അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു
Tuesday, April 12, 2016 6:14 AM IST
ഡാളസ്: കൊല്ലത്തിനടുത്ത് പരവൂരില്‍ വെടിക്കെട്ടപകടത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണു പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതായി ഇത്തരത്തിലുള്ള ദുരന്തങ്ങളില്‍നിന്നും മനസിലാക്കുന്നതെന്ന് പ്രസിഡന്റ് എബി തോമസ് അഭിപ്രായപ്പെട്ടു.

പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി കാണണമെന്നും അന്യോന്യം കുറ്റപ്പെടുത്താതെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ മേലില്‍ ഉണ്ടാവാതിരിക്കാനുള്ള കര്‍ക്കശ നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് എബി തോമസ് ആവശ്യപ്പെട്ടു.