തുമ്പപൂവിന്റെ വെണ്മയുമായി വെസ്റ്ചെസ്ററിലെ ഓണാഘോഷം
Thursday, September 4, 2014 7:53 AM IST
ഗ്രീന്‍ബെര്‍ഗ് (ന്യൂയോര്‍ക്ക്): നാല്‍പ്പത് ഓണം ഉണ്ട പ്രൌഡിയില്‍ വെസ്റ്സ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. നാല്‍പ്പത് ഓണം കണ്ട അപൂര്‍വം അസോസിയേഷനുകളില്‍ ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും മികവിന്റെ പാരമ്പര്യം കാത്തു.

മാവേലിക്കു പുറമെ ഓണസമ്മാനവുമായി എത്തിയത് കവി പ്രഫ കെ.വി. ബേബിയാണ്. ഓണത്തെപ്പറ്റി ഒരു കവിതയെങ്കിലും എഴുതാത്ത ഒരു കവിയും മലയാളത്തിലില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞിരാമന്‍ നായരും മറ്റും ഒന്നിലേറെ കവിതകളെഴുതി. തന്റെ മുന്നൂറില്‍പരമുള്ള കവിതകള്‍ മറിച്ചുനോക്കിയപ്പോള്‍ അതിലുമുണ്ട് ഓണക്കവിത.

മഹാബലിക്കു മുന്നില്‍ ആദരവോടെ പൂക്കള്‍ നിരന്നു പുഷ്പിച്ചുവരുന്നതാണ് കവിതാതന്തു. മഹാബലി അതില്‍ നിന്ന് തുമ്പപൂ തെരഞ്ഞെടുത്തു. ചെറിയ പൂവ്; വെളുത്തനിറം. നിഷ്കളങ്കതയുടെ പ്രതീകം. അത്തപൂക്കളില്‍ തുമ്പപൂവിന് പ്രാധാന്യം ഏറെയുണ്ട്. ഇനി ആ പൂവിനെ ശ്രദ്ധിച്ചുനോക്കിയാല്‍ അത് ഒരു ചെരുപ്പിന്റെ ആകൃതിയിലാണെന്നു കാണാന്‍ കഴിയും.

തുമ്പപൂവിനെ വണങ്ങി തലയില്‍ വച്ച് നമിക്കട്ടെ.
ചെറുതാം ചെറുതാം വെളുത്ത പാദുകങ്ങള്‍ ഇതാരുടേതാണോ? ഭരതന്‍ പണ്ടു ഭരിക്കാനായി ഭജിച്ചിരുത്തിയ പാദുകമോ
ചെറുതായി ചെറുതായി കര്‍മ്മം പൊലിയാറായി; തുമ്പപൂവും വിരിയാറായി.

ഇതാണ് കവിത. വനവാസത്തിനു പോയ ജ്യേഷ്ഠന്റെ പാദുകം പൂജിച്ച് രാജ്യം ഭരിച്ച അനിയന്റെ മാതൃക നമ്മുടെ മുന്നിലുണ്ട് പണ്ട്. പക്ഷെ ഇക്കാലത്ത് ജ്യേഷ്ഠന്റെ സ്വത്ത് തട്ടിയെടുക്കുന്ന സഹോദരനെയാണ് നാം കാണുന്നത്. കാലഘട്ടത്തിന്റെ മാറ്റം.

തന്റെ കവിതയില്‍ ഏറെ പ്രശംസ പടിച്ചുപറ്റിയ ഭൂമിക്കുമേല്‍ അടയിരിക്കുന്ന കിവി എന്ന കവിതയും അദ്ദേഹം ചൊല്ലി. ഇതാദ്യമായാണ് താന്‍ വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. അമേരിക്കയില്‍ ഇത് രണ്ടാമത്തെ സമ്മേളനമാണ്. മനോഹര്‍ തോമസിന്റെ സര്‍ഗവേദിയിലാണ് ആദ്യം സംസാരിച്ചത് അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ബര്‍ഗ് വുഡ്ലാന്‍ഡ്സ് ഹൈസ്കൂളില്‍ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി അസോസിയേഷന്‍ സെക്രട്ടറി രാജ് തോമസ് വേഷമിട്ടു. താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് അലക്സ് മുണ്ടയ്ക്കലും സംഘവും ചെണ്ടയുടെ മേളകൊഴുപ്പു പകര്‍ന്നു. സ്കൂളിന്റെ പാതിഭാഗം വലംവച്ച് ഘോഷയാത്ര ഹാളിനുള്ളില്‍ പ്രവേശിച്ചതോടെ ഉദ്ഘാടന സമ്മേളനമായി.

ഫൊക്കാനയുടെ മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസായിരുന്നു എംസി. അസോസിയേഷന്‍ പ്രസിഡന്റ് കുറ്റൂര്‍ രാജന്‍ വെസ്റ് ചെസ്ററിലെ മലയാളി സമൂഹം എക്കാലവും കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെ പ്രതിഫലനം തന്നെയാണ് ഈ ഓണാഘോഷവുമെന്ന് ചൂണ്ടിക്കാട്ടി. ജാതിമത ഭിന്നതകളില്ലാതെ മാനുഷരെല്ലാവരുമൊന്നുപോലെ ഒത്തുകൂടുന്ന ഉത്സവത്തിനാണ് സംഘടന എന്നും വേദിയായത്. പങ്കെടുക്കാനെത്തിയ ഏവരേയും അദ്ദേഹം സ്വാഗതം ചെയ്തു.

അസോസിയേഷന്റെ സാരഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജന്‍ ടി. ജോണ്‍, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍ എന്നിവര്‍ സദസിനെ അഭിവാദ്യം ചെയ്തു. ഭാരവാഹികള്‍ക്കൊപ്പം ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍ തുടങ്ങിയവരും നിലവിളക്ക് തെളിച്ച് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ജോയി ഇട്ടന്‍ ഓണത്തിന്റെ സന്ദേശത്തെപ്പറ്റി വിവരണം നടത്തി. 1986ല്‍ താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഇതേ വേദിയില്‍ ആദ്യത്തെ ഓണാഘോഷം നടന്നത് കെ.ജെ. ഗ്രിഗറി അനുസ്മരിച്ചു. അന്നും ഇതുപോലെയോ ഇതില്‍ക്കൂടുതലോ ആളുണ്ടായിരുന്നു.

തുടര്‍ന്ന് അസോസിയേഷന്റെ കര്‍ഷകശ്രീ അവാര്‍ഡ് കൊച്ചുമ്മന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഏലമ്മ രാജ് തോമസാണ് ഒന്നാം സ്ഥാനം നേടിയത്. വര്‍ഗീസ് മാത്യു രണ്ടാം സ്ഥാനം നേടി.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രൌഡഗംഭീരമായ സുവനിയറിന്റെ ഉദ്ഘാടനം കുറ്റൂര്‍ രാജനില്‍ നിന്ന് കോപ്പി സ്വീകരിച്ച് പ്രഫ. ബേബി നിര്‍വഹിച്ചു. സുവനിയറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ കെ.കെ. ജോണ്‍സണ്‍, ഗണേഷ് നായര്‍, ലിജോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അസോസിയേഷന്റെ ഈമാഗസിന്‍ റോക്ക്ലാന്‍ഡ് ലെജിസ്ളേറ്റര്‍ ആനി പോള്‍ കംപ്യൂട്ടറില്‍ സ്വിച്ച് ഓണ്‍ ചെയ്തു. അസോസിയേഷന്‍ വെബ്സൈറ്റില്‍ ഇതു കാണാം. പേജുകള്‍ ക്ളിക്ക് ചെയ്ത് വായിക്കാം. പ്രധാന വാര്‍ത്തകള്‍, വിശേഷങ്ങള്‍, വെസ്റ് ചെസ്ററിലെ ജോലിസാധ്യത എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. നാട്ടില്‍ നിന്നെത്തിയ കലാകാരന്മാര്‍ അവതരിപ്പിച്ച സൂര്യസായാഹ്നം ഷോയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം