ഇന്ത്യ പ്രസ്ക്ളബ്ബ് സമ്മേളനത്തിനു കൊടിയിറങ്ങി
Tuesday, November 24, 2015 7:38 AM IST
ഷിക്കാഗോ: മാധ്യമ, സാമൂഹിക രംഗത്തെ മാറ്റങ്ങള്‍ പ്രതിഫലിച്ച തീവ്രസംവാദങ്ങളും, അതിഥികളുടെയും പങ്കെടുത്തവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയ സംഘാടക മികവും, മാധ്യ മരംഗത്തെ പ്രമുഖര്‍ക്കു നല്‍കിയ ആദരവും കൊണ്ട് ഹൃദ്യമായ രണ്ടുദിനങ്ങള്‍ സമ്മാനിച്ച് ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കണ്‍വന്‍ഷനു കൊടിയിറങ്ങി.

പ്രസ്ക്ളബിന്റെ പരമോന്നത ബഹുമതികളായ മാധ്യമരത്ന പുരസ്കാരം കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനും, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കേരള എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ കെ.എം. ഈപ്പനും ചടങ്ങില്‍ സമ്മാനിച്ചു. ബ്രിട്ടാസിന് പ്രസ്ക്ളബ് പ്രസിഡന്റ് ടാജ് മാത്യുവും, കെ.എം ഈപ്പന് തോമസ് ഉണ്ണിയാടന്‍ എംഎല്‍എയും അവാര്‍ഡ് നല്‍കി.

മാധ്യമ അവാര്‍ഡുകള്‍ നേടിയ ഡോ. കൃഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്), പ്രവാസി ചാനല്‍ മാനേജിംഗ് എഡിറ്ററും ഇമലയാളി സാരഥികളിലൊരാളുമായ സുനില്‍ ട്രൈസ്റാര്‍, ഏബ്രഹാം തോമസ്, പി.പി. ചെറിയാന്‍, മീനു എലിസബത്ത്, ബിജു സഖറിയ (ഏഷ്യാനെറ്റ്), സുധ ജോസഫിനു വേണ്ടി ജോസ് പ്ളാക്കാട്ട് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അവാര്‍ഡ് ജേതാവായ ജോര്‍ജ് തുമ്പയിലിന് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല.

പ്രസ്ക്ളബിന്റെ സാരഥ്യം താന്‍ ഏറ്റെടുത്തപ്പോഴും വൈകാതെ സ്ഥാനമൊഴിയുമ്പോഴും അതിന്റെ ഭാവിയെപ്പറ്റിയോ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ യാതൊരാശങ്കയുമില്ലെന്ന് ടാജ് മാത്യു പറഞ്ഞു. സൌഹൃദത്തിന്റെ പ്രതിഫലനമാണ് ഈ സംഘടന. തന്നോടൊപ്പം പ്രവര്‍ത്തിച്ച ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്, കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി, മറ്റു ഭാരവാഹികള്‍ക്കും ടാജ് മാത്യു നന്ദി പറഞ്ഞു.

കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപിക ഡെപ്യൂട്ടി എഡിറ്ററുമായ സെര്‍ജി ആന്റണി, പി.ജി. സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), മനോര മ ഓണ്‍ലൈന്‍ എഡിറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ സ്വാഗതം ആശംസിച്ചു. സണ്ണി പൌലോസ് ആയിരുന്നു എം.സി. അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ എന്നിവര്‍ കലാപരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്നു. ചടങ്ങില്‍ വച്ച് നിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മയ്ക്ക് ടാജ് മാത്യു അനൌപചാരികമായ അധികാര കൈമാറ്റം നടത്തി.

മാധ്യമരംഗത്ത് ധാരാളം പേര്‍ പുതുതായി എത്തുന്നുണ്െടന്നും നവ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധം ആവശ്യമെങ്കില്‍ ഭരണഘടനയില്‍ത്തന്നെ ഭേദഗതി വരുത്തണമെന്നും ശിവന്‍ മുഹമ്മ (കൈരളി ടിവി) നിര്‍ദേശിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണവും ശിവന്‍ അഭ്യര്‍ത്ഥിച്ചു.