പല്ലാവൂര്‍ പഞ്ചവാദ്യ സംഘം ഡാളസില്‍
Monday, April 27, 2015 6:51 AM IST
കരോള്‍ട്ടണ്‍: ഡാളസ് കരോള്‍ട്ടണ്‍ സിറ്റിയില്‍ കേരള ഹിന്ദു സൊസൈറ്റി നിര്‍മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കേരളത്തില്‍നിന്നുള്ള പ്രശസ്ത പല്ലാവൂര്‍ പഞ്ചവാദ്യ സംഘം ഡാളസില്‍ എത്തിച്ചേര്‍ന്നു.

മേയ് 15 മുതല്‍ 27 വരെയാണു പ്രതിഷ്ഠയും അതിനോടനുബന്ധിച്ചുളള ഉത്സവവും ആഘോഷിക്കുന്നത്.

പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പല്ലാവൂര്‍ ശ്രീകുമാര്‍, പല്ലാവൂര്‍ രാമചന്ദ്രന്‍, പല്ലശന രമേശ്, കോട്ടായി അനൂപ് തിരുവാലത്തൂര്‍ ശിവന്‍, കരിയന്നൂര്‍ നാരായണന്‍ എന്നീ വാദ്യമേളക്കാരാണു സംഘത്തിലുള്‍പ്പെടുന്നത്.

വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചു തത്വകലശം, ബ്രഹ്മ കലശം, പ്രതിഷ്ഠ, ഉത്സവ ബലി ചടങ്ങുകള്‍ക്കു കൊട്ടുന്ന വലിയ പാണി ഈ ചെണ്ടവിദ്യാന്മാരുടെ സവിശേഷതയാണ്. തായമ്പക, പഞ്ചാരി, പാണ്ടി, ചെമ്പട, പഞ്ചവാദ്യം എന്നീ മേളങ്ങള്‍ ആസ്വദിക്കാന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രതിഷ്ഠാദിവസങ്ങളില്‍ ക്ഷേത്ര കലാ പ്രേമികള്‍ എത്തിച്ചേരണമെന്നു ഡാളസ് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള അഭ്യര്‍ഥിച്ചു.

പഞ്ചവാദ്യ സംഘത്തിന്റെ മേള പെരുമ സംഘടിപ്പിക്കാന്‍ താത്പര്യമുളളവര്‍ 976 646 1463 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ഡാളസ് കേരള ഹിന്ദു സൊസൈറ്റി ചെയര്‍ ശ്രീഹരി പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍