സ്റാറ്റന്‍ഐലന്‍ഡ് എക്യുമെനിക്കല്‍ കൌണ്‍സില്‍ അനുശോചിച്ചു
Friday, January 1, 2016 6:43 AM IST
ന്യൂയോര്‍ക്ക്: മേല്‍പ്പട്ട ശുശ്രൂഷയുടെ കര്‍മഭൂമിയില്‍ അശരണര്‍ക്കും ദരിദ്രര്‍ക്കും ആശ്വാസമേകി ക്രൈസ്തവസാക്ഷ്യം പൂര്‍ത്തീകരിച്ച ബഹുമുഖ പ്രതിഭകളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാലം ചെയ്ത മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ അഭിവന്ദ്യ സഖറിയാസ് മോര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുമെന്ന് സ്റാറ്റന്‍ഐലന്‍ഡ് എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം അനുസ്മരിച്ചു.

അമരിക്കയിലേക്ക് കുടിയേറിയ മലയാളി സഭാ മക്കള്‍ക്കു സുധീരമായ നേതൃത്വം നല്‍കിയ മെത്രാപ്പോലീത്തമാരുടെ സ്മരണ എക്കാലവും നിലനില്‍ക്കുമെന്നു സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രസ്താവിച്ചു.

അമേരിക്കയില്‍ മാര്‍ത്തോമാ സഭയ്ക്ക് കെട്ടുറപ്പ് നല്‍കുകയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ ലോക കൌണ്‍സിലില്‍ വരെ എത്തിച്ച് സഭയെ ആഗോള നിലാവരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു മോര്‍ തെയോഫിലോസ്. യാക്കോബായ സഭയ്ക്ക് അമേരിക്കയിലൂടനീളം ദേവാലയങ്ങള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി ഭദ്രാസന രൂപീകരണത്തിന് അടിത്തറ പാകുകയും ചെയ്തു മോര്‍ പീലക്സിനോസ്. ത്യാഗോജ്വലമായ ജീവിതത്തിനുടമകളായിരുന്നു ഇരുവരും. എക്യുമെനിക്കല്‍ മേഖലയില്‍ ഇരുവരുടെയും സംഭാവനകള്‍ അതുല്യമാണ്. ആതുരശുശ്രൂഷകള്‍ക്കും, സാമൂഹ്യനീതിക്കുംവേണ്ടി കര്‍മ്മനിരതരായിരുന്ന പിതാക്കന്മാരുടെ സ്മരണ നമുക്കു പുതുഊര്‍ജ്ജം ലഭിക്കാന്‍ ഇടയാകട്ടെയെന്നും സഭയുടെ പൊതുവായ ദുഃഖത്തില്‍ സ്റാറ്റന്‍ഐലന്‍ഡിലെ മലയാളി ക്രൈസ്തവ സമൂഹം പങ്കുചേരുന്നുവെന്നും റവ. മാത്യൂസ് ഏബ്രഹാം (പ്രസിഡന്റ്), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ (ട്രഷറര്‍) എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത അനുശോചന സന്ദേശത്തില്‍ പറയുന്നു. എക്യുമെനിക്കല്‍ കൌണ്‍സിലിനുവേണ്ടി പിആര്‍ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം