്സും കാബിനറ്റ് മന്ത്രിമാരും സ്വീകരിക്കാനെത്തിയിരുന്നു.
ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടി എന്നിവരും എത്തി. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ് ’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ’ എന്നിവ മോദിക്കു സമ്മാനിക്കും.
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ വിവിധ വകുപ്പിൽ വിരമിച്ചവരുടെ കുടുംബ സംഗമം ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ നടന്നു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
മുഖ്യ സംഘാടകനായ പോൾ കറകപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. ലാലു മാത്യു, രാജു യോഹന്നാൻ, അപ്പുക്കുട്ടൻ നായർ എന്നിവർ ഗാനങ്ങളാലപിച്ചപ്പോൾ ജയപ്രകാശ് നായർ ഒരു കവിത ആലപിച്ചു.
ഫിലിപ്പ് ന്യൂജഴ്സി, ജയപ്രകാശ് നായർ, ചാക്കോ കോയിക്കലേത്ത്, ഏബ്രഹാം കടുവട്ടൂർ, വർഗീസ് ഒലഹന്നാൻ, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവർ ആശംസാ പ്രസംഗം ചെയ്തു.
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സിലെ നോവ ജോർജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജൻ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രൻ, ഫിലിപ്പ് ന്യൂജഴ്സി, വർഗീസ് ലൂക്കോസ് എന്നിവരാണ് പോൾ കറുകപ്പിള്ളിയോടൊപ്പം കുടുംബസംഗമം സംഘടിപ്പിക്കുവാൻ പ്രയത്നിച്ചത്.
സാഹിത്യകാരൻ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണിൽ) എംസിയായി പ്രവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് വർഗീസ് ലൂക്കോസ് നന്ദി അറിയിച്ചു.
ചിത്രം: അജി കളീക്കല്‍
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ 50 സ്ഥലങ്ങളിൽ ചോർച്ച
വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയം(ഐഎസ്എസ്) 50ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു. ഈ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്നതായും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്നും നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ബഹിരാകാശ നിലത്തിന്റെ റഷ്യൻ ഭാഗത്താണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്. നാസയും റോസ്കോസ്മോസും ചേർന്ന് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു.
ഐഎസ്എസിലെ നാല് പ്രധാന വിള്ളലുകളും ചോർച്ച സംഭവിക്കുന്ന മറ്റ് 50 പ്രദേശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് നാസ അധികൃതർ പറഞ്ഞു. റോസ്കോസ്മോസ് ഈ വിള്ളലുകൾ അടയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ചോർച്ച ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ‘സുരക്ഷാ ആശങ്ക’ എന്ന നിലയിൽ ഇതിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നാസ പറയുന്നു.
നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം ഫ്രേ, ഈ ചോർച്ചയുടെ ഗൗരവത്തെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ചോർച്ച ആ ഹാച്ചിനടുത്ത് നടക്കുന്നതിനാൽ, ആ ഹാച്ച് കഴിയുന്നത്ര അടച്ചിടാൻ റോസ്കോസ്മോസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വൈകുന്നേരവും ബഹിരാകാശയാത്രികർ അത് ഓഫ് ചെയ്യുമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും ഫ്രീ പറഞ്ഞു. ഐഎസ്എസിന്റെ അമേരിക്കൻ ഭാഗത്ത് താമസിക്കുന്ന ബഹിരാകാശയാത്രികരെ എപ്പോഴും രക്ഷപ്പെടാനുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടുണ്ടെന്ന് നാസ പറഞ്ഞു.
അഞ്ച് വർഷം മുൻപാണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാസ അവകാശപ്പെട്ടു. ബഹിരാകാശ നിലയം 2030-വരെ പൂർണമായി ഉപയോഗിക്കാനും സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും നാസ പ്രതിജ്ഞാബദ്ധമാണ്.
നാസ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിരവധി ഓപ്ഷനുകൾ പരിശോധിച്ചു വരികയാണ്. അവ വേർപെടുത്തി ഭൂമിയിലേക്ക് മടങ്ങുക, ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുക, ക്രമരഹിതമായ പുനഃപ്രവേശനത്തിലൂടെ, വിദൂര സമുദ്രമേഖലയിലേക്ക് നിയന്ത്രിത ടാർഗെറ്റ് റീ-എൻട്രി എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് പരിശോധിക്കുന്നത്.
ഡാളസ് കേരള അസോസിയേഷന്റെ "കേരള പിറവി ദിനാഘോഷം' അവിസ്മരണീയമായി
ഡാളസ്: ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാമത് കേരള പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത് ഡാളസ് ഫോർത്ത്വർത്ത് മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന മലയാളി കലാസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി.
ശനിയാഴ്ച "കേരളീയം' എന്നപേരിൽ ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാളിൽ സംഘടിപ്പിച്ച കേരളീയം ചടങ്ങിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.
കൃത്യം ആറിന് അമേരിക്കൻ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും സ്വാഗതം ചെയുകയും ചെയ്തു.
തുടർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, കോൽക്കളി തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന തകർപ്പൻ കലാപരിപാടികൾ പങ്കെടുത്ത എല്ലാവരുടെയും കാതിനും മനസിനും കുളിർമയേകുന്നതായിരുന്നു.
ഇൻസ്ട്രുമെന്റൽ ലൈവ് മ്യൂസിക് (നൊസ്റ്റാൾജിക് മലയാളം മൂവി പശ്ചാത്തല മെഡ്ലി, ചെറിയ ബാൻഡ്, നിഹാര, നൂപുര, മെക്നാക്ഷി, കാർ സിദ്ധാർഥ്, അഭിജിത്ത്), ലളിത ഗാനം - മീനാക്ഷി, തിരുവാതിര - നാട്യം ടീം, മാർഗം കാളി - ക്രൈസ്റ്റ് ദി കിംഗ് മാർഗം കാളി ടീം ഓഫ് ഡാളസ്,
ഭരതനാട്യം - തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്,(നൃത്തസംവിധാനം ദിയുയ സനൽ), കോൽ കളി - ക്രൈസ്റ്റ് ദി കിംഗ് കോൾ കലി ടീം ഓഫ് ഡാളസ്, ഒപ്പന - ഡാളസ് മൊഞ്ചത്തിമാർ, നാടോടിനൃത്തം - ഇന്ദുവിന്റെ ടീം, കുച്ചുപ്പുടി - ശ്രീജയുടെ ടീം, തല ലയം - ബാലു & ടീം, നാടോടിനൃത്തം (കൊറിയോഗ്രാഫ് ചെയ്തത് ആൽഫി മാളികലും ഏകോപിപ്പിച്ചതുമാണ്) ഷൈനി ഫിലിപ്പ്,
മോഹിനി ആട്ടം - തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, മോണോ ആക്ട് - സുബി ഫിലിപ്പ്, സെമി ക്ലാസിക്കൽ ഡാൻസ് - നർത്തന ഡാൻസ് ഡാളസ്(ഹന്ന), നാടൻ പാട്ട് - ഡാളസ് മച്ചന്മാർ, മാപ്പിളപ്പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ് - സംസ്കൃതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് എന്നിവർ അവതരിപ്പിച്ച ഓരോ പരിപാടികളും ഒന്നിനോടൊന്നു മികച്ചതായിരുന്നു.
പ്രോഗ്രാം കോഓർഡിനേറ്ററും ആർട്ട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.അനിയൻ ഡാളസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഷിജു എബ്രഹാം, ദീപക് മടത്തിൽ, വിനോദ് ജോർജ്, സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ, ബേബി കൊടുവത്ത്, അനശ്വർ മാംമ്പിള്ളി, സബ് മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ,
ദീപു രവീന്ദ്രൻ, നിഷ മാത്യു, രാജൻ ചിറ്റാർ, ഹരിദാസ് തങ്കപ്പൻ, ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ്, സിജു വി. ജോർജ് എന്നിവരാണ് കേരളീയം വിജയമാകുന്നതിനു പ്രവർത്തിച്ചത്.
സ്പേസ് എക്സിന്റെ ആറാം സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം
വാഷിംഗ്ടണ്‍: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3.30നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.
വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചു.
എന്നാല്‍ ഇത്തവണ വിക്ഷേപണ വാഹനത്തിന്റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില്‍ വച്ച് പിടികൂടാന്‍ സ്പേസ് എക്സ് ശ്രമിച്ചില്ല. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന പരീക്ഷണവും ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി.
ന്യൂയോർക്ക് ഐകെസിസിക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഇന്ത്യൻ ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ്: സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്: മിനി തയ്യിൽ, സെക്രട്ടറി: സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി: സാബു തടിപ്പുഴ, ട്രഷറർ: രഞ്ജി മണലേൽ.
റീജിയണൽ ഏരിയ കോഓർഡിനേറ്റർമാർ: ലാലി വെളുപ്പറമ്പിൽ, മേരിക്കുട്ടി കണ്ടാരപ്പള്ളി (റോക്ക്ലാൻഡ്), നിഷി കൊടിയന്തറ ജസ്റ്റിൻ വട്ടക്കളം (ബിക്യുഎൽഐ), ടിന്റു പട്ടാർകുഴി, സിബി മനയ്ക്കപറമ്പിൽ (ന്യൂജഴ്സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ, സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്).
നാഷനൽ കൗൺസിൽ അംഗങ്ങൾ: ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് പ്രതിനിധി), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ.
1976ൽ തുടങ്ങിയ അസോസിയേഷന്റെ അൻപതാം വാർഷികവും 2001ൽ വാങ്ങിയ റോക്ക്ലാൻഡ് കമ്യൂണിറ്റി സെന്ററിന്റെ 25-ാം വാർഷികവും അടക്കമുള്ള ഒട്ടനവധി പദ്ധതികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
ഇതിനായി ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
മീന വാർഷിക വിരുന്ന് ശനിയാഴ്ച
ഷിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ(മീന) വാർഷിക വിരുന്ന് ശനിയാഴ്ച 6.30 മുതൽ (4265 White Eagle Dr Naperville, IL 60564) ആരംഭിക്കുന്നു. സാബു തിരുവല്ലയുടെ മുഖാമുഖമുള്ള തമാശ പ്രകടനം സദസിന് മുന്നിൽ കാഴ്ചവയ്ക്കും.
കലാരംഗത്ത് കഴിഞ്ഞ 30 വർഷമായി മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച തിരുവല്ലയുടെ അനുഗ്രഹീത കലാകാരൻ സാബു, ഏകദേശം 35 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ ഷിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എൻജിനിയർമാർക്ക് ഒരുമിച്ചു കൂടുവാനും തങ്ങളുടെ പ്രഫഷണൽ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളിൽ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു.
അർഹരായ നൂറു കണക്കിന് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതുൾപ്പടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.
മീന കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന രസകരവും ഉല്ലസപ്രദവുമായ രംഗങ്ങളും സ്വരലയ നൃത്ത വാദ്യ കലാപരിപാടികളും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിട്ടുണ്ട്.
എല്ലാ എൻജിനിയർമാരെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി ജോൺ (പ്രസിഡന്റ്) - (630 854 2775), ഫിലിപ്പ് മാത്യു (പിആർഒ) - 224 637 0068.
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം നടത്തി
കാലിഫോർണിയ: സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെയും മതബോധന ക്ലാസിന്റെയും പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡിആർഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമകാലായിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയിൽ, ജെയിംസ് കിണറ്റുകര, മിഷൻ സെക്രട്ടറി ജെറിൻ കൊക്കരവാലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മിഷൻ ലീഗിന്റെ പുതിയ ഭാരവാഹികളായി സേറാ പുത്തൻപുരയിൽ (പ്രസിഡന്റ്), ജോനാ കുടിലിൽ (വൈസ് പ്രസിഡന്റ്), നേഹ കള്ളാട്ടിൽ (സെക്രട്ടറി), ആരോൺ കറ്റുവീട്ടിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു
ന്യൂയോര്‍ക്ക്: ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 84 വയസ് കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഞ്ച് പേരെയാണ് പ്രത്യേകമായി ആദരിച്ചത്.
കെ.വി. ചാക്കോ, വര്‍ഗീസ് ചെറിയാന്, കെ.എസ്. മാത്യു, അന്നമ്മ മത്തായി, അന്നമ്മ തോമസ് എന്നിവരെ ശതാഭിഷിക്തരായി ആദരിച്ചു. ഇവരില്‍ കെ.വി. ചാക്കോയും അന്നമ്മ മത്തായിയും അവരുടെ നവതി (90 വയസ് തികഞ്ഞവര്‍) നിറവിലുള്ളവരുമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ 84 വയസാകുമ്പോള്‍ 1000 പൂര്‍ണ ചന്ദ്രന്മാരെ കണ്ടതായി കണക്കാക്കപ്പെടുന്നു. കൃത്യമായ കണക്കു പ്രകാരം 83 വയസും നാലു മാസവുമാണ് ഈ ശതാഭിഷേകത്തിന്റെ പ്രായം.
ഇവരെ ശതാഭിഷിക്തര്‍ എന്ന് വിളിക്കപ്പെടുന്നു. ശതാഭിഷിക്തരായ ഈ വിശിഷ്ട വ്യക്തികളെ വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് പൊന്നാട ചാര്‍ത്തിയും പ്രശംസാ ഫലകം നല്‍കിയുമാണ് ആദരിച്ചത്.
ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സമാജം സെക്രട്ടറി ഷീല ജോസ്, ട്രഷറര്‍ റീനി ജോര്‍ജ്, പള്ളി സെക്രട്ടറി കെന്‍സ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്, ബിജു മത്തായി എന്നിവര്‍ നേതൃത്വം നല്കി. വര്‍ഗീസ് പോത്താനിക്കാട് ആയിരുന്നു എംസി.
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂജഴ്സി: സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് ഭക്തിസാദ്രമായ ചടങ്ങുകളോടെ 40-ാം വാർഷിക ആഘോഷ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിച്ചു.
ഒക്ടോബർ 23 2023നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ കാർമികത്വത്തിൽ ഭദ്രദീപം കൊളുത്തി ബാനർ പ്രകാശനവും സംഘടിപ്പിച്ചാണ് 40-ാം വാർഷിക ആഘോഷ പരിപാടികൾക്ക് ദേവാലയത്തിൽ തിരശീല ഉയർന്നത്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
സെന്റ് സ്റ്റീഫൻസ് മിഡ് ലാൻഡ് പാർക്ക് ദേവാലയ വികാരി റവ ഫാ ഡോ.ബാബു കെ.മാത്യു വരികളെഴുതി സംഗീതസംവിധായകൻ ജോസി പുല്ലാട് കമ്പോസ് ചെയ്തു പ്രശസ്ത ഗായകരായ കെ. ജി. മാർക്കോസ്, ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിച്ച ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സമാഹാരം കാദീശ് ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
സിഡി വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന തുക ബാവ തിരുമേനിയുടെ "സഹോദരൻ" ചാരിറ്റി പ്രോജക്റ്റിലൂടെ ഇന്ത്യയിലെ നിർദ്ധനരായ രോഗികൾക്ക് കൈമാറും. ആൽബത്തിലെ ഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത നിശയോടെ പരിപാടികൾക്ക് സമാപനമായി
40 വാർഷികാഘോഷത്തിന്റെ ഭാഗമായി 2024 ജനുവരി 13 ശനിയാഴ്ച സംഘടിപ്പിച്ച സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാൾ ആയിരുന്നു അടുത്ത പരിപാടി. സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ ദേവാലയം വർണശബളമായി പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
40-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ദേവാലയത്തിൽ 2024 ഒക്ടോബർ അഞ്ചിനും ആറിനും വിജയകരമായി ആഘോഷിച്ചു. പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ മുഖ്യാതിഥിയായിരുന്ന ചടങ്ങുകളിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യവും ഉണ്ടായിരുന്നു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഭദ്രാസന അസംബ്ലി അംഗങ്ങളും നിരവധി വൈദികരും സഭാംഗങ്ങളും ശനിയാഴ്ച സന്ധ്യാ പ്രാർഥനയിലും ഒക്ടോബർ ആറിന് രാവിലെ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയിലും പങ്കെടുത്തു.
റവ. ഫാ. ജോൺ തോമസ്, (ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി), റവ. ഫാ. ഡോ.ബാബു കെ മാത്യു (സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി) തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ക്വയർ സോംഗുകളോടെ ആരംഭിച്ചു. തുടർന്ന് അജു തര്യൻ (40-ാം വാർഷിക ആഘോഷ പരിപാടി കോഓർഡിനേറ്റർ) തയാറാക്കിയ സെന്റ് സ്റ്റീഫൻസ് ചർച്ചിന്റെ സംക്ഷിപ്ത ചരിത്രം അടങ്ങുന്ന ഡോക്യുമെന്ററി പ്രകാശിപ്പിച്ചു.
ദേവാലയ വികാരി റവ ഫാ ഡോ. ബാബു കെ. മാത്യു ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . 40-ാം വാർഷിക ആഘോഷ പരിപാടി ജനറൽ കൺവീനർ ജോബി ജോൺ ചടങ്ങിൽ എംസി കർത്തവ്യം നിർവഹിച്ചു.
ദേവാലയത്തിന്റെ 40 വർഷത്തെ ചരിത്രയാത്രയെ അനുസ്മരിക്കുന്ന സുവനീർ ചീഫ് എഡിറ്റർ ഡോ. എബി തര്യൻ നിക്കോളോവോസ് തിരുമേനിയുടെയും ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ മാത്യുവിന്റെയും സാന്നിധ്യത്തിൽ ബാവ തിരുമേനിക്ക് സമ്മാനിച്ചു. ബാവ തിരുമേനി ഔദ്യോഗികമായി ചടങ്ങിൽ സുവനീർ പ്രകാശനം ചെയ്തു.
ദേവാലയത്തിലെ എല്ലാ മെമ്പേഴ്സിന്റെയും വിവരങ്ങൾ അടങ്ങിയ ചർച്ച് ഡയറക്ടറിയും ബാവ തിരുമേനി പ്രകാശനം ചെയ്തു. ആബേൽ രാജനും ധന്യ രാജനും ചേർന്നാണ് ഈ ഡയറക്ടറി ദേവാലയത്തിനു വേണ്ടി തയാറാക്കിയത്. തുടർന്ന് ബാവ തിരുമേനി, നിക്കോളോവോസ് തിരുമേനി, രൂപതാ അസംബ്ലി അംഗം ഉമ്മൻ കാപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഈ അവസരത്തിൽ ദേവാലയ രൂപീകരണത്തിന്റെ ആദ്യ വർഷങ്ങളിൽ പള്ളിയിൽ ചേർന്ന 12 സ്ഥാപക അംഗങ്ങളെ ആദരിച്ചു. സെന്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് വികാരി റവ. ഫാ. ജോൺ തോമസ് അച്ഛൻ കഴിഞ്ഞ 40 വർഷമായി സെന്റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക് ദേവാലയത്തിലെ ഏക വികാരി ഡോ. ബാബു കെ. മാത്യു അച്ഛൻ എന്നിവർ പ്രത്യേക അനുമോദനവും ആദരവും ഏറ്റു വാങ്ങി.
ദേവാലയത്തിന്റെ തുടക്കം നാളുകൾ മുതൽ പള്ളിയുടെ ചേർത്ത് പ്രവർത്തിക്കുന്ന ജോസഫ് വർക്കി & കുടുംബം, ലില്ലി മാത്യു & കുടുംബം, എം.ടി. മാത്യു & കുടുംബം, കെ.ജി. തോമസും കുടുംബവും ജെയിംസ് തോമസും കുടുംബവും ടി.വി. മത്തായിയും കുടുംബവും ഡെയ്സി ഇടിച്ചാണ്ടിയും കുടുംബവും ജേക്കബ് ചാക്കോ & കുടുംബവും ജോമി ഡേവിഡും കുടുംബവും ആലീസ് ജോണും കുടുംബവും സാറാമ്മ ജോണും കുടുംബവും വർഗീസ് ചാക്കോ & കുടുംബവും എന്നിവരെ പ്രത്യേകം ആദരിച്ചു.
ആഘോഷ പരിപാടികൾക്കു ലഭിച്ച എല്ലാ സഹായത്തിനും ഏകോപനത്തിനും പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് നന്ദി പ്രകാശിച്ചു സംസാരിച്ചു. ഇന്ത്യൻ പരമ്പരാഗത ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾക്ക് തിരശീല വീണു.
ലൈസൻസില്ലാതെ പ്രാക്ടീസ്; ഹൂസ്റ്റണിൽ ദന്തഡോക്ടർ അറസ്റ്റിൽ
ഹൂസ്റ്റൺ: ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ മേജർ ഒഫൻഡേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ(43) പിടികൂടിയത്.
ബുധനാഴ്ചയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പോലീസ് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഡെന്റൽ എക്സാമിനേഴ്സിൽ നിന്ന് ലഭിച്ച പരാതിയിലാണ് അന്വഷണം ആരംഭിച്ചത്.
ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ പണം നല്‍കണമെന്ന് കനേഡിയന്‍ പോലീസ്
ബ്രാംപ്ടണ്‍: കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിൽ പുതിയൊരു തര്‍ക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാനഡയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകളോട് അനുബന്ധിച്ചാണ് പുതിയ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കനേഡിയൻ പോലീസ് ഒരു സംഘടനയിൽ നിന്ന് സുരക്ഷാ ഫീസായി 70,000 ഡോളർ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കനേഡിയന്‍ പോലീസിന്റെ ഈ ആവശ്യത്തില്‍ ഹിന്ദു സംഘടനകൾ അതൃപ്തി രേഖപ്പെടുത്തി.
കാനഡയിലെ ബ്രാംപ്ടണിലുള്ള ത്രിവേണി ക്ഷേത്രം ഇന്ത്യൻ എംബസിക്ക് വേണ്ടി ലൈഫ് സർട്ടിഫിക്കേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് അത് റദ്ദാക്കി. ക്ഷേത്രപരിസരത്ത് നടക്കുന്ന പരിപാടിയിൽ അക്രമാസക്തമായ പ്രതിഷേധം ഉണ്ടാകുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കനേഡിയൻ പോലീസ് അറിയിച്ചിരുന്നു.
എല്ലാ വർഷവും നവംബർ മാസത്തിൽ കാനഡയിൽ ഈ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. ഇത്തവണ നവംബർ 17നാണ് ക്യാമ്പ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ക്യാമ്പിലൂടെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.
അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭീഷണി വളരെ ഉയർന്നതായിരിക്കുമെന്ന് പീൽ റീജിയണൽ പോലീസിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക രഹസ്യാന്വേഷണം ലഭിച്ചു. അതേത്തുടർന്ന് ക്ഷേത്ര ഭരണസമിതി പരിപാടികൾ റദ്ദാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും സമൂഹത്തിലെ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ ആളുകൾ സുരക്ഷിതരല്ലെന്ന് തോന്നാൻ തുടങ്ങിയതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു മുമ്പും കാനഡയിൽ നിലവിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഖലിസ്ഥാനി പതാകകൾ ഉയർത്തി ക്ഷേത്രത്തിനെതിരേ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
തുടർന്ന് ഇന്ത്യൻ എംബസി മറ്റ് പല കോൺസുലർ ക്യാമ്പുകളും റദ്ദാക്കിയിരുന്നു. അതേസമയം, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാനഡയ്ക്ക് ഈ പ്രശ്നം പരിഹരിക്കേണ്ടിവരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂണിയർ.
റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ആരോപണം.
നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്ന് ട്രൂഡോ
ഒട്ടാവ: കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ കോളജുകളും വൻകിട കോർപറേറ്റുകളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി കുടിയേറ്റ സംവിധാനത്തെ ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
2025ലെ കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലിബറൽ പാർട്ടിയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. പണപ്പെരുപ്പം, താറുമാറായ ആരോഗ്യ-ഗതാഗത സംവിധാനങ്ങൾ എന്നിവയിലേക്ക് നയിച്ച പുതിയ നയങ്ങൾ മൂലം ട്രൂഡോ രാജ്യത്ത് കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ജനസംഖ്യ അതിവേഗം വളരുകയാണ്. വ്യാജ കോളജുകളും കോർപറേറ്റുകളും ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്തുവരികയുമാണ്. ഇതിനെ ചെറുക്കുന്നതിന്, അടുത്ത മൂന്നു വർഷത്തേക്കു കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.
സർക്കാർ ചില തെറ്റുകൾ വരുത്തി, അതിനാലാണ് നയത്തിൽ മാറ്റം കൊണ്ടുവരുന്നതെന്നും ട്രൂഡോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ന്യൂ ഓർലിയൻസിൽ വെടിവയ്പ്: രണ്ടു മരണം; 10 പേർക്ക് പരിക്ക്
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ പരേഡ് റൂട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല.
പരിക്കേറ്റ എട്ടു പേരെ പോലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. 45 മിനിറ്റുകൾക്കു ശേഷം മറ്റൊരു വെടിവെയ്പും കൂടി ഉണ്ടായി. പരേഡിൽ പങ്കെടുക്കുന്നവർ അൽമൊനാസ്റ്റർ അവന്യൂ പാലം കടക്കവേയായിരുന്നു സംഭവമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണെന്നും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞെന്നും അധികൃതർ അറിയിച്ചു. ഈ മാസം പത്തിന് ടസ്കെഗീ സർവകലാശാലയിൽ നടന്ന സമാനസംഭവത്തിൽ ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലേക്കു പഠിക്കാൻ പറന്ന് ഇന്ത്യക്കാർ
ന്യൂഡൽഹി: ഏറ്റവും അധികം വിദ്യാർഥികളെ അമേരിക്കയിലേക്കു പഠിക്കാനയയ്ക്കുന്ന രാജ്യമായി ഇന്ത്യ. 15 വർഷത്തിനിടെ ഒരു അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായാണ് ഇന്ത്യമാറിയത്.
ഇക്കൊല്ലം 3.3 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. 2024 ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അയൽരാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
2023-2024 അധ്യയനവർഷത്തിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായത്. അമേരിക്കയിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്.
ഇന്ത്യയെ കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അമേരിക്കയിലേക്ക് അയച്ച രാജ്യങ്ങളിൽ ചൈന (2,77,398), ദക്ഷിണ കൊറിയ (43,149), കാനഡ (28,998), തായ്വാൻ ( 23,157) എന്നിവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. സാധാരണയായി, യുഎസിലെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിച്ച് മേയ് മാസം വരെയാണ്.
ഉന്നതവിദ്യാഭ്യാസത്തിനായി (ബിരുദം, ഗവേഷണം) ഏറ്റവും കൂടുതൽ ആളുകളെ അയയ്ക്കുന്ന രാജ്യമെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ ഗണത്തിലുള്ള വിദ്യാർഥികളുടെ എണ്ണവും 19 ശതമാനം വർധിച്ചു. 1,96,567 ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.
ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി
റിയോ ഡി ഷനേറോ: ജി20 ഉച്ചകോടിക്കയി ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റിയോ ഡി ഷനേറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളെ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ലുല ഡ സിൽവ സ്വീകരിച്ചു.
വയോധികനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഡാളസ്: ഡാളസിൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ വയോധികനെ വെടിവച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അഹ്മദ് അൽഖലഫിനെ (66) കൊലപ്പെടുത്തിയ അമയ മെഡ്റാനോ (19) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് മാർസാലിസിലാണ് സംഭവം നടന്നത്. ഐഫോൺ 15 വിൽക്കാനെത്തിയ അഹ്മദ് അൽഖലഫിനെ യുവതി വെടിവയ്ക്കുകയായിരുന്നു.
വെടിവയ്പ്പിന് മുൻപ് ഇരുവരും തമ്മിൽ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനാപുരം അസോസിയേഷൻ വാർഷിക സംഗമം സംഘടിപ്പിച്ചു
ഡാളസ്: പത്തനാപുരം അസോസിയേഷൻ വാർഷിക സംഗമം മസ്കീറ്റ് സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെട്ടു. പാസ്റ്റർ ജയ് ജോണിന്റെ പ്രാർഥനയോടുകൂടി തുടക്കമിട്ട യോഗത്തിലെ അധ്യക്ഷൻ തോമസ് ഉണ്ണുണ്ണി ആയിരുന്നു.
ഡാളസ് സെന്റ് പോൾസ് ഇടവക വികാരി റവ. ഷൈജു സി ജോയ് മുഖ്യാതിഥിയായിരുന്നു. നർമ രസം തുളുമ്പുന്ന കരുതലിന്റെ സന്ദേശം നൽകിയ ഫാദർ പ്രവാസി സംഘടനയായ പത്തനാപുരം അസോസിയേഷൻ ഓരോ മെമ്പറിനോടും സമൂഹത്തിൽ ഒറ്റപെട്ടു നിൽക്കുന്ന പാവങ്ങളെയും ശരണരേയും ചേർത്ത് പിടിക്കുവാൻ ആഹ്വാനം ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.ടീച്ചർ സാറാ ചെറിയാൻ ഡോ.നിഷ ജെക്കബ് എന്നിവരുടെ സ്കിറ്റ് കാണികളുടെ ഹൃദയം കവർന്നെടുക്കുന്ന തരത്തിലുള്ളതായിരുന്നു.
സൂസമ്മ ഉണ്ണൂണ്ണി ബിനോയ് & ഫാമിലി തുടങ്ങിയവർ ആലപിച്ച ശ്രുതി സുന്ദരങ്ങളായ ഭക്തി ഗാനങ്ങൾ സദസിന്റെ കൈയടി ഏറ്റുവാങ്ങി. സെക്രട്ടറി ജോൺസ് ഉമ്മൻ റിപ്പോർട് അവതരിപ്പിച്ചു. ഷിബു മാത്യു യോഗത്തിലെത്തിയവർക്കു നന്ദി രേഖപ്പെടുത്തി.
റോബർട്ട് കെന്നഡി ജൂനിയറെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധം
വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി.
ഏതൊരു ഗവൺമെന്റിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭക്ഷ്യ വ്യവസായത്തിന്റെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും വഞ്ചനയുടെയും തെറ്റായ വിവരങ്ങളുടെയും ഇരകളാകാൻ അമേരിക്കൻ ജനതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റോബർട്ട് കെന്നഡി സഹായിക്കുമെന്നാണ് ട്രംപിന്റെ അവകാശ വാദം.
അപകടകരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ റോബർട്ട് കെന്നഡി ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ സ്ഥാപിക്കുമെന്നും സുതാര്യത കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
റോബർട്ട് കെന്നഡി ജൂനിയറിന് വാക്സിനേഷനെതിരെ പ്രവര്‍ത്തിച്ചതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. വാക്സിൻ വിരുദ്ധ പ്രവർത്തകനായി അറിയപ്പെടുന്ന അദ്ദേഹം വാക്സിനേഷൻ കുട്ടികളിൽ ഓട്ടിസത്തിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് റോബർട്ട് കെന്നഡിയുടെ നിയമനത്തിനുശേഷം, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. കാരണം, അദ്ദേഹത്തിന്റെ വാക്സിൻ വിരുദ്ധ നിലപാട് ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് അപകടമുണ്ടാക്കും.
പ്രശസ്ത അമേരിക്കൻ കുടുംബമാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റേത്. അദ്ദേഹത്തിന്റെ പിതാവ് റോബർട്ട് എഫ്. കെന്നഡി അമേരിക്കയുടെ അറ്റോർണി ജനറലും അമ്മാവൻ ജോൺ എഫ്. കെന്നഡി അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.
റോബർട്ട് കെന്നഡി ജൂനിയർ ഒരു പ്രമുഖ വാക്സിൻ വിരുദ്ധ പ്രവർത്തകനായി ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയാണ്. നയങ്ങളിലും കാഴ്ചപ്പാടുകളിലും വിവാദം സൃഷ്ടിച്ച ഒരു വ്യക്തിയെ ട്രംപ് തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
രാജ്യത്തിനും ലോകത്തിനും മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിയ തുള്‍സി ഗബാർഡിന്റെ നിയമനം
വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുള്‍സി ഗബാർഡിനെ തന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയാക്കിയിരിക്കുകയാണ്. ഈ നിയമനം ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആരാണ് തുള്‍സി ഗബാർഡ്? എന്തുകൊണ്ടാണ് അവരുടെ നിയമനം വിവാദങ്ങളാൽ ചുറ്റപ്പെട്ടത്?
43 വയസുകാരിയായ രാഷ്ട്രീയക്കാരിയും യുഎസ് കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗവുമായിരുന്നു തുള്‍സി ഗബാർഡ്. ഹവായ് സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് അംഗമായി നാല് തവണ സേവനമനുഷ്ഠിച്ച അവർ ഇറാഖ് യുദ്ധത്തിലെ ഒരു വെറ്ററൻ കൂടിയാണ്. 2022ൽ അവർ ഡെമോക്രാറ്റിക് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ഒടുവിൽ ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയും ചെയ്തു. നിരവധി വിവാദങ്ങളുടെ കേന്ദ്രമായിരുന്ന അവരുടെ യാത്ര രാഷ്ട്രീയത്തിൽ ഒരു പുതിയ ദിശയെ സൂചിപ്പിക്കുന്നു.
ഡോണൾഡ് ട്രംപ് ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. നിരവധി ഏജൻസികൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഗബാർഡിന് ഇന്റലിജൻസ് കമ്മ്യൂണിറ്റിയിൽ നേരിട്ട് പരിചയമില്ല. മുൻപ് യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച പരിചയമാണുള്ളത്.ഗബാർഡിന്റെ നിലപാട് പ്രത്യേകിച്ചും അമേരിക്കൻ വിദേശനയത്തിലും ഇടപെടലിലും വിമർശനത്തിന് വിധേയമായിട്ടുണ്ട്.
റഷ്യ, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കയുടെ ഇടപെടലിനെ അവര്‍ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. 2022 ൽ റഷ്യയുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് യുക്രെയ്ൻ ഒരു നിഷ്പക്ഷ രാജ്യമായി തുടരണമെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ, സിറിയയിലെ യുഎസ് ഇടപെടലിനെ അവര്‍ എതിർക്കുകയും ഇറാനെതിരായ യുഎസ് സൈനിക നടപടിയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ഗബാർഡിന്റെ നിയമനത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ചില റിപ്പബ്ലിക്കൻ നേതാക്കള്‍ വരെയും ഗബാര്‍ഡിന്റെ നിയമനത്തെ വിവേകശൂന്യവും വിവാദപരവുമാണെന്ന് വിശേഷിപ്പിച്ചു. ഗബാർഡിന്റെ നയങ്ങൾ റഷ്യയ്ക്കും സിറിയയ്ക്കും അനുകൂലമാണെന്നും, അമേരിക്കൻ ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ തത്വങ്ങൾക്ക് വിരുദ്ധമായിരിക്കാമെന്നും പലരും പറയുന്നു.ഇന്ത്യയുമായുള്ള ഗബാർഡിന്റെ അടുത്ത ബന്ധവും ചർച്ചാ വിഷയമായിരുന്നു.
ഇന്ത്യ ഗവൺമെന്റുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. കൂടാതെ, ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട ചില ഹിന്ദു അനുകൂല സംഘടനകളിൽ നിന്നും ഗബാർഡിന് സംഭാവനകൾ ലഭിച്ചിട്ടുണ്ട്.
ഗബാർഡിന്റെ നിയമനത്തോടെ അമേരിക്കയുടെ വിദേശനയത്തിൽ ചില മാറ്റങ്ങൾ കണ്ടേക്കും. റഷ്യ, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ കാര്യങ്ങളിൽ അവരുടെ ഇടപെടൽ വിരുദ്ധ നിലപാട് കണക്കിലെടുക്കുമ്പോൾ, ട്രംപ് ഭരണകൂടത്തിന്റെ വിദേശനയത്തിൽ ചില പുതിയ വഴിത്തിരിവുകൾ ഉണ്ടായേക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ നിയമനത്തിൽ, ഗബാർഡിന് ഇന്റലിജൻസ് കാര്യങ്ങളിൽ പരിചയക്കുറവ് കാരണം, അവരുടെ തീരുമാനങ്ങൾ അപ്രതീക്ഷിതമായിരിക്കാമെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.
ഗബാർഡിന്റെ നിയമനം ഭാവിയിൽ അമേരിക്കൻ രഹസ്യാന്വേഷണത്തിലും വിദേശ നയത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. അവരുടെ നിയമനം എത്രത്തോളം വിജയകരമാകുമെന്ന് കാലം തെളിയിക്കും. ഗബാർഡിന്റെ വിവാദ നയങ്ങൾ കാരണം, ഈ നിയമനം രാജ്യത്തിനും ലോകത്തിനും മുന്നിൽ നിരവധി പുതിയ ചോദ്യങ്ങൾ ഉയർത്തും.
ഓറിഗനിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
പോർട്ട്ലാൻഡ്: ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാക്കമാസ് കൗണ്ടിയിലെ വാണിജ്യ കോഴിവളർത്തൽ ഫാമിൽ 150,000 പക്ഷികളെ പക്ഷിപ്പനി ബാധിച്ചതായി മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു.
രോഗബാധിതനായ വ്യക്തിക്ക് നേരിയ അസുഖം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂവെന്നും പൂർണമായും സുഖം പ്രാപിച്ചുവെന്നും ക്ലാക്കമാസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫീസർ സാറ പ്രസന്റ് പറഞ്ഞു.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിന്റെ തെളിവുകളില്ലെന്നും പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും ഒറിഗോൺ ഹെൽത്ത് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ഇതുവരെ, കലിഫോർണിയ, വാഷിംഗ്ടൺ, കൊളറാഡോ, മിഷിഗൺ, ടെക്സസ്, മിസോറി, ഓറിഗൻ എന്നിവിടങ്ങളിൽ 50-ലധികം മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ പലർക്കും കണ്ണിന് ചുവപ്പ് ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാളൊഴികെ മറ്റെല്ലാവരും രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയവരാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്റാ ചാപ്റ്ററിന് തുടക്കമായി
അറ്റ്ലാന്റാ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിന് തുടക്കമായി. ഐപിസിഎന്‍എ അറ്റ്ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റും പ്രവാസി ചാനൽ റീജനൽ ഡയറക്ടറുമായ കാജൽ സക്കറിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ ഐപിസിഎന്‍എ നാഷനല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രെഷറർ വിശാഖ് ചെറിയാന്, സ്ഥാപക പ്രസിഡന്റ് ജോർജ് ജോസഫ് എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ്, റിട്ട. ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
ഈ മാസം ഒന്‍പതിന് അറ്റ്ലാന്റാ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി ഐപിസിൻഎയുടെ പത്താമത്തെ ചാപ്റ്ററിനു ഔദ്യോഗിക തുടക്കം കുറിക്കുന്നതായി നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പ്രഖ്യാപിച്ചു.
അറ്റ്ലാന്റാ ചാപ്റ്ററിനു ആശംസകൾ അറിയിച്ചുകൊണ്ട് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം നടത്തിയ പ്രസംഗത്തിൽ മാധ്യമ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന ഒരു മാതൃക ചാപ്റ്ററായി അറ്റ്ലാന്റാ മാറട്ടെ എന്ന് സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു.
ചിട്ടയോടെ നടത്തിയ പ്രവർത്തനോദ്ഘാടനം ജനപങ്കാളിത്തംകൊണ്ടും കാര്യക്ഷേമതകൊണ്ടും വൻവിജയം ആയതിൽ ഉള്ള സന്തോഷം ചടങ്ങിൽ പ്രസംഗിച്ച നാഷനൽ സെക്രട്ടറി ഷിജോ പൗലോസും നാഷനൽ ട്രഷറർ വിശാഖ് ശാഖ് ചെറിയാനും ജോർജ് ജോസഫും പറഞ്ഞു.
അസാധാരണമായ ദീർഘവീക്ഷണവും സൂക്ഷ്മമായ ആസൂത്രണവും ഉറപ്പാക്കാൻ സാധിച്ചതിലുള്ള സന്തോഷവും ചാപ്റ്റർ ഉദ്ഘാടനം വിജയമാക്കിയതിനുള്ള കടപ്പാടും ചടങ്ങിന് അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അറിയിക്കുകയുണ്ടായി.
വിശിഷ്ടതിഥികളായി എത്തിയ സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ് പ്രസംഗത്തിൽ അറ്റ്ലാന്റയിലെ മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും എന്താവശ്യത്തിനും താൻ ഉണ്ടാകുമെന്ന് അറിയിച്ചു.
നാല് പതിറ്റാണ്ടോളം ദൃശ്യമാധ്യമരംഗത്തെ സേവനത്തിനു ശേഷം വിരമിച്ച റിട്ട. ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല തന്റെ പ്രസംഗത്തിൽ ഇത് ഒരു പുതിയ അനുഭവമാണെന്നും യാദൃച്ഛികമായാണ് ഇതിൽ പങ്കെടുത്തതെങ്കിലും അമേരിക്കയിലെ മലയാളികളുടെ മാധ്യമപ്രവർത്തനം പ്രശംസയർഹിക്കുന്നതാണെന്നും എല്ലാവരും മുഴുവൻ സമയ പ്രവർത്തകരല്ലെങ്കിലും ആത്മാർഥമായ മാധ്യമപ്രവർത്തനം നടത്തുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും മറക്കരുതെന്നും പ്രസ് ക്ലബിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം അറിയിച്ചു.
സ്വപനങ്ങളെ താലോലിച്ചു അസാധ്യങ്ങളെ സാധ്യമാക്കി നിഷ്പക്ഷമായ ഒരു മാധ്യമസംസ്കാരം പടുത്തുയർത്തുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ഒരെളിയ കാൽവയ്പ്പിലേക്കു ഒത്തുചേർന്ന എല്ലാ മാധ്യമപ്രവർത്തകരേയും സംഘടനകളെയെയും സുഹൃത്തുക്കളെയെയും കുടുംബാംഗങ്ങളേയും അറ്റ്ലാന്റാ ചാപ്റ്റർ മാധ്യമ സംരംഭകരേയും നാഷണൽ കമ്മിറ്റി അംഗങ്ങളേയും ചടങ്ങിന് നേരിട്ടു എത്തിച്ചേരാൻ സാധിക്കാത്ത എല്ലാവരോടും നന്ദിയും കടപ്പാടും ചടങ്ങിന് സ്വാഗതം നൽകിയ ചാപ്റ്റർ സെക്രട്ടറി ബിനു കാസിം അറിയിക്കുകയുണ്ടായി.
ചടങ്ങുകൾക്കെല്ലാം അറ്റ്ലാന്റാ ചാപ്റ്ററിന്റെ അംഗങ്ങളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. ചടങ്ങിന് മോഡികൂട്ടിയ കലാപരിപാടിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായി പരിപാടികൾക്കു ചുക്കാൻ പിടിച്ച വൈസ് പ്രസിഡന്റ് ഷൈനി അബൂബക്കറും കമ്മിറ്റി അംഗം ഫെമി നാസറും അനു ഷിബു എന്നിവർ സംയുക്തമായി അറിയിച്ചു.
ചടങ്ങിനുടനീളം ചിട്ടയായ ക്രമീകരണം നടത്തുന്നതിൽ ഫെമി നാസറുടേയും ഷൈനി അബൂബക്കറുടെയും, അനു ഷിബുവിന്റെയും പ്രത്യേക മേൽനോട്ടം ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിന് നിർലോഭമായി സഹായിച്ച എല്ലാ സംരംഭകരേയും ജോയിന്റ് സെക്രട്ടറി അനു ഷിബു നന്ദിയും കടപ്പാടും അറിയിച്ചു. അതോടൊപ്പം അവരെ അംഗങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ഉണ്ടായി.
മലയാളീസ് ഇൻ അമേരിക്ക എന്നപേരിൽ ജനശ്രദ്ധ നേടിയ നവമാധ്യമത്തിന്റെ ശില്പിയായ അറ്റ്ലാന്റ ചാപ്റ്റർ ട്രഷറർ തോമസ് ജോസെഫിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ജോർജിയ ഗൈഡ്സ്റ്റോൺസിനെ ആസ്പദമാക്കിയുള്ള "മാനവികതയുടെ സന്ദേശം നൽകുന്ന നിഗൂഢ നിർമ്മിതി' എന്ന വിഡിയോ ഡോക്യൂമെന്ററിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയുണ്ടായി.
അതേത്തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അനുമോദിക്കുകയുണ്ടായി. കൂടാതെ പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം വൻവിജയമാക്കിയ എല്ലാ അംഗങ്ങളോടും സഹപ്രവർത്തകരോടുമുള്ള നന്ദി ജോയിന്റ് ട്രഷറർ സാദിഖ് പുളികപറമ്പിൽ പങ്കുവെക്കുകയുണ്ടായി.
ഈ കൂട്ടായ്മയും ഒത്തുചേരലും ചിട്ടയോടുകൂടിയുള്ള പ്രവർത്തനവും ചാപ്റ്ററിന്റെ മുന്നോട്ടുള്ള കുതുപ്പിനു എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നതായും കമ്മിറ്റിയുടെ മുതിർന്ന അംഗവും നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാള സാഹിത്യകാരിയും കവയിത്രിയുമായ അമ്മു സക്കറിയ അറിയിക്കുകയുണ്ടായി.
പൊതുയോഗത്തിനു ശേഷം വിപുലമായ നൃത്യനൃത്യങ്ങൾ അരങ്ങേറി. ടീം റിഥം, ടീം മുദ്ര, സയൻ ഗാനം, കൂടാതെ ടീം ഗ്രോവ്, ടീം പ്രവാഹ എന്നീ ഡാൻസ് ഗ്രൂപ്പുകളുടെ നിരവധി പരിപാടികൾ അരങ്ങേറി.
പ്രശസ്ത കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സാബു തിരുവല്ലയുടെ കോമഡി പരിപാടികളും സംഗീത രാവും കാണികളെ സന്തോഷിപ്പിച്ചു.
ലോംഗ് ഐലൻഡ് സെന്റ് ആൻഡ്രൂ ഇടവകയിൽ കോൺഫറൻസ് കാന്പയ്ൻ ആരംഭിച്ചു
ലോംഗ് ഐലൻഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ ലോംഗ് ഐലൻഡ് സെന്റ് ആൻഡ്രൂ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റി സംഘം സെന്റ് ആൻഡ്രൂ ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിൽ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോഓർഡിനേറ്റർ), ജെയ്സി ടി. ജോൺ (സുവനീർ ചീഫ് എഡിറ്റർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷൻ), കെസിയ എബ്രഹാം ആൻഡ് ജെറമിയ ജോർജ് (മീഡിയ ആൻഡ് എന്റർടൈൻമെന്റ്) എന്നിവരുണ്ടായിരുന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഡാനിയേൽ മത്തായി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജെയ്സൺ തോമസ് കോൺഫറൻസിന്റെ ദൗത്യവും ദർശനവും വിശദീകരിച്ചു. ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി, ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം നടക്കുന്ന എന്റർടൈൻമെന്റ് നൈറ്റ് സംബന്ധിച്ച് കെസിയ ഏബ്രഹാം സംസാരിക്കുകയും പങ്കാളിത്തം ക്ഷണിക്കുകയും ചെയ്തു. നിരവധി സ്പോൺസർഷിപ്പുകളിലൂടെയും രജിസ്ട്രേഷനുകളിലൂടെയും മികച്ച പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രസംഗകർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു' (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666).
ഫിലിപ്പോസ് ഫിലിപ്പിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിത്വം: ഹഡ്സൺ വാലി മലയാളി അസോസിയേഷൻ അംഗീകരിച്ചു
ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർഥിത്വം ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചു.
നവംബർ 11ന് എച്ച്വിഎംഎ പ്രസിഡന്റ് സജി എം. പോത്തന്റെ അധ്യക്ഷതയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സെക്രട്ടറി - തോമസ് നൈനാൻ, ട്രഷറർ - വിശ്വനാഥൻ, പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ജിജി ടോം, അജി കളീക്കൽ തുടങ്ങി എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു.
നിലവിൽ അദ്ദേഹം രണ്ടാം തവണയും ലോകകേരളസഭാ അംഗമാണ്. ലീഗൽ കോഓർഡിനേറ്റർ എന്ന നിലയിലുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ 2018 മുതലുള്ള ഏഴ് വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരേ വിജയിക്കുകയും ചെയ്തു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫൊക്കാന കൺവൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷനൽ കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ ഫൊക്കാനയിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ എട്ട് വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.
1989 മുതല്‍, റോക്ക്ലാൻഡ് കൗണ്ടിയിലെ ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. ഇവിടെയുള്ള സംഘടനയുടെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയര്മാന്, ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി 2002-2012 കാലയളവിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012-2017 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.
റോക്ക്ലാൻഡ് കൗണ്ടിയിലെ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് റീജിയൺ പ്രാർഥനാ സമ്മേളനം തിങ്കളാഴ്ച
ഹൂസ്റ്റൺ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം 7.30ന്(സിഎസ്ടി) സൂം പ്ലാറ്റുഫോമിലൂടെ ആരംഭിക്കുന്ന സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ അധികരിച്ച് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റവ. ജോർജ് ജോസ് പ്രഭാഷണം നടത്തും.
സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ എല്ലാ അംഗങ്ങളും പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് റവ. വൈ. അലക്സ്, റോബി ചേലഗിരി (സെക്രട്ടറി), വൈസ് പ്രസിഡന്റ് സാം അലക്സ്, ഷെർലി സൈലസ് (ട്രഷറർ) എന്നിവർ അറിയിച്ചു.
സൂം ഐഡി:9910602126, പാസ്കോഡ്:1122.