കൊന്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു
1477978
Sunday, November 10, 2024 6:36 AM IST
തൃശൂർ: ഗജകാരണവർ എന്ന വിശേഷണത്തിന് അർഹനായ കൊന്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 63 വയസായിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രം ആനപ്പറന്പിലെ കെട്ടുതറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു കുഴഞ്ഞുവീഴുകയായിരുന്നു.
പ്രായാധിക്യം മൂലമുള്ള മരണമാണെന്നാണ് നിഗമനം. കേരളത്തിലെ ഏറ്റവും പ്രായംകൂടിയ നാട്ടാനയെന്നാണ് പൂരപ്രേമികൾക്കിടയിൽ വടക്കുന്നാഥൻ ചന്ദ്രശേഖരൻ അറിയപ്പെട്ടിരുന്നത്. രേഖകൾപ്രകാരം 63 വയസാണെങ്കിലും ഏകദേശം 90 വയസ് പ്രായമുണ്ടെന്നാണ് പറയപ്പെടുന്നത്.
വടക്കുന്നാഥ ക്ഷേത്രത്തിൽ ഭണ്ഡാരപ്പിരിവ് നടത്തി വാങ്ങിയ ആനയെ പിന്നീട് ക്ഷേത്രത്തിൽ നടയിരുത്തുകയായിരുന്നു. 1987 നുശേഷം പോക്സണ് ഗ്രൂപ്പ് നാട്ടിലെത്തിച്ച ആനയെ 30 വർഷങ്ങൾക്കുമുൻപാണ് ക്ഷേത്രത്തിനു ലഭിക്കുന്നത്. തൃശൂർ പൂരത്തോടനുബന്ധിച്ച് വിവിധ ഘടകപൂരങ്ങൾക്കു ചന്ദ്രശേഖരനെ എഴുന്നള്ളിച്ചിരുന്നു.
പ്രായമേറെയുണ്ടായിട്ടും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരുന്ന കൊന്പൻ വെള്ളിയാഴ്ച എരണ്ടക്കെട്ട് മൂലം അസ്വസ്ഥതകൾ കാണിച്ചിരുന്നു. തുടർന്നു ഡോക്ടർമാർ എത്തി മരുന്നുകൾ കുറിച്ചുകൊടുത്തിരുന്നു വെങ്കിലും ഇന്നലെ ചരിയുകയായിരുന്നു. നിരവധിപ്പേരാണ് കൊന്പനു വിടപറയാനായി കൊക്കർണിപ്പറന്പിൽ എത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കോടനാട് ജഡം സംസ്കരിച്ചു.