ജീമോന്‍ ജോര്‍ജ് നോര്‍ത്താംപ്ടണ്‍ ടൌണ്‍ഷിപ്പ് ലൈബ്രറി ബോര്‍ഡില്‍
Friday, January 15, 2016 10:10 AM IST
ബക്സ് കൌണ്ടി: സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജീമോന്‍ ജോര്‍ജിനെ നോര്‍ത്താംപ്ടണ്‍ ടൌണ്‍ഷിപ്പ് പബ്ളിക് ലൈബ്രറി ബോര്‍ഡ് അംഗമായി ടൌണ്‍ കൌണ്‍സില്‍ നിയമിച്ചു. നാലു വര്‍ഷത്തേക്കാണു നിയമനം.

ഫിലഡല്‍ഫിയയുടെ സമീപ കൌണ്ടിയായ ബക്സ് കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണു നോര്‍ത്താംപ്ടണ്‍. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരനെ ലൈബ്രറി ബോര്‍ഡില്‍ നിയമിക്കുന്നത്. ടൌണ്‍ഷിപ്പിലെ ഏക പബ്ളിക് ലൈബ്രറിയാണിത്.

1966ല്‍ സ്ഥപിച്ച ലൈബ്രറിക്ക് 2006-ല്‍ രണ്ടു മില്യന്‍ ഡോളറിലധികം ചെലവഴിച്ച് 30,000 ച. അടി വിസ്തീര്‍ണത്തില്‍ എല്ലാ ആധുനിക സൌകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. ഒരു ഡസനോളം ജോലിക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഉദ്യോഗാര്‍ഥികളുടെ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ ആറംഗ ബോര്‍ഡാണു തീരുമാനമെടുക്കുക. പെന്‍സില്‍വേനിയ സ്റേറ്റിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ആര്‍ക്കൈവ് സെന്റര്‍ ലൈബ്രറിയിലെ മുഖ്യാകര്‍ഷണമാണ്.

കോട്ടയം സ്വദേശിയായ ജീമോന്‍ ജോര്‍ജ് വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1987ല്‍ അമേരിക്കയിലെത്തിയ ശേഷവും ഇവിടേയും വിവിധ സംഘടനകളില്‍ സജീവമാകുകയും മുഖ്യധാരാ രാഷ്ട്രീയവുമായി ബന്ധപ്പെടുകയും ചെയ്തു. ഇലക്ഷനുകളില്‍ പ്രചാരണത്തിനിറങ്ങുകയും ഫണ്ട് സമാഹരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു ശ്രദ്ധേയനായി. ട്രൈസ്റേറ്റ് ഫോറം, എക്യുമെനിക്കല്‍ പ്രസ്ഥാനം, ഐഎന്‍ഒസി, കോട്ടയം അസോസിയേഷന്‍ എന്നിവയിലൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്തോ-അമേരിക്കന്‍ സംഘടനകളിലും സജീവമാണ്.

നോര്‍ത്താംപ്ടണ്‍ ടൌണ്‍ഷിപ്പ് സൂപ്പര്‍ വൈസര്‍ ഇലക്ഷനിലും പെന്‍സില്‍വേനിയായിലെ 178 ഡിസ്ട്രിക്ടിലെ സ്റേറ്റ് റെപ്രസെന്റെറ്റീവ് ആയി മത്സരിക്കുന്ന മാര്‍ക്ക് ബൈലിച്ചിന്റെ കാമ്പയിന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയരംഗത്തെയും തെരഞ്ഞെടുപ്പുകളിലെയും പ്രവര്‍ത്തനമാണു പുതിയ സ്ഥാനലബ്ദിക്കു കാരണമെന്നു ജീമോന്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ താത്പര്യവും ഇതിനു പിന്നിലുണ്ട്.

മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ വളര്‍ച്ചക്കായി നിലകൊള്ളുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു എന്നു മനസിലായതുകൊണ്ടാണ് താന്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതെന്നു ജീമോന്‍ ജോര്‍ജ് പറഞ്ഞു.

വിദ്യാഭ്യാസമുള്ള ധാരാളം ചെറുപ്പക്കാര്‍ കൈമുതലായുള്ള മലയാളി സമൂഹത്തില്‍നിന്നു കൂടുതല്‍ ആളുകള്‍ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കണമെന്നും ബക്സ് കൌണ്ടിയിലെ ചര്‍ച്ച് വില്ലേജില്‍ താമസിക്കുന്ന ജീമോന്‍ ജോര്‍ജ് നിര്‍ദേശിച്ചു.

ഭാര്യ: ഷീല. മക്കള്‍: മേഗന്‍ ജോര്‍ജ്, നോയല്‍ ജോര്‍ജ്.