മഞ്ഞ ഇലകൾക്കിടയിലെ ചെന്പനിനീർപ്പൂക്കൾ
ഡോ.ജോർജ് വർഗീസ് കുന്തറ
പേജ്: 432 വില: ₹550
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 9447021617
ആരോഗ്യ വിദ്യാഭ്യാസത്തിലും ആതുരസേവനത്തിലും തനതായ സംഭാവനകൾ നല്കിയ ഡോ. ജോർജ് വർഗീസ് കുന്തറയുടെ ഓർമകൾ പുസ്തകമാകുന്പോൾ ഇലകളുടെ പച്ചപ്പും പൂക്കളുടെ സുഗന്ധവും വായനക്കാർക്കു തൊട്ടറിയാം. നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ട കുട്ടി വെല്ലുവിളികളോടു പോരാടി ജീവിതവിജയം നേടിയതിന്റെ കഥകൂടിയാണിത്. ആ അർഥത്തിൽ "മഞ്ഞ ഇലകൾക്കിടയിലെ ചെന്പനിനീർപ്പൂക്കൾ'' പ്രചോദനാത്മകവുമാണ്.
ആയിരങ്ങൾക്ക് ആശ്രയമായ കോട്ടയം ഡെന്റൽ കോളജ് സ്ഥാപിക്കാൻ ചുക്കാൻ പിടിച്ച വ്യക്തിയെന്ന നിലയിലാണ് കേരളത്തിൽ ഡോ. ജോർജ് വർഗീസ് ശ്രദ്ധേയനാകുന്നത്.
ഒരു വലിയ ശൂന്യത്തിൽനിന്ന് ഇന്നു കാണുന്ന ഡെന്റൽ കോളജ് വളർന്നുയർന്നതിന്റെ കഥ ഡോ. ജോർജ് വർഗീസിന്റെ അധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും കഥ കൂടിയാണ്. ഡെന്റൽ കോളജ് സ്ഥാപിക്കുന്നത് ആലോചിക്കുന്ന ഘട്ടം മുതൽ നേരിട്ട പ്രതിസന്ധികളെ ഒരു കൂട്ടം ആളുകൾ ഭാവനകൊണ്ടും കർമകുശലതകൊണ്ടും നേരിട്ടവിധം ഈ ഓർമകളിൽ വായിച്ചെടുക്കാം.
മരംകൊണ്ട വെയിൽ
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ദന്തൽരംഗത്തെ പഠനങ്ങളും പുരോഗതിയും ഇടപെടലുകളും പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. പ്രഫഷണൽ രംഗത്തു താൻ നേരിട്ട പ്രത്യേകമായ ചില കേസുകൾ ഡോക്ടർ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാർക്കു പ്രയോജനകരമാണ്.
ഡോ. ജോർജിന്റെ സ്വകാര്യ പ്രഫഷണൽ ജീവിതത്തിനപ്പുറമുള്ള പലതും ഈ താളുകളിലുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തു കേരളവും ഇന്ത്യയും ലോകവും അഭിമുഖീകരിച്ച സവിശേഷ സന്ദർഭങ്ങളെ തന്റെ ജീവിതപരിസരത്തുനിന്നു ഡോക്ടർ നോക്കിക്കാണുന്നു.
പൊതുവേ പുരുഷന്മാരുടെ ജീവിതകഥകളിൽ സ്ത്രീകൾ അദൃശ്യരാണ്. അതിൽനിന്നു വ്യത്യസ്തമാണ് ഈ ഓർമക്കുറിപ്പുകൾ. വീട്ടുജോലികൾക്കിടയിൽ സമയം ലഭിക്കുമ്പോൾ ക്രിസ്താനുകരണം വായിക്കുന്ന, കൊതുമ്പും മടലും വിറ്റ കാശുകൊണ്ടു പ്രസിദ്ധീകരണങ്ങൾ മേടിക്കുന്ന മുത്തശ്ശി മുതൽ കുറെയേറെ സ്ത്രീകളെ പുസ്തകം മുന്നോട്ടുകൊണ്ടുവരുന്നു. ഭാരതപര്യടനം പഠിപ്പിച്ച ജോവാനമ്മ ടീച്ചറെയൊക്കെ വായനക്കാരും മറക്കില്ല.
മരം കൊണ്ട വെയിലാണ് തണൽ എന്നാണല്ലോ കവിവാക്യം. ഡോ. ജോർജിന്റെ ജീവിതത്തെ തൊട്ടുനില്ക്കുന്ന ഒരുപാട് ആളുകളെ ഓർമിച്ചു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. മനഃപ്പൂർവം അല്ലെങ്കിലും ചിലരെയെങ്കിലും മറന്നിട്ടുണ്ടാവുമെന്ന് ഓർമിച്ചുകൊണ്ട് സുന്ദരമായൊരു തലക്കെട്ടാണ് ആ അധ്യായത്തിനു നല്കിയിരിക്കുന്നത്. വായനക്കാരന്റെ മനസിൽ നല്ല ചിന്തകളും നന്മകളും ഉറവെടുക്കാൻ ഈ അക്ഷരക്കൂട്ട് ഉപകരിക്കും.
സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ
ഡോ. ഗൂഡല്ലൂർ
എം.ജെ. ചെറിയാൻ
പേജ്: 150 വില: ₹192
പൂർണോദയ ബുക് ട്രസ്റ്റ്,
കൊച്ചി
ഫോൺ: 9487128784
ഗാന്ധിദർശനങ്ങളിൽനിന്ന് നാം അകന്നുപോകുമ്പോൾ സംഭവിക്കുന്ന ച്യുതികളിലേക്കു തുറന്നുപിടിച്ച കണ്ണാടിയാണ് ഈ ഗ്രന്ഥം. ഇംഗ്ലീഷിലെഴുതിയ ഗ്രന്ഥത്തിന് അഡ്വ. എസ്. രമേശ് ബാബുവിന്റെ മലയാള പരിഭാഷയുടെ രണ്ടാം പതിപ്പ്. സമകാലിക സാഹചര്യങ്ങളിൽ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
ആർമണ്ടച്ചന്റെ ധ്യാനവിചാരങ്ങൾ
എഡി: ബിജു ഇളന്പച്ചംവീട്ടിൽ
കപ്പൂച്ചിൻ
പേജ്: 216 വില: ₹250
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
കരിസ്മാറ്റിക് രംഗത്തെ നിറസാന്നിധ്യവും ആധ്യാത്മിക ഗുരുവുമായിരുന്ന കപ്പൂച്ചിൻ സന്യാസവൈദികൻ ആർമണ്ടച്ചന്റെ ധ്യാനചിന്തകളും ആത്മീയ പരിശീലന രീതികളുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. ഫാ. ആർമണ്ട് മാധവത്തിന്റെ ലഘുജീവ ചരിത്രവും ഇതിനൊപ്പമുണ്ട്.
പുസ്തകത്താളിലെ ചിത്രശലഭം
അഹമ്മദ് ഖാൻ
പേജ്: 96 വില: ₹190
ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം
ഫോൺ: 0471 2303026
സാധാരണക്കാരനു പോലും വായിച്ച് ആസ്വദിക്കാൻ കഴിയുന്ന ഏതാനും കവിതകളുടെ സമാഹാരം. പലതും നിത്യജീവിതത്തെയും അനുഭവങ്ങളെയും തൊട്ടുനിൽക്കുന്നു. സമൂഹത്തോട് ഉത്തരവാദിത്വമുള്ളതാണ് ഈ വരികൾ, ഇരുട്ടിലേക്കു തെളിച്ചു വച്ച വിളക്ക് പോലെ.
ഔട്ട് ഓഫ് റേഞ്ച്
നന്ദകുമാർ പയ്യന്നൂർ
പേജ്: 52 വില: ₹125
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം
ഫോൺ: 9446168550
മരണത്തിന്റെ അനിശ്ചിതാവസ്ഥയും ജീവിതത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകളുമൊക്കെ ചിന്തയിലേക്കു കൊണ്ടുവരുന്ന ഏതാനും തിരക്കഥകളുടെ സമാഹാരം. ബിംബങ്ങളിലൂടെ പല ജീവിത വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്.
ഇത്രമേൽ നീയെന്നെ സ്നേഹിക്കുന്നുവല്ലോ
ഫാ. സൈമൺ വള്ളോപ്പിള്ളി
പേജ്: 112 വില: ₹160
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
തിരിച്ചറിയാതെ പോകുന്ന ദൈവസ്നേഹത്തെ തൊട്ടറിയാൻ സഹായിക്കുന്ന ഗ്രന്ഥം. ദൈവസ്നേഹത്തെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ സ്വന്തമാക്കാം, എങ്ങനെ നഷ്ടമാകും, എങ്ങനെ വീണ്ടെടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ധ്യാനാത്മകമായി സ്പർശിക്കുന്നു.