സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ അജ്ഞാത ഫോണ്‍കോള്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണം
Thursday, August 6, 2015 5:50 AM IST
ഒന്റാരിയോ (കാനഡ): ഒന്റാരിയോ നിവാസികളുടെ ഫോണുകളിലേക്കു വരുന്ന അജ്ഞാത കോളുകളെപ്പറ്റി ജാഗ്രത പാലിക്കണമെന്നു പീല്‍ പോലീസ് അറിയിച്ചു. പോലീസിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതലായും കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ താഴെ കാനഡയില്‍ താമസിച്ചു വരുന്നവരുടെ ഫോണുകളിലാണ് അജ്ഞാത വിളികള്‍ വരുന്നത്.

കാനഡ റവന്യു ഏജന്‍സിയുടെ പേരിലുള്ള കോളുകള്‍ വളരെ കൃത്യതയോടു കൂടിയാണ് വിളിക്കുന്നത്. ചതിയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ആളുടെ പൂര്‍ണ വ്യക്തിഗത വിവരങ്ങളും ഇവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട ചില രേഖകളില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്െടന്നും അത് തിരുത്തി കറക്ട് ചെയ്യുന്നതിനുവേണ്ടിയാണു വിളിക്കുന്നതെന്നും ആണ് ഇവരെ പരിചയപ്പെടുത്തുക. തെറ്റുകള്‍ ഉടനെ തിരുത്തി കൃത്യത പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന നിയമ നടപടികളെപ്പറ്റി ഇവര്‍ ഉപഭോക്താവിനെക്കാള്‍ കൂടുതല്‍ ഉത്കണ്ഠാകുലരായി പെരുമാറുന്നു. വീട്ടിലെ കുടുംബനാഥനോ, നാഥയ്ക്കോ ഉണ്ടായേക്കാവുന്ന വന്‍ വിപത്ത് ഒഴിവാക്കുന്നതിനുവേണ്ടി, ക്രെഡിറ്റ് കാര്‍ഡ് മുഖേന പണം ഒടുക്കാന്‍ ആവശ്യപ്പെടുന്ന ഓഫീസര്‍മാര്‍ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തി എടുക്കുകയും ബാങ്ക് അക്കൌണ്ടുകള്‍ ഉള്‍പ്പെടെയുള്ള പണസ്രോതസുകളില്‍നിന്നും പണം മോഷ്ടിക്കുകയും ചെയ്യുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തെക്കന്‍ ഏഷ്യയില്‍നിന്നുള്ളവരാണു കൂടുതല്‍ പേരും ചതിയില്‍ പെട്ടിരിക്കുന്നത്.

കാനഡ റവന്യു ഏജന്‍സി ഒരു വ്യക്തികളെയും ഫോണ്‍ വഴി ബന്ധപ്പെടാറില്ലെന്നും രേഖകള്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്െടങ്കില്‍ കത്തുകള്‍ മാത്രം ആണ് അയയ്ക്കുന്നതെന്നും വ്യക്തമാക്കി. ഓരോ വ്യക്തികളും അവരുടെ പിന്‍ നമ്പരുകള്‍ മറ്റുള്ളവരുമായി ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ കൈമാറരുതെന്നും ഇത് ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു. ക്രെഡിറ്റ് സ്കോര്‍ കറക്ഷന്‍, ടാക്സ് റിട്ടേണ്‍ ഫയലുകളിലെ ക്രമക്കേടുകള്‍ എന്നിവക്കൊന്നും തന്നെ സര്‍ക്കാര്‍ തലത്തില്‍നിന്നു യാതൊരുവിധ ഫോണുകളും വിളിക്കാറില്ലെന്നും ജനങ്ങള്‍ ഇതുപോലുള്ള തട്ടിപ്പുകള്‍ക്കുനേരെ ജാഗ്രത പാലിക്കണമെന്നും പീല്‍ ജില്ലാ പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള