ബസ് കാത്തിരിപ്പ് കേന്ദ്രം ശോച്യാവസ്ഥയിൽ
1478316
Monday, November 11, 2024 6:54 AM IST
പേരൂർക്കട: ബസ് കാത്തുനിൽക്കുന്ന നിരവധി യാത്രികരുടെ ജീവന് ഭീഷണിയായി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം. അമ്പലമുക്കിൽ നിന്ന് ശാസ്തമംഗലം, മരുതംകുഴി, ജഗതി തുടങ്ങിയ ഭാഗങ്ങളിലേക്കു പോകുന്നതിനായി യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഈ വെയിറ്റിംഗ് ഷെഡ്.
രണ്ടു പതിറ്റാണ്ടിലേറെയായി വെയിറ്റിംഗ് ഷെഡ് സ്ഥാപിതമായിട്ട്. കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലാകെ പാഴ്ചെടികൾ വളർന്നുനിൽക്കുകയാണ്. മഴസമയമായതിനാൽ മേൽകൂരയിൽ വീഴുന്ന വെള്ളം കെട്ടിക്കിടക്കുകയാണ്.
ചെടികൾ നിറഞ്ഞുനിൽക്കുന്നതിനാൽ ഏത് നിമിഷവും വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര കുതിർന്ന ദ്രവിച്ച് തകരാനും സാധ്യതയുണ്ട്. കാത്തിരിപ്പുകേന്ദ്രത്തിന്റെ ദയനീയാവസ്ഥ മുൻകൂട്ടി അറിയാവുന്ന യാത്രക്കാർ അല്പം കരുതലോടുകൂടിയാണ് ഇവിടെ നിൽക്കുന്നതെന്ന് പറയുന്നു.
കാത്തിരിപ്പു കേന്ദ്രത്തിന്റെ അപകടാവസ്ഥ ഇല്ലാതാക്കുന്നതിന് ഷെഡ് പുനർനിർമാണം നടത്തണമെന്നാണ് ആവശ്യം.