അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജനസഖ്യം ഭാരവാഹികള്‍ പടിയിറങ്ങുന്നു
Thursday, February 27, 2014 10:13 AM IST
ടെക്സസ്: കഴിഞ്ഞ മൂന്നു വര്‍ഷക്കാലം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് കര്‍മ്മനിരതമായ നേതൃത്വം നല്‍കി സഖ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച ഭദ്രാസന യുവജനസഖ്യ ഭാരവാഹികള്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്നു.

2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ യുവജനസഖ്യത്തിന് ശക്തവും ദീര്‍ഘവീക്ഷണത്തിലൂടെയും നേതൃത്വം നല്‍കിയ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (ജോജി), ട്രഷറര്‍ ബാബു പി. സൈമണ്‍, അസംബ്ളി മെംബര്‍ ബിനു സി. തോമസ് എന്നിവരാണ് സ്ഥാനം ഒഴിയുന്ന ഭാരവാഹികള്‍.

സന്തോഷത്തോടും അതിലുപരി അഭിമാനത്തോടും പുതിയ നേതൃത്വത്തിന് സ്ഥാനം കൈമാറുന്ന ഇവര്‍ കഴിഞ്ഞകാല സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരിലൂടെയും ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികളെ മാര്‍ച്ച് ആദ്യവാരത്തില്‍ തെരഞ്ഞെടുക്കുമെന്ന് മുഖ്യവരണാധികാരി റവ. ഷാജി തോമസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നിവയിലൂടെ പ്രവര്‍ത്തന പരിപാടികള്‍ ക്രമീകരിച്ച ഭദ്രാസന യുവജന സഖ്യത്തിന് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അശരണരുടെയും ആലംബഹീനരുടെയും വേദനകള്‍ക്ക് സ്വാന്തനവും അഭയവും ആകുവാന്‍ സാധിച്ചു. ഭദ്രാസന സഖ്യമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ കണ്‍വന്‍ഷന്‍ ഡാളസ്, ഫിലാഡല്‍ഫിയ, ഫ്ളോറിഡ എന്നിവടങ്ങളില്‍ അതിവിപുലമായ രീതിയില്‍ നടത്തുവാന്‍ സാധിക്കുകയും ഒപ്പം തന്നെ ഭദ്രാസന ദേശീയ കാലാമേള ചിട്ടയായും ഭംഗിയായും നടത്തുവാനും സാധിച്ചു. ചരിത്രത്തില്‍ ആദ്യമായി മാര്‍ത്തോമ്മാ സഭയുടെ ഒരു ദേശീയ സമ്മേളനം ഒരു ക്രൂസ് ഷിപ്പില്‍ നടത്തപ്പെട്ടത് ഈ കാലയളവില്‍ ആണെന്നുള്ളത് അഭിമാനവും പ്രശംസനീയവുമത്രെ.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ യുവജനസഖ്യമായി കേരളത്തിലെ ഭവനരഹിതമായ പതിനൊന്നു പേര്‍ക്ക് അന്തിയുറങ്ങുവാന്‍ മനോഹരമായ പാര്‍പ്പിടം വച്ചുകൊടുക്കുവാന്‍ ആവശ്യമായ തുക സമാഹരിക്കുകയും ഒപ്പം തന്നെ സഭയുടെ മെക്സിക്കോ മിഷന്‍ പ്രദേശങ്ങളില്‍ മിഷന്‍ ഫീല്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കുവാന്‍ സാധിക്കുകയും ചെയ്തു. മെക്സിക്കോ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ ഭദ്രാസന യുവജനസഖ്യമായി ഭാഗവാക്കുകുകയും ചെയ്തു.

ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ 'യുവധാര' എല്ലാ വര്‍ഷങ്ങളിലും നിരവധി പതിപ്പുകള്‍ ക്രമീകൃതമായും ഭംഗിയായും പ്രസിദ്ധീകരിക്കുന്നതിനും സാധിച്ചു. യുവധാര എഡിറ്റര്‍ ആയി സന്തോഷ് ഏബ്രഹാം, കണ്‍വീനര്‍ ആയി അജു മാത്യൂ എന്നിവര്‍ നിസ്തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ 28 ല്‍പരം ശാഖകളില്‍ നിന്നും രണ്ടായിരത്തില്‍ അധികം വരുന്ന അംഗങ്ങള്‍ വിവിധ സഖ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.

കഴിഞ്ഞ കാല ഭദ്രാസന യുവജനസഖ്യത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ കൈത്താങ്ങലുകളും പിന്തുണയും നിര്‍ദ്ദേശങ്ങളും തന്ന ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, അച്ചന്മാര്‍, ശാഖാ, സെന്റര്‍, റീജിയണ്‍ ചുമതലക്കാര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ സഖ്യം സ്നേഹിതര്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ഒപ്പം പുതുതായി ചുമതലയേല്‍ക്കുന്ന എല്ലാ ഭാരവാഹികള്‍ക്കും ആശംസകള്‍ നേരുന്നതായും ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ്(ജോജി) അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം