നേപ്പാള്‍ ദുരന്തം: സണ്ണിവെയ്ല്‍ ഹിന്ദു ടെമ്പിള്‍ ധനസമാഹരണം നടത്തി
Thursday, May 7, 2015 6:41 AM IST
സണ്ണിവെയ്ല്‍ (കാലിഫോര്‍ണിയ): പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാള്‍ ജനതയ്ക്കു സഹായഹസ്തവുമായി സണ്ണിവെയ്ല്‍ ഹിന്ദു ടെമ്പിള്‍.

ഹരിയാനയില്‍നിന്നുള്ള സുപ്രസിദ്ധ ഫോക് ഗായിക അര്‍ജുന്‍ ജയപുരി, ഗായിക ടിന മാന്‍ എന്നിവര്‍ പങ്കെടുത്ത സംഗീത സായാഹ്നം സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്.

പ്രവേശനം സൌജന്യമായിരുന്നുവെങ്കിലും പങ്കെടുക്കാനെത്തിയ ആസ്വാദകര്‍ സംഭാവനയായി നല്‍കിയ തുക മുഴുവന്‍ നേപ്പാളിലേക്ക് അയച്ചുകൊടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

എവിടെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നുവോ, അവിടെ ഓടിയെത്തി അവരെ ആശ്വസിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരിക്കുമെന്ന് ടെമ്പിള്‍ ട്രഷറര്‍ രാജ ബാനറ്റ് പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണു പരിപാടികള്‍ ആരംഭിച്ചത്. നേപ്പാളില്‍ ജനിച്ച്, ഇന്ത്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന നാരായണ്‍ പ്രധാന്‍, നേപ്പാളില്‍ ഇന്ത്യ ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ അമേരിക്കരിക്കന്‍ സമൂഹം പ്രകടിപ്പിച്ച സേവന സന്നദ്ധതയ്ക്കും നന്ദിപറഞ്ഞു.

ചടങ്ങില്‍ സാന്‍ ഒസെ സിറ്റി കൌണ്‍സില്‍മാന്‍ ആഷ്കാള്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. ഭരത് ത്രിപാഠി ഹിന്ദു ടെമ്പിളിനെ പ്രതിനിധീകരിച്ച് ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍