ജിം കെനിയുടെ ഫണ്ട് റൈസിംഗ് വന്‍ വിജയമായി
Sunday, November 1, 2015 3:36 AM IST
ഫിലഡല്‍ഫിയ: മേയര്‍ സ്ഥാനാര്‍ഥി ജിം കെനിയുടെ (ഡെമോക്രാറ്റിക്) തെരഞ്ഞെടുപ്പിനായി ഏഷ്യന്‍ സമൂഹം നടത്തിയ ഫണ്ട് റൈസിംഗ് വന്‍ വിജയമായി. ഒക്ടോബര്‍ 29-നു വ്യാഴാഴ്ച സുറാബോള്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യുണൈറ്റഡ് സ്റേറ്റ്സിന്റെ (എഎഫ്യുഎസ്) ആഭിമുഖ്യത്തിലായിരുന്നു.

ചൈനീസ്, കംബോഡിയന്‍, കൊറയന്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം, ലാവോസ്, ഇന്‍ഡ്യന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹ്യ നേതാക്കളുടെ സംയുക്ത സംഘടനയാണ് ഏഷ്യന്‍ ഫെഡറേഷന്‍.

ഫിലഡല്‍ഫിയയിലെ ഏഷ്യന്‍ സമൂഹം രാഷ്ട്രീയരംഗത്ത് വളരെ സജീവമാണെന്നും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നുവെന്നും, ദീര്‍ഘകാലത്തെ സുദൃഢബന്ധം നിലനിന്നുപോന്നതുമാണ് എനിക്ക് ആവേശം പകരുന്നത്. കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കപ്പെടണമെന്നും കുടിയേറ്റ സമൂഹം രാഷ്ട്രത്തിനും പ്രത്യേകിച്ച് ഫിലഡല്‍ഫിയയ്ക്കും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല- ജിം കെനി വ്യക്തമാക്കി.

കൌണ്‍സില്‍മാന്‍ ബാബി ഹീനന്‍ രാഷ്ട്രീയരംഗത്ത് സജീവമായി പങ്കെടുക്കാന്‍ ഉദ്ബോധിപ്പിച്ചു. ജിം കെനിക്കു വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ജിംകെനിയെ സദസിനു പരിചയപ്പെടുത്തി. അറ്റോര്‍ണി കുംഗ്സണ്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ഡോ. മന്‍സു പാര്‍ക്ക് നേതൃത്വം നല്‍കിയ ഫണ്ട് റൈസിംഗില്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അലക്സ് തോമസ്, ജോബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അവര്‍ അറിയിച്ചു. നവംബര്‍ 3-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹത്തോട്, പ്രത്യേകിച്ച് മലയാളി സമൂഹത്തോട് അഭ്യര്‍ഥിച്ചു. ജോബി ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം