നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കാന്റീന് ശാപമോക്ഷം
1467840
Sunday, November 10, 2024 2:39 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര ജനറൽ ആശുപ്രത്രിയില്‍ പുതിയ കാന്റീൻ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്ന ആശുപത്രി കാന്റീനാണ് കെ. ആൻസലൻ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ എന്നിവരുടെ ശ്രമഫലമായി പുന:രാരംഭിച്ചത്.
പ്രവര്‍ത്തന ചുമതലയുടെ കോണ്ട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നത് കുടുംബശ്രീ യൂണിറ്റാണെന്ന് സൂപ്രണ്ട് ഡോ. സന്തോഷ് ദീപികയോട് പറഞ്ഞു.
ചായയും പാല്‍ചായയും കോഫിയും കട്ടനും കൂടാതെ രോഗികളുള്‍പ്പെടെ ആവശ്യക്കാര്‍ക്ക് ചൂടുവെള്ളവും ക്രമീകരിച്ചിട്ടുണ്ട്. വിവിധയിനം പലഹാരങ്ങളും പ്രാതലും ഉച്ചയൂണുമെല്ലാം ലഭ്യമാണ്. ഊണിന് 60 രൂപയും കഞ്ഞിക്ക് 30 രൂപയുമാണ് നിലവിലുള്ള നിരക്ക്. ഒരേ സമയം 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണുള്ളത്.