ജാതിവിവേചനം: ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം
Friday, January 3, 2025 2:32 AM IST
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ജയിലുകളിൽ ജാതി തിരിച്ചുള്ള തൊഴിലുകൾ ചട്ടങ്ങളിൽ നിലനിൽക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം.
ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അറിയിച്ചു.
ജയിൽ ചട്ടങ്ങളിലെ പുതിയ കൂട്ടിച്ചേർക്കൽ പ്രകാരം ജയിലുകളിൽ ജാതി തിരിച്ചുള്ള വിവേചനമോ വർഗീകരണമോ വേർതിരിവോ ഇല്ലെന്നു ജയിൽ അധികൃതർ കർശനമായി ഉറപ്പാക്കണം.
ജാതിവിവേചനം ജയിലുകളിൽ നിലനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ‘സ്ഥിരം കുറ്റവാളികൾ’ എന്ന നിർവചനത്തിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. ചില പ്രത്യേക ഗോത്രങ്ങളിൽപ്പെടുന്ന ആളുകളെ സ്ഥിരം കുറ്റവാളികളായി കണക്കാക്കുന്ന വ്യവസ്ഥ പല സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടങ്ങളിൽ നിലനിൽക്കുന്നതിനാലാണിത്.
ജാതി തിരിച്ചുള്ള തൊഴിൽ വ്യവസ്ഥകൾ ജയിൽ ചട്ടങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നു കണ്ട് സുപ്രീംകോടതി ഒക്ടോബർ മൂന്നിനാണ് ജയിലുകളിലെ ജാതിവിവേചനം ഒഴിവാക്കാൻ ഉത്തരവിട്ടത്.
ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക സുകന്യ ശാന്ത നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.