ഓര്‍മ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവലിന്
Monday, January 4, 2016 8:08 AM IST
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്റെ (ഓര്‍മ) മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവേലിനു സമ്മാനിച്ചു. ഓര്‍മയുടെ ക്രിസ്മസ്-ന്യൂ ഇയര്‍-തിങ്ക് ഫെസ്റ് ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം അവാര്‍ഡ് സമ്മാനിച്ചു.

39 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഇമ്മാനുവല്‍ പത്രപ്രവര്‍ത്തനം, സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലകളിലെ നിറസാന്നിധ്യമാണ്. അതിനാലാണു മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവേലിനെ തേടിയെത്തിയത്.

ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സെക്രട്ടറി, നോര്‍ത്തീസ് വൈഎംസിഎ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍, ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ഫിലഡല്‍ഫിയ സിറ്റിയിലെ വിവിധ സര്‍ക്കാര്‍- പോലീസ് ഉപദേശക സമിതി അംഗം, ഏഷ്യന്‍ അമേരിക്കന്‍ പോലീസ് ബോര്‍ഡ് ട്രഷറര്‍, കാത്തലിക് അസോസിയേഷന്‍, ചര്‍ച്ച് ഭരണസമിതികള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ വിന്‍സന്റ് പ്രവര്‍ത്തിച്ചുവരുന്നു.

ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, സിബിച്ചന്‍ ചെമ്പ്ളായില്‍, ആലീസ് ജോസ്, സെലിന്‍, ബ്രിജിറ്റ് പാറപ്പുറത്ത്, ടീന എന്നിവര്‍ വിന്‍സെന്റ് ഇമ്മാനുവിനെ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.