കര്‍ഷകര്‍ക്ക് സഹായവുമായി ജര്‍മന്‍ കോണ്‍സുലേറ്റ്
1478317
Monday, November 11, 2024 6:54 AM IST
നേമം: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായി ജര്‍മന്‍ കോണ്‍സുലേറ്റ്. കര്‍ഷകരുടെ കൂട്ടായ്മയായ പള്ളിച്ചലിലെ സംഘമൈത്രിയും ജര്‍മന്‍ കോണ്‍സുലേറ്റും ജര്‍മന്‍ ഭാഷ സാംസ്കാരിക കേന്ദ്രവും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സോളാര്‍ പമ്പ് ഉപയോഗിച്ച് ഇരുപ്പത് ഹെക്ടര്‍ ഭൂമിയില്‍ വരെ ജലസേചനം നടത്തുന്ന പദ്ധതിയാണ് നരുവാമൂട് ചിറ്റിക്കോട് ഏലായില്‍ സ്ഥാപിച്ചത്. ഭൂമിയെ സംരക്ഷിക്കുക എന്നതാണ് വരും തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ അകിം ബുര്‍കാര്‍ട്ട് പറഞ്ഞു.
കാലാവസ്ഥ മാറ്റവും നൂതന കൃഷിരീതിയും എന്ന വിഷയത്തില്‍ ഡോ. പ്രതാപനും, നൂതന സാങ്കേതിക വിദ്യയും കൃഷിയില്‍ സ്ത്രീകളുടെ പങ്കും എന്ന വിഷയത്തില്‍ ഡോ.മിനിയും ക്ലാസെടുത്തു.
ഡോ. സെയ്ദ് ഇബ്രാഹിം, സംഘമൈത്രി ചെയര്മാന് ആര്.ബാലചന്ദ്രന് നായര്‍, മാനേജിംഗ് ഡയറക്ടര്‍ എം.ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.