അണ്ടത്തോട്: കുടുംബാരോഗ്യകേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. മരുന്നുകൾ ലഭ്യമാക്കുക, ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, ആശുപത്രിയിലെ കെട്ടിടങ്ങളുടെ ചോർച്ചയ്ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് അംഗങ്ങളായ അബുതാഹിർ, കെ.എച്ച്. ആബിദ്, എൻ.ആർ. ഗഫൂർ, പി. രാജൻ, മുഹമ്മദ് റഹീസ്, ഹുസൈൻ വലിയകത്ത് എന്നിവർ പ്രസംഗിച്ചു. അണ്ടത്തോട് സെന്ററിൽ നിന്ന് മാർച്ച് ആരംഭിച്ചു.