റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടറും ലോഹക്കഷണവും കണ്ടെത്തി
Friday, January 3, 2025 2:31 AM IST
കാൺപുർ/സഹരൺപുർ: ഉത്തർപ്രദേശിലെ ബറജ്പുർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാളത്തിൽ അഞ്ചു കിലോഗ്രാം ഭാരമുള്ള ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചതായി കണ്ടെത്തി.
വിവരമറിഞ്ഞു റെയിൽവേ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിനു ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, പരിഭ്രാന്തി പരത്തുന്നതിനായി ആരോ ബോധപൂർവം ചെയ്ത പ്രവൃത്തി എന്ന സാധ്യതയിലേക്കാണു വിരൽചൂണ്ടുന്നത്.
സമാനസംഭവത്തിൽ, ഹരിദ്വാർ റെയിൽവേ ലൈനിൽ വലിയ ലോഹക്കഷണം കണ്ടെത്തി. തടസം നീക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിലുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനു രൂപം നൽകിയിട്ടുണ്ട്.