സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ടെക്സാസ് റീജണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, October 27, 2015 5:42 AM IST
ഹൂസ്റന്‍: സീറൊ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ടെക്സാസ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജണല്‍ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ആന്റണി ചെറു അറിയിക്കുന്നു. എസ്എംസിസി ആനുവല്‍ ജനറല്‍ കൌണ്‍സില്‍ മീറ്റിംഗിനോടനുബന്ധിച്ച് തന്നെയായിരിക്കും ഇപ്രാവശ്യത്തെ ടെക്സാസ് റീജണല്‍ കോണ്‍ഫറന്‍സും. എസ്എംസിസിയുടെ കേന്ദ്രകമ്മറ്റി നേതൃത്വവും മറ്റു വിവിധ റീജണുകളിലുള്ള ഡെലിഗേറ്റുകളും ജനറല്‍ കൌണ്‍സില്‍ മീറ്റിംഗിലും റീജണല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും.

ഹൂസ്റനിലെ മിസൌറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ജനറല്‍ കൌണ്‍സില്‍ മീറ്റിംഗും, റീജിയണല്‍ കോണ്‍ഫറന്‍സും. ഒക്ടോബര്‍ 31-നു (ശനിയാഴ്ച) വൈകുന്നേരം 5:30ന് ആരംഭിക്കുന്ന റീജണല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എസ്എംസിസി ഹൂസ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സജി സൈമന്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ബോസ് കുര്യന്‍ നാഷണല്‍ കമ്മറ്റി അംഗം ബാബു ചാക്കോ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്. സെന്റ് ജോസഫ് ദേവാലയ വികാരി ഫാദര്‍ കുര്യന്‍ നെടുവേലി ചാലിങ്കല്‍, അസിസ്റന്റ് വികാരി ഫാ. വില്‍സണ്‍ ആന്റണി എന്നിവരും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഫെയര്‍ലാന്‍ഡ്, ഡാളസ്, ഹൂസ്റന്‍ എന്നീ എസ്എംസിസി ചാപ്റ്ററുകളുടെ വിവിധ കലാപരിപാടികളും തുടര്‍ന്നു വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നറിയിച്ചു. കോണ്‍ഫറന്‍സിലേക്കും പരിപാടികളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്