ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സണ്ണി ഏബ്രഹാം
Thursday, June 11, 2015 5:08 AM IST
ഫിലഡല്‍ഫിയ: ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സണ്ണി ഏബ്രഹാമിനെ നോമിനേറ്റ് ചെയ്തതായി 'കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡലാവേര്‍വാലി' അധ്യക്ഷന്‍ തോമസ് ഏബ്രഹാം പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 38 വര്‍ഷക്കാലയളവിനുള്ളില്‍ പലതവണ കലയുടെ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ ഉത്തരവാദിത്തതോടെ ഏറ്റെടുത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ഏബ്രഹാം കലയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍കൂടിയാണ്.

അര നൂറ്റാണ്ടു മുമ്പു ബാലജനസഖ്യത്തിലൂടെ സംഘടനാരംഗത്തേക്കു കടന്നു വന്ന സണ്ണി ഏബ്രഹാം യുവജനപ്രസ്ഥാനങ്ങളിലും മുംബൈയിലെ മലയാളി സംഘടനയിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 1975-ല്‍ അമേരിക്കയിലേക്കു കടന്നുവരുന്നത്. ഫോമയുടെ രൂപവത്കരണത്തിനു മുന്‍പുണ്ടായിരുന്ന സംയുക്തസംഘടനയുടെ നാഷണല്‍ കമ്മിറ്റി മെംബറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രഥമ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും രണ്ടാമത്തെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടന്നപ്പോള്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി മെംബറായി പ്രവര്‍ത്തിക്കുന്ന സണ്ണി ഏബ്രഹാം 2014-ലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്റെ വിജയശില്പികളില്‍ ഒരാളാണ്.

ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ് എന്നിവരുടെ അധ്യക്ഷകാലങ്ങളില്‍ ഫോമ ദേശീയ കമ്മിറ്റി അംഗമായിരുന്ന സണ്ണി ഏബ്രഹാം മൂന്നു തവണ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ കണ്‍വീനറായി നേതൃത്വം കൊടുത്തിട്ടുണ്ട്.
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തിന്റെ സ്ഥാപകാംഗമായ സണ്ണി ഏബ്രഹാം, വൈസ് പ്രസിഡന്റ്, സഭയുടെ കൌണ്‍സില്‍, അസംബ്ളി മണ്ഡലം എന്നീ തലങ്ങളിലും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം