ഡൊണാള്‍ഡ് ട്രമ്പിനു പിന്തുണ: തീരുമാനമെടുത്തിട്ടില്ലെന്നു ജെബ് ബുഷ്
Friday, January 8, 2016 8:43 AM IST
ഫ്ളോറിഡ: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പിനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു ഗവര്‍ണര്‍ ജെബ് ബുഷ്. ജനുവരി ഏഴിനു ഹുഗ് ഹി വിറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ ജെബ് ബുഷ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രമ്പിന് പിന്തുണ നല്‍കുമോ എന്ന് ആവര്‍ത്തിച്ചുളള ചോദ്യത്തിന്, ട്രമ്പിന് ഒരിക്കലും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുകയില്ലെന്നു ജെബ് ബുഷ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും ട്രമ്പിനു പിന്തുണ വര്‍ധിച്ചുവരികയും ട്രമ്പ് സ്ഥാനാര്‍ഥിയാകുകയും ചെയ്താല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് 'ഞാന്‍ എന്നും വിശ്വസ്തനായ ഒരു റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗമാണ്, പാര്‍ട്ടി തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്തുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്' ബുഷ് വ്യക്തമാക്കി.

ഹില്ലരി ക്ളിന്റനെ പരാജയപ്പെടുത്താന്‍ കഴിവുളള ഒരു സ്ഥാനാര്‍ഥിയെയാണു പാര്‍ട്ടി കണ്െടത്തുവാന്‍ ശ്രമിക്കുന്നത്. ഡൊണാള്‍ഡ് ട്രമ്പിന് അതിനു കഴിയുകയില്ല. ഹില്ലരിയെ പരാജയപ്പെടുത്തുവാനുളള ശ്രമങ്ങള്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഞാന്‍ തന്നെ ഏറ്റെടുക്കുവാനാണ് ആഗ്രഹിക്കുന്നത്-ജെബ് ബുഷ് പ്രത്യാശ പ്രകടപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍