മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ വിയോഗത്തില്‍ ഡാളസിലെ വിവിധ മാര്‍ത്തോമ ദേവാലയങ്ങളില്‍ അനുസ്മരണം നടത്തി
Tuesday, December 29, 2015 8:04 AM IST
ഡാളസ്: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ കാലം ചെയ്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഡാളസിലെ വിവിധ മാര്‍ത്തോമ ദേവാലയങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ നടന്ന സമ്മേളനത്തില്‍ വികാരി റവ. പി.സി. സജി അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ സഭയ്ക്കും നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ അച്ചന്‍ അനുസ്മരിച്ചു. തുടര്‍ന്ന് റവ. മാത്യു സാമുവല്‍, ബാബു സി. മാത്യു, തോമസ് മാത്യു, സജു ഏബ്രഹാം, ലീലാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. മെത്രാപ്പോലീത്തായുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശനവും അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഗായകസംഘം ആലപിക്കുകയും ചെയ്തപ്പോള്‍ വിശ്വാസസമൂഹം കണ്ണീരോടെ യാത്രമൊഴി നല്‍കി.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഡാളസിന്റെ പ്രസിഡന്റും ഇടവക വികാരിയുമായ റവ. സാം മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുരുവിള തോമസ്, ഷാജി രാമപുരം, സജി ജോര്‍ജ്, ജയിംസ് ഏബ്രഹാം, രാജന്‍ മേപ്പുറത്ത്, നിബു തോമസ്, ഷേര്‍ളി ഏബ്രഹാം എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു.

സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്, മെസ്കിറ്റ് ഇടവക വികാരി റവ. ഷൈജു പി. ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡോ. സഖറിയാസ് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങളെ അനുസ്മരിച്ചു.

സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്, പ്ളാനോ ഇടവക വികാരി റവ. അലക്സ് കെ. ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. സഖറിയായുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

ക്രോസ് വേ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ ചര്‍ച്ചില്‍ നടന്ന അനുസ്മരണ യോഗത്തില്‍ റവ. മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഡാളസിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന അനുസ്മരണ യോഗങ്ങളില്‍ പങ്കെടുത്ത വിശ്വാസി സമൂഹം ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചു.