‘മരിച്ച’ അറുപത്തിയഞ്ചുകാരൻ ജീവിതത്തിലേക്കു മടങ്ങിയെത്തി
Friday, January 3, 2025 2:32 AM IST
കോൽഹാപൂർ: മഹാരാഷ്ട്രയിൽ ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി. കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉൽപെ എന്നയാളെ കഴിഞ്ഞ മാസം 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഇദ്ദേഹം മരിച്ചെന്നു ഡോക്്ടർമാർ പറഞ്ഞതിനാൽ ബന്ധുക്കൾ ‘മൃതദേഹം’ ആംബുലൻസിൽ കയറ്റി വീട്ടിലേക്കു യാത്ര തിരിച്ചു. എന്നാൽ, വാഹനം റോഡിലെ സ്പീഡ് ബ്രേക്കറിന്റെ മുകളിലൂടെ കടന്നുപോകവേ ഉൽപെയുടെ വിരലുകൾ അനങ്ങുന്നതായി ഇവരുടെ ശ്രദ്ധയിൽപെട്ടു.
തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ഇദ്ദേഹത്തിന് രണ്ടാഴ്ച നീണ്ട ചികിൽസ നൽകുകയും ചെയ്തു.
ഇവിടെവച്ച് ആൻജിയോപ്ലാസ്റ്റിയും ചെയ്ത ഉൽപെ ഇപ്പോൾ പഴയ ജീവിതത്തിലേക്കു തിരിച്ചുവന്നെന്നും ബന്ധുക്കൾ പറഞ്ഞു.