പോളിംഗ്
സാമഗ്രികളുടെ
വിതരണം
ഇരിങ്ങാലക്കുട: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 181 പോളിംഗ് സ്റ്റേഷനുകളിലെ പോളിംഗ് ബൂത്തുകള്‍ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണംനടന്നു.
181 പോളിംഗ് ബൂത്തുകള്‍ക്കു പുറമേ 1000 വോട്ടര്‍മാരില്‍ കൂടുതല്‍വരുന്ന 119 ബൂത്തുകള്‍ ഉള്‍പ്പടെ 300 പോളിംഗ് ബൂത്തുകളാണു മണ്ഡലത്തിലുള്ളത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓഡിറ്റോറിയത്തിലാണു മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള യന്ത്രസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. അസി. റിട്ടേണിംഗ് ഓഫീസര്‍ അസി. റിട്ടേണിംഗ് ഓഫീസറും ആര്‍ഡിഒയുമായ എം.കെ. ഷാജിയുടെ നേതൃത്വത്തിലാണു ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ നിന്നു പോളിംഗ് സാമഗ്രികള്‍ വിതരണംചെയ്തത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആകെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 2,07,194 വോട്ടര്‍മാരാണുള്ളത്. 98,510 പുരുഷന്മാരും 1,08,680 സ്ത്രീകളും നാല് ട്രാന്‍സ്ജന്‍ഡര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് വൈകീട്ട് ഏഴിനു വോട്ടിംഗ് പൂര്‍ത്തിയായശേഷം ക്രൈസ്റ്റ് കോളജിലേക്കു വോട്ടിംഗ് സാമഗ്രികള്‍ തിരികെ എത്തിക്കും.
കയ്പമംഗലം: തെരഞ്ഞെടുപ്പിനുള്ള കയ്പമംഗലം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മതിലകം സെന്റ് ജോസഫ്സ് സ്കൂളിൽനടന്നു.
മണ്ഡലത്തിലെ 153 ബൂത്തുകളിലേക്കാണ് പോളിംഗ് സാമഗ്രികൾ വിതരണംചെയ്തത്. ഇന്നലെ വൈകീട്ടോടെ വോട്ടെടുപ്പിനുള്ള ബൂത്തുകൾ സജ്ജമായി. 1,77,825 വോട്ടർമാരാണ്. 83,054 പുരുഷന്മാരും 94,764 സ്ത്രീകളുമാണുള്ളത്. ട്രാൻസ്ജെൻഡർ വോട്ടർമാർ ഏഴുപേരുണ്ട്. 1,286 മുതിർന്ന വോട്ടർമാരും 3,914 പുതിയ വോട്ടർമാരുമുണ്ട്. പി. വെമ്പല്ലൂർ എസ്എൻകെ യുപി സ്കൂളിൽ 91-ാം നമ്പർ ബൂത്തിലാണ് കൂടുതൽ വോട്ടുള്ളത് 1,538. കുറവ് വെമ്പല്ലൂർ മാപ്പിള എല്‍പി സ്കൂളിലും. 576 വോട്ടർമാരാണ് ഇവിടെയുള്ളത്.
കൊടുങ്ങല്ലൂർ: നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ 1,92,501 വോട്ടർമാരാണ് ആകെയുള്ളത്.
92,526 പുരുഷന്മാരും 99,974 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർമാണുള്ളത്. മുതിർന്ന വോട്ടർമാർ 2064, പുതിയ വോട്ടർമാർ 3566, ഭിന്നശേഷിക്കാർ 2296 പേരുമാണ് ഉള്ളത്. 174 ബൂത്തുകളിൽ 1,492 വോട്ടുള്ള കോണത്തുകുന്ന് ഗവ.യുപി സ്കൂളിലെ 11-ാം നമ്പർ ബൂത്തിലും പൊയ്യ അമ്പൂക്കൻ കൊച്ചുവർക്കി ഹൈസ്കൂളിലെ 128-ാം ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഏറ്റവും കുറവ് വടമ കാട്ടികരകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ബൂത്തിലാണ്. ഇവിടെ 318 വോട്ടർമാര്‍.
പ്രശ്നബാധിത
ബൂത്തുകൾ
കയ്പമംഗലം: തീരദേശമേഖലയായ കയ്പമംഗലത്ത് ഇരുപത്തിയൊന്ന് പ്രശ്നബാധിത ബൂത്തുകൾ. മതിലകം സ്റ്റേഷൻ പരിധിയിൽ ആറും കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചും ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മതിലകത്തെ ശ്രീനാരായണപുരം പഞ്ചായത്തിലെ ആല വാസുദേവവിലാസം സ്കൂൾ, കോതപറമ്പ് സ്കൂൾ എന്നിവിടങ്ങളിലെ രണ്ടു ബൂത്തുകൾ അതീവ പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. കയ്പമംഗലത്ത് പെരിഞ്ഞനം, എടത്തിരുത്തി, കയ്പമംഗലം എന്നീ പഞ്ചായത്തുകളിലെ ചാമക്കാല, ചളിങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവിടെയൊക്കെ കൂടുതൽ പോലീസിനെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. മതിലകം സ്റ്റേഷൻ പരിധിയിൽ നാൽപ്പത്തിനാലും കയ്പമംഗലത്ത് അറുപതും ബൂത്തുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പ് സുരക്ഷക്കായി ശക്തമായ പോലീസ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നു ഗ്രൂപ്പ് പെട്രോൾ, രണ്ടു ലോ ആൻഡ് ഓർഡർ, നാല് സെൻട്രൽ ഫോഴ്സ് തുടങ്ങി പത്തൊന്നോന്നോളം പട്രോളിംഗ് ഗ്രൂപ്പുകൾ മണ്ഡലത്തിലുണ്ടാകും. സ്പെഷൽ പോലീസിനേയും കേന്ദ്രസേനയേയും തമിഴ് നാട് പോലീനേയും ഇതിനു പുറമെ സജ്ജീകരിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട: വോട്ടിംഗ് കേന്ദ്രങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 600 ഓളം പോലീസ്, സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയാണു മേഖലയില്‍ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ മൂന്നു പ്രശ്നബാധിത ബൂത്തുകളാണു കണ്ടെത്തിയിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ എല്‍പി സ്കൂളിലെ മൂന്നു ബൂത്തുകളാണ് പ്രശ്നാധിഷ്ഠിത ബൂത്തുകളായി കണക്കാക്കുന്നത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനു പരിധിയില്‍വരുന്ന ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ 93 ബൂത്തുകളിലായി 24 കേന്ദ്ര സേനാംഗങ്ങളെയാണു നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കുപുറമെ 200 ഓളം പോലീസ് ഉദ്യോഗസ്ഥരും 40 സ്പെഷല്‍ പോലീസ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന 55 ബൂത്തുകളും ആളൂര്‍ സ്റ്റേഷന് പരിധിയില്‍ 55 ബൂത്തുകളുമാണുള്ളത്.
ഹരിത
മാതൃകാപോളിംഗ്
ബൂത്ത് ഒരുങ്ങി
മതിലകം: ലോക്സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുങ്ങി. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ പോളിംഗ് ബൂത്താണ് ഹരിത മാതൃകയിൽ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള പോളിംഗ് ബൂത്താണിത്. പച്ചയോല കൊണ്ടുള്ള സ്വാഗതബോർഡ്, കുരുത്തോല തോരണം, വേസ്റ്റ് ബിൻ ആയി ഓലമെടഞ്ഞുകൊണ്ടുളള വല്ലം തുടങ്ങി പ്ലാസ്റ്റിക് മുക്തമാക്കിയാണ് ബൂത്ത് നിർമിച്ചത്. കയ്പമംഗലം മണ്ഡലം ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ അഡ്ലി ഉസ്മാന്റെ നേതൃത്വത്തിലാണ് ഹരിത പോളിംഗ് ബൂത്ത് ഒരുക്കിയത്. 1300ഓളം പേരാണ് ഈ ബൂത്തിൽ വോട്ടവകാശം വിനിയോഗിക്കുക.
പ്രമുഖരുടെ വോട്ട്
ഇരിങ്ങാലക്കുട: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
ചാലക്കുടി:ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ഇന്നുരാവിലെ അങ്കമാലി ബ്ലോക്ക് ഓഫീസിൽ വോട്ട് രേഖപ്പെടുത്തും.