കരകുളം മേൽപ്പാലം നിർമാണം : ഗതാഗതം നിയന്ത്രിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കും: മന്ത്രി
1478791
Wednesday, November 13, 2024 7:02 AM IST
തിരുവനന്തപുരം: കരകുളം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
കരകുളം മേൽപ്പാല നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ ഗതാഗത നിയന്ത്രണങ്ങളിൽ ചില പ്രദേശങ്ങളിൽനിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ഇവ വിലയിരുത്തുന്നതിനും ഉചിതമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം നാളെ ചേരും.
ഉച്ചകഴിഞ്ഞ് രണ്ടിനു കരകുളം പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുക. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി, അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനു പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.
ഫ്ളൈ ഓവറിന്റേയും നാലുവരിപ്പാതയുടേയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും പദ്ധതി പൂർത്തിയാകുന്നതുവരെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം - തെന്മല (എസ്എച്ച് 2) റോഡിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംഗ്ഷൻവരെ ഫ്ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.