കാനഡയില്‍ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ്; റവ. ഡോ. ജോസ് കല്ലുവേലില്‍ പ്രഥമ എക്സാര്‍ക്ക്
Friday, August 7, 2015 8:17 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കാനഡയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കാ യി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് നിലവില്‍ വന്നു. ടൊറേന്റോയിലെ മിസിസൌഗാ ആസ്ഥാനമാക്കിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഥമ എക്സാര്‍ക്കായി മെത്രാന്‍ പദവിയോടെ റവ.ഡോ.ജോസ് കല്ലുവേലില്‍ നിയമിതനായി. പാലക്കാട് രൂപ താംഗമായ ഇദ്ദേഹത്തിനു തബാ ല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവി ഉണ്ടാകും. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന ആദ്യത്തെ എക്സാര്‍ക്കേറ്റാണിത്.

ഇതുസംബന്ധിച്ച മാര്‍പാപ്പയുടെ കല്പന വത്തിക്കാനിലും കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ടൊറേന്റോയിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട്ട് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ടൊറേ ന്റോയില്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തുമാണു നിയമനപ്രഖ്യാപനം അറിയിച്ചത്. 1955 നവംബര്‍ 15നു പാലാ രൂപതയില്‍ കുറവിലങ്ങാട് തോട്ടുവായിലാണ് ഫാ. ജോസ് കല്ലുവേലിലിന്റെ ജനനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ് പീറ്റര്‍ ഇടവകയിലാണ് ഇപ്പോള്‍ കുടുംബം.

തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ ഫാ. കല്ലുവേലില്‍ പാലക്കാട് രൂപതയ്ക്കുവേണ്ടി 1984 ഡിസംബര്‍ 18നു പൌരോഹിത്യം സ്വീകരിച്ചു. രൂപതയിലെ അഗളി, കുറുവംപാടി, പുലിയറ, പന്തലാംപാടം, ഒലവ ക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രല്‍, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകളിലും, അഗളി, താവളം എന്നിവിടങ്ങളിലെ ബോയ്സ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപത പാസ്ററല്‍ സെന്ററിന്റെയും വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും കെസിഎസ്എലിന്റെയും ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മതബോധനത്തില്‍ ഡോക്ടറേറ്റ് നേടി. രണ്ടു വര്‍ഷമായി ടൊറേന്റോയിലായിരുന്നു.

കാനഡയില്‍ 35,000 സീറോ മലബാര്‍ സഭാ വിശ്വാസികളാണുള്ളത്. എക്സാര്‍ക്കേറ്റിന്റെ ഉദ്ഘാടന, പ്രഥമ എക്സാര്‍ക്കിന്റെ അഭിഷേക തീയതി പിന്നീടു തീരുമാനിക്കും.