ലിന്‍സി ഗ്രാം പിന്മാറി; മത്സര രംഗത്ത് ഇനി 13 സ്ഥാനാര്‍ഥികള്‍
Tuesday, December 22, 2015 7:18 AM IST
സൌത്ത് കരോളിന: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്ന സൌത്ത് കരോളിന സെനറ്റര്‍ ലിന്‍ഡ്സി ഗ്രാം പിന്മാറുന്നതായി ഡിസംബര്‍ 20 തിങ്കളാഴ്ച ടെലിവിഷന്‍ ചാനലിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 20-നു സൌത്ത് കരോളിനയില്‍ നടക്കാനിരിക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ പേരു ചേര്‍ക്കേണ്ട അവസാന ദിവസമാണ് ഗ്രാമിന്റെ പിന്മാറ്റ പ്രഖ്യാപനം. സ്വന്തം സംസ്ഥാനത്തുപോലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതാണ് പിന്മാറുന്നതിനു ഗ്രഹാമിനെ പ്രേരിപ്പിച്ചത്. 204 ദിവസം നീണ്ടുനിന്ന പ്രചാരണത്തിനാണ് തിരശീല വീണത്.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ മത്സര രംഗത്തുനിന്നു പിന്മാറുന്ന നാലാമത്തെ സ്ഥനാര്‍ത്ഥിയാണ് ഗ്രാം. ടെക്സസ് ഗവര്‍ണര്‍ റിക്ക് പെറി, വിസ്കോണ്‍സിന്‍ ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍, ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ എന്നിവരാണു മറ്റു മൂന്നുപേര്‍.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവും, അരിസോണ സെനറ്ററുമായ ജോണ്‍ മക്കെയ്ന്റെ എന്‍ഡോഴ്സ്മെന്റ് ഗ്രാമിനു ലഭിച്ചിരുന്നു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ നിലപാടുകള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു പ്രചാരണം അവസാനിപ്പിച്ചുകൊണ്ട് ഗ്രാം നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രമ്പ്, ടെഡ് ക്രൂസ്, ബെന്‍ കാര്‍ബല്‍ എന്നിവരാണ് അവസാന റൌണ്ടില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പോരാടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍